03/12/2023
എന്നുയിരേ തേടുകിറേൻ...(ചാലക്കര പുരുഷു)
നിനച്ചിരിക്കാതെ ഒരു നാൾ വന്നുപെട്ട ഏകാന്തതയുടെ മടുപ്പിൽ നിന്നും, ചിറക് വിരിച്ച്, പ്രകൃതി സംരക്ഷണത്തിലും എഴുത്തിലുമലിഞ്ഞ് ചേർന്ന്, സ്വപ്ന സങ്കൽപ്പങ്ങളിലൂടെ യാത്ര ചെയ്യുകയാണ് മയ്യഴിക്കാരി സി.കെ.രാജലക്ഷ്മി.
കഥയും, നോവലും, യാത്രാവിവരണങ്ങളും, അനുഭവക്കുറിപ്പുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന രാജലക്ഷ്മിയുടെ ദേവപദം തേടി എന്ന നോവലിന് ,എന്നുയിരേ തേടുകിറേൻ ,എന്ന തമിഴ് പരിഭാഷ കൈവന്നിരിക്കുന്നു. സിന്ധു ഗാഥ എന്ന എഴുത്തുകാരിയാണ് മൊഴിമാറ്റം നടത്തിയത്.
മയ്യഴിയുടെ മരുമകളെങ്കിലും, വൃത്തിഹീനമായിക്കിടന്ന മയ്യഴിയെ സുന്ദരിയാക്കാനായിരുന്നു ആദ്യശ്രമം. 'സാമൂഹ്യ മയ്യഴി , എന്ന സംഘടന അതിവേഗം നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തെളിനീരൊഴുകിയിരുന്ന മയ്യഴിപ്പുഴയുടെ വർത്തമാന കാല അവസ്ഥ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയതോടെ,
പിന്നീട് പുഴ സംരക്ഷണവും കടന്നുവന്നു.മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ സാരഥിയുമായി. അതാകട്ടെ കേരളം മുഴുവൻ പടർന്നു കയറുകയായിരുന്നു.
ഒപ്പം പ്രകൃതി സംരക്ഷണ മേഖലയിലുമെത്തി. ജീവകാരുണ്യവും, സാംസ്ക്കാരിക പ്രവർത്തനങ്ങളുമെല്ലാം ജീവിതത്തെ തിരക്കുള്ളതാക്കി മാറ്റി.. ഒപ്പം തന്റെ മനസ്സിൽ ആമന്ത്രണം ചെയ്ത വികാരവിചാരങ്ങളെ കുറിച്ചു വെക്കാൻ തുടങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള നിലയ്ക്കാത്ത യാത്രകൾ ധാരാളം പുതിയ സുഹ്യത്തുക്കളെ സമ്മാനിച്ചു. അത്തരം സമ്പർക്കങ്ങൾ സർഗ്ഗപരമായ വഴികളിൽ വെളിച്ചമായി. അനുഭവങ്ങൾഅക്ഷരങ്ങളായി. അവയ്ക്ക് വലിയ സ്വീകാര്യത കൈവന്നു. ഇന്ന് കേരളത്തിലുടനീളം രാജലക്ഷ്മിക്ക് വായനക്കാരും സുഹൃത്തുക്കളുമുണ്ട്.
അക്ഷരലോകത്തിന്റെ വലിയ മുറ്റത്തേക്ക് കാലുകുത്തുമ്പോൾ രാജലക്ഷ്മിയുടെ സംശയങ്ങൾപലതായിരുന്നു. കേവലമായ ആസ്വാദനത്തിനുമപ്പുറം .,അത് ഒരു സമൂഹത്തെ നൻമയിലേക്ക് നയിക്കുമെന്ന പ്രത്യാശ കൈവന്നു. അതിനിടെ ലഹരി, പ്രകൃതി സംരക്ഷണ, സ്ത്രീ പീഢന വിഷയങ്ങളെ അധികരിച്ചുള്ള തെരുവ് നാടക അവതരണങ്ങളും, നാടക / സിനിമ പ്രവർത്തനങ്ങളിലെ പങ്കാളിത്തവുമുണ്ടായി.
'ആകസ്മികതയുടെ കൈയ്യൊപ്പുകൾ . എന്ന നോവലാണ് ആദ്യ കൃതി. രണ്ടാംകൃതിയായ ദേവ പദത്തിനാണ് തമിഴ് പതിപ്പിറങ്ങിയത്. മഹാബലിപുരത്തെ അതിമനോഹര ശിൽപ്പങ്ങൾ കണ്ട് അതിൽ എല്ലാം മറന്ന് ആകൃഷ്ടയായ വൈഗയ്ക്കുണ്ടായ ഉൾവിളിയിലൂടെയാണ് ദേവപഥത്തിന്റെ കഥയ്ക്ക് ചുരുൾ നിവരുന്നത്. ബാല്യകാല കുതൂഹലങ്ങൾ, പ്രണയാർദ്രമായ യൗവ്വനം, യാത്രകളിലെ മധുരാനുഭുതി, അഗ്രഹാരങ്ങളിലെ വൈചിത്ര്യങ്ങൾ..അങ്ങിനെ ശാന്തമായൊഴുകിയ പുഴ പോലെ, സുഗന്ധസുന്ദരമായ ഒരു കാലം ഏറെ നീണ്ടു നിന്നില്ല. എല്ലാം ഒരശനിപാതം പോലെ വന്നുപതിക്കുകയായിരുന്നു. യൗവനം കൈവിടും മുമ്പ് ഭർത്താവ് വിടപറഞ്ഞു. മക്കൾ പലവഴിക്ക് പറന്നു പോയി. ഏകാന്തതയുടെ തടവറയിലേക്ക് അവൾ തള്ളപ്പെട്ടു. തറവാട്ടിലെ പുരാതന വസ്തുക്കൾക്കിടയിൽ നിന്നും യാദൃശ്ചികമായി കണ്ടു കിട്ടിയ ചുവന്ന പട്ടിൽ പൊതിഞ്ഞ ദേവീ വിഗ്രഹം , തന്റെ ജൻമ രഹസ്യത്തിലേക്കുള്ള നാൾ വഴികൾ വൈഗയ്ക്ക് മുന്നിൽ തുറന്ന് വെച്ചു. സെൽവനായകൻ എന്ന ദൈവത്തിന്റെ വിരലുകളുള്ള അനുഗൃഹീത ശിൽപ്പിയുടെ പ്രണയിനിയും, അതി സുന്ദരിയുമായ അലമേലുവിന്റെ പുനർ ജൻമമാണ് താനെന്ന യാഥാർത്ഥ്യം വൈഗ തിരിച്ചറിയുന്നു. പ്രണയസരോവര തീരത്തിലൂടെയുള്ള അനന്തമായ യാത്രയാണ് ഈ നോവൽ.രാജലക്ഷ്മിയുടെ മൂന്നാമത്തെ നോവലും ഉടൻ പ്രസിദ്ധീകരിക്കും.
*മയ്യഴി ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം* https://chat.whatsapp.com/IoK4sWgEqgS1LWTdcHeWhd വാർത്തകളും,പരസ്യങ്ങളും നൽകാം>> 9745320451 (വാട്ട്സാപ്പ് മാത്രം)