14/07/2025
മലപ്പുറം താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാഷ്വാലിറ്റി ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സജ്ജീകരിച്ചത് നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന വിവിധ വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലെത്തി. നിലവിൽ പ്രവർത്തിച്ചിരുന്ന ഫിസിയോതെറാപ്പി സെൻ്റർ ആലത്തൂർപടി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിലേക്കും, കാഷ്വാലിറ്റി പുതിയ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്കും, പുതിയ കെട്ടിടത്തിലെ മൂന്നാം നിലയിൽ ഒഫ്തൽമോളജി തീയറ്റർ, ഒഫ്തൽമോളജി വാർഡ്, വാക്സിനേഷൻ കേന്ദ്രം എന്നിവയും മാറ്റി സ്ഥാപിക്കും. ഫാർമസി സ്റ്റോർ നഗരസഭയുടെ കുന്നുമ്മൽ ടൗൺ ഹാളിലെ മിനി കോൺഫറൻസ് ഹാളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. അടുത്ത ആഴ്ചയോടുകൂടി താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡിപ്പാർട്ട്മെൻറ്കളുടെയും ബദൽ സംവിധാനം ഒരുക്കുന്ന പ്രവർത്തി പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി അറിയിച്ചു. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഈ മാസം 26ന് ടെൻഡർ തുറക്കുന്നതോടുകൂടി പൊളിച്ചു മാറ്റൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കാഷ്വാലിറ്റി ബ്ലോക്ക് മാറ്റി സ്ഥാപിക്കുന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സി.കെ സഹീർ, ശിഹാബ് മൊടയങ്ങാടൻ, ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗം നൗഷാദ് കളപ്പാടൻ, കെപി മായ, അൻസാർ ബാബു എന്നിവർ പങ്കെടുത്തു.