07/09/2025
*പിഞ്ചുകുഞ്ഞിനെ മറന്ന് യാത്ര ചെയ്ത് കുടുംബം*
രക്ഷകനായ ഉസ്താദിന് നന്ദി
ഇന്ന് 07-09-2025 വൈകുന്നേരം 6 മണിയോടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി കോഴിക്കോട്ടുപറമ്പിൽ നിന്നും കടന്നമണ്ണയിലേക്ക് വരുന്നതിനിടെ ആയിരനാഴിപ്പടിയിൽ നന്ദനം ഹോട്ടലിന് എതിർ വശത്തായി ഒരു ഉസ്താദ് ബൈക്കിലിരുന്ന് റോഡരികിൽ നിൽക്കുന്ന ഒരു കുട്ടിയോട് (4 വയസ്സ് തോന്നും) സംസാരിക്കുന്നത് കണ്ടു. കുട്ടിയുടെ രണ്ട് കയ്യിലും മിഠായി ഉണ്ട്. പക്ഷെ കരയുകയാണ്. ഇത് കണ്ട് ഞാനും ബൈക്ക് നിർത്തി പള്ളിയാലിൽ ഖാലിദും, ആലിക്കപ്പറമ്പിൽ സഹീറും അവിടെ വന്നു. പിന്നീട് ആൾക്കൂട്ടമായി
ഉസ്താദ് കുട്ടിയെ വാരിയെടുത്തു. പുറത്ത് കൊട്ടിയും, നെഞ്ചോട് ചേർത്ത് വെച്ചും ആശ്വസിപ്പിക്കുന്നുണ്ട്. കണ്ട് നിന്നവർ ആരോ പറഞ്ഞു. ഈ കുട്ടി ആയിരനാഴിപ്പടി അങ്ങാടിയിൽ നിന്നും ഒരു ചുവന്ന കാറിന് പിറകിൽ ഓടുന്നതായി കണ്ടു എന്ന്. ഏതോ കാറിൽ നിന്നും ഇറങ്ങിയതാവാമെന്ന് ഊഹിച്ചു.
കയ്യിലുള്ള മിഠായി വാങ്ങിയ ആയിരനാഴിപ്പടിയിലെ ബേക്കറി കട കുട്ടി കാണിച്ച് കൊടുത്തു. കുട്ടിയെയും കൊണ്ട് ഉസ്താദ് അവിടേക്ക് പോയി. ചുവന്ന കാറിൽ ഒരു കുടുംബം വന്ന് മിഠായിയും മറ്റ് സാധനങ്ങളും വാങ്ങി പോയത് ബേക്കറി ഉടമയും സ്ഥിരീകരിച്ചു.
അതിനിടെ വിവരം നൽകുന്നതിനായി മങ്കട പോലീസിലേക്ക് വിളിച്ചു. ഫോണെടുത്തില്ല. കുട്ടിക്ക് വെള്ളവും മറ്റും നൽകി ആശ്വാസിപ്പിച്ച് കൊണ്ടിരുന്നു.
അപ്പോഴേക്കും ഏകദേശം 20 മിനുട്ട് കഴിഞ്ഞു. ആളുകൾ പല ദിക്കിലേക്കും ബന്ധപ്പെടാൻ തുടങ്ങി. കുടുംബം തിരിച്ച് വരുമെന്ന് ചിലർ ഉണർത്തി. ഏറെ വൈകാതെ KL51 തുടങ്ങുന്ന നമ്പറിലുള്ള ചുവന്ന ഷിഫ്റ്റ് കാർ പതിയെ ആൾക്കൂട്ടത്തിനിടയിലേക്ക് തിരിച്ച് എത്തി. കലങ്ങിമറിഞ്ഞ കണ്ണുകളുമായി ഒരു സഹോദരി മുൻ സീറ്റിലിരുന്ന് കരയുന്നു. ഒരു സഹോദരനും കുട്ടികളും പിറകിലും.
കുട്ടിയെ തെരഞ്ഞ് വന്നതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അവർ ഒറ്റപ്പാലത്ത് കാരാണന്നും അവിടെക്ക് പോവുകയാണന്നും പറഞ്ഞു.
മിഠായി വാങ്ങി കാറിൽ കയറിയ കുട്ടിയെ മുൻ സീറ്റിൽ കയറാൻ വാഹനത്തിൽ നിന്നും പുറത്ത് ഇറക്കിയതാണ്. മുന്നിലിരിക്കുന്നവർ ഇതറിഞ്ഞിട്ടില്ല. അവർ വാഹനം ഓടിച്ച് പോകുമ്പോൾ കുട്ടി പിറകെ ഓടുന്ന കാഴ്ചയാണ് ഉസ്താദ് കണ്ടത്.
നാട്ടുകാരുടെ ശകാരവും കേട്ട് കുട്ടിയെ വാങ്ങി നെഞ്ചോട് ചേർത്ത് വെച്ച് ഉസ്താദിന് നന്ദി പറഞ്ഞ് അവർ പിരിഞ്ഞു.
ഉസ്താദ് ആരാണെന്നോ എവിടുത്ത് കാരനാണെന്നോ അറിയില്ല.
അവസരോചിതമായി ഇടപെട്ട് ശാന്തമായി കൈകാര്യം ചെയ്ത പ്രിയ ഉസ്താദിന് നന്ദി.
അളളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സൈഫുള്ള കറുമുക്കിൽ
(ചിത്രം AI )