17/08/2026
പുലിപ്രയിൽ നിന്നും രാജ്യത്തിനു വേണ്ടി അഭിമാന മെഡൽ നേടാൻ കുട്ടികൾക്ക് കുറവൊന്നും ഇല്ല. പ്രതിഭയും ഉണ്ട്. പക്ഷേ അവർക്ക് കളിച്ചു വളരാൻ പുലിപ്രയിൽ ഒരിടം ഇല്ല. തെങ്ങിൻ തോപ്പുകളൊക്കെ റബ്ബർ മരങ്ങൾ കയ്യടക്കി. വയലുകളൊക്കെ പണകോരി. കണ്ടങ്ങളൊക്കെ നികത്തി കണ്ടംപററി വീടുകൾ വച്ചു. പുലിപ്രയിലെങ്ങും ഗ്രൗണ്ടും ഇല്ല ടർഫും ഇല്ല.
വർഷം 2030 - കോമൺവെൽത്ത് ഗെയിംസ് വേദി ഇന്ത്യ. 2036 -ഒളിമ്പിക്സ് വേദി ഇന്ത്യ. 5 മുതൽ 15 വയസ്സ് വരെയുള്ള പ്രായത്തിലുള്ള പ്രതിഭകളെ കണ്ടെത്താനായി രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് നടത്തുന്നു. അന്നൊക്കെ മെഡൽ വാങ്ങാൻ പോകുന്ന മറ്റു കുണ്ടറക്കാരെ നോക്കി നെടുവീർപ്പിടാനേ പുലിപ്രയിലെ കൂട്ടുകാർക്ക് കഴിയൂ എന്നതാണ് നിലവിലെ അവസ്ഥ.
ഗ്രൗണ്ടും ടർഫും ഒന്നും ഇല്ലെങ്കിലും പഴയ കണ്ടം ക്രിക്കറ്റ്, കണ്ടം ഫുട്ബോൾ , കണ്ടം ലോങ്ങ് ജമ്പ് പോലുള്ള അന്യം നിന്നു പോയ കലാ രൂപങ്ങൾ എങ്കിലും പുലിപ്രയിൽ എവിടെയെങ്കിലും തിരികെ വന്നിരുന്നെങ്കിൽ. പന്ത് കാട്ടിൽ പോയാൽ അടിച്ചവൻ എടുക്കണം, തെങ്ങിൽ തട്ടി വന്ന ക്യാച്ച് എടുത്താലും ഔട്ട്, പരിധിയിൽ കൂടുതൽ വേഗത്തിൽ എറിഞ്ഞാൽ റീ-ബോൾ, മരത്തിൽ കൊണ്ടിട്ട് പുറത്തേക്ക് പോയാൽ ഔട്ട് അല്ല, ബാറ്റ് കൊണ്ടുവരുന്നവനെ ഔട്ട് ആക്കിയാൽ അവൻ ബാറ്റുമായി പോകും-കളി കഴിയും ... അങ്ങനെ വിചിത്രങ്ങൾ ആയ ലോക്കൽ നിയമങ്ങൾ ഉള്ള കളികൾ എങ്കിലും നടത്താൻ ഇടമില്ലാതെ പകച്ചു പോയ ബാല്യങ്ങൾ.
സ്പോർട്സ് ഡെസ്ക്, പുലിപ്ര വാർത്ത