30/01/2026
കോട്ടയം-ഉത്സവ പെരുന്നാൾ പറമ്പുകളിലെ ചിന്തിക്കടകളിൽ പിങ്ക് നിറത്തിൽ കാണുന്ന ഈ ബോട്ട് പിറവി എടുത്തത് കോട്ടയം ചിങ്ങവനത്തു നിന്ന്.
കുഴലിൽ വെള്ളം നിറച്ചു പാത്രത്തിൽ ഇറക്കിവച്ച ശേഷം തിരി കത്തിച്ചുവയ്ക്കുന്നതോടെ ഓടിത്തുടങ്ങുന്ന ഈ ബോട്ട് നിർമാണം ഇപ്പോഴും തുടരുന്ന ഒരു കാരണവരുണ്ട് ചിങ്ങവനത്ത്.
തുണ്ടിയിൽ സുകുമാരൻ(74). വീടിനോടനുബന്ധിച്ചുള്ള ഷെഡിൽ ആവശ്യക്കാർക്കു വേണ്ടി ഈ ‘ബോട്ട് പണിപ്പുര ’ഇപ്പോഴും സജീവം.
കഥ 60 വർഷം പിന്നിലേക്ക്.
പരേതനായ ചിങ്ങവനം തുണ്ടിയിൽ എ.പി.കരുണാകരനാണ് അന്യനാട്ടിൽ വരെ ഈ ബോട്ടിന് പേരുണ്ടാക്കിയ ശിൽപി. ഒരു ഉത്സവപ്പറമ്പിൽ കണ്ട ജപ്പാൻ നിർമിത കളിബോട്ടാണ് കരുണാകരനെ സ്വന്തമായി ബോട്ട് നിർമാണത്തിനു പ്രേരിപ്പിച്ചത്. കരുണാകരന്റെ ശിഷ്യനായിരുന്നു സുകുമാരൻ. 40 വർഷമായി സുകുമാരന്റെ മേൽനോട്ടത്തിൽ കളിബോട്ട് നിർമാണം വരുന്നു.പിച്ചളയും വെളുത്തീയവും ഉപയോഗിച്ചാണ് ബോട്ടിന്റെ നിർമാണം. കോയമ്പത്തൂരിൽ നിന്നാണ് നേരത്തേ ഇവ എത്തിച്ചിരുന്നത്. പിച്ചള കൈ കൊണ്ട് മുറിച്ചു ‘കോട്ടി’യുണ്ടാക്കി ഈയം കൊണ്ടു വിളക്കിയായിരുന്നു പഴയ നിർമാണം. ഇപ്പോൾ പിച്ചളയുടെ കഷണങ്ങൾ അച്ച് ഉപയോഗിച്ച് അമർത്തിയ ശേഷം വെളുത്തീയവും കറുത്തീയവും ചേർത്തു സോൾഡർ ചെയ്താണ് നിർമാണം. കാലത്തിനനുസരിച്ചുള്ള വില വർധന ഈ ബോട്ടിനുണ്ടായിട്ടില്ല. 25–30 രൂപ വിലയ്ക്ക്കടകളിൽ ലഭിക്കും. കാര്യമായ ലാഭമില്ലെങ്കിലും ആവശ്യക്കാരുടെ സ്നേഹത്തിനു വഴങ്ങി ഇപ്പോഴും ബോട്ട് നിർമാണം ഉപേക്ഷിക്കാതെ തുടരുന്നതായി സുകുമാരൻ. മുൻപ് സീസൺ സമയത്ത് ഒരു മാസം 5000 ബോട്ടുകൾ വരെ ഇവിടെ നിർമിച്ചിരുന്നു
വിവരങ്ങൾക്ക് കടപ്പാട് - അനീഷ് ആനിക്കാട്