28/07/2026
ബക്ക് മൂൺ:
ജൂലൈ മാസത്തിലെ പൂർണ്ണചന്ദ്രൻ
ആകാശത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് പൂർണ്ണചന്ദ്രൻ. പ്രകൃതിയുടെ മാന്ത്രികത വിളിച്ചോതുന്ന നിലാവിന്റെ സൗന്ദര്യം ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ഓരോ മാസവും ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിക്കാറുണ്ടെങ്കിലും, ഈ ഓരോ പൂർണ്ണചന്ദ്രനും സവിശേഷമായ പേരുകളുണ്ടെന്നത് ശ്രദ്ധേയമാണ്.
പൂർണ്ണചന്ദ്രന്റെ പേരുകളുടെ ചരിത്രം
ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിലെ കാലാവസ്ഥ, പ്രാദേശിക സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പൂർണ്ണചന്ദ്രന്മാർക്ക് പേരുകൾ ലഭിച്ചിട്ടുള്ളത്. ആധുനിക കലണ്ടറുകൾ വ്യാപകമാകുന്നതിന് മുൻപ്, പ്രകൃതിയിലെ മാറ്റങ്ങൾ മനസ്സിലാക്കാനും സമയം കണക്കാക്കാനും മനുഷ്യർ പൂർണ്ണചന്ദ്രനെയാണ് ആശ്രയിച്ചിരുന്നത്. ഇവയിൽ ഭൂരിഭാഗവും തദ്ദേശീയ അമേരിക്കൻ (Native American) ഗോത്രവർഗ്ഗക്കാരുടെ പേരുകളുടെ ഇംഗ്ലീഷ് പരിഭാഷകളാണ്. ചിലത് കെൽറ്റിക്, ആംഗ്ലോ-സാക്സൺ, യൂറോപ്യൻ സംസ്കാരങ്ങളിൽ നിന്നും ഉടലെടുത്തവയുമാണ്.
എന്താണ് ബക്ക് മൂൺ?
ജൂലൈ മാസത്തിലെ പൂർണ്ണചന്ദ്രനാണ് 'ബക്ക് മൂൺ' എന്ന് വിളിക്കപ്പെടുന്നത്. 'ബക്ക്' (Buck) എന്നറിയപ്പെടുന്ന ആൺമാനുകളുടെ കൊമ്പുകൾ എല്ലാ വർഷവും കൊഴിയുകയും, ജൂലൈ മാസത്തോടെ അവ വീണ്ടും വളരാൻ തുടങ്ങുകയും ചെയ്യും. ഈ സ്വാഭാവിക പ്രതിഭാസത്തെ ആസ്പദമാക്കിയാണ് തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങൾ ജൂലൈയിലെ പൂർണ്ണചന്ദ്രന് ഈ പേര് നൽകിയത്.
ജൂലൈയിലെ ചന്ദ്രന്റെ മറ്റ് പേരുകളും അവയുടെ പ്രാധാന്യവും
ജൂലൈയിലെ ചന്ദ്രന് ഹേ മൂൺ (Hay Moon), തണ്ടർ മൂൺ (Thunder Moon), സാൽമൺ മൂൺ (Salmon Moon), റാസ്ബെറി മൂൺ (Raspberry Moon), വൈർട്ട് മൂൺ (Wort Moon) എന്നിങ്ങനെ മറ്റ് വിളിപ്പേരുകളുമുണ്ട്.
വേനൽക്കാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഇടിമിന്നൽ കാരണം മറ്റ് തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങൾ ഇതിനെ 'തണ്ടർ മൂൺ' എന്നും വിളിക്കാറുണ്ട്. പസഫിക്കിന്റെ വടക്കുപടിഞ്ഞാറൻ ജലപാതകളിലേക്ക് സാൽമൺ മത്സ്യങ്ങൾ തിരികെയെത്തുന്ന കാലയളവിനെ സൂചിപ്പിച്ച് ഇതിനെ 'സാൽമൺ മൂൺ' എന്നും വിളിച്ചിരുന്നു.
കെൽറ്റിക്, ആംഗ്ലോ-സാക്സൺ, യൂറോപ്യൻ സംസ്കാരങ്ങളിൽ, ജൂലൈ മാസത്തിലെ വൈക്കോൽ വിളവെടുപ്പുമായി ബന്ധപ്പെടുത്തി ഇതിനെ 'ഹേ മൂൺ' എന്ന് വിളിച്ചിരുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വൈക്കോൽ ശേഖരിക്കുന്ന സമയമാണിത്. കെൽറ്റിക് ഭാഷയിൽ ഈ ചന്ദ്രനെ 'വൈർട്ട് മൂൺ' അല്ലെങ്കിൽ 'ഹെർബ് മൂൺ' എന്നും അറിയപ്പെട്ടിരുന്നു. ജൂലൈ മാസത്തിൽ ഔഷധസസ്യങ്ങൾ (അല്ലെങ്കിൽ വൈർട്ടുകൾ) ശേഖരിച്ച് ഉണക്കി സുഗന്ധദ്രവ്യങ്ങളായും പ്രതിവിധികളായും ഉപയോഗിക്കേണ്ട സമയമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ചില കെൽറ്റിക് സംസ്കാരങ്ങളിൽ ഈ ചന്ദ്രനെ 'മീഡ് മൂൺ', 'ക്ലെയിമിംഗ് മൂൺ' എന്നും വിളിച്ചിരുന്നു.
ജൂലൈ മാസത്തിലെ പൂർണ്ണചന്ദ്രനുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങൾ
ജൂലൈയിലെ പൂർണ്ണചന്ദ്രന് വിവിധ രാജ്യങ്ങളിലും അവരുടെ സംസ്കാരങ്ങളിലും സവിശേഷമായ പ്രാധാന്യമുണ്ട്. ജൂലൈയിലെ പൗർണ്ണമി നാൾ അവർ വ്യത്യസ്തമായി ആഘോഷിക്കുന്നു.
ഭാരതത്തിൽ ജൂലൈ മാസത്തിലെ പൂർണ്ണചന്ദ്ര നാൾ 'ഗുരു പൂർണിമ' (ആഷാഢ പൂർണിമ) ആയി ആചരിക്കുന്നു. അജ്ഞാനത്തെ അകറ്റി ജ്ഞാനം പകർന്നുനൽകുന്ന ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമാണിത്.
അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർക്കിടയിൽ (Algonquin ഗോത്രങ്ങൾ) ജൂലൈ മാസത്തിലെ പൂർണ്ണചന്ദ്രൻ കേവലം ഒരു ആകാശക്കാഴ്ച മാത്രമല്ല. വിളവെടുപ്പുകൾ തുടങ്ങുന്നതും ഇടിമിന്നലോടു കൂടിയ മഴ പെയ്യുന്നതും ആഘോഷമാക്കുന്ന പാരമ്പര്യങ്ങൾ അവർക്കുമുണ്ട്. ഈ കാലയളവിൽ നന്ദി പ്രകടിപ്പിക്കുന്നതിനായി പ്രത്യേക ആചാരങ്ങളും സാമൂഹിക കൂട്ടായ്മകളും അവർ സംഘടിപ്പിക്കാറുണ്ട്.
തായ്‌ലാന്റിൽ ഈ ദിനം 'ആസൽഹ പൂജ' (Asalha Puja) ആയി ആഘോഷിക്കുന്നു. ബുദ്ധദേവൻ തന്റെ അഞ്ച് ശിഷ്യന്മാർക്ക് ആദ്യമായി ധർമ്മോപദേശം നൽകിയ ദിവസമാണിത്. ശ്രീലങ്കയിൽ ഈ പൂർണ്ണചന്ദ്ര ദിനത്തെ 'എസാല പോയ' (Esala Poya) എന്ന് വിളിക്കുന്നു. കാൻഡിയിൽ നടക്കാറുള്ള പ്രശസ്തമായ 'കാൻഡി എസാല പെരഹെറ' (Kandy Esala Perahera) ഉത്സവം ഈ കാലയളവിലാണ് ആരംഭിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ (പ്രത്യേകിച്ച് യു.എസ്.എ, കാനഡ, യുകെ) 'ബക്ക് മൂൺ ഫെസ്റ്റിവൽ' അല്ലെങ്കിൽ 'ബക്ക് മൂൺ സെലിബ്രേഷൻസ്' എന്ന പേരിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രകൃതി സ്നേഹികളും വാനനിരീക്ഷണ കൂട്ടായ്മകളും ചേർന്ന് "Buck Moon Festival" അല്ലെങ്കിൽ "Buck Moon Night Hikes" എന്ന പേരിൽ പരിപാടികൾ നടത്താറുണ്ട്. ഇതിൽ രാത്രികാല ക്യാമ്പിംഗ്, ആസ്ട്രോണമി സെഷനുകൾ, ലൈവ് മ്യൂസിക്, മനോഹരമായ നിലാവുള്ള രാവിൽ ട്രെക്കിംഗ് എന്നിവ ഉൾപ്പെടുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള ചില പാഗൻ സമുദായങ്ങൾ ഭൂമിയുടെ സമൃദ്ധിയെയും പ്രകൃതിയുടെ മാറ്റങ്ങളെയും വണങ്ങുന്നതിനായി ബക്ക് മൂൺ രാത്രിയിൽ പ്രത്യേക കൂട്ടായ്മകളും നടത്താറുണ്ട്.
2026-ലെ ബക്ക് മൂൺ എപ്പോൾ, എവിടെ കാണാം?
2026 ജൂലൈ 29 ബുധനാഴ്ചയാണ് ഈ വർഷത്തെ ബക്ക് മൂൺ ദൃശ്യമാകുന്നത്. വൈകുന്നേരം ഏകദേശം 7:30 ന് കിഴക്കൻ ചക്രവാളത്തിലായി ചന്ദ്രൻ ഉദിച്ചുയരും. മകരം രാശിയിൽ (Capricornus) ദബീഹ് (Dabih) നക്ഷത്രത്തിന് സമീപത്തായി ചന്ദ്രനെ കാണാൻ സാധിക്കും.
നിരീക്ഷണത്തിന്റെ പ്രാധാന്യം
പൂർണ്ണചന്ദ്രനെ നിരീക്ഷിക്കുന്നത് സവിശേഷമായ ഒരു കാഴ്ചയാണ്. പൂർണ്ണചന്ദ്രന്റെ ഭംഗി ആസ്വദിക്കുന്നതോടൊപ്പം ഓരോ മാസത്തെയും പൂർണ്ണചന്ദ്രനെ വേറിട്ട് തിരിച്ചറിയുന്നതും അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതും വാനനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമാണ്. ഇനി മാനത്ത് ഉദിക്കുന്ന ഓരോ പൂർണ്ണചന്ദ്രനെ നോക്കുമ്പോഴും അവയെല്ലാം സവിശേഷ നാമങ്ങളുള്ള ചന്ദ്രന്മാരാണെന്നും അവയ്ക്ക് മാനവരാശിയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധമുണ്ടെന്നും ഓർമ്മിക്കുമല്ലോ.
അപ്പോൾ, എല്ലാവരും 2026 ജൂലൈ 29-ന് ബക്ക് മൂണിനെ നിരീക്ഷിക്കുമല്ലോ!