23/03/2013
‘ആമേൻ’
ദൈവീകമായ തമാശ…!!
----------------------------------------------------------
ലിജോജോസ് പല്ലിശേരിയുടെ പുതിയ ചിത്രം ആമേനിൽ കഥയും തിരക്കഥയും സംഭാഷണവും അങ്ങനെ ഒരു സിനിമയ്ക്ക് അത്യാവശ്യമാവുന്ന എല്ലാ ഘടകങ്ങളും അഭിനന്ദ് രാമാനുജം ചലിപ്പിച്ച ക്യാമറയാണൊ ചെയ്തിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് സംശയം തോന്നിയേക്കാം…
ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ക്യാമറ ചെയ്തു കാട്ടുന്ന മാസ്മരികത പ്രേക്ഷരിൽ പലപ്പോഴും അമ്പരപ്പുണ്ടാക്കുന്നു.. മലയാളസിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ചായഗ്രഹണരീതി ആലപ്പുഴയെ വരച്ചുകാട്ടിയതു കണ്ടപ്പോ സത്യത്തിൽ അസൂയ തോന്നിപ്പോയി… നമ്മുടെ ഏവരുടെയും ജീവതം അദ്ദേഹത്തിന്റെ ക്യാമറക്കുള്ളിലൂടെ കാണുന്ന ദൃശ്യങ്ങൾ പോലെയായിരുന്നെങ്കിൽ എത്ര മനോഹരമായേനെ എന്ന് ചിത്രം കണ്ട ഓരോരുത്തരും ചിന്തിച്ചു പോയിട്ടുണ്ടാവും....
നൂറുകണക്കിനു ഷോട്ടുകൾ കൊണ്ട് ചിത്രീകരിക്കുന്ന ഗാനരംഗങ്ങൾ കണ്ടു ശീലിച്ച നമുക്ക് ചിത്രത്തിൽ ഒറ്റഷോട്ടിൽ തീർത്ത ഷാപ്പിലെപാട്ട് കാണുമ്പോൾ ചിലപ്പോൾ അൽഭുതം തോന്നിയേക്കാം…
കുമരങ്കിരി ഇടവകയും അവിടുത്തെ പള്ളിയും ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുമ്പോൾ ചെയ്ത ഗ്രാഫിക്സിലെ കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെ തന്നെ അവസാനം വരെ തുള്ളിച്ചാടി നടക്കുന്ന കുറച്ചു പഴയ നാട്ടുകാരും സംഗീതസാന്ദ്രമായ “ആമേന്‍” വലിയ അനുഭവമാക്കിമാറ്റുന്നു. ഫാദർ വിൻസന്റ് വട്ടോളി (ഇന്ദ്രജിത്ത്), കപ്യാർ സോളമൻ (ഫഹദ് ഫാസിൽ), ശോശന്ന (സ്വാതി റെഡ്ഡി) ഇവരുമൂവരിലും കൂടി പറഞ്ഞുപോകുന്ന കഥയിൽ ഇവരെപ്പോലെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രം കൂടിയുണ്ട് ബാന്റ് മേളത്തിനുപയോഗിക്കുന്ന ‘ക്ലാരിനെറ്റിൻ’. മലയാളികൾക്ക് ഏറെ സുപരിചിതമായ ഈ വാദ്യോപകരണവും അതിലൂടെ പുറത്തു വരുന്ന ശബ്ദത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിയ പ്രശാന്ത് പിള്ളയാണ് ആമേന്റെ സംഗീതം ചെയ്തിരിക്കുന്നത്.. മുദ്രാവാക്യങ്ങൾ പോലെയുള്ള ചിത്രത്തിലെ പല പാട്ടുകളും നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും അത് ചിത്രത്തിന് ആവശ്യമുള്ളതു തന്നെയെന്ന് പറയാം.
മുമ്പ് കണ്ട ലിജോജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങൾ പോലെ ഇതും ഒരു പരീക്ഷണം തന്നെയാണ്.. പാവപ്പെട്ടവനെങ്കിലും കലാകാരനായ നായകനും പണക്കാരായ തറവാട്ടിലെ നായികയും പെണ്ണിന്റെ കുടുംബത്തിലെ ആണുങ്ങളുടെ എതിർപ്പും അവരെ സഹായിക്കാനും നാടിനെ രക്ഷിക്കാനും ഒരാളു വരുന്നതും ഒടുവിൽ നാട്ടിൽ വർഷാവർഷം നടക്കുന്ന ഒരു മത്സരത്തിൽ ജയിച്ചാൽ മാത്രം അവരെ കല്യാണത്തിനു സമ്മതിക്കാം എന്നു പറയുന്നതും ഒടുവിൽ ജയിച്ച് അവർ ഒന്നാവുന്നതുമെല്ലാം വളരെകാലമായി നാം പലസിനിമകളിൽ കണ്ടിട്ടുണ്ട്.., എന്നാൽ ആവർത്തനവിരസത ഉണ്ടാക്കാതെ എത്ര വെത്യസ്തമായിട്ടാണു ഈ വിഷയം സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നതെന്നത് ലിജോജോസിനെ ശ്രദ്ധേയനാക്കുന്നു.. കഥയുടെ ഉള്ളടക്കത്തിലേക്ക് വലുതായി കടക്കുന്നില്ല.. വല്ലകേസും വന്നാൽ വക്കീലിനു കൊടുക്കാൻ പൊലും കാശില്ലയെന്നതു തന്നെ കാരണം., ഉള്ള നക്കാപിച്ച പെറുക്കിയാണു ചിത്രം കണ്ടതു തന്നെ..
എന്തായാലും വെള്ളിയാഴ്ച്ച നട്ടുച്ചക്ക് ആമീൻ ചൊല്ലി പള്ളിയിലിരിക്കേണ്ട സമയത്ത് വെയിലും കൊണ്ട് കൊയിലാണ്ടി വരെ പോയി ആമേൻ കണ്ടതു വെറുതെയായില്ല…
ഈ ദൃശ്യാനുഭവം കണ്ടില്ലെങ്കിൽ കുറച്ചു നഷ്ടം തോന്നും ഉറപ്പ്.. തമാശയും സംഗീതവും പ്രണയവും ആത്മീയതയും എല്ലാം നിറഞ്ഞ ഒരു സുന്ദരചിത്രം..
മുകളിൽ കർത്താവ് താഴെ ഗാന്ധി നടുവിൽ കപ്യാര്..
ചുറ്റിലും കുറച്ച് സംഗീതവും തമാശകളും..
ആമേൻ!
_________________________________ Nadee Gulmohar ഗുൽമു Dream Weavers' Screen