29/06/2025
പൊതുവായ സദാചാര/പാരമ്പര്യ/മത സങ്കല്‍പ്പത്തിന് വിരുദ്ധമായ ഏതു നീക്കത്തിലും ഇവിടത്തെ മുസ്ലിംകളുടെ അതേ നിലപാട് തന്നെ ആയിരിക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും ഹിന്ദു ജനവിഭാഗങ്ങള്‍ക്കും. അപ്പോള്‍ അത്തരമൊരു നീക്കം പിന്‍വലിക്കണമെന്ന ആവശ്യം എല്ലാവരുടേതും ആകുമെങ്കിലും, പലപ്പോഴും അതു മുസ്ലിംകളുടെ മാത്രം ആവശ്യമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതിന് കാരണം അത്തരമൊരു വിഷയത്തില്‍ നാം സ്വീകരിക്കുന്ന സമീപന രീതിയുടെ പോരായ്മയാണ്. വിഷയത്തില്‍ അല്‍പ്പം വേഗതയോടെ പ്രതികരിച്ചുപോകുന്ന രീതി നമുക്കുണ്ട്. ഏതു വിഷയത്തിലും ആദ്യം കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്ന ആശയം ആ വിഷയത്തില്‍ നാം സ്വീകരിക്കുന്ന നിലപാടിനെ സ്വാധീനിക്കാറുണ്ട്. സമുദായിക വിഷയങ്ങളില്‍ പലപ്പോഴും തീവ്ര ചിന്താഗതി പുലര്‍ത്തുന്ന വിഭാഗക്കാരും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും, രാഷ്ട്രീയലക്ഷ്യത്തോടെ സ്വീകരിക്കുന്ന നിലപാടില്‍ ഇക്കാരണത്താല്‍ നാമറിയാതെ പെട്ടുപോകും. അവര്‍ക്കറിയാം തങ്ങള്‍ ഒരുവിഷയം കൊണ്ടുവന്നാല്‍ അതിന് സ്വീകാര്യത കിട്ടില്ലെന്ന്. അതിനാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന രീതി പൊതുവായി അത്തരം സംഘടനകള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇസ്ലാമോഫോബിയ വ്യാപകമായ ഇക്കാലത്ത് മുസ്ലിംകള്‍ മീഡിയ ഡെസ്‌കിലെ ചൂടുള്ള വിഷയമാണെന്ന ബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ഈ ബോധ്യത്തില്‍നിന്നാകണം ഏതൊരു വിഷയത്തിലെയും പ്രതികരണമെന്ന്
സുംബ ഡാന്‍സ് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരിക്കലൂടെ അടിവരയിടുന്നു. ഒപ്പം ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നു.
1. മുസ്ലിം വിഷയം ഉന്നയിക്കുമ്പോഴേക്കും അതിനെ ആറാം നൂറ്റാണ്ടിലെ പഴകിയ ആശയമായും പിന്തിരിപ്പന്‍വാദമായും ചിത്രീകരിച്ച് ചര്‍ച്ചയാക്കാന്‍ കാത്തിരിക്കുന്ന മാധ്യമസമൂഹവും, ആ ശൈലിയാല്‍ നിര്‍മിച്ചെടുത്ത പൊതുസമൂഹവും അതുവഴി രൂപപ്പെട്ടുവന്ന പൊതുബോധവും നിലനില്‍ക്കുന്നിടത്താണ് നാമുള്ളത്. അതിനാല്‍ ഏതു വിഷയത്തില്‍ ഇടപെടുമ്പോഴും ഇതെല്ലാം തിരിച്ചറിഞ്ഞ് വിഷയങ്ങള്‍ അവതരിപ്പിക്കേണ്ട പക്വമായ ഭാഷയും ശൈലിയും നാം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.
2. സാമുദായിക വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍, മാധ്യമങ്ങള്‍ അത് മറ്റൊരര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നതു വഴി മുസ്ലിംകള്‍ക്ക് വലിയ പരിക്ക് ഉണ്ടാകുമോയെന്ന് ഭയന്ന്, യഥാര്‍ത്ഥ വിഷയങ്ങള്‍ അഡ്രസ് ചെയ്യാനും ഉന്നയിക്കാനും മടിച്ചും ഭയന്നും ഒഴിഞ്ഞുമാറുന്ന സാഹചര്യം ഇവിടെ ഉരുതിരിഞ്ഞ് വരുന്നുണ്ട്. അത് അപകടമാണ്.
3. മുസ്ലിംകളെ ബാധിക്കുന്ന വിഷയങ്ങള്‍ തീര്‍ച്ചയായും ഉന്നയിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. അത് പൗരാവകാശവവും ഭരണഘടനാവകാശവും ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യ, മൗലികാവകാശങ്ങളില്‍പ്പെട്ടതുമാണ്. ഉന്നയിക്കപ്പെടാന്‍ പോകുന്ന വിഷയത്തെ മാധ്യമങ്ങളും മറ്റുവിഭാഗങ്ങളും വികൃതമായി ചിത്രീകരിക്കുമെന്ന് കരുതി മൗനം പാലിക്കേണ്ടതുമില്ല. ഭീതിയേതുമില്ലാതെ വ്യക്തമായി കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുകയാണ് വേണ്ടത്.
4. സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴേക്ക്, മുസ്ലിം സംഘടനകള്‍ക്ക് മുട്ടുമടക്കുകയാണെന്ന ആഖ്യാനം ഉണ്ടാക്കി ഒരുഭാഗത്ത് സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോള്‍, അവരെ ഭയന്ന് മുസ്ലിം വിഷയം പരിഗണിക്കാനും അഡ്രസ് ചെയ്യാനും ഭരണാധികാരികൾ മടി കാണിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും ഇവിടെയുണ്ട്.
5. 2022ലെ മണിപ്പൂര്‍ ഇലക്ഷന്‍ കൗണ്ടിങ് തീരുമാനിച്ചത് ഫെബ്രുവരി 7 ഞായറാഴ്ചയായിരുന്നു. എന്നാല്‍ സഭകള്‍ അതില്‍ ഇടപെട്ട ഒരു മാതൃകയുണ്ട്. ഞായറാഴ്ച പ്രാര്‍ഥനയും പള്ളി സന്ദര്‍ശനവും ചൂണ്ടിക്കാട്ടി സഭാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെക്കൊണ്ട് ഫെബ്രുവരി പത്തിലേക്ക് മാറ്റിപ്പിച്ചു. വിഷയത്തില്‍ വ്യക്തികള്‍ പ്രസ്താവന നടത്തി രംഗം വഷളാക്കാതെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുഖേന കാര്യങ്ങള്‍ ചെയ്യുകയാണ് അന്ന് സഭ ചെയ്തത്.
6. മെരിറ്റും മുന്‍ഗണനാക്രമങ്ങളും പാലിച്ചു വേണം ഓരോ വിഷയങ്ങളും അവതരിപ്പിക്കാന്‍. നമുക്ക് മുന്നില്‍ സി.എ.എ, എന്‍.ആര്‍.സി, വഖ്ഫ് നിയമം ഉള്‍പ്പെടെ സമുദായത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളും ഉണ്ട്. ഇതിനെയെല്ലാം പൊതുസമൂഹത്തിന്റെ കൂടി പിന്തുണയോടെ മാത്രമെ എതിര്‍ത്ത് തോല്‍പ്പിക്കാനാകൂ. അതിനാല്‍ എപ്പോഴും നമുക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സാമൂഹിക വിഭാഗങ്ങളെ അകറ്റുന്ന വിധത്തിലാകരുത് നമ്മുടെ പ്രതികരണങ്ങളും അവതരണശൈലികളും.
-സത്താർ പന്തല്ലൂർ