11/10/2026
എവിടെ പോയി നമ്മുടെ നായകന്മാര്‍?, കോടിക്കണക്കിന് പൗരന്മാരില്‍ നിന്ന് വോട്ടവകാശം എടുത്തുകളഞ്ഞതിനെ കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കും നടീനടന്മാര്‍ക്കും ഒന്നും മിണ്ടാനില്ലേ?: നേഹാ സിംഗ് റാത്തോഡ്
ഡല്‍ഹി: കോടിക്കണക്കിന് പൗരന്മാരുടെ ജനാധിപത്യപരമായ വോട്ടവകാശം എടുത്തുകളയുന്ന ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ശക്തമായ ചോദ്യങ്ങളുമായി പ്രമുഖ ഗായികയും ആക്ടിവിസ്റ്റുമായ നേഹാ സിംഗ് റാത്തോഡ്. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തിലെ പ്രമുഖരും സിനിമാ-ക്രിക്കറ്റ് താരങ്ങളും മൗനം പാലിക്കുന്നതിനെതിരെ അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. 'എവിടെ പോയി നമ്മുടെ നായകന്മാര്‍? കോടിക്കണക്കിന് പൗരന്മാരില്‍ നിന്ന് വോട്ടവകാശം എടുത്തുകളഞ്ഞതിനെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കും നടീനടന്മാര്‍ക്കും ഒന്നും മിണ്ടാനില്ലേ?' എന്ന് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചു.
രാജ്യത്ത് സാധാരണക്കാരുടെ അടിസ്ഥാന അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെടുമ്പോള്‍, കോടിക്കണക്കിന് ആരാധകരുള്ള താരങ്ങള്‍ ഭരണകൂട ഭയത്താലോ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ വേണ്ടി കണ്ണടയ്ക്കുന്നത് ജനാധിപത്യത്തോടുള്ള വലിയ വഞ്ചനയാണെന്ന് നേഹാ സിംഗ് റാത്തോഡ് കുറ്റപ്പെടുത്തി. പൗരന്മാരുടെ വോട്ടവകാശം കവര്‍ന്നെടുക്കുന്നതിലൂടെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ അനീതിക്കെതിരെ സാംസ്‌കാരിക ലോകവും പ്രമുഖ വ്യക്തികളും മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ഏകാധിപത്യ പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സാധാരണ ജനങ്ങളുടെ ജീവനും അവകാശങ്ങള്‍ക്കും മേല്‍ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ആത്മപരിശോധന നടത്താന്‍ രാജ്യത്തെ പ്രമുഖര്‍ തയ്യാറാകണമെന്നും നേഹാ സിംഗ് റാത്തോഡ് ഓര്‍മ്മിപ്പിച്ചു.
അതേസമയം, ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരെയുള്ള വേട്ടയാടലുകള്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി യൂട്യൂബര്‍ ധ്രുവ് രാഠി. തന്നെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി 22 മണിക്കൂറിലധികം തടഞ്ഞുവെച്ച സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. താന്‍ വിദേശ പൗരനാണെന്ന തരത്തില്‍ ഗോദി മീഡിയ വഴി സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. താനൊരു ഇന്ത്യന്‍ പൗരനാണെന്നും എന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം തന്റെ പാസ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തെളിവ് നല്‍കി.
കഴിഞ്ഞ ഒക്ടോബര്‍ 10-ന് രാവിലെ 7 മണിയോടെ യാതൊരുവിധ വാറണ്ടോ ഔദ്യോഗിക അറിയിപ്പോ ഇല്ലാതെയാണ് പൊലീസ് വേഷം ധരിക്കാത്ത ഇരുപതോളം പേര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ധ്രുവ് രാഠി പറഞ്ഞു. മാതാപിതാക്കളെ തള്ളിയിടുകയും ഭയപ്പെടുത്തുകയും ചെയ്ത ശേഷം കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന തന്നെ യാതൊരു പ്രതിരോധത്തിനും അവസരം നല്‍കാതെ വലിപ്പിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതൊരു ഔദ്യോഗിക അറസ്റ്റോ കസ്റ്റഡിയോ അല്ലെന്നും തികഞ്ഞ തട്ടിക്കൊണ്ടുപോകലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തനിക്ക് ചെരുപ്പ് ധരിക്കാന്‍ പോലും സമയം നല്‍കാതെയാണ് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ഫോണുകള്‍ പിടിച്ചെടുക്കുകയും 22-23 മണിക്കൂറോളം പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ രഹസ്യ കേന്ദ്രത്തില്‍ തടവിലാക്കുകയും ചെയ്തു. വക്കീലിനെ കാണാനോ കുടുംബവുമായി സംസാരിക്കാനോ അനുവദിച്ചില്ല. ജനാധിപത്യ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ നടപടികള്‍ നടക്കില്ലെന്നും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ അനൗദ്യോഗിക അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിജിത്, സൗരവ് ദാസ്, അശുതോഷ് തുടങ്ങിയ പ്രമുഖരെയും വിമാനത്താവളങ്ങളില്‍ വെച്ച് സമാനമായ രീതിയില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴായിരത്തിലധികം ആളുകളെയാണ് ഭരണകൂടം ഈ രീതിയില്‍ തടവിലാക്കിയിരിക്കുന്നത്. നോര്‍ത്ത് കൊറിയയിലെയും ഹിറ്റ്ലറുടെ ജര്‍മ്മനിയിലെയും രീതികളാണ് ഇന്ന് ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തനിക്ക് നേരെ സന്തോഷം പ്രകടിപ്പിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഓര്‍ക്കുക, നാളെ ഈ ദുര്‍വിധാനം നിങ്ങള്‍ക്കും നേരിടേണ്ടി വരും.
തനിക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവിധം വീട്ടുതടങ്കലിന് തുല്യമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വീടിനു ചുറ്റും രഹസ്യ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്തി വായ്മൂടിക്കെട്ടാന്‍ നോക്കിയാല്‍ ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി തിരികെവരുമെന്ന് നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിക്കുന്നു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ചരിത്രം പരിശോധിച്ചാല്‍ ഏകാധിപതികളുടെ അന്ത്യം എങ്ങനെയെന്ന് മനസ്സിലാക്കാം. സര്‍ക്കാരിന്റെ ഈ കിരാത നടപടിക്കെതിരെ രംഗത്തുവന്ന സോനം വാങ്ചുക് ഉള്‍പ്പെടെയുള്ള എല്ലാ പ്രമുഖര്‍ക്കും രാജ്യസ്നേഹികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തിനായി സത്യം വിളിച്ചുപറയുന്നത് തുടരുമെന്നും ധ്രുവ് രാഠി വ്യക്തമാക്കി.