
27/12/2024
"പൊയ്മുഖങ്ങൾ"
Short story Part - 03
by. Binu Chacko, Mannar
ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് ക്ലബ്ബിന്റെ സൈഡ് ഭാഗത്തുള്ള പൂന്തോട്ടത്തിന്റെ അടുത്തായി ഒരു സ്ത്രീ ശരീരം കമിഴ്ന്നു കിടക്കുന്നു, മുകളിൽ നിന്നും വീണ് നിലയിലായിരുന്നു അത് കിടന്നത്.
ആ ഭാഗത്ത് അധികം വെളിച്ചം ഇല്ലാത്തതിനാൽ വീണുകിടന്ന ആളിനെ വ്യക്തമാകുന്നില്ല. അവിടെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പറായ ഡോക്ടർ സനീഷ് നിലത്തു കിടന്നിരുന്ന സ്ത്രീയുടെ പൾസ് നോക്കിയപ്പോൾ, അത് നിശ്ചലമായി എന്ന് മനസ്സിലാക്കി അയാളിൽനിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു.
അവിടെ നിന്നവർ തങ്ങളുടെ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ വീണുകിടന്നിരുന്ന സ്ത്രീ ആരാണെന്ന് അറിയുവാൻ ആകാംഷഭരിതരായി ഉറ്റുനോക്കി.
"ഓഹ്... ഇത് നമ്മുടെ രാജൻ പിള്ള സാറിന്റെ മരുമകൾ ആണല്ലോ" ഒരു വശത്തുനിന്നും നോക്കി ആ സ്ത്രീയുടെ മുഖം കണ്ടവർ അടക്കം പറഞ്ഞു.
ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് അവിടെയെത്തി കൂടെ ആംബുലൻസും. ബന്ധപ്പെട്ടവർ ഉടൻതന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ കൊണ്ടുപോകുവാനുള്ള നടപടികൾ ആരംഭിച്ചു.
" ഇവിടെ വന്നിരിക്കുന്ന ആരും തന്നെ ഞങ്ങളുടെ അനുമതിയില്ലാതെ ഇവിടെ നിന്നും പോകരുത്" സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ അറിയിച്ചു.
"ഈ സ്ത്രീ മുകളിൽ നിന്നും വീണതു തന്നെ എന്ന കാര്യം തീർച്ചയാണ്, എന്നാൽ എങ്ങനെയാണ് വീണതെന്ന് ഒരു നിഗമനത്തിൽ എത്തിയാലേ ഇനി എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ" ഇതു പറഞ്ഞിട്ട് പോലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയി.
ഒന്ന് രണ്ടു പേർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. ഇപ്പോൾതന്നെ ഏകദേശം 11 മണിയായിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ സമയമുണ്ട് പുതുവത്സരം വന്നെത്തുവാൻ. എന്നാൽ ഇനിയും ഇവിടെ ആഘോഷങ്ങൾ ഒന്നുമില്ല ശോകമൂകമായ ഒരു അന്തരീക്ഷം അവിടെ തളംകെട്ടി നിന്നു.
ട്രഷറർ രാജൻ പിള്ളയുടെ ഭാര്യ ഉന്മാദം പിടിച്ചവരെ പോലെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു, അവരുടെ മകൻ്റെ ഭാര്യയാണ് മരിച്ചിരിക്കുന്നത്. അവളും കുറച്ചു കൂട്ടുകാരും മാറിയിരുന്ന് പാർട്ടി എൻജോയ് ചെയ്യുകയായിരുന്നു അതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കുവാനും സാധിച്ചില്ല.
അവിടെയുണ്ടായിരുന്നവരെല്ലാം വല്ലാത്തൊരു പ്രതിസന്ധിയിൽ അകപ്പെട്ടതുപോലെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി. പുതിയ വർഷത്തിന് തുടക്കം തന്നെ ഒരു മരണത്തിന് സാക്ഷിയായി പോലീസിന്റെ നിരീക്ഷണത്തിൽ നിൽക്കേണ്ടി വരുമെന്ന് ആരും ഓർത്തില്ല, ഇനി എന്തുവന്നാലും അതിനെ അതിജീവിച്ചേ മതിയാകൂ.
പലർക്കും വീടുകളിൽ നിന്ന് കോളുകൾ വരുവാൻ തുടങ്ങി. പലരും സ്വന്തം വിധിയെ പഴിച്ചുകൊണ്ട് വന്ന കോളുകൾക്ക് കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ തുടങ്ങി. മുകളിലേക്ക് പരിശോധനയ്ക്ക് പോയ പോലീസ് ഉദ്യോഗസ്ഥർ തിരികെ മടങ്ങിയെത്തി. ഇതിനോടൊപ്പം ആ ഏരിയ ഉൾപ്പെടുന്ന സ്ഥലത്തെ ഡിവൈഎസ്പി ശ്രീകുമാർ അവിടെയെത്തി.
പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായി ഒന്നും കാണാത്തതിനാലും, അവിടെ ഉൾപ്പെട്ടിരുന്ന പലരെയും ചോദ്യം ചെയ്തതിൽ യാതൊരുവിധ അവിശ്വസനീയമായ കാരണങ്ങൾ ഇല്ലാത്തതിനാലും എപ്പോൾ വിളിച്ചാലും സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന ഉറപ്പിൽ ഏകദേശം രണ്ടുമണിയോടുകൂടി അവിടെ കൂടിയവരിൽ മിക്കവാറും ആളുകളെയും അവരവരുടെ വീടുകളിലേക്ക് മടക്കി അയച്ചു.
ഇതിനോടകം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിലേക്ക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രാഥമിക നടപടികൾക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരും മടങ്ങി.
ആഹ്ലാദത്തിമിർപ്പിൽ നിറഞ്ഞു നിന്ന ബ്ലൂഡയമണ്ട് ക്ലബ് ഇപ്പോൾ ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. ക്ലബ്ബിന്റെ ഭാരവാഹികൾ ഇനി എന്തു ചെയ്യണം എന്ന് അറിയാതെ നിർവികാരതയോടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നാളത്തെ പത്രവാര്‍ത്തയിലൂടെ ഈ കാര്യം ജനങ്ങൾ അറിയുമ്പോൾ എന്തൊക്കെ വാർത്തകളാണ് നാടു മുഴുവന്‍ പരക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കുന്നു.
ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉടൻതന്നെ ഒരു മീറ്റിംഗ് കൂടുകയും, സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇനിയും എന്ത് നടപടികൾ കൈക്കൊള്ളണമെന്ന് ആലോചന കൈക്കൊണ്ടു. തൽക്കാലം പോലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം, പോസ്റ്റ്മോർട്ടം നടന്നു കഴിഞ്ഞ് അതിൻ്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാൻ കഴിയുള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു.
"മുകളിൽനിന്നും കാൽതെറ്റി വീണതാണെങ്കിൽ പ്രത്യേകിച്ച് യാതൊന്നും പേടിക്കേണ്ട, എന്നാൽ മരണകാരണം മറ്റു വല്ലതുമാണെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ അസമാധാനം വന്നുചേരും" ഒരു പേടിയോടെ വിനയൻ അഭിപ്രായപ്പെട്ടു. അയാളുടെ വാക്കുകൾ ഉൾക്കൊണ്ട മറ്റുള്ളവരുടെ മനസ്സിലും ഭീതിയുടെ വിത്തുകൾ മുളയ്ക്കുവാൻ തുടങ്ങി
(തുടരും)