07/09/2025
✳️ശ്രാവണം ✳️
കലാ -സാഹിത്യോത്സവം
ചതയം ദിന വിശേഷം
🌴🌴
*************************************
ഇല്ലായ്മകളെയും
വല്ലായ്മകളെയും കുടഞ്ഞെറിഞ്ഞ് കാർഷിക കേരളത്തിന്റെ സമ്പൽസമൃദ്ധിയുടെയും അധ്വാനത്തിന്റെയും
കലാകായിക വിനോദങ്ങളുടെയും, സന്തോഷം വിളിച്ചോതുകയും
പ്രകൃതിയോടിണങ്ങിയ ആഘോഷത്തെ മഹത്വവൽവത്കരിക്കുകയും ചെയുന്ന ഒന്നാണ് ഓണം..
എത്ര പാതാളത്തിലേക് ചവിട്ടി താഴ്ത്തിയാലും ഒരിക്കൽ തിരിച്ചു വരുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും കൂടി പേരാണ് ഓണം.
അത് നമ്മുടെ ശരീരത്തെയും മനസ്സി നെയും ഓർമ്മകളെയും സ്വപ്നങ്ങളെയും ഉണർത്തുന്നതാണ്.
ഈ ഉൾബോധത്തോടെ സമീപിക്കുമ്പോൾ നമ്മുടെ നാടിന്റെയും ഓണാഘോഷം വ്യത്യാസ്തമായിരുന്നില്ല എന്ന തിരിച്ചറിവാണ് ഉള്ളത്.
കർക്കിടകത്തിന്റെ പഞ്ഞനാളുകൾക്കും തോരാമഴയുടെ നനഞൊട്ടിയ ആകുലതകൾക്കും മേൽ ചിങ്ങപൊൻപുലരി പ്രസരിപ്പിച്ച പ്രഹർഷം അനുഭവിച്ചവരാണ് പഴയ തലമുറ.
പോന്നോണ പൂത്തുമ്പി യുടെ മഞ്ഞചിറകുകൾക്ക് പിന്നാലെ പാഞ്ഞ കുട്ടിക്കാലം കർക്കിടക ത്തിന്റെ കറുത്ത ദിനങ്ങളുടെ മരവിപ്പിനെ കുടഞ്ഞെറിയാനുള്ള ആവേശമാണ് തന്നത്.
തുമ്പയും, തുളസിയും, മുക്കുറ്റിയും,മുല്ലയും, പിച്ചിയും, മാങ്ങാ നാറിയും പിന്നെ വാടാമുല്ലയും കൊണ്ട് തീർത്ത പൂക്കളങ്ങളുടെ നിറങ്ങൾ മുറ്റത്ത് നമ്മുടെ കലാവിരുതായി നിറയുന്നതിന്റെ നിർവൃതി ഇന്ന് മൊബൈൽ സ്ക്രീനിൽ റീൽസ് തീർക്കുന്നവർക്ക് അറിയില്ല.
പത്തു മുപ്പതു വർഷം മുമ്പ് വരെ ഓണസദ്യ ഒരുക്കാൻ തമിഴ്നാട്ടിൽ നിന്ന് വരുന്ന ലോറികളെ ആശ്രയിക്കേണ്ട. നമ്മുടെ പറമ്പിൽ വിളയുന്ന ചേനയും, ചേമ്പും,വാഴക്കായും, പച്ചക്കറികളും ധാരാളം.
മിച്ചമുള്ളത് അയൽപക്കക്കാർക്ക് നൽകും. അവർ മിച്ചമുള്ളത് ഇങ്ങോട്ടും.
ഈ സഹവർത്തിത്വം ഓണം നൽകുന്ന വലിയ സമ്മാനമാണ്.
നാട്ടിലെ വിരിഞ്ഞ ചില്ലയുള്ള മാവിലോ പ്ലാവിലോ ഉയരത്തിൽ കെട്ടുന്ന ഊഞ്ഞാൽ എല്ലാവർക്കും സ്വന്തമാണ്.
ആർക്കും ആടാം...
ഒറ്റയ്ക്കും പെട്ടയ്ക്കും...
ആണിനും പെണ്ണിനും. മരത്തിന്റെ തുഞ്ചത്തെ ഇല കടിച്ചെടുക്കുന്നവൻ കൂട്ടത്തിൽ കേമൻ. ഇന്നത്തെ ടാർവഴികൾ ഒക്കെ മുപ്പതു വർഷം മുമ്പ് വരെ മൺ വഴികൾ ആയിരുന്നു..
അവ കളിക്കളങ്ങളുമായിരുന്നു. കിളിത്തട്ട് കളിയും, അക്ക്‌കളിയും,കുട്ടിയും കോലും മുതൽ ക്രിക്കറ്റ് വരെ അവിടെ കളിച്ചിരുന്നു. കുട്ടികളും ചെറുപ്പക്കാരും ചിലപ്പോൾ നൊസ്റ്റാൾജിയ പിടിച്ച മുതിർന്നവരും വരെ അവിടെ കളിച്ചിരുന്നു.. കപ്പ് ഒന്നും കിട്ടിയിരുന്നില്ല കേട്ടോ..
റബർ തോട്ടങ്ങളും ചതുപ്പുകളും ക്രിക്കറ്റ് പിച്ചുകളാവും. അവിടെ മടല് ചെത്തിയ ബാറ്റും മുരിക്കുതടി ബാറ്റും, മറ്റ് തടി ബാറ്റുകളും, ഓലപ്പന്തും, റബർ പന്തും, സ്റ്റിച്ച് ബോളും വരെ ഉപയോഗിച്ച് കളിച്ചിട്ടുണ്ട്.
അമ്പാട്ട് വയൽ, ചാരുവേലിയിലെ തുണ്ട് പറമ്പ്, കൂവക്കാവ്മൈതാനം,, വട്ടിഞ്ചഎന്നിവയൊക്കെ അന്നത്തെ ഈഡൻ ഗാർഡനും ലോഡ്സുമായിരുന്നു. അവിടെ നമ്മൾ കപിലും,ഗവാസ്ക്കറും ഇമ്രാനും, റിച്ചാർഡ്സുമായി കൂടുമാറ്റം നടത്തി .
കാലം കഴിഞ്ഞിട്ടും ആ ഇരട്ടപേരിൽ അറിയുന്നവർ ഇന്നുമുണ്ട്.
ഓണക്കാലം ആവുമ്പോഴേക്കും അന്നത്തെ റോൾസ് റോയ്സ് -സൈക്കിൾ കയറ്റം പഠിക്കാനുള്ള ശ്രമമായി.
വാടകയ്ക്ക് എടുത്ത
അര സൈക്കിളും പഠിച്ചു മെഡൽ നേടി സ്കൂൾ തുറക്കുമ്പോഴേക്കും അവ കാലിലും കൈയ്യിലും അണിഞ്ഞു ഞൊണ്ടിയും ചാടിയും പോകുന്നത് ഓർക്കുമ്പോൾ ഓണം മറക്കുന്നത് എങ്ങനെ...?
നമ്മുടെ നാട്ടിലെ ക്ലബ്ബുകളും ഇന്നത്തെ അയൽക്കൂട്ടത്തിന് തുല്യമായ കൂട്ടായ്മകളും ഓണക്കാലത്തിൽ സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങൾ മറക്കാൻ പറ്റുമോ..?
സെന്ററിലെ പയനിയർ ക്ലബ്ബ്, ചാരുവേലിയിലെ ആരോമ ക്ലബ്ബ്, മുതലായവയുടെ ഓണാഘോഷംഇന്നും മനസ്സിലുണ്ട്.
ചാരുവേലി മുതൽ പ്ലാച്ചേരി ചുറ്റിവരുന്ന സൈക്കിൾ ഓട്ട മത്സരങ്ങൾ, പൊന്തൻ പുഴയിലെയും, കറിക്കാട്ടൂരിലെയും വടംവലി മത്സരങ്ങൾ, മുക്കട, കറിക്കാട്ടൂർ, കരിമ്പനക്കുളം എന്നിവിടങ്ങളിലെ വോളിബോൾ മത്സരങ്ങൾ, ഷട്ടിൽ മത്സരങ്ങൾ, ഓണക്കാലത്ത് റബ്ബർ തോട്ടത്തിന്റെ മൂലയിൽ മറഞ്ഞിരുന്നുള്ള മുതിർന്നവരുടെ ചീട്ടുകളി മത്സരങ്ങൾ- ഇവ ഇന്നും പച്ചപിടിച്ചു നിൽക്കുന്ന ഓർമ്മകളാണ്.
ഓർമ്മകൾക്ക് മരണമില്ല. ഓണത്തിനും.
നടുത്തളത്തിൽ നടന്ന ഓണാഘോഷം ഇന്ന് വീടിന്റെ അകത്തളത്തിലേക്ക് ചുരുങ്ങിയെങ്കിലും മുറ്റത്തും തൊടിയിലും വിരിഞ്ഞ പൂക്കളും പച്ചക്കറികളും കൊണ്ട് നാം തീർത്ത പൂക്കളങ്ങളും സദ്യകളും ഓൺലൈൻ ഡെലിവുകൾക്ക് വഴി മാറിയെങ്കിലും നമ്മുടെ നാടിന്റെ നല്ലോണം മറക്കുകയില്ല-
അത് ആത്മാവിലും ശരീരത്തിലും അനുഭവിച്ചവർ എങ്കിലും,.....
🌿🌿
രചയിതാണ് :-
മണിമല ചാരുവേലിസ്വദേശി.
കലാസാഹിത്യ- സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യം.
നിലവിൽ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നു..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸