01/10/2025
സർക്കീട്ട് സിനിമ അതിൽ ഏറ്റവും മനസ്സിൽ തട്ടിയൊരു സീനുണ്ട് -
തന്റെയൊരു സുഹൃത്തിനെ കാണാൻ വേണ്ടി ഒരു ഹോട്ടലിന്റെ മുൻപിൽ കാത്തിരിക്കുന്ന ആസിഫിന്റെ ആമീർ എന്ന കഥാപാത്രം. മണിക്കൂറുകളോളം ആമീർ അവിടെ കാത്ത് നിൽക്കുന്നുണ്ട്, പക്ഷെ കുടിച്ചതാകെ ഒരു ഗ്ലാസ് വെള്ളം. വിശപ്പുണ്ട് പക്ഷെ പൈസയില്ല..
എന്നാൽ ഇതെല്ലാം അകത്തിരിക്കുന്ന ഹോട്ടൽ ഉടമയായ ഇക്ക കാണുന്നുമുണ്ട്. ഒടുവിൽ വിശപ്പ് താങ്ങാൻ വയ്യാതെ ഒരു ഗ്ലാസ് ചായ ചോദിച്ച് ആമീർ അകത്തേക്ക് ചെന്ന് ഇരിക്കുന്നുണ്ട്.
ആമീർ : "ഇക്കാ ഒരു ചായ."
ഇക്കയുടെ ഭാഗത്ത് നിന്ന് മറുപടിയോ ചോദ്യമോ ഒന്നും തന്നെ വന്നില്ല. അമീറാകട്ടെ വയറിനൊരു ആശ്വാസം എന്നപോലെ ചായ നോക്കി ഇരുന്നു. പക്ഷെ അമീറിനെ ഞെട്ടിച്ച് കൊണ്ട് ഒരു പ്ലേറ്റ് ചോറും കറിയും ഇക്ക ആ മേശപ്പുറത്തേക്ക് കൊണ്ട് വെക്കുകയാണ്. ആളുമാറി കൊണ്ട് വെച്ചതാകാമെന്നാണ് ആമീർ അത് കണ്ട് കരുതുന്നത്.
ആമീർ : "അല്ല ഇക്കാ ഞാൻ ചായ ആണ് പറഞ്ഞത്."
അതിന് വളരെ സൗമ്യമായി ആ ഇക്ക ഒരു മറുപടി കൊടുക്കുന്നുണ്ട്.
"ഇപ്പോൾ ചോറ് കഴിക്കേണ്ട സമയമല്ലേ, ചോറ് കഴിക്ക്. പത്ത് നാല്പത് കൊല്ലമായില്ലേ മോനേ ഈ കടയും ഞാനും ഇവിടെ.. ഇവിടെ കയറി വരുന്ന ഒരാളുടെ മുഖം കണ്ടാൽ അവർക്ക് എന്താ വിളമ്പേണ്ടതെന്ന് എനിക്കറിയാം."
ആ നിമിഷം വിശപ്പ് എന്തെന്നറിഞ്ഞു വളർന്ന നമ്മുടെയും കണ്ണ് നിറഞ്ഞു പോകും 🥲
കയറി വന്നവന്റെ നാടും വീടും ജാതിയും മതവും ഒന്നും നോക്കാതെ വിശപ്പിന്റെ വിലക്ക് മീതെ മറ്റൊന്നും ചിന്തിക്കാതെ മനസറിഞ്ഞ് ഭക്ഷണം കൊടുക്കാൻ കാണിച്ച ആ സ്നേഹമുണ്ടല്ലോ, അതാണ് മനുഷ്യത്വം. അത് കണ്ട് ആമീർ കണ്ണ് നിറഞ്ഞ് കുറച്ച് നിമിഷങ്ങൾ അദ്ദേഹത്തെ നോക്കിയിരിക്കുന്നുണ്ട്.
സിനിമയിലെ ഇക്കയെ പോലെ ഒരു പാട് പേർ നമ്മുടെ ഇടയിലും ജീവിക്കുന്നുണ്ട് ഈ വ്ലോഗിങ് യാത്രയിൽ ഒരു പാട് പേരെ നേരിൽ കാണാനും കഴിഞ്ഞിട്ടുണ്ട്
പല വേഷത്തിൽ പല പേരുകളിൽ ആയിരിക്കും എന്ന് മാത്രം നമുക്ക് അവരെ ഒക്കെ "മനുഷ്യർ" എന്ന് പേരിട്ട് വിളിക്കാം ❤️