27/04/2025
മെഹബൂബെമില്ലത്തിൻ്റെ പ്രസംഗ പരിഭാഷകനെന്ന നിയോഗവുമായി നീണ്ട പതിനൊന്ന് വർഷത്തോളം ആ രാജ തേജസ്വിയെ അനുഗമിക്കുവാൻ ഈയുള്ളവന് അവസരമുണ്ടായി.
ഒരിക്കലും മറക്കാനാവാത്തതായി രണ്ടനുഭവങ്ങൾ മനസ്സിൽ തറച്ചു നിൽക്കുന്നു...
ഒന്ന്, കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലാണ്. ഉത്തരേന്ത്യയിലെ ഒരു കലാപ ബാധിത പ്രദേശം സന്ദർശിച്ചതിന് ശേഷം സേട്ടു സാഹിബ് നേരെ കോഴിക്കോട്ടെത്തിയതാണ്. രാത്രി ഏറെ വൈകിയത് കൊണ്ടും യാത്രാ ക്ഷീണം കൊണ്ടുമാവാം, ഭക്ഷണം കഴിച്ചതിൻ്റെ പിറകെ സേട്ടു സാഹിബ് ഉറങ്ങാൻ കിടന്നു. നാഷണൽ യൂത്ത് ലീഗിൻ്റെ അന്നത്തെ സംസ്ഥാന പ്രസിഡണ്ട് മർഹും എഎ വഹാബ് സാഹിബും ഈയുള്ളവനുമായിരുന്നു കൂട്ടിന് മുറിയിലുണ്ടായിരുന്നത്. ഞങ്ങൾ പതിയെ ഉറക്കിലേക്ക് വീണിട്ടേയുണ്ടായിരുന്നുള്ളൂ, സേട്ടു സാഹിബിൻ്റെ തേങ്ങിക്കരച്ചിൽ കേട്ടാണ് ഞെട്ടിയുണർന്നത്. മെഹബൂബെ മില്ലത്തിന് വല്ലതും സംഭവിച്ചോയെന്ന പരിഭ്രാന്തിയിൽ ലൈറ്റ് തെളിയിച്ചപ്പോൾ സേട്ടു സാഹിബ് ബെഡ്ഡിൽ എഴുന്നേറ്റിരുന്നു കരയുന്ന രംഗമാണ് കണ്ടത് ''They don't have blankets, old men, little children..." എന്നു പറഞ്ഞു കൊണ്ടാണ് കൊച്ചുകുട്ടിയെപ്പോലെ സേട്ടു സാഹിബ് തേങ്ങുന്നത്. കലാപത്തിൻ്റെ താണ്ഡവത്തിൽ സകലതും നഷ്ടപ്പെട്ട് വഴിയോരത്ത് കൊടും തണുപ്പിൽ വിറങ്ങലിച്ച് കഴിയുന്ന സ്വന്തം സഹോദരങ്ങളെയോർത്ത് മെഹബൂബെമില്ലത്ത് തേങ്ങുകയാണ്, പാതിരാവിൻ്റെ പകുതിയിൽ !
രണ്ടാമത്തെ അനുഭവം പൊന്നാണിയിൽ വെച്ചാണ്. പതിനൊന്നാം ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരാരവത്തിൻ്റെ തുടക്കത്തിൽ ഒരു വലിയ സമ്മേളനത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. അതീവ പ്രൗഢവും വികാരോജ്ജ്വലവുമായ പ്രസംഗം. ജനം സാവേശപൂർവ്വം കാത് കൂർപ്പിച്ച് കേട്ടിരിക്കുകയാണ്. പെട്ടെന്നാണ് മെഹബൂബെമില്ലത്ത് വാച്ചിലേക്ക് നോക്കുന്നത്. എന്നിട്ട് ഒരാത്മഗതമെന്നോണം ശബ്ദം താഴ്‌ത്തി പതിയെ പറഞ്ഞു; "I am no more a parliament member. My term is over".
പത്താം ലോക സഭയുടെ കാലാവധി ഔപചാരികമായി അവസാനിച്ചതിനെക്കുറിച്ചാണ് തത്സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ പരാമർശം. അപ്രതീക്ഷിതമായ ഒരു രംഗത്തിനാണ് പിന്നീട് ജനം സാക്ഷിയായത്. ഒരു മഹാജനസഞ്ചയമാണ് മുമ്പിലുള്ളതെന്ന കാര്യം മെഹബൂബെ മില്ലത്ത് മറന്നോ ആവോ, ഇരു കരങ്ങളും മേലോട്ടുയർത്തി ആ മഹാമനുഷ്യൻ പ്രാർത്ഥിക്കുകയാണ്; "ഈ രണ്ടു് കൈകൾ കൊണ്ടും ഇബ്രാഹിം സുലൈമാൻ അവിഹിതമായി യാതൊന്നും ചെയ്തിട്ടില്ല പടച്ചവനെ, യാതൊന്നും സമ്പാദിച്ചിട്ടില്ല റബ്ബേ... നീയാണ് സാക്ഷി... നീയാണ് സാക്ഷി" മെഹബൂബെമില്ലത്തിൻ്റെ കവിളിലൂടെ കണ്ണീരൊഴുകുകയാണ്! ആർത്തിരമ്പിയ ജനം ക്ഷണത്തിൽ മൂകമായി, പലരും വിതുമ്പുന്നു! പരിഭാഷകനായ ഈയുള്ളവനും വിതുമ്പാനെ കഴിഞ്ഞുള്ളൂ!
അതായിരുന്നു സേട്ടു സാഹിബ്. അടിമുടി നിഷ്കളങ്കതയുടെ, സത്യസന്ധതയുടെ വിസ്മയ രൂപം!
2025 ഏപ്രിൽ 27ന് മെഹബൂബെമില്ലത്ത് വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്നു. പ്രാർത്ഥനകൾ...
എപി അബ്ദുൽ വഹാബ്