09/02/2019
പ്രകൃതത്തിന്റെ ആന്തരികപ്രഭ തേടിയുള്ള യാത്രയാണ് ഓരോ ജീവിതവും. മഞ്ഞു വീണ പ്രഭാതങ്ങൾ പൊൻവെയിലേറ്റ് പൊട്ടിവിരിയുന്നത് കാണാൻ ആഹ്ലാദത്തോടെ ഉണർന്നെഴുന്നേൽക്കുന്നപോലെയാണത്. ഇടറിയും മുറിഞ്ഞും നാമറിയാതെ ചില സന്ദേഹങ്ങൾക്കിടയിൽക്കൂടി സഞ്ചരിക്കുമ്പോഴാണ് ജീവിതത്തെ സ്നേഹിക്കാനാവുക. ഇരുണ്ട ആകാശത്തിന്റെ കണ്ണീർപ്പൂക്കൾ ആത്മാവിന്റെ ആവരണമാകുന്നപോലെ, പ്രണയത്തെ ഒന്നാകെ ഇലക്കുമ്പിളിൽ ചേർത്തെടുക്കുന്നപോലെയൊക്കെ ചിലതിലേക്ക് ജീവിതം വല്ലപ്പോഴുമൊന്ന് ചിതറി വീഴേണ്ടതുണ്ട്.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശത്തിനു കീഴിൽ ഏകാന്തമായ മരുഭൂമിയിൽ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളിൽ വിരിയുന്നൊരു പ്രാർത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ...
ആ പ്രാർത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്.
യുക്തിഭംഗം കൊണ്ട് ചില യുക്തികളെ കൊയ്തെടുക്കാനാവുമെന്ന് മനസ്സ് പറയുന്നുണ്ട്. എന്നിട്ടും നിരാശാഭരിതമായ ഹൃദയം ആകാശം നോക്കി വിലപിക്കുന്നുണ്ട്. മണ്ണിനും മരത്തിനും ജലത്തിനുമൊക്കെ മുകളിലായി തങ്ങിനിൽക്കുന്ന കനമുള്ള ജീവവായുവിനായി പ്രാണൻ പിടയുന്നുണ്ട്. ഒടുക്കം എന്തിനെന്നറിയാതെ മുറിച്ചുകടക്കാനാകാത്തൊരു ആന്തരിക നിശ്ശബ്ദതയിലേക്ക് മനസ്സ് ആണ്ടു പോകുന്നു.
ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകൾ ചേർന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കൾകൊണ്ട് നിറയും.
വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ, ദൈവനിന്ദകനോ ആകട്ടെ
നീ അഗ്നിയേയോ, വിഗ്രഹങ്ങളേയോ ആരാധിക്കുന്നവനാകട്ടെ
വരിക
ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
ഒരായിരം തവണ പ്രതിജ്ഞകൾ ലംഘിച്ചവനെങ്കിലും
വീണ്ടും വീണ്ടും വരിക.
പുസ്തകങ്ങൾക്ക്: 9037 75 1965