20/11/2024
സൗഹൃദ സഞ്ചാരത്തിൽ പ്രമുഖർ അണിനിരക്കും. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം നയിക്കുന്ന മാനവ സഞ്ചരം 22 ന് മണ്ണാർക്കാട്
മണ്ണാർക്കാട് : സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തുക, മാനവിക വിചാരങ്ങൾ
ഉണർത്തുക തുടങ്ങിയ സന്ദേശങ്ങളുയർത്തി നവംബർ 16 ന് കാസർഗോഡ് നിന്ന് പ്രയാണമാരംഭിച്ച എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം നയിക്കുന്ന മാനവ സഞ്ചാരം നവംബർ 22 ന് മണ്ണാർക്കാട് എത്തിച്ചേരും. ഉത്തരവാദിത്തം "മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് ഡിസംബർ 27, 28, 29 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായിട്ടാണ് മാനവ സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യത്യസ്‌ത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ നേരിൽ കണ്ട് രാജ്യത്തിൻ്റെ സൗഹൃദ പാരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ആശയവിനിമയം സാധ്യമാക്കിയാണ് സഞ്ചാരം പുരോഗമിക്കുന്നത്.
വൈകിട്ട് 3.30 ന് മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന സൗഹൃദ നടത്തത്തിൽ സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രമുഖർ അണിനിരക്കും. സ്നേഹ സാഹോദര്യങ്ങൾ അന്യംനിൽക്കുകയും സാമൂഹിക ബന്ധങ്ങൾ ദുർബലമാകുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഊഷ്‌മളമായ ചേർന്നുനിൽപുകൾ പുനഃസ്ഥാപിക്കാനും ലഹരി വ്യാപനം, വർഗീയ വിഭജനം തുടങ്ങിയവക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനുമുള്ള ആഹ്വാനങ്ങളാണ് മാനവ സഞ്ചാരത്തിൽ നടക്കുന്നത്. മലബാറിലെ സ്വീകരണം പൂർത്തിയായ മുഴുവൻ ജില്ലകളിലും വൻ ബഹുജന പങ്കാളിത്തമാണ് മാനവ സഞ്ചാരത്തിൽ ദൃശ്യമായത്.
പ്ലാറ്റിനം പദ്ധതികളിലെ മുഖ്യ ആകർഷണമായി സംസ്ഥാനത്തെ 6000 ഗ്രാമങ്ങളിൽ 'സൗഹ്യദ ചായ' എന്ന പേരിൽ സൗഹൃദ സംഗമങ്ങൾ നടന്നു വരുന്നുണ്ട്. 250 ലധികം ജനസമ്പർക്ക പരിപാടികൾ, 150 ൽപരം കൂടിക്കാഴ്‌ചകൾ, 130 ലധികം സ്ഥാപന സന്ദർശനങ്ങൾ, 16 മാനവസംഗമങ്ങൾ, 125 സ്നേഹ സമ്പർക്ക പരിപാടികൾ, വൈവിധ്യമാർന്ന സാന്ത്വന സംരംഭങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചരിത്ര സ്ഥലങ്ങൾ, തൊഴിൽ ശാലകൾ, വ്യവസായ കേന്ദ്രങ്ങൾ, ചേരിപ്രദേശങ്ങൾ, ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള സംവിധാനങ്ങളും സംരഭങ്ങളുമായുള്ള സമ്പർക്ക പരിപാടികൾ ഇതിൽ ഉൾപ്പെടും. സാംസ്‌കാരിക നായകർ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരൻമാർ, വ്യവസായികൾ, പ്രൊഫഷണലുകൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ, മത സാമുദായിക നേതാക്കൾ, യുവജന സംഘടനാ പ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള സ്നേഹ സംവാദവും മാനവ സഞ്ചാരത്തിൻ്റെ ഭാഗമായി നടക്കുന്നു.
22 ന് രാവിലെ 6 മണിക്ക് എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പന്ത്രണ്ട് സോണുകളിൽ 'ഏർളി ബേഡ്‌സ്' എന്ന പേരിൽ പ്രഭാത സവാരിയും ഒത്തുകൂടലും ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30ന് യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രൊഫഷണൽ, വ്യാപാരി, വ്യവസായി, യുവജന സംഘടനാ പ്രതിനിധികൾ മേഖലയിലെ പ്രമുഖർ ഒത്തു കൂടുന്ന ടേബിൾ ടോക്ക് പാലക്കാട് 'ഗസാല' ഹോട്ടലിൽ നടക്കും. 11.30 ന് പാലക്കാട് പ്രസ് ക്ലബ്ബിൽ നടക്കുന്ന മീഡിയ വിരുന്നിൽ ജാഥാ നായകൻ മാധ്യമ പ്രവർത്തകരുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് എമറാൾഡ് ഹോട്ടലിൽ പ്രാസ്ഥാനിക സംഗമം നടക്കും. വൈകീട്ട് 5 മണിക്ക് നെല്ലിപ്പുഴയോരത്ത് നടക്കുന്ന മാനവ മഹാസംഗമത്തിൽ സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസലിയാർ കൊമ്പം അധ്യക്ഷത വഹിക്കും പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യാത്ര നായകൻ ഡോ എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം അഭിവാദ്യവുമർപ്പിക്കും, സ്‌റ്റേറ്റ് പ്രസിഡൻ്റ് സയ്യിദ് ത്വാഹാ സഖാഫി പ്രഭാഷണം നിർവഹിക്കും, സ്വാമി തുളസി ദാസ്, ഫാദർ സി എം സക്കറിയ മുഖ്യാതിഥികളാവും. ജനപ്രതിനിധികൾ,സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ സംബന്ധിക്കും.
സ്വാഗതസംഘം ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഷൗക്കത്ത് ഹാജി(ചെയർമാൻ, സ്വാഗതസംഘം),അബൂബക്കർ അവണക്കുന്ന്(ജനറൽ സെക്രട്ടറി,എസ് വൈ എസ് പാലക്കാട് ജില്ല),അബ്ദുന്നാസർ സഖാഫി( ജനറൽ കൺവീനർ സ്വാഗതസംഘം),
മുഹമ്മദ് സാലിം മിസ്ബാഹി(പ്രസിഡന്റ്.മണ്ണാർക്കാട് മേഖല ജംഇയ്യത്തുൽ ഉലമ),ഹംസ കവുണ്ട ചെയർമാൻ മീഡിയ സമിതി),ഷാഫി സഅദികുമരംപുത്തൂർ(കൺവീനർ,മീഡിയ സമിതി),പി സി സിദ്ധീഖ് സഖാഫി(പ്രസിഡന്റ്,എസ് വൈ എസ് മണ്ണാർക്കാട് സോൺ),ലുഖ്മാൻ സഖാഫി(ജനറൽ സെക്രട്ടറി,എസ് വൈ എസ് മണ്ണാർക്കാട് സോൺ),സിറാജ് സഖാഫി,അബ്ദുൽ ഖാദർ ഖാസിമി,പി സി എം അഷറഫ് സഖാഫി, ഷമീർ ഹുമൈദി, എന്നിവർ പങ്കെടുത്തു.