20/03/2025
അർപ്പണബോധമുള്ള അധ്യാപകർ അനുസരണയുള്ള വിദ്യാർത്ഥികൾ.
സ്വപ്നം കാണുക മാത്രമല്ല സാക്ഷാത്കരിക്കണം നമുക്കാ ലക്ഷ്യം അടുത്ത അധ്യയന വർഷം. പിതാവിന്റെയും മാതാവിന്റെയും രക്ഷകർത്താവിന്റെയും നിയമപാലകന്റെയും ഗുരുവിന്റെയും റോളിലേക്ക് അധ്യാപകൻ മാറേണ്ടിയിരിക്കുന്നു. അതിനുള്ള അവകാശ അധികാരങ്ങൾ അധ്യാപകർക്ക് നൽകണം. ഇത് നിരീക്ഷിക്കാൻ PT A തയ്യാറാവണം.
ആവർത്തിച്ചു പറയട്ടെ, ഇണങ്ങാത്ത കുതിരയും ശിക്ഷണം ലഭിക്കാത്ത കുട്ടിയും തന്നിഷ്ടം കാണിക്കും. മമ്മൂട്ടി ഉൾപ്പെടെ ഈ വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർ അവരുടെ തൊഴിലിടം സംരക്ഷിച്ചു കൊണ്ടാണ്. ഈയിടെ ഇറങ്ങിയ സിനിമകൾ അതിഭീകരങ്ങളാണ്. ഇടയ്ക്കിടെ കണ്ണുകളടച്ചും ചെവി പൊത്തിയും മുഖം കുനിച്ചിരുന്നു ഒക്കെയാണ് കുട്ടികൾ ഈ ചോര തെറിക്കുന്ന സൃഷ്ടികൾ കണ്ടിറങ്ങിയത്.!!!
ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലാതെ പച്ച തെറികൾ മാത്രം പറയുന്ന ഒരു സിനിമ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓടിക്കളിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ ഒരു സ്ഥാപനത്തിലെ തമ്മിൽത്തല്ലും പകയും പകരം വീട്ടലും കാണിച്ചുതരുന്ന ടെലിപ്പരമ്പരകൾ വേറെ... വിരൽത്തുമ്പിൽ പോൺ തുണ്ടുകൾ ടൺ കണക്കിന്.... പ്ലസ് ടു കഴിയുന്നടം വരെ നമ്മുടെ കുഞ്ഞുങ്ങളെ പരിധിക്ക് നിർത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. പറയാതെ വയ്യ.
Love ഇല്ലാത്ത Lust മാത്രമുള്ള സൗഹൃദങ്ങൾ, ആഡംബര വാഹനങ്ങൾ വസ്ത്രങ്ങൾ സ്മാർട്ട് ഫോണുകൾ പിക്കിനിക്ക് ഡേറ്റിംഗ് ഡിജെ പാർട്ടികൾ, കൊച്ചുകൊച്ചു കൊട്ടേഷനുകൾ.നമ്മുടെ കുഞ്ഞുങ്ങൾ അറിഞ്ഞും അറിയാതെയും ഇതിൽ പെട്ടു പോകുന്നുണ്ട്. ആരാധകരായും അനുയായികളായും വിശ്വാസികളായും
അവർ പല സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഇരകളാണ്.
അടുത്ത അധ്യയന വർഷം മുതൽ നമ്മുടെ കുഞ്ഞുങ്ങൾ അച്ചടക്കമുള്ള അനുസരണയുള്ള കുട്ടികളായി വളർന്നു വരട്ടെ. അതിനായി പ്രാർത്ഥിക്കാം പ്രവർത്തിക്കാം പ്രത്യാശയോടെ കാത്തിരിക്കാം...