
02/07/2025
എലമ്പ്ര: 1999ൽ രൂപീകൃതമായ കലാകായിക കൂട്ടായ്മയാണ് നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്. 2025 ജൂൺ 28 ശനിയാഴ്ച ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Misty Nav (മൂടൽ മഞ്ഞ് ) എന്ന പേരിൽ സംഘടിപ്പിച്ച ഊട്ടിയിലേക്കൊരു ഉല്ലാസയാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എലമ്പ്രയിലെ 136 ആളുകളും 6 ബസ് ജീവനക്കാരും ഉൾപ്പെടെ 142 അംഗ യാത്രാ സംഘം മൂന്നു ടുറിസ്റ്റ് ബസ്സുകളിലായി പുലർച്ചെ 4:25ന് പുറപ്പെട്ട് പാതിരാത്രി 1:45ന് തിരിച്ചെത്തി. എലമ്പ്രയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കൂടുതൽ ആളുകൾ ഒരുമിച്ച് ഒരു യാത്രയിൽ കണ്ണികളായത്
എഴുപത് വയസ്സിന് മുകളിലുള്ളവരും ഇരുപത് വയസ്സിന് താഴെയുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഒരു വീട്ടിൽ നിന്ന് മൂന്നു തലമുറയിലുള്ളവരും പലവീടുകളിൽ നിന്ന് ഉപ്പയും മകനും അതിലേറെ വീടുകളിൽ നിന്ന് കൂടെപ്പിറപ്പുകളും ഒരുമിച്ചുള്ള സൗഹൃദ സമന്വയ സന്തോഷ യാത്രയായിരുന്നു Misty Nav.
യാത്രക്ക് അനുയോജ്യമായൊരു പേര് ( Misty Nav) നിർദ്ദേശിച്ചതും പോസ്റ്റർ ഡിസൈൻ ചെയ്തതും ചിത്രകലയിൽ വിസ്മയം തീർത്ത് ശ്രദ്ധേയനായ പികെ ഷിഫ്നാനാണ്.
കെവി ശിഹാബിന്റെ കൈപുണ്യത്തിൽ തയ്യാറാക്കി നാട്ടിൽ നിന്ന് കൊണ്ടുപോയ രുചികരമായ സുഭിക്ഷം ( ചിക്കൻ ബിരിയാണി ) ഊട്ടിയിലെ തേയില ഫാക്ടറിയുടെ മുറ്റത്തിരുന്ന് എല്ലാവരും ഒരുമിച്ച് മനസ്സു നിറയെ കഴിച്ചു. ചായപ്പൊടിയും ചോക്ലേറ്റും നിർമ്മിക്കുന്നത് നേരിട്ട് കാണാനും അവസരമുണ്ടായി. ഫാക്ടറിയിലെ വിശാലമായ മുറ്റത്ത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരായ കലാപ്രേമികൾ അവതരിപ്പിച്ച മെഗാ സംഘനൃത്തം സ്വദേശികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന സന്ദർശകരും കൗതുകത്തോടെ വീക്ഷിച്ചു.
ഊട്ടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളില്ല. ഷോപ്പുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ പേപ്പർ കവറിലോ തുണിസ്സഞ്ചിയിലോ ആണ് ലഭിക്കുക. പ്രകൃതി സംരക്ഷണത്തിന് വളരെയധികം പ്രയത്നിക്കുന്ന അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട് പകർത്താനും.
നവോദയ ജനറൽ സെക്രട്ടറി ടി. സൽമാൻ യാത്ര ആസൂത്രണം ചെയ്യാൻ ഏറെ പ്രയത്നിച്ചെങ്കിലും പനിയായതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മണപ്പാട്ടിൽ ജമാൽ കുരിക്കൾ, പികെ അലവിക്കുട്ടി, ഇപി റാഫി, എം ഗനിയ്യ്, ഇർഫാൻ മങ്കര (ബിച്ചു) ഉൾപ്പെടെയുള്ള നവോദയ കമ്മറ്റി അംഗങ്ങളുടെ ഏകോപനം യാത്രാ സംഘത്തെ മികവോടെ നയിച്ചു. ഇപി അർഷദ് (ബിനു) പറക്കുംക്യാമറ (ഡ്രോൺ) ഉപയോഗിച്ച് യാത്രയിലൂടെനീളം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങൾ പകർത്തി യാത്രയെ കൂടുതൽ ആകർഷണീയമാക്കി. വീട്ടുകാർക്ക് സമ്മാനിക്കാൻ എല്ലാവരും ഊട്ടിയിലെ തനത് വിഭവങ്ങളും സ്വന്തമാക്കി. തലേ ദിവസങ്ങളിൽ ശക്തമായ മഴ ഉള്ളതിനാൽ കാലാവസ്ഥയെ കുറിച്ച് പലർക്കും ആശങ്ക ഉണ്ടായിരുന്നെങ്കിലും യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന സമയത്ത് മാത്രമാണ് മഴയുണ്ടായിരുന്നത്. മഞ്ഞ് പെയ്യുന്ന ഊട്ടിയിലെ തണുപ്പുള്ള ഓർമ്മകൾ മനസ്സിലെന്നും കുളിരായി നിലനിൽക്കും. യാത്ര ആസൂത്രണം ചെയ്ത അണിയറപ്രവർത്തകർക്ക് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
✍🏻EP Siraj Elambra