26/04/2023
അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി.
➖➖➖➖➖➖➖➖➖➖➖➖➖➖
നെടുമ്പാശ്ശേരി:-
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യാ (NCCI) അധ്യക്ഷനായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡൻറ് കൂടിയായ യൂലിയോസ് മെത്രാപ്പോലീത്തായെ യുവജന പ്രസ്ഥാനം കേന്ദ്ര സെക്രട്ടറി ഫാ. വിജു ഏലിയാസ് പൊന്നാടയിട്ട് സ്വീകരിച്ചു. മുൻ സഭാ മാനേജിംഗ് കമ്മറ്റി അംഗം പി.യു ഷാജൻ ബൊക്കെ നൽകി. മഹിളാ മോർച്ച ദേശീയ സെക്രട്ടറിയും എറണാകുളം കോർപ്പറേഷൻ കൗൺസിലറുമായ പത്മജ എസ്. മേനോൻ , കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ. ഗിൽബർട്ട് ചീരൻ , യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത് , റീജിയണൽ സെക്രട്ടറി നിഖിൽ കെ.ജോയ് , ബിപിൻ കെ. സി, ഡിൽജോ ഡേവീസ് പുലിക്കോട്ടിൽ, ജോജിൻ രാജു ,വിദ്യാധരൻ വി..കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഭാരതത്തിലെ ഏകദേശം മൂന്ന് കോടി അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ദൈവിക പദ്ധതിയുടെ ഭാഗമായിട്ടാണ് എന്ന് വിശ്വസിക്കുന്നതായും ഒരു പാട് ഉത്തരവാദിത്വങ്ങൾ ഉള്ള ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നതിന് ദൈവം തനിക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഒപ്പം ഓരോരുത്തരുടേയും പ്രാർത്ഥനകളും പിൻതുണയും തിരുമേനി അഭ്യർത്ഥിച്ചു. ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഈ വാർത്ത അറിഞ്ഞ ഉടൻ തന്നെ വിളിച്ച് സഭയുടെ ആശംസകൾ അറിയിച്ചതായി തിരുമേനി പറഞ്ഞു.
വേൾഡ് ക്രിസ്ത്യൻ ചർച്ചസിന്റെ (WCC യുടെ ) പ്രതിനിധികൾ , മത-രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ നിന്നുമുള്ളവർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർ ആശംസകൾ അറിയിച്ചതും തിരുമേനി അനുസ്മരിച്ചു. വിവിധ തിരക്കുകൾ മാറ്റി വെച്ച് തന്നെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഓരോരുത്തരോടുമുള്ള നന്ദിയും തിരുമേനി അറിയിച്ചു.