19/09/2025
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ.–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിലെ ജർമനി സെയ്ന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് EVOKE’25 സെപ്റ്റംബർ 19 വെള്ളിയാഴ്ച്ച മുതൽ ഫ്രാങ്ക്ഫർട്ടിൽ ആരംഭിക്കും.
സെപ്റ്റംബർ 19 (വെള്ളി) മുതൽ 21 (ഞായർ) വരെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഫാമിലി കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കും. സമ്മേളനത്തിന് മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ.–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജേക്കബ് മാത്യു, ഡോ. ഷൈനി ജേക്കബ് എന്നിവർ നേതൃത്വം നൽകും.
വി. ലൂക്കോസിന്റെ സുവിശേഷത്തിലെ നല്ല ശമരിയാക്കാരന്റെ ഉപമയുടെ പശ്ചാത്തലത്തിൽ “നീയും പോയി അങ്ങനെ തന്നേ ചെയ്ക” (ലൂക്കാ 10:37) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതിന്റെ അടിസ്ഥാനത്തിൽ, ജർമനിയിലെ ഇടവകാംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനും ക്രിസ്തീയ കുടുംബജീവിതത്തിനും, യുവജനങ്ങളിൽ ദൈവാശ്രയബോധം വളർത്തുന്നതിനുമായി വിവിധ ക്ലാസുകൾ, സംവാദങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച വൈകിട്ട് 6.00 മണിയോടുകൂടി ആരംഭിക്കുന്ന കോൺഫറൻസ് ഞായറാഴ്ച്ച വി കുർബാനയോടുകൂടി സമാപിക്കും.
2023-ൽ ഔദ്യോഗികമായി സ്ഥാപിതമായ ഇടവക, കേവലം രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധേയമായ വളർച്ച കൈവരിച്ച് മലങ്കര സഭക്ക് അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ EVOKE’24 ബെർലിനിൽ ഏകദിന കോൺഫറൻസായി നടത്തുവാൻ ഇടവകക്ക് സാധിച്ചിരുന്നു. ഈ വർഷം മൂന്നു ദിവസങ്ങളായി, ജർമനിയിലെ മലങ്കര ഓർത്തഡോക്സ് സഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി–യൂത്ത് കോൺഫറൻസിനാണ് ഇടവക നേതൃത്വം നൽകുന്നത്.
വികാരി ഫാ. രോഹിത് സ്കറിയ ജോർജി, സഹവികാരിമാരായ ഫാ. അശ്വിൻ വർഗീസ് ഈപ്പൻ, ഫാ. ജിബിൻ തോമസ് എബ്രഹാം, ട്രസ്റ്റി സിനോ തോമസ്, സെക്രട്ടറി ലിബിൻ വർഗീസ്, ഫാമിലി കോൺഫറൻസ് കൺവീനർ ബിജോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജർമനിയിലെ സെയ്ന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലും ഇടവകാംഗങ്ങളുടെ ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരവുമാണ് ഈ ഫാമിലി കോൺഫറൻസ്.