21/05/2012
സെയിന്റ് ജോര്‍ജ് കുടകള്‍ ഓര്‍മ്മയില്ലേ-ഒരുകാലത്ത് കേരളത്തിന്റെ കുടവിപണി കയ്യടക്കിവച്ചിരുന്നവരായിരുന്നു അവര്‍. സൂര്യ മാര്‍ക്ക് കുട, കൊളംബൊ കുട തുടങ്ങിയവ തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ സെയിന്റ് ജോര്‍ജുകാര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അതുവരെ സെയിന്റ് ജോര്‍ജ് കുടകളായിരുന്നെങ്കില്‍ ഒരു സുപ്രഭാതത്തില്‍ അവര്‍ പോപ്പി കുടകളും ജോണ്‍സ് കുടകളുമായി മാറി. അപ്പോള്‍ മത്സരം ഇവര്‍തമ്മില്‍ മാത്രമാകുകയും മറ്റെല്ലാ ബ്രാന്റുകളും അപ്രത്യക്ഷമാകുകയും കുടവിപണി മുഴുവന്‍ രണ്ടാണെന്നു തോന്നുന്ന ഒരു കമ്പനി കയ്യിലാക്കുകയും ചെയ്തു. ഇത് ഒരു വിപണന തന്ത്രമാണ്. അംബാനിമാര്‍ മുതല്‍ പലരും പ്രയോഗിച്ച് വിജയം കണ്ട തന്ത്രം. ഇതേ തന്ത്രമാണ് നമ്മുടെ മുഖ്യധാരാ സിനിമക്കാരും ഇപ്പോള്‍ പയറ്റുന്നത്. മള്‍ട്ടിപ്ലക്‌സ് വിപ്ലവത്തിനുശേഷം ഇങ്ങനെ ഇരട്ടനായക സിനിമകളുടെ ഒരു പ്രളയം തന്നെ ഉണ്ടായിട്ടുണ്ട്.മിക്ക സിനിമകളുടേയും പേരുകള്‍ പോലും ഈ ദ്വന്തത്തെ ഓര്‍മ്മിപ്പിക്കുന്നു. (കിംഗ് ആന്‍ഡ് കമ്മീഷണര്‍, മാസ്റ്റേഴ്‌സ്, കോബ്ര). ഇങ്ങനെ നായകശൂന്യമായ മല്‍ട്ടിപ്ലക്‌സിനു ബദലായി നായക ദ്വന്ത്വങ്ങളെ പ്രതിഷ്ഠിക്കുമ്പോഴുള്ള സൗകര്യങ്ങള്‍ നിരവധിയാണ്. നായകാംശങ്ങളുടെപ്രസരണത്തെയും വികേന്ദ്രീകരണത്തേയും പരമാവധി പ്രതിരോധിക്കലാണു പ്രധാനമായും ഈ തന്ത്രംകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നായിക, ഉപനായകന്‍, വില്ലന്‍, തുടങ്ങിയവര്‍ക്കൊക്കെ വീതിച്ചുകൊടൂക്കേണ്ട നായക ഭാവത്തെ പൂര്‍ണ്ണമായും രണ്ടൂ നായകന്മാര്‍ക്ക് വീതിച്ചെടുക്കാം.മാസ്റ്റേഴ്‌സ് എന്ന സിനിമയില്‍ സിദ്ധീഖ്, ബിജു മേനോന്‍, വിജയരാഘവന്‍, സലിം കുമാര്‍, സായികുമാര്‍, ഷമ്മി തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രഗത്ഭരായ അഭിനേതാക്കള്‍ ഒട്ടനവധിയുണ്ടെങ്കിലും ഇവരൊക്കെ വെറുതെ വന്നുപോകുന്നവര്‍ മാത്രമാവുകയുംസിനിമയിലുടനീളം പ്രിഥ്വിരാജും ശശികുമാറും മാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ഉപനായകന്‍ എന്ന വിഭാഗത്തിന് ഈ ഇരട്ടനായകന്മാര്‍ കാരണം വംശനാശം സംഭവിച്ചിരിക്കുന്നു.പഴയ കിംഗിലും കമ്മീഷണറിലും ഗണേഷ് കുമാര്‍ ചെയ്തതുപോലുള്ള ചെറിയ തോതില്‍ നായക സ്വഭാവമുള്ള കാഥാപാത്രങ്ങള്‍ കിംഗും കമ്മീഷണറും ഒരുമിച്ചുവരുമ്പോള്‍ പുറത്താക്കപ്പെടുന്നു. മള്‍ട്ടിപ്ലക്‌സ് വിപ്ലവത്തിനു ശേഷം വന്നമാസ്റ്റേഴ്‌സ്, കിംഗ് ആന്റ് കമ്മീഷണര്‍, ഓഡിനറി, മായാമോഹിനി, കോബ്ര തുടങ്ങിയ സിനിമകളിലൊന്നും ഒരു ഉപനായകനെ കാണാനാകില്ല.
http://malabarpost.com/?p=7283