25/04/2025
സമാധാനം
°°°°°°°°°°°°°°
'സമാധാനം' എന്ന വിഷയത്തെ ആസ്പദമാക്കി ഒരിക്കൽ ഒരു ചിത്രരചനാ മത്സരം നടന്നു. പലരും പല ആശയങ്ങൾ മുൻനിർത്തി ചിത്രങ്ങൾ വരച്ചു. എന്നാൽ ഒന്നാം സമ്മാനത്തിന് അർഹമായ ചിത്രം ഈ വിധമായിരുന്നു:
ചെങ്കുത്തായ ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടം, താഴെയുള്ള പാറകളിൽ തട്ടിത്തെറിച്ചു മഞ്ഞുപോലെ വെള്ളനിറത്തിൽ അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു. താഴെപതിക്കുന്ന വെള്ളം അവിടെ നിന്നും ഒരു ജലധരയായി നുരഞ്ഞു പതഞ്ഞു ഒഴുകുന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന ആ ജലധരായയുടെ വശത്തായി വെള്ളത്തിലേക്ക് വേഗം പതിയ്ക്കും എന്നപോലെ ഒരു മരം ചാഞ്ഞു നിൽക്കുന്നു. ആ മരത്തിന്റെ ഒരു കൊമ്പിന്റെ അഗ്രം വെള്ളത്തിൽ മുട്ടി വെള്ളത്തിന്റെ ചലനത്തിന് അനുസൃതമായി ആടിക്കൊണ്ടിരിക്കുന്ന വിധം. ആ കൊമ്പിലായി ഒരു ചെറിയ കുരുവി ഇരുന്നുകൊണ്ട് പാട്ടുപാടുന്നു.
എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചത്! ശരിക്കും സമാധാനം എന്നത് ഇതല്ലേ? എല്ലാം അനുകൂലമാകുമ്പോൾ സ്വസ്ഥമായിരിക്കാൻ ആർക്കാണ് കഴിയാത്തത്? എന്നാൽ പ്രതിസന്ധികളുടെ നടുവിൽ ദൈവത്തിലുള്ള വിശ്വാസത്താൽ സ്വസ്ഥമാകാൻ കഴിയുന്നുണ്ടോ?
സുഖദുഃഖ സമ്മിശ്രമായ ഈ ലോകജീവിതത്തിൽ സകലവും അനുകൂലമായി ഒരു ജീവിതം പ്രതീക്ഷിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതമായ കാര്യമാണ്. എന്നാൽ ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് ദൈവിക ബോധ്യങ്ങളിൽ സഞ്ചരിക്കുകയാണ് ആവശ്യം. ഈ സമാധാനം നമുക്ക് ലഭ്യമാകുവാൻ രണ്ടു തിരിച്ചറിവുകളാണ് ഒരുവൻ ഉണ്ടാകേണ്ടത്: ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും, ദൈവീക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും.
ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം ഭാഗീകമായി അറിയുന്ന ഏതൊരാൾക്കും ജീവിതയാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കില്ല. എന്താണ് ലോകമെന്നും, ആരാണ് മനുഷ്യരെന്നും അവയുടെ പരിമിതികളും സാധ്യതകളും എന്തെന്നുമുള്ള യാഥാർഥ്യ ബോധ്യമാണ് ഒന്നാമത്തേത്.
മിക്കയാളുകളും ജീവിതത്തെ അവരുടെ സങ്കല്പങ്ങളിലൂടെയാണ് വീക്ഷിക്കുന്നത്. ജീവിതത്തെക്കുറിച്ച്, മനുഷ്യബന്ധങ്ങളെക്കുറിച്ച്, ഭാവിയെക്കുറിച്ച് ഒക്കെ സ്വപ്നലോകം പടുത്തുയർത്തുന്നവർ. യഥാർത്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത ഏത് സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ദുഃഖങ്ങൾ മാത്രമേ നമുക്ക് സമ്മാനിക്കൂ. എന്നാൽ കൃത്യമായ യാഥാർഥ്യബോധം ഉള്ളവർ ജീവിതത്തിന്റെ പരുക്കൻ അനുഭവങ്ങളെപ്പോലും കരുത്തോടെ നേരിടാൻ തുനിയും. ഇത്തരം പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ നേരിട്ട ഉത്തമപുരുഷൻ കർത്താവായ യേശുക്രിസ്തു തന്നെയാണ്. കൂടെ നടന്നു സൗഭാഗ്യങ്ങൾ അനുഭവിച്ച ശിഷ്യൻ ഒറ്റിക്കൊടുത്തപ്പോഴും, ചേർത്തുപിടിച്ച എല്ല ശിഷ്യന്മാരും ഒലീവ് മലയിൽ തന്നെ തനിച്ചാക്കി ഓടിയപ്പോഴും, ഒരിക്കൽപോലും അവരോട് പരിഭവമോ ആ സാഹചര്യത്തോട് വിമുഖതയോ ക്രിസ്തുവിന് ഉണ്ടായിരുന്നില്ല. കാരണം ലോകം/മനുഷ്യൻ എന്താണ് എന്നതിനെക്കുറിച്ചു അവിടുന്നു പൂർണ്ണ ബോധവാൻ ആയിരുന്നു.
പരിമിതികൾ നിറഞ്ഞ ലോകത്തെക്കുറിച്ചു മാത്രം ഒരുവന് ബോധ്യമുണ്ടായൽ അത് ആ വ്യക്തിയെ തളർത്തുകയേയുള്ളൂ. അവിടെയാണ് രണ്ടാമത്തേതും ഏറ്റവും മുഖ്യവുമായ ദൈവിക ബോധ്യത്തിന്റെ പ്രസക്തി. ദൈവം ആരാണെന്നും, അവിടുത്തെ അധികാരവും ശക്തിയും ജ്ഞാനവും എന്താണെന്നും തിരിച്ചറിയുന്ന ഒരുവൻ ലോകയാഥാർഥ്യങ്ങളുടെ മുന്നിൽ തളരില്ല. തന്റെ ശിഷ്യന്മാർ എല്ലാവരും തന്നെ തനിച്ചക്കുമെന്നറിഞ്ഞപ്പോഴും 'പിതാവ് എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും' (യോഹ. 16:32) എന്നാണ് കർത്താവ് പറഞ്ഞത്.
മുന്നറിയാൻ കഴിയാത്ത നമ്മുടെ നാളെകൾ ഏത് വിധം വേണമെങ്കിലും വ്യത്യാസപ്പെട്ടേക്കാം. ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്കോ, താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്കോ, സ്ഥായിയായ നിലയിലോ എങ്ങനെയാണെന്ന് ആര് കണ്ടു? അവ ഏത് വിധമെന്നു ഒരിക്കലും നമുക്ക് നിർവചിക്കുവാനോ ഊഹിക്കുവാനോ കഴിയില്ല. മാറ്റങ്ങൾക്ക് വിധേയമായ ലൗകീക സാഹചര്യങ്ങളിൽ വിശ്വാസമർപ്പിക്കാതെ ഒരിക്കലും മറ്റാമില്ലാത്തവനായ ദൈവത്തിൽ പൂർണ ആശ്രയം വെക്കുക. ഏത് സാഹചര്യത്തിലും അവിടുന്നു നമുക്കു മതിയായവനാണ്. ദൈവത്തിന് നമ്മെ സ്നേഹിക്കുവാനും ബന്ധം പുലർത്തുവാനും സാഹചര്യങ്ങളുടെ ആനുകൂല്യം അനുവാര്യമല്ല. അവനിൽ ആശ്രയിക്കുന്ന ഒരുവന്റെ ഹൃദയം മേൽപറഞ്ഞ കുരുവിയെപ്പോലെ എപ്പോഴും ഗാനാമൃതമായിരിക്കും.
സ്വസ്ഥമായിരിക്കും.
ശുഭരാത്രി ♥️