10/08/2026
2500 വർഷം മുൻപ് പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്ന പ്ലേറ്റോ പറഞ്ഞു.
"ഒരു രാജ്യം ഭരിക്കാൻ വലിയൊരു നുണ വേണം" (Noble Lie). ജനങ്ങളെ വികാരപരമായി ഒന്നിച്ചുനിർത്താനോ നിയന്ത്രിക്കാനോ വേണ്ടി ഭരണകൂടം നെയ്തെടുക്കുന്ന ഒരു നുണ കഥ”
നൂറ്റാണ്ടുകൾക്കിപ്പുറവും ആ തത്ത്വചിന്തയുടെ ആധുനിക പതിപ്പാണ് നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ വിദ്വേഷ പ്രചാരണങ്ങളിലൂടെ തടസ്സമില്ലാതെ തുടരുന്നത്. ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ചോർത്തിക്കളയുന്ന ഈ വിദ്വേഷ തന്ത്രങ്ങൾക്ക് എപ്പോഴും കൃത്യമായൊരു 'ശത്രു' ആവശ്യമുണ്ട്. ഹിന്ദുവും മുസ്ലിമും, ദേശസ്നേഹിയും ദേശദ്രോഹിയും തമ്മിലുള്ള കൃത്രിമ ചേരിതിരിവുകളിലൂടെയാണ് ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത്.
ജനങ്ങളെ നിരന്തരം ഭയത്തിന്റെ മുനമ്പിൽ നിർത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ ഒന്നാമത്തെ ഘട്ടം. "നിങ്ങൾ അപകടത്തിലാണ്, നിങ്ങളുടെ സംസ്കാരവും നിലനിൽപ്പും ഭീഷണിയിലാണ്, പുറത്തൊരു ശത്രു നിങ്ങളെ കാത്തിരിക്കുന്നു" എന്ന് ജനങ്ങളിലേക്ക് നിരന്തരം കുത്തിവെക്കുന്നു. പേടിയോടെ ജീവിക്കുന്ന ഒരു ജനത ഒരിക്കലും ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കില്ലെന്ന ലളിതമായ തിരിച്ചറിവാണ് ഇതിന് പിന്നിൽ. തൽഫലമായി, വികസനത്തെക്കുറിച്ച് ചോദ്യങ്ങളുയരുമ്പോൾ ആ വൈകാരികതയെ ഭക്തി കൊണ്ട് മറയ്ക്കാനും, മെച്ചപ്പെട്ട ആശുപത്രികളെക്കുറിച്ചുള്ള ആവശ്യങ്ങളെ ആരാധനാലയങ്ങളുടെ നിർമ്മാണചർച്ചകൾ കൊണ്ട് പ്രതിരോധിക്കാനും ഭരണകൂടങ്ങൾക്ക് എളുപ്പത്തിൽ സാധിക്കുന്നു. അവിടെ ന്യായമായ വിമർശനമുന്നയിക്കുന്ന ഏതൊരു പൗരനും അതിവേഗം ദേശദ്രോഹി എന്ന മുദ്രകുത്തപ്പെടുന്നു.
ഈ വൻ കെട്ടുകഥയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ ഞെട്ടിക്കുന്നതാണ്. 2014-ന് ശേഷം രാജ്യത്ത് വിദ്വേഷ പ്രസംഗ കേസുകളിൽ 500 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവുണ്ടായെന്ന് എൻ.സി.ആർ.ബി (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമേ, സംഘടിത വിവര സാങ്കേതിക വിദ്യ (IT Cell) വ്യാജ അക്കൗണ്ടുകൾ വഴി നിർമ്മിച്ചെടുക്കുന്ന കള്ളങ്ങൾ ഓൾട്ട് ന്യൂസ് (AltNews) പോലുള്ള ഫാക്ട്-ചെക്ക് വെബ്‌സൈറ്റുകൾ നിരന്തരം പുറത്തുകൊണ്ടുവരുന്നുമുണ്ട്. ഒരു വ്യാജവാർത്ത ഒരു നിമിഷം കൊണ്ട് ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പടർന്നുപന്തലിച്ച് പൊതുജനമനസ്സാക്ഷിയെ സ്വാധീനിക്കുന്ന ഭീതിദമായ അവസ്ഥയിലാണ് നാം ഇന്ന് ജീവിക്കുന്നത്.
രാജ്യം കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും, നമ്മുടെ പ്രധാന ചർച്ചകൾ വഴിതിരിച്ചുവിടപ്പെടുന്നത് ആരാധനാലയങ്ങളുടെ സ്ഥാനത്തെയും അതിൻ്റെ ചരിത്രത്തെയും കുറിച്ചാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും ആരോഗ്യരംഗത്തെയും കുറിച്ച് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി ലഭിക്കുന്നത് വർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവുമാണ്. അതാണ് പ്ലേറ്റോ നിരീക്ഷിച്ച 'നോബിൾ ലൈ'യുടെ ആധുനിക രൂപം. സത്യായവസ്ഥയെ വ്യാജ നിർമ്മിതികൾ കൊണ്ട് മൂടിവെക്കുക, വിദ്വേഷം വിതറി ജനങ്ങളെ പരസ്പരം അകറ്റുക, തദ്വാരാ യഥാർത്ഥ വികസനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നതാണതിന്റെ അന്തിമ ലക്ഷ്യം.
ഒരു രാജ്യം കേവലം ബോംബുകൾ കൊണ്ടോ ഭൗതിക തകർച്ചകൾ കൊണ്ടോ മാത്രമല്ല നശിക്കുന്നത്, ഇത്തരം കെട്ടിച്ചമച്ച നുണകൾ കൊണ്ടുകൂടിയാണ് തകരുന്നത്. നുണകളിൽ കെട്ടിപ്പടുത്ത ഭരണകൂടങ്ങൾ ക്രമേണ സർവ്വാധിപത്യത്തിലേക്കും (Tyranny) ഭയപ്പെടുത്തുന്ന സ്വഭാവത്തിലേക്കും വഴിമാറുമെന്ന് പ്ലേറ്റോ പണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്രീക്ക് പുരാണത്തിൽ പ്രോമിത്യൂസ് ദേവന്മാരിൽ നിന്ന് തീ മോഷ്ടിച്ച് മനുഷ്യർക്ക് വെളിച്ചവും അറിവും പകർന്നു നൽകിയെങ്കിൽ, ഇന്ന് നുണകളുടെ വ്യാപാരികൾ ആ വെളിച്ചം തട്ടിയെടുത്ത് മനുഷ്യരാശിയെ വീണ്ടും വിജ്ഞാനമില്ലാത്ത അന്ധകാരത്തിന്റെ ഗുഹകളിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്….