15/10/2025
മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി പോലീസ്.
സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി അരൂർ പോലീസ്*
അരൂർ സ്വദേശിയായ സരസ്വതിയമ്മയുടെ(86) മാല പൊട്ടിച്ചു കടന്നുകളഞ്ഞ കമിതാക്കളെയാണ് അരൂർ പോലീസ് പിടികൂടിയത്.
പള്ളുരുത്തി മൂന്നാം ചേരിപ്പറമ്പിൽ നിഷാദ് (25), നടുവിലവീട്ടിൽ നീതു(30) എന്നിവരെയാണ് 10 മണിക്കൂറിനകം അരൂർ പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറത്തിനു സമീപത്തുള്ള ഇടവഴിയിൽ വച്ച് സ്കൂട്ടറിൽ എത്തിയാണ് പ്രതികൾ മാല പൊട്ടിച്ചു കൊണ്ട് പോയത്.
നിഷാദിനെ പിന്നിലിരുത്തി നീതു ഓടിച്ചു കൊണ്ടുവന്ന സ്കൂട്ടർ റോഡിൽ നിർത്തുകയും തുടർന്ന് നിഷാദ് ഇടവഴിയിലൂടെ ഇറങ്ങിച്ചെന്ന് വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞതിനു ശേഷം മാല പൊട്ടിച്ച് തിരികെ സ്കൂട്ടറിൽ കയറി കടന്നു കളയുകയുമായിരുന്നു.
തുടർന്ന് മെയിൻ റോഡിലെത്തിയ സരസ്വതിയമ്മ വഴിയിൽ കണ്ട യുവാക്കളോട് വിവരം പറയുകയും ഇവർ അരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞയുടൻ അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
മണിക്കൂറുകൾക്കകം പ്രതികളെ കുടുക്കുകയുമായിരുന്നു.
പ്രദേശവാസികളുടെ മൊഴിയും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വാടകയ്ക്ക് എടുത്ത ഇലക്ട്രിക് സ്കൂട്ടർ ആണ് പ്രതികൾ മോഷണത്തിന് ഉപയോഗിച്ചത്.
മാല സ്വർണ്ണമല്ലെന്ന് മനസിലാക്കി മാല വഴിയിൽ ഉപേക്ഷിച്ചെങ്കിലും പോലീസ് കണ്ടെടുത്തു.
അരൂർ എസ് ഐ ബി.സെനി,സീനിയർ സി പി ഒമാരായ വി എച്ച് നിസാർ,പി ആർ ശ്രീജിത്ത്,എം രതീഷ്,സി പി ഒമാരായ ടി നിധീഷ് മോൻ,യു എസ് ശരത്, പി എ റിയാസ്,കെ എൽ ലിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികൾ സമാന സ്വഭാവമുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഐ എസ് എച്ച് ഒ അറിയിച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.