Malayalam Live News

Malayalam Live News Daily Malayalam news live update

18/02/2025

പവിത്രമായ ഈ സ്വലാത്ത് നൂറേ അജ്മീർ ഉസ്താദിനോട് കൂടെ ചൊല്ലാം Noore Ajmeer Arivin nilav LIVE

ഇസ്ലാമിക ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും-------------------------------------------------പ്രവാചകൻമാർ ക്വിസ്, ഖുർആൻ ക്വിസ്...
31/03/2024

ഇസ്ലാമിക ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
-------------------------------------------------
പ്രവാചകൻമാർ ക്വിസ്, ഖുർആൻ ക്വിസ്, ഇസ്ലാമിക ക്വിസ് തുടങ്ങിയവ ലഭിക്കാൻ ലിങ്കിൽ തൊടുക 👇
https://nizamudheenmnpp.blogspot.com/2024/03/islamic-quiz-questions-and-answers-malayalam.html
ഉപകാരപ്പെടുന്നവർക്ക് share ചെയ്ത് കൊടുക്കണേ...

islamic-quiz-questions-and-answers in malayalam ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളു പ്രവാചകൻമാർ ക്വിസ്, ഖുർആൻ ക്വിസ്, ഇസ്ലാമിക ക്വിസ് തുടങ്ങിയവ

28/09/2023

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. മധ്യവടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നാളെയും മറ്റന്നാളും കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകയ്ക്കും തമിഴ്നാട് തീരത്തിനും മുകളില്‍ ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.



source https://www.sirajlive.com/chance-of-widespread-rain-in-the-state-today-yellow-alert-in-nine-districts.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_415.html

28/09/2023

കോഴിക്കോട്| “ഇരുലോകം ജയമണി നബിയുല്ല…’ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്ന പാട്ടോർമയാണ് റംലാ ബീഗത്തിന്റെ ഓരോ വരികളും. 55 വർഷത്തോളം പാടിയും പറഞ്ഞും വേദികളിൽ സജീവമായിരുന്ന റംലാബീഗം ഒരുപാട് ഗാനങ്ങൾ ബാക്കിയാക്കിയാണ് കടന്നുപോകുന്നത്. അവരുടെ അവതരണ ശൈലിയിലെ മാധുര്യം വേദികളിൽ അവർക്ക് ഏറ്റവും കൂടുതൽ ആസ്വാദകരെ സൃഷ്ടിച്ചു. കഥാപ്രസംഗത്തിന്റെ തട്ടകമായ ആലപ്പുഴയിൽ നിന്നാണ് റംലാ ബീഗം കലാലോകത്തേക്ക് പിച്ചവെച്ചത്. ബദ്‌റ്, ഉഹ്ദ്, കർബല ചരിത്രങ്ങൾ ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച് അവർ ശ്രദ്ധനേടി. ആഇശ ബീഗം, എം എ അസീസ് എന്നിവരുടെ ചുവട് പിടിച്ചാണ് അവർ കഥാപ്രസംഗ ലോകത്തേക്ക് കയറി വന്നത്.

പിന്നീട് മലബാറിലേക്കും ഗൾഫ് നാടുകളിലേക്കും വളർന്നു. മലബാറിൽ ആയിരക്കണക്കിന് വേദികളിലാണ് കഥാപ്രസംഗവും പാട്ടും അവതരിപ്പിച്ചത്. ഒരു കാലത്ത് അവരുടെ ഗാനങ്ങൾ ഹിറ്റായതോടെ റംലാ ബീഗത്തിന്റെ പാട്ടുകൾ മാത്രം പാടുന്ന ഗായകർ വരെയുണ്ടായി. വാക്കുകളിലെ അക്ഷര ശുദ്ധിയും പാട്ടിലെ താളഭംഗിയും അവരെ മറ്റ് പാട്ടുകാരിൽ നിന്ന് വ്യത്യസ്തയാക്കി. ഉമ്മയുടെ നാട് കോഴിക്കോട് ഫറോക്ക് പേട്ടയായതിനാൽ മലബാറുമായി അവർക്ക് കുടുംബബന്ധവുമുണ്ടായിരുന്നു.

മലബാറിൽ ആദ്യം പരിപാടിക്ക് വരുന്നത് കോഴിക്കോട് പരപ്പിൽ സ്‌കൂളിലേക്കാണ്. അന്ന് ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്ഫിൽ കൂട്ടായ്മകളിലും പാടി. പിന്നീട് വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി. 1971ൽ ഭർത്താവുമൊന്നിച്ച് സിംഗപ്പൂരിൽ കഥാപ്രസംഗം അവതരിപ്പിച്ചതാണ് വിദേശത്തെ ആദ്യ വേദി. 2018 വരെ പരിപാടികളിൽ സജീവമായിരുന്നു.

1986 ഡിസംബർ ആറിനാണ് തബലിസ്റ്റായിരുന്ന ഭർത്താവ് അബ്ദുസ്സലാമിന്റെ വിയോഗം. അദ്ദേഹത്തിന്റെ വിയോഗശേഷം രണ്ട് വർഷം കലാലോകത്ത് നിന്നും വിട്ടുനിന്നു. പിന്നീട് തിരിച്ചെത്തിയ റംല ബീഗം കെ ജെ യേശുദാസ്, വി എം കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം കുഞ്ഞിമൂസ എന്നിവരുടെ ട്രുപ്പുകളിൽ പാടി. പുതിയ തലമുറയിലെ കണ്ണൂർ ശരീഫ്, കൊല്ലം ശാഫി, താജുദ്ദീൻ വടകര, കുന്ദമംഗലം സി കെ ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും റംലാ ബീഗം ഉണ്ടായിരുന്നു. 2005 മുതൽ കോഴിക്കോട്ട് മകളുടെ കൂടെ താമസമാക്കി.

source https://www.sirajlive.com/ramla-begum-song-of-the-malayalees.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_67.html

28/09/2023

കോഴിക്കോട് | പുണ്യ റബീഇന്റെ 12ാം നാളിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. പ്രവാചകന്റെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ അതിരറ്റ് സന്തോഷിക്കുന്ന രാപകൽ. ദഫിന്റേയും അറബനയുടേയും താളത്തിൽ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ളാദം.

ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മത സ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാൽ മുഖരിതമായി. ശേഷം ഭക്ഷണം, മധുര പാനീയങ്ങൾ എന്നിവ വിതരണം ചെയ്തു.

നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ മുസ്‌ലിം സംഘടനകളും പള്ളി- മദ്‌റസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും.

ലോകത്തിന്റെ പല ഭാഗങ്ങളിലും വിപുലമായ ഗ്രാൻഡ് മീലാദ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മദീന ചാർട്ടർ ബഹുസ്വരതയുടെ മഹനീയ മാതൃക എന്ന പ്രമേയത്തിൽ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മീലാദ് കോൺഫറൻസ് ഞായറാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലി, പുസ്തകചർച്ച, സ്‌നേഹപ്പുടവ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെയായിരുന്നു നബിദിനം. ഗൾഫ് രാജ്യങ്ങളിലും വിവിധ അറേബ്യൻ രാജ്യങ്ങളിലും വ്യത്യസ്തമായ പരിപാടികളാണ് സ്വദേശികളുടെയും പ്രവാസികളുടെയും നേതൃത്വത്തിൽ നടക്കുന്നത്.

source https://www.sirajlive.com/today-is-prophet-39-s-day-believers-in-the-joy-of-tirupiravi.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_96.html

28/09/2023

മനുഷ്യരുടെ ആത്യന്തികമായ സ്‌നേഹം എപ്പോഴും സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. രണ്ടാമത് അല്ലാഹുവിന്റെ ദൂതരായ റസൂല്‍(സ)യോടായിരിക്കണം. അഥവാ സൃഷ്ടികളില്‍ ഏറ്റവും വലിയ സ്‌നേഹം റസൂല്‍(സ) യോടാകണം. ഈ സ്‌നേഹം സത്യവിശ്വാസത്തിന്റെ മൗലിക ഘടകമാണ്. “പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും സമ്പാദ്യങ്ങളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും നിങ്ങള്‍ ഇഷ്ടപ്പെട്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അവന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം നടത്തുന്നതിനേക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെങ്കില്‍ അല്ലാഹു അവന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. കപട വിശ്വാസികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല’ (വിശുദ്ധ ഖുര്‍ആന്‍ 9:24).

“സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ എന്നിവരേക്കാളെല്ലാം അവിടുത്തെ സ്‌നേഹിക്കുന്നത് വരെ ഒരാളും പരിപൂര്‍ണ വിശ്വാസിയാകുകയില്ലെന്ന’ മുത്തുനബി(സ)യുടെ പ്രസ്താവന പ്രസിദ്ധമാണ്. ഉമര്‍(റ) ഒരിക്കല്‍ റസൂല്‍(സ)യോട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവാണ് സത്യം, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളേക്കാളും ഇഷ്ടപ്പെടുന്നു’. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: “സ്വന്തം ആത്മാവിനേക്കാളും ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാകുകയില്ല’. ഉടനെ ഉമര്‍(റ) പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ് (ബുഖാരി).

റസൂല്‍(സ)യോടുള്ള സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണയും അനുധാവനവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, “നബിയേ പറയുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും’. തിരുനബിചര്യ ജീവിതത്തില്‍ പകര്‍ത്തലും റസൂല്‍(സ)യെ അനുധാവനം ചെയ്യലുമാണ് സ്‌നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. അനസ്ബ്‌നു മാലിക്(റ)വിന് തിരുനബി(സ) നല്‍കിയ സന്ദേശമിതാണ്: “നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യക്ക് ആരെങ്കിലും ജീവന്‍ നല്‍കിയാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി’

നിയോഗിക്കപ്പെടുന്ന ജനതയെ സത്യത്തിന്റെയും നേരിന്റെയും നന്മയുടെയും വഴിയിലേക്ക് നയിക്കുക എന്നതായിരുന്നു നബിമാരുടെ നിയോഗം. അല്ലാഹുവിലേക്ക് സൃഷ്ടികളെ ക്ഷണിക്കുന്ന, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന, സാമൂഹിക രൂപവത്കരണത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന ഈ പ്രവാചക പരമ്പരയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). മറ്റെല്ലാ നബിമാരേക്കാളും ശ്രേഷ്ഠതയും പദവിയും അല്ലാഹു റസൂല്‍(സ)ക്ക് നല്‍കി. മുത്തുനബിക്ക് നല്‍കിയ മഹത്തായ ഈ സവിശേഷത വിളംബരം ചെയ്യുന്ന നിരവധി ആയത്തുകളുണ്ട് ഖുര്‍ആനില്‍. “നബിയേ തങ്ങള്‍ വിശ്വാസികളോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍, എന്നെ പിന്തുടരുവിന്‍. എന്നാല്‍, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ ദോഷങ്ങള്‍ പൊറുക്കുകയും ചെയ്യും’. അല്ലാഹുവും റസൂലും എങ്ങനെയാണ് വിശ്വാസികളുടെ നിത്യവ്യവഹാരങ്ങളെ ക്രമപ്പെടുത്തുന്നതെന്ന് ഈ വചനങ്ങള്‍ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. തിരുചര്യകള്‍ പിന്‍പറ്റുന്നതില്‍ വലിയ അളവില്‍ സ്‌നേഹം അടങ്ങിയിട്ടുണ്ടെന്നര്‍ഥം.

തിരുനബി(സ)യെ അര്‍ഹമാം വിധം ബഹുമാനിക്കുക, അവിടുത്തെ നാമം കേള്‍ക്കുമ്പോള്‍ ബഹുമാനവും വിനയവും പ്രകടിപ്പിച്ചുകൊണ്ട് സ്വലാത്ത് ചൊല്ലുക, മദ്ഹ് ചെയ്യുക, സ്വപ്‌ന ദര്‍ശനത്തിനും മദീനാ സന്ദര്‍ശനത്തിനും അതിയായ ആഗ്രഹം പ്രകടിപ്പിക്കുക, റസൂല്‍(സ) സ്‌നേഹിച്ചവരെ സ്‌നേഹിക്കുകയും റസൂല്‍(സ)യോട് ശത്രുത പുലര്‍ത്തുന്നവരോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുക, ശരീഅത്തിന് വിരുദ്ധമായ ഏതൊരു കാര്യത്തോടും അനിഷ്ടം പ്രകടിപ്പിക്കുക, ഖുര്‍ആനിനോട് സ്‌നേഹം പ്രകടിപ്പിക്കുകയും പാരായണം ചെയ്യുകയും ആശയം ഗ്രഹിച്ച് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക, തിരുനബിയുടെ സ്വഹാബത്തിനോട് കൂറും കാരുണ്യവും കാണിക്കുകയും അവരുടെ രക്ഷക്കും ഗുണത്തിനും വേണ്ടി യത്‌നിക്കുകയും ചെയ്യുക എന്നിവയെല്ലാം തിരുനബി(സ)യോടുള്ള സ്‌നേഹത്തിന്റെ ലക്ഷണങ്ങളാണ്.

തിരുനബി(സ)യെ കുറിച്ചുള്ള അജ്ഞതയാണ് നമ്മുടെ മനസ്സില്‍ അവിടുത്തെ സാന്നിധ്യം അകലാനുള്ള കാരണം. സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ കുറിച്ചുള്ള അറിവിനനുസരിച്ചാണ് സ്‌നേഹത്തിന്റെ ആഴവും പരപ്പും വര്‍ധിക്കുന്നത്. അതിനാല്‍ റസൂല്‍(സ)യെ കുറിച്ച് എത്രത്തോളം നാം അറിയുന്നുവോ, അത്രത്തന്നെ സ്‌നേഹവും വര്‍ധിക്കും. ഈ റബീഉല്‍ അവ്വല്‍ കാലം തിരുനബി(സ)യെ കൃത്യമായി അറിയാനും അവിടുത്തെ ചര്യകളും രീതികളും പിന്‍പറ്റാനും നാം ഉപയോഗപ്പെടുത്തണം. അവിടുന്ന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ താത്പര്യത്തോടെ ചെയ്യാനും വിരോധിച്ച കാര്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കാനും തുടര്‍ ജീവിതത്തില്‍ നമുക്ക് സാധിക്കണം. എങ്കില്‍ വിശ്വാസിയുടെ ഇരുലോക ജീവിതത്തിലും അവിടുത്തെ നോട്ടവും തുണയുമുണ്ടാകും.

ഇഹപര ജീവിത വിജയവും അല്ലാഹുവിന്റെ തൃപ്തിയും ഈമാനിലാണ് നിലകൊള്ളുന്നത്. ഈമാന്‍ റസൂല്‍(സ)യിലുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. റസൂല്‍(സ)യെ പിന്‍പറ്റുന്നതിലും സ്‌നേഹിക്കുന്നതിലുമാണ് അവിടുത്തോടുള്ള വിശ്വാസം കുടികൊള്ളുന്നത്. നമുക്കിത്രയും ഗുണം ചെയ്തത് മുത്ത് നബി(സ) അല്ലാതെ മറ്റാരുമല്ല. അതിനാല്‍ ഗുണം ചെയ്തതിന്റെ പേരില്‍ നാം ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് മുത്ത് നബി(സ)യെയാണ്.

അല്ലാഹുവിന്റെ ദൂതരായ തിരുനബി(സ)യെ സ്‌നേഹിക്കുന്നതും അവിടുന്ന് പഠിപ്പിച്ച ഓരോ കാര്യങ്ങളും ജീവിതത്തില്‍ സൂക്ഷ്മതയോടെ പിന്തുടരുന്നതും ഉത്തമനായ വിശ്വാസിയുടെ ലക്ഷണമാണ്. സ്‌നേഹം അതിലേറ്റവും പ്രധാനമാണ്. കാരണം, ഒരാളോട് സ്നേഹാധിക്യം ഉണ്ടാകുമ്പോഴാണ് അവര്‍ പറയുന്നത് പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന വിതാനത്തിലേക്ക് മനുഷ്യ സ്വഭാവം എത്തുക. സ്‌നേഹം പ്രകടിപ്പിക്കാതെ നബി(സ)യുടെ ആശയങ്ങളെ മാത്രം പിന്തുടരുക എന്ന് പറയുന്നവരുടെ രീതി ശരിയല്ല.

എങ്ങനെയാണ് നബി(സ)യോടുള്ള സ്‌നേഹത്തെ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസികള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത്? സ്വഹാബികള്‍ പല വിതാനത്തില്‍ അത് പ്രകടിപ്പിച്ചത് കാണാം. റസൂല്‍(സ) ആ സ്‌നേഹത്തെ സ്വീകരിച്ചതും, ഉത്തമരായ വിശ്വാസികളായി അവരെ അടയാളപ്പെടുത്തിയതും ഹദീസുകളിലുണ്ടല്ലോ. ഒരാള്‍ തിരുനബി(സ)യുടെ അരികിലേക്ക് വന്ന് ചോദിച്ചു: അന്ത്യനാള്‍ എന്നാണ്? നബി(സ) ചോദിച്ചു: എന്താണ് അതിനായി താങ്കള്‍ കരുതിവെച്ചിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാന്‍ കൂടുതല്‍ നിസ്‌കരിക്കുന്നവനോ നോമ്പനുഷ്ഠിക്കുന്നവനോ ദാനം ചെയ്യുന്നവനോ അല്ല; എന്നാല്‍ അല്ലാഹുവിനോടും റസൂലിനോടും ഉള്ള അളവറ്റ സ്‌നേഹമാണ് എന്റെ കൈമുതല്‍. “താങ്കള്‍ ആരെ സ്നേഹിച്ചുവോ, അവരോട് കൂടെയായിരിക്കും എന്നായിരുന്നു’ തിരുനബി(സ)യുടെ മറുപടി.

നബിദിനത്തോടനുബന്ധിച്ച് വിശ്വാസി സമൂഹം കൊണ്ടാടുന്ന മീലാദ് ജാഥയും മൗലിദുകളും പ്രകീര്‍ത്തന രാവുകളും കലാപരിപാടികളും എല്ലാം ഉള്‍ക്കൊള്ളുന്നത് നബി സ്‌നേഹമാണ്. ആഘോഷങ്ങള്‍ക്കൊപ്പം തിരുനബി(സ)യുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും അവയുള്‍ക്കൊണ്ട് ജീവിക്കാനുമാണ് നാം ഇക്കാലത്ത് മത്സരിക്കേണ്ടത്. നബിപാഠങ്ങളിലൂടെ സഞ്ചരിച്ചാല്‍ യാതൊരു സന്ദേഹവുമില്ലാതെ ലോകത്തെ സമീപിക്കാനാകും. വിശ്വാസ്യത, സത്യസന്ധത, ധാര്‍മികത എന്നിവയെല്ലാം ഒട്ടനേകം വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ചുറ്റുമുള്ളവരെ ആത്മവിശ്വാസത്തോടെ സമീപിക്കാനും അകലങ്ങളില്ലാതെ ഇതരരെ ദര്‍ശിക്കാനും തിരുനബി(സ)യുടെ പാഠങ്ങള്‍ നമ്മെ വഴിനടത്തും. നബിസന്ദേശങ്ങള്‍ അടുത്തറിയാനും സ്വയം നവീകരിക്കാനും സമൂഹത്തിന് വെട്ടം പകരാനും ഈ നബിദിനം ഏവര്‍ക്കും അവസരമാകട്ടെ.

source https://www.sirajlive.com/how-not-to-love.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_658.html

27/09/2023

ഹൈദരാബാദ് | ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. ഹൈദരാബാദിലാണ് ടീം താമസിക്കുക.

ദുബൈയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ലാഹോറിലെത്തി അവിടെ നിന്നാണ് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ന്യൂസിലാന്‍ഡുമായിട്ടാണ് സന്നാഹ മത്സരം. ഒക്ടോബര്‍ മൂന്നിന് ആസ്‌ത്രേലിയയെയും നേരിടും.

നെതര്‍ലാന്‍ഡുമായാണ് ആദ്യ ലോകകപ്പ് മത്സരം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ വിസ ലഭിച്ചത്. നിലവിലെ ടീമംഗങ്ങളില്‍ മുഹമ്മദ് നവാസും സല്‍മാന്‍ അലി ആഗയും മാത്രമാണ് ഇന്ത്യയില്‍ കളിച്ചത്.

source https://www.sirajlive.com/pakistan-team-has-arrived-in-india-for-the-world-cup.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_76.html

27/09/2023

തിരുനബി(സ)യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നതാണ് നബിദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രമാണബദ്ധമാണോ എന്ന കാര്യത്തില്‍ മുസ്ലിംകളും സമുദായത്തിലെ പുത്തനാശയക്കാരായ മുജാഹിദുകളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. മുസ്ലിം മുഖ്യധാരയായ സുന്നികളുടെ വാദം തിരുജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മവും പ്രമാണബദ്ധമായ സുന്നത്തു(സദാചാരം)മാണ് എന്നതാണ്. ഇത് ശിക്ഷാര്‍ഹമായ അനാചാര(ബിദ്അത്ത്)മാണെന്നാണ് പുതിയകാല മുജാഹിദുകളുടെ വാദം.

ഈ വിഷയത്തിന്റെ പ്രാമാണികത പഠന വിധേയമാക്കുമ്പോള്‍ സുന്നത്ത്, ബിദ്അത്ത് എന്നീ മത സാങ്കേതിക പദങ്ങളെ കുറിച്ച് ചെറിയ വിശകലനം ആവശ്യമാണ്. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം മാര്‍ഗം, വഴി, പതിവ്, കീഴ്വഴക്കം എന്നൊക്കെയാണ്. മത ഭാഷയില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ ആശയങ്ങള്‍ ഉദ്ദേശിക്കപ്പെടുന്നുണ്ട്. ഫര്‍ള്- സുന്നത്ത് എന്ന് പ്രയോഗിക്കുമ്പോള്‍ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതും എന്നാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍- സുന്നത്ത് എന്ന് പറയുമ്പോള്‍ പ്രവാചകരുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നാണ് സുന്നത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇനി സുന്നത്ത്- ബിദ്അത്ത് എന്ന രീതിയില്‍ ബിദ്അത്തിന്റെ എതിരിലായി ഉപയോഗിക്കുമ്പോള്‍ ചതുര്‍ പ്രമാണങ്ങളില്‍ ഏതെങ്കിലുമൊന്നിന് വിധേയമാണെങ്കില്‍ അതിനെ സുന്നത്ത്(സദാചാരം) എന്നും പ്രമാണങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെങ്കില്‍ ബിദ്അത്ത്(അനാചാരം) എന്നും പറയുന്നു. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കല്‍ പ്രമാണബദ്ധമായ പുണ്യകര്‍മമാണ്.

പ്രമാണങ്ങളില്‍

പുണ്യകര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രീതിയും സമയവുമൊക്കെ നിശ്ചയിക്കപ്പെട്ടവ. അഞ്ച് നേരത്തെ നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇവയില്‍ സമയമോ രീതിയോ മാറ്റാനും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും അനുവാദമില്ല. സുബ്ഹി രണ്ട് റക്അത്താണ്. നല്ലതല്ലേ എന്ന് കരുതി അത് പത്തോ ഇരുപതോ റക്അത്ത് നിസ്‌കരിക്കാന്‍ പാടില്ല. റുകൂഉകളില്‍ തസ്ബീഹ് ചൊല്ലാനാണ് നബി(സ) പഠിപ്പിച്ചത്. അതിനേക്കാള്‍ പ്രതിഫലമുള്ള ഖുര്‍ആന്‍ പാരായണം തസ്ബീഹിന് പകരമാകാന്‍ പാടില്ല. സകാത്ത് പ്രത്യേകമായ അളവും സമയവും വിതരണ രീതിയുമൊക്കെ നിശ്ചയിക്കപ്പെട്ട പുണ്യകര്‍മമാണ്. അത് ആ ക്രമത്തിലല്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്തത് കൊണ്ടാണ് സക്കാത്ത് കമ്മിറ്റിയെ മുസ്ലിംകള്‍ എതിര്‍ക്കുന്നത്. ജുമുഅയും അതിന്റെ രണ്ട് ഖുത്വുബയും പ്രത്യേകമായ സമയവും രീതിയും നിശ്ചയിക്കപ്പെട്ട ഇബാദത്താണ്. സാധാരണ പ്രസംഗം പോലെ ഏത് സമയത്തും ഏത് ഭാഷയിലും അത് ചെയ്യാന്‍ പാടില്ല. അത് നിശ്ചിത ദിവസം നിശ്ചിത സമയത്ത് അറബി ഭാഷയില്‍ തന്നെ നിര്‍വഹിക്കപ്പെടണം.

പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതും പ്രത്യേക രൂപവും സമയവും നിശ്ചയിക്കപ്പെടാത്തതുമാണ്. ദിക്റ്- സ്വലാത്തുകള്‍ വര്‍ധിപ്പിക്കല്‍, അറിവ് പകര്‍ന്ന് നല്‍കല്‍, മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം പുണ്യകര്‍മങ്ങള്‍ പ്രയോഗവത്കരിക്കുന്നതിന് സൗകര്യപ്രദമായ രീതിയും രൂപവും ആവിഷ്‌കരിക്കാന്‍ അല്ലാഹു അനുമതി തന്നിട്ടുണ്ട്. നബി(സ) പറയുന്നു, ഇസ്ലാമില്‍ ആരെങ്കിലും ഒരു നല്ല മാതൃകക്ക് തുടക്കം കുറിച്ചാല്‍ അതിന്റെ പ്രതിഫലവും, അവന് ശേഷം ആ മാതൃക ആരെങ്കിലും പിന്തുടര്‍ന്നാല്‍ അവരുടെ പ്രതിഫലം ഒട്ടും കുറക്കാതെ അതിന്റെ ഒരു പങ്കും മാതൃക കാണിച്ചവന് ലഭിക്കും. (മുസ്ലിം). ഇതിനര്‍ഥം ഇസ്ലാമില്‍ ഒരു പുതിയ ആരാധനാ കര്‍മം പടച്ചുണ്ടാക്കിയാല്‍ എന്നല്ല. മറിച്ച് പൊതുവില്‍ പുണ്യകര്‍മമാക്കപ്പെട്ട ഒരു കാര്യം പ്രയോഗവത്കരിക്കാന്‍ ഒരു സിലബസും ടൈം ടേബിളും തയ്യാറാക്കിയാല്‍ എന്നാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ധാരാളം ദിക്റ് ചൊല്ലുക എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പള്ളിയിലെ ഇമാം നാട്ടുകാരോട് പറയുന്നു, നമുക്ക് എല്ലാ ദിവസവും സുബ്ഹിക്ക് ശേഷമുള്ള ദിക്റുകള്‍ ചൊല്ലി ദുആ കഴിഞ്ഞിട്ട് ആയിരം തഹ്ലീല്‍ ചൊല്ലാം. ഇതിനെ നബി(സ) ഇങ്ങനെ ചെയ്തിട്ടുണ്ടോ, സ്വഹാബത്ത് ചെയ്തിട്ടുണ്ടോ തുടങ്ങിയ സംശയങ്ങളുന്നയിച്ച് ചോദ്യം ചെയ്യുന്നവര്‍ പ്രമാണങ്ങളെ സംബന്ധിച്ച് അടിസ്ഥാന വിവരമില്ലാത്തവരാണ്. ഓരോ നാട്ടിലും നടന്നുവരുന്ന മഹ്ളറത്തുല്‍ ബദ് രിയ്യ, മജ്ലിസുന്നൂര്‍, ഹദ്ദാദ് റാതീബ്, സ്വലാത്ത് മജ്ലിസ് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നതാണ്. ഇപ്രകാരം അറിവ് പ്രചരിപ്പിക്കല്‍ മഹത്തായ പുണ്യകര്‍മമാണ്. അത് ക്ലിപ്തമായ ഒരു രീതിയിലും സമയത്തും മാത്രമേ പാടുള്ളൂ എന്ന് നിഷ്‌കര്‍ശിക്കപ്പെട്ട പുണ്യകര്‍മമല്ല. ശറഇന് വിരുദ്ധമല്ലാത്ത ശാസ്ത്രീയവും കാലികവുമായ ഏത് രീതിയും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് നബി(സ)യുടെ കാലത്തില്ലാത്ത മദ്റസയും പ്രത്യേക പാഠപുസ്തകങ്ങള്‍, സിലബസ്, പരീക്ഷകള്‍, പരീക്ഷാ ബോര്‍ഡ്, മുഫത്തിശുമാര്‍ തുടങ്ങിയ സംവിധാനങ്ങളും, അറബിക് കോളജുകള്‍, ശരീഅത്ത് കോളജുകള്‍, ദഅ്വാ കോളജുകളടക്കം പിന്നീടുണ്ടായ രീതിമാറ്റങ്ങളാണ്. ഇവയൊന്നും ഈ സംവിധാനത്തില്‍ നബി(സ)യോ സ്വഹാബത്തോ ചെയ്തതല്ല. എന്ന് കരുതി ഇവയൊന്നും പ്രതിഫലം ലഭിക്കാത്ത കര്‍മങ്ങളാണെന്ന് പറയാനാകുമോ?

ഏറ്റവും മഹത്തായ പുണ്യകര്‍മമാണ് ദീനീ പ്രബോധനം. ഇതിനും നിശ്ചിത രീതി മാത്രമേ പാടുള്ളൂവെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല. ഇക്കാലത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. മുജാഹിദ് വിഭാഗത്തിനാണ് ഏറ്റവും കൂടുതല്‍ സംഘടന ഉള്ളത്. എന്നാല്‍ നബി(സ) ഏതെങ്കിലും സംഘടനയുടെ പ്രസിഡന്റായതോ സിദ്ദീഖ്(റ) സെക്രട്ടറിയായതോ കാണിക്കാന്‍ പറ്റുമോ? ഇല്ലെന്ന് ഉറപ്പാണെങ്കിലും സംഘടനാ സംവിധാനത്തിലൂടെ നടത്തുന്ന ദീനീ ദഅ്വത്തെന്ന പുണ്യ കര്‍മത്തിന് പ്രതിഫലം ലഭിക്കില്ലെന്നാണോ മുജാഹിദുകള്‍ വിശ്വസിക്കുന്നത്? അറിയാന്‍ താത്പര്യമുണ്ട്.

ഇതേ രീതിയില്‍ പ്രത്യേക രൂപവും രീതിയും നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെട്ട പുണ്യകര്‍മമാണ് നബി(സ)യെ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നത്. അല്ലാഹു പറയുന്നു, പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുക്കുകൂട്ടി വെക്കുന്നതിനേക്കാള്‍ ഉത്തമമായതാണത്(യൂനുസ്-58). ഈ സൂക്തത്തില്‍ പരമാര്‍ശിച്ച ‘റഹ്മത്ത്’ കൊണ്ടുള്ള വിവക്ഷ നബി(സ) യാണെന്ന് വിശദീകരിച്ചത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവും പ്രമുഖ സ്വഹാബിയുമായ ഇബ്നു അബ്ബാസ് (റ) ആണ്. അപ്പോള്‍ നബി(സ)യെ ലഭിച്ചതില്‍ വിശ്വാസികള്‍ സന്തോഷിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പ്പനയാണ്.

നബി(സ) ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈസാ(അ) വന്ന് നബി(സ)യുടെ ജന്മത്തെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫിന്റെ ആറാം സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങള്‍ നിങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിച്ചുകൊടുക്കുകയെന്ന കല്‍പ്പന സൂറത്ത് ഇബ്റാഹീമിന്റെ അഞ്ചാം സൂക്തത്തിലും കാണാം. മുത്ത് നബി(സ)യെ ലഭിച്ചു എന്നതിനേക്കാള്‍ വലിയൊരു അനുഗ്രഹം വിശ്വാസികള്‍ക്ക് വേറെയുണ്ടാകില്ല. തന്റെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ തിങ്കളാഴ്ചകളിലും നബി(സ) നോമ്പനുഷ്ഠിച്ചതായി ഇമാം മുസ്ലിം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നത് ഇസ്ലാമില്‍ പൊതുവായി പ്രോത്സാഹിപ്പിക്കപ്പെട്ട പ്രതിഫലാര്‍ഹമായ പുണ്യ കര്‍മമാണ്. ഇതും ക്ലിപ്തമായ ഒരു രീതിയില്‍ മാത്രമേ ആകാവൂ എന്ന് ശരീഅത്ത് നിഷ്‌കര്‍ശിച്ചിട്ടില്ല. മറ്റു നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും അനുവദനീയവുമായ ഏത് നല്ല കാര്യം ചെയ്തും നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാം.

നബി(സ)യുടെ മൗലിദിന്റെ ഭാഗമായി നടത്തുന്ന ഓരോ കാര്യവും പ്രമാണങ്ങളുടെ പിന്തുണയുള്ളതാണ്. നബി(സ)യുടെ പ്രകീര്‍ത്തന സദസ്സുകളെ ആര്‍ക്കാണ് തള്ളിക്കളയാനാകുക. ഹസ്സാനുബ്നു സാബിത്ത് (റ) വിന് വേണ്ടി നബി(സ) തന്നെ മദീനാ മസ്ജിദില്‍ പ്രത്യേക സ്റ്റേജ് ഒരുക്കിക്കൊടുക്കുകയും അതില്‍ വെച്ച് പ്രവാചകരുടെ മദ്ഹ് ആലപിക്കുകയും ചെയ്യുക എന്നത് പതിവായിരുന്നുവെന്ന് ബീവി ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. നബി(സ)യും സ്വഹാബത്തും മാതൃക കാണിച്ചതാണ് മൗലിദ് സദസ്സ്. സന്തോഷ പ്രകടനത്തിന്റെ ഭാഗമായി ഭക്ഷണം നല്‍കുക എന്നത് മതം അംഗീകരിച്ച കാര്യമാണ്. സ്വന്തമായി ഒരു വീട് ഉണ്ടാക്കിയാല്‍ ആളുകളെ ക്ഷണിച്ച് ആഹാരം നല്‍കുന്ന പതിവ് കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലും ഉള്ളതാണ്. എന്നാല്‍ നബി(സ) തങ്ങളോ സ്വഹാബത്തോ ഇങ്ങനെ ചെയ്തിട്ടില്ല എന്ന കാരണം കൊണ്ട് അത് തെറ്റാവുകയില്ല. മതം പൊതുവായി അംഗീകരിച്ച കാര്യമാണത്. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിച്ച് ആദ്യമായി ഘോഷയാത്ര നടത്തിയത് നബി(സ)യുടെ സാന്നിധ്യത്തില്‍ തന്നെയാണ്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ ദഫ് സംഘത്തിന്റെ അകമ്പടിയോടെ ത്വലഅല്‍ ബദ്റു അലൈനാ എന്ന ഈരടികള്‍ പാടിയാണ് സാഘോഷം സ്വീകരിച്ചത്. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്താന്‍ ഈ പ്രമാണം ധാരാളമാണ്. ഇത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെ മദീനയില്‍ നടന്നതാണ്. ഇപ്രകാരം രാജ്യത്തെ ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിച്ച് വിജയിച്ചുവരുന്ന ഘട്ടങ്ങളിലും മദീനയിലേക്ക് നബി(സ)യെയും സ്വഹാബാക്കളെയും ദഫ് മുട്ടി വരവേറ്റതായി ചരിത്രത്തില്‍ കാണാം.

ഒരു അനുഗ്രഹം ലഭിച്ച ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ അതിന്റെ പേരില്‍ ഓരോ വര്‍ഷവും സന്തോഷം പ്രകടിപ്പിക്കാന്‍ പ്രമാണമുണ്ടോ എന്ന സംശയത്തിന് ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറഞ്ഞ മറുപടി, ഫറോവയുടെ അക്രമത്തില്‍ നിന്ന് മൂസാ നബി(അ)യെ രക്ഷപ്പെടുത്തിയെന്ന അനുഗ്രഹത്തെ എല്ലാ മുഹര്‍റം പത്തിനും അനുസ്മരിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടല്ലോ എന്നാണ്. അപ്രകാരം മുത്ത് നബി(സ) ജനിച്ച തീയതി ഓരോ വര്‍ഷത്തിലും ആവര്‍ത്തിച്ചുവരുമ്പോള്‍ അതിനെ പ്രത്യേകം അനുസ്മരിക്കുന്നത് പ്രമാണ വിരുദ്ധമല്ല.

കേരളത്തിലെ ആദ്യകാല മുജാഹിദുകള്‍ കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പേരില്‍ വിപുലമായ രീതിയില്‍ നബിദിനമാഘോഷിച്ചിരുന്നു. അതിനായി തെങ്ങുകള്‍ വഖ്ഫ് ചെയ്യുക പോലും ചെയ്തിരുന്നതായി അതിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ കാണാം. പുതിയ കാല മുജാഹിദുകള്‍ ചില ഗള്‍ഫ് സലഫികളെ പിന്തുടര്‍ന്നാണ് നബിദിനാഘോഷത്തെ കഠിനമായി എതിര്‍ക്കുന്നത്. എന്നാല്‍ ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ നിന്ന് വിഭിന്നമായി പുതിയ കാല ജമാഅത്തുകാര്‍ റബീഉല്‍ അവ്വലില്‍ പുണ്യകര്‍മമെന്ന് കരുതാതെ പ്രവാചകരെ പ്രകീര്‍ത്തിക്കാനും പരിചയപ്പെടുത്താനും ക്യാമ്പയിന്‍ ആചരിച്ചുവരുന്നുണ്ട്. ഇപ്പോള്‍ മിക്ക മുസ്ലിം രാഷ്ട്രങ്ങളിലും ഭരണാധികാരികളുടെ നേതൃത്വത്തില്‍ തന്നെ വിപുലമായ മീലാദാഘോഷം നടന്നുവരുന്നുണ്ട്. അതാണ് മുസ്ലിം മുഖ്യധാര. അവരെ മുഴുവന്‍ പിഴച്ചവരായി പ്രഖ്യാപിച്ച് റബീഉല്‍ അവ്വലിന്റെ വസന്തത്തെ ദുര്‍ഗന്ധമാക്കാന്‍ ശ്രമിക്കുന്ന മുജാഹിദുകളുടെ ശ്രമം പാഴാവുക തന്നെ ചെയ്യും. കാരണം അല്ലാഹുവാണ് പറഞ്ഞത്, ‘അങ്ങയുടെ കീര്‍ത്തിയെ നാം ഉയര്‍ത്തിയിരിക്കുന്നു’ (വിശുദ്ധ ഖുര്‍ആന്‍).



source https://www.sirajlive.com/celebration-of-prophet-39-s-day-to-those-who-obey-the-law.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_93.html

26/09/2023

കൊല്ലം | മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍.

കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നില്‍ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പോലീസ് പറയുന്നു.

സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍, ടീ ഷര്‍ട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പോലീസിനോട് വിശദീകരിച്ചു. മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ലെന്നും മൊഴി നല്‍കിയിരുന്നു.

ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നായിരുന്നു ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് യഥാര്‍ഥ സംഭവം വെളിവായത്. എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യുകയാണെന്നും അതിന് ശേഷം മാത്രമാകും തുടര്‍ നടപടികളെന്നും കടയ്ക്കല്‍ പോലീസ് പറഞ്ഞു.



source https://www.sirajlive.com/false-complaint-the-soldier-and-his-friend-were-arrested.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_63.html

26/09/2023

ന്യൂഡല്‍ഹി | കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ശിപാര്‍ശകളില്‍ കേന്ദ്രം വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ സഞ്ജ് കിഷന്‍ കൗള്‍, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ആശങ്ക ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ കൊളീജിയം നല്‍കിയ 70 ശിപാര്‍ശകളാണ് പരിഗണനയിലുള്ളതെന്ന് ബഞ്ച് ഓര്‍മിപ്പിച്ചു. ഇതില്‍ ഏഴ് പേരുകള്‍ കൊളീജിയം ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്തതാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം, 26 സ്ഥലംമാറ്റ ശിപാര്‍ശകള്‍, ഒമ്പത് പുതിയ പേരുകള്‍, ഹൈക്കോടതി കൊളീജിയം ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ളവയാണ് കെട്ടിക്കിടക്കുന്നത്. നാല് ദിവസം മുമ്പ് വരെ 80 ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയായിരുന്നു. പത്ത് ഫയലുകള്‍ അടുത്തിടെയാണ് തീര്‍പ്പാക്കിയതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയെ ജസ്റ്റിസ് കിഷന്‍ കൗള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരാഴ്ച സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്രം സമയക്രമം പാലിക്കാത്തതിന് കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കറ്റ്സ് അസ്സോസിയേഷന്‍, സന്നദ്ധ സംഘടനയായ കോമണ്‍ കോസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. കൊളീജിയം ആവര്‍ത്തിച്ച 16 പേരുകള്‍ കേന്ദ്രത്തിന് മുന്നിലുണ്ടെന്ന് കോമണ്‍ കോസിനായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നിയമനത്തിലെ കാലതാമസം കണക്കിലെടുത്ത്, പല അഭിഭാഷകരും ജഡ്ജിയാകാനുള്ള സമ്മതം പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായത്തോട് ജസ്റ്റിസ് സഞ്ജ് കിഷന്‍ കൗള്‍ യോജിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓരോ പത്ത് ദിവസം കൂടുമ്പോഴും ഈ വിഷയം പരിഗണിക്കുമെന്ന് കൗള്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ഇതേ പ്രശ്നത്തില്‍ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ കേന്ദ്രവുമായി ഏറ്റുമുട്ടലിന് സമാനമായ അന്തരീക്ഷം ഉടലെടുത്തിരുന്നു. പിന്നാലെ കൊളീജിയം സംവിധാനത്തിന്റെ സാധുത ചോദ്യം ചെയ്ത് അന്നത്തെ നിയമ മന്ത്രി കിരണ്‍ റിജിജു തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.



source https://www.sirajlive.com/supreme-court-reiterates-collegium-concern.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_57.html

26/09/2023

പത്തനംതിട്ട | മൈലപ്ര സര്‍വീസ് സഹകരണ ബേങ്കുമായി ബന്ധപ്പെട്ട് 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് പത്തനംതിട്ട പോലീസ് എഫ് ഐ ആറിട്ട കേസ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.

ബേങ്കുമായി ബന്ധപ്പെട്ട മൈഫുഡ് റോളകര്‍ കമ്പനിയിലേക്ക് ഗോതമ്പ് വാങ്ങിയതിലെ 3.94 കോടി രൂപയുടെ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ കേസും ഏറ്റെടുത്തത്. ബിനാമി വായ്പാ കേസില്‍ നിലവില്‍ ബേങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പ്രതികളാണ്. ബേങ്ക് ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍കൂടി ഈ കേസില്‍ പ്രതികളാകാനിടയുണ്ട്.

സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് 10 പേര്‍ വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കും. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്.

ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതിരുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിനിടെ ബേങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് ലോക്കല്‍ പോലീസ് രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് കസറ്റഡിയിലായിരുന്ന ജോഷ്വാ മാത്യുവിനെ തിരികെ ഹാജരാക്കിയതിനു പിന്നാലെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസിന്റെ അപേക്ഷ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച് ഇദ്ദേഹത്തെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.



source https://www.sirajlive.com/mylapra-service-cooperative-bank-irregularity-crime-branch-has-taken-up-the-investigation.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_74.html

26/09/2023

മനുഷ്യരോട് മാത്രമല്ല പരിസ്ഥിതിയോടും സഹജീവികളോടും എങ്ങനെ പെരുമാറണമെന്ന് മുഹമ്മദ് നബി(സ) തന്റെ ജീവിതത്തിലൂടെ പറഞ്ഞുവെച്ചു. തന്റെ ചുറ്റുമുള്ള ജീവികളോട് കരുണയോടെ പെരുമാറാന്‍ പഠിപ്പിക്കുകയും അവരെ വേദനിപ്പിക്കുന്നതോ അക്രമിക്കുന്നതോ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തിരുജീവിതത്തിലെ ചില ഏടുകള്‍ പരിശോധിക്കുമ്പോള്‍ നമുക്കത് വ്യക്തമാകും. നിങ്ങളുടെ ചുറ്റുമുള്ള ജീവികള്‍ നിങ്ങളെപ്പോലെത്തന്നെ സമുദായമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. ഈ വാക്യങ്ങളെ തന്റെ ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു മുഹമ്മദ് നബി(സ). മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുന്നതിനെയും പട്ടിണിക്കിടുന്നതിനെയും നബി തങ്ങള്‍ ശക്തമായി വിലക്കി. നടത്തത്തിനിടയില്‍ മുതുകു വയറൊട്ടിയ ഒട്ടകത്തെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു; മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. മിണ്ടാപ്രാണികളോട് പെരുമാറേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുകയായിരുന്നു അവിടുന്ന്. പക്ഷി മൃഗാദികളുടെ അംഗ വിച്ഛേദനം നടത്തുന്നതും രൂപ മാറ്റം വരുത്തുന്നതും ശക്തമായി എതിര്‍ത്തു. മുഖത്ത് അടയാളം വെച്ച് കൊണ്ടുപോകുന്ന കഴുതയെ കണ്ടപ്പോള്‍ നബി തങ്ങള്‍ വിലക്കിയതായി ചരിത്രത്തില്‍ കാണാം. കറവയെത്തിയ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലും അധ്യാപനങ്ങളിലൂടെ പഠിപ്പിച്ചു. സവാദത്ത് ബിന്‍ റബീഅ്(റ) പറയുന്നു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ സമീപിച്ച് എന്റെ ആവശ്യമുന്നയിച്ചു. അപ്പോള്‍ തിരുദൂതര്‍(സ) എനിക്ക് ഒരൊട്ടകപ്പറ്റം തന്ന് പറഞ്ഞു: ‘നീ വീട്ടിലേക്ക് തിരിച്ച് ചെന്നാല്‍ വീട്ടുകാരോട് കല്‍പ്പിക്കുക, അവര്‍ ഒട്ടകക്കുട്ടികളുടെ ആഹാരം മെച്ചപ്പെടുത്തട്ടെ. അവര്‍ നഖം മുറിക്കട്ടെ. എന്നാല്‍ നഖം ഏറ്റ് മൃഗങ്ങളുടെ അകിടുകള്‍ക്ക് മുറിവേല്‍ക്കാനിടവരില്ല’. അത്രമേല്‍ മൃഗങ്ങള്‍ക്ക് ചെറിയ മുറിവുകള്‍ സംഭവിക്കുന്നത് പോലും മുഹമ്മദ് നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല എന്ന ഖുര്‍ആനിക വചനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. മത്സരങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും മൃഗങ്ങളെ പ്രയാസപ്പെടുത്തുന്നതിനെ നബി തങ്ങള്‍ നിഷിദ്ധമാക്കിയിരുന്നു. ജീവികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി അന്യോന്യം പൊരുതിക്കുന്നത് നബി (സ) നിരോധിച്ചിട്ടുണ്ട് എന്ന് ഇമാം അബൂ ദാവൂദ് റിപോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങളെ തമ്മിലടിപ്പിച്ച് സമ്പാദനത്തിന് വേണ്ടി മത്സരങ്ങള്‍ നടത്തുന്നവര്‍ ഈ വാചകങ്ങളെ ഓര്‍ത്തു വെക്കേണ്ടതുണ്ട്. വേടന്‍ പിടിച്ച് കെട്ടിയ തള്ളമാന്‍ തന്റെ കുട്ടിക്ക് പാല്‍ കൊടുക്കണമെന്ന് പ്രവാചകരോട് സങ്കടം പറഞ്ഞപ്പോള്‍ വേടന്റെ അടുക്കല്‍ ജാമ്യം നിന്ന് മാനിനെ കാട്ടിലേക്ക് പറഞ്ഞയച്ചവരാണ് മുഹമ്മദ് നബി(സ). പാല്‍ കൊടുത്ത് തിരിച്ചെത്തിയ മാനിനെ പിന്നീട് വേടന്‍ കാട്ടിലേക്ക് തിരിച്ചയച്ചതാണ് ചരിത്രം. കൂട്ടില്‍ നിന്ന് പക്ഷിക്കുഞ്ഞിനെയും തള്ളപ്പക്ഷിയെയും വേര്‍പ്പെടുത്തിയ സ്വഹാബിയെ തിരുത്തുകയും തിരിച്ച് കൂട്ടിലേക്കയക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഉറുമ്പ് കൂട്ടത്തെ കത്തിച്ചു കളഞ്ഞവരെയും അവിടുന്ന് ശക്തമായി തിരുത്തി. നായക്ക് വെള്ളം നല്‍കിയ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച സ്ത്രീയെയും പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോയ മറ്റൊരാളെയും അനുചരര്‍ക്ക് പരിചയപ്പെടുത്തി. ഭക്ഷണത്തിനായി മൃഗങ്ങളെ വെട്ടിമുറിക്കുന്നതിന് പകരം മാന്യമായ രൂപത്തില്‍ അതിനെ അറുക്കാന്‍ നിര്‍ദേശിച്ചു. മൂര്‍ച്ചയില്ലാത്ത ആയുധങ്ങള്‍ കൊണ്ട് മൃഗങ്ങളെ അറുക്കുന്നതിനെ ശക്തമായി നിരോധിച്ചു. സഹജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മുഹമ്മദ് നബി(സ). അവരോട് പെരുമാറേണ്ടതും ഇടപഴകേണ്ടതും എങ്ങനെയെന്ന് തിരുജീവിതത്തിലൂടെ പകര്‍ന്ന് നല്‍കി.

ഉപദ്രവകാരികളായ ജീവികളാണെങ്കിലും നമ്മെ ആക്രമിക്കുമ്പോള്‍ മാത്രമേ അവയോട് തിരിച്ച് ഉപദ്രവം ചെയ്യാന്‍ അവകാശമുള്ളൂ. അല്ലാത്തപക്ഷം അവയോട് ഇടപഴകുമ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്നാണ് തിരുവചനം. ഇതര ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് പ്രകൃതിയുടെ നില നില്‍പ്പിനാധാരം. പക്ഷേ മനുഷ്യന്റെ തന്നെ ചെയ്തികളാണ് ഇന്ന് പ്രകൃതിക്ക് പ്രഹരമേല്‍പ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിലനിര്‍ത്തേണ്ട ജീവജാലങ്ങളെ അതേപടി നിലനിര്‍ത്തല്‍ മനുഷ്യന്റെ കടമയാണ്. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും മുഹമ്മദ് നബി(സ) ഉണര്‍ത്തിയതും. സ്വയം തെറ്റുകളെ തിരിച്ചറിയാനും പ്രകൃതിയോടും ജീവ ജാലങ്ങളോടും സ്നേഹത്തോടെയും കരുണയോടെയും വര്‍ത്തിക്കാനും തിരുജീവിതത്തെ മാതൃകയാക്കാം.



source https://www.sirajlive.com/compassion-for-fellow-creatures.html

http://malayalamnewslivekerala.blogspot.com/2023/09/blog-post_98.html

Address

Malappuram

Alerts

Be the first to know and let us send you an email when Malayalam Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Live News:

Share