25/09/2025
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഇന്ന്, രഗാസയുടെ സ്വാധീനം; കേരളത്തിൽ മഴ ശക്തമാകും
രഗാസ തീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് തെക്കു കിഴക്ക് ചൈനയിൽ കരകയറി പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന സാഹചര്യത്തിലും ബംഗാൾ ഉൾകടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലും കേരളത്തിൽ ഉൾപ്പെടെ മഴ ശക്തിപ്പെടും. തെക്കൻ ജില്ലകളിൽ ഇന്ന് കൂടുതൽ മഴ സാധ്യത. എല്ലാ ജില്ലകളിലും ഇന്നുമുതൽ മഴയിൽ വർദ്ധനവ് ഉണ്ടാകും.
നേരത്തെ ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം നിലവിൽ വടക്കൻ ഒഡീഷക്ക് മുകളിൽ ദുർബലമായിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം മൂലമാണ് കഴിഞ്ഞദിവസം പശ്ചിമ ബംഗാളിൽ കനത്ത മഴയും പ്രളയവും ഉണ്ടായത്. മധ്യ മ്യാൻമറിനോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം ഉണ്ടാക്കുക.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൺസൂൺ ന്യൂനമർദ്ദമായി മാറുന്നതിനാൽ കാലവർഷക്കാറ്റിനെ വീണ്ടും സജീവമാക്കും. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങിയിട്ടുണ്ട്. ഉത്തര, മധ്യ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാലവർഷം വിടവാങ്ങാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതിയിലാണുളളത്.
ഒഡിഷക്ക് മുകളിൽ നിലനിന്ന ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആണ് ഇപ്പോൾ മഴ പുരോഗമിക്കുന്നത്. ഒഡിഷക്കു മുകളിൽ ളള്ള ന്യൂനമർദ്ദം ദുർബലമായ സാഹചര്യത്തിൽ, ഈ സംസ്ഥാനങ്ങളിലെ മഴയും ഇനി കുറഞ്ഞു തുടങ്ങും. ബംഗാളിൽ ഉൾപ്പെടെ വെള്ളക്കെട്ടിനും പ്രളയത്തിനും ആശ്വാസം ഉണ്ടാകും.
സാധാരണ ഇതുവരെയുള്ള ന്യൂനമർദ്ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നത് വടക്ക ജില്ലകളിൽ ആയിരുന്നെങ്കിൽ ഇത്തവണ തെക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിനൊപ്പം ചൈനയിൽ കരകയറിയ റഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനവും മൂലം കൂടുതൽ ഈർപ്പം കേരളം വഴി കടന്നു പോകും. ഇത് കേരളത്തിനൊപ്പം തമിഴ്നാട്ടിലും മഴ വർധിപ്പിക്കും. അടുത്ത 60 മണിക്കൂർ തെക്കൻ കേരളത്തിൽ പലയിടങ്ങളിലും പെട്ടെന്ന് ശക്തമായ മഴ ലഭിക്കും.
പടിഞ്ഞാറൻ തമിഴ്നാട്ടിലും, വടക്കൻ തമിഴ്നാട്ടിലും ഇടിയോടുകൂടിയുള്ള മഴയാണ് ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി സൃഷ്ടിക്കുക. പടിഞ്ഞാറൻ കാറ്റിനൊപ്പം കിഴക്കൻ കാറ്റും ശക്തിപ്പെടുന്നതാണ് തമിഴ്നാട്ടിൽ ഇടിയോടെ മഴക്ക് കാരണം. കേരളത്തിൻ്റെ കിഴക്ക മേഖലകളിലും മഴക്കൊപ്പം ഇടി ശബ്ദം കേട്ടേക്കാം.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.