Voice Of Irshadiyya Mundakkayam

Voice Of Irshadiyya Mundakkayam ഇർശാദിയ്യ അക്കാദമി മുണ്ടക്കയം

11/03/2025

*‎‎📌വേഗതയേറിയ നിസ്കാരം*
*🔰 അറിയേണ്ടതെല്ലാം 🔰*
*▪~~~~~~~~~~~~~~~~~~~~▪*

✍🏼നമ്മുടെ നാടുകളിൽ തറാവീഹ് നിസ്കാരത്തിന്റെ വേഗതയും നടത്തിപ്പും വളരെ പ്രസിദ്ധമാണല്ലോ... കുറച്ച് സാവകാശം നിസ്കരിക്കുന്ന ഇമാമിനു പിന്നിൽ നമസ്കരിക്കാൻ ആളുകൾ കുറവാകുകയും പള്ളി കമ്മിറ്റിക്കാർ പോലും അത്തരം ഇമാമുകളെ മാറ്റി മറ്റു ആളുകളെ തൽസ്ഥാനത്ത് അവരോധിക്കുകയും ചെയ്യുന്ന കലികാലത്തിൽ ആണ് നാം ജീവിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ വേഗതയേറിയ തറാവീഹ് നിസ്കാരം പല ആളുകൾക്കും നിസ്കാരത്തിന്റെ സ്വീകാര്യത നഷ്ടപ്പെടുത്താൻ കാരണമാകുന്നു. വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ വിമർശിക്കുകയല്ല മറിച്ച് സാധാരണക്കാർക്ക് സംഭവിക്കുന്ന അബദ്ധം ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം...

നിസ്കാരത്തിന്റെ റുക്നിൽ വളരെ പ്രധാനപ്പെട്ടതാണ് *طمئنينة* അഥവാ അനക്കം അടങ്ങൽ.
എന്താണ് *طمئنينة*??
هي سكون الاعضاء عند الحركة ولو لحظة
"അവയവങ്ങളെ അനക്കത്തിൽ നിന്നും അടക്കി നിർത്തൽ" (ഒരു നിമിഷമെങ്കിലും)

هي السكون في كل ركن فعلي

'പ്രാവർത്തികമായ എല്ലാ റുക്നുകളിലും അനക്കം അടങ്ങൽ'.
ഇങ്ങനെയൊക്കെയാണ് നിർവചനം നൽകപ്പെട്ടിട്ടുള്ളത്.
വിശദമായി പറഞ്ഞാൽ നിറുത്തം ( *قيام* ) എന്ന പ്രാവർത്തികമായ റുക്നിൽ നിന്നും റുകൂഇലേക്ക് എത്തിക്കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത് റുകൂഇലേക്ക് എത്താൻ വേണ്ടി ഉണ്ടായ അനക്കം പരിപൂർണ്ണമായി അടങ്ങുന്നത് വരെ റുകൂഅ് ചെയ്യുന്നവനായി തുടരുക.

وأما الطمأنينة في الصلاة فركن عند جمهور أهل العلم واختلفوا في مقدارها، والأصح أنها سكون بعد حركة بمقدار قول (سبحان الله) مرة واحدة،

*طمئنينة* നിസ്കാരത്തിൽ
റുക്ന് തന്നെയാണ്. അതിന്റെ പരിധിയുടെ വിഷയത്തിൽ ഉലമാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
പ്രബലമായ അഭിപ്രായത്തിൽ
*سبحان الله*
എന്ന് ഒരു പ്രാവശ്യം പറയാൻ എടുക്കുന്ന സമയം ഏറ്റവും കുറഞ്ഞ പരിധിയാണ്.

ഇമാം ഇബ്നു ഹജർ (റ) തങ്ങൾ പറയുന്നു
قال ابنُ حجر الهيتمي "وضابطُها أن تسكُنَ وتستقِرَّ أعضاؤُه".
( تحفة المحتاج)

"കൃത്യമായി പറഞ്ഞാൽ അനക്കം അടങ്ങലും അവയവങ്ങൾ ശാന്തമാക്കി വെക്കലുമാണ്." (തുഹ്ഫ)

*📍ഹദീസുകളിൽ*

ഇമാം അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന വളരെ നീണ്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം...

"ഒരിക്കൽ പ്രവാചകൻ (ﷺ) പള്ളിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരാൾ പള്ളിയിൽ കയറി നിസ്കരിച്ച ശേഷം നബിﷺയോട് സലാം പറഞ്ഞു. സലാം മടക്കിയ ശേഷം പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞു:

*ارجع فصل فانك لم تصل*
വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.

പ്രവാചക കല്പന അനുസരിച്ച് അദ്ദേഹം രണ്ടാമതും നിസ്കരിച്ചു തിരിച്ചുവന്നു. അപ്പോൾ നബി ﷺ വീണ്ടും പറഞ്ഞു:

*ارجع فصل فانك لم تصل*
വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.

ഇങ്ങനെ മൂന്നാമതും ആവർത്തിച്ചപ്പോൾ അയാൾ നബിﷺയോട് പറഞ്ഞു:

*علمني يا رسول الله*
എനിക്ക് പഠിപ്പിച്ചു തരൂ പ്രവാചകരേ.. അപ്പോൾ നബി ﷺ വിശദീകരിച്ചു.
നീ നിസ്കാരം ഉദ്ദേശിച്ചാൽ
പരിപൂർണ്ണമായ അംഗശുദ്ധി വരുത്തുകയും ഖിബ്‌ലക്ക് മുന്നിട്ട് നിന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലുകയും ചെയ്യുക. ശേഷം ഫാതിഹയും സൂറത്തും ഓതി റുകൂഅ് ചെയ്യുക
*حتى تطمئن راكعا*
റുകൂഇൽ അനക്കം അടങ്ങുന്നതുവരെ അതായത് നിറുത്തത്തിൽനിന്ന് റുകൂഇലേക്ക് പോകുമ്പോൾ അനങ്ങുന്ന നിന്റെ ശരീരാവയവങ്ങൾ പരിപൂർണ്ണമായി അടങ്ങുന്നത് വരെ...

ശേഷം റുകൂഇൽ നിന്ന് എഴുന്നേറ്റ് നിൽക്കുക
*حتى تستوي قائما*
ശരിയായ രൂപത്തിൽ നിൽക്കുന്നത് വരെ.
ശേഷം സുജൂദ് ചെയ്യുക
*حتى تطمئن ساجدا*
സുജൂദിലും അനക്കം അടങ്ങുന്നതുവരെ.
ശേഷം സുജൂദിൽ നിന്ന് ഉയരുക
*حتى تطمئن جالسا*
ഇരുന്നവനായി അനക്കം
അടങ്ങുന്നതുവരെ.
ശേഷം രണ്ടാമത്തെ സുജൂദും ചെയ്യുക
*ثم افعل ذلك في صلاتك كلها*
നിന്റെ നിസ്കാരത്തിന്റെ മുഴുവൻ ഭാഗങ്ങളും ഇപ്രകാരം ചെയ്യുക.

നബി ﷺ തങ്ങൾ ഓരോ റുക്നുകളിലും പ്രത്യേകമായി
*حتى تطمئن*
അനക്കം അടങ്ങുന്നതുവരെ എന്നോ
*حتى تستوي*

ശരിയായ രൂപത്തിൽ ചെയ്യുന്നതുവരെ എന്നോ പ്രത്യേകമായി എടുത്തുപറയുകയും അവസാനം നിസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്രകാരം ചെയ്യണം എന്ന് കൽപിക്കുകയും ചെയ്തു.

ഈ ഹദീസിനെ വിശദീകരിച്ച് കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നു:
فبين النبي ان هذا الرجل لا صلاة له لانه لم يطمن فكرره ثلاثا ليستقل في ذهنه ان صلاته غير مجزئة ,
നബിﷺതങ്ങൾ വിശദമാക്കി തന്നു "ആ പുരുഷന്റെ നിസ്ക്കാരം സ്വഹീഹ് അല്ല. കാരണം അവൻ അനക്കം അടങ്ങിയിട്ടില്ല.
മൂന്നുപ്രാവശ്യം ആവർത്തിച്ചത് അയാളുടെ മനസ്സിൽ തന്റെ നിസ്കാരം മതിയായത് അല്ല എന്ന് സ്ഥിരപ്പെടുത്താൻ വേണ്ടിയാണ്.

*● ഹദീസ്* *2*

عن زيدِ بنِ وهبٍ الجُهَنيِّ قال: ((رأى حُذَيفةُ رضيَ اللهُ عنه رجلًا لا يُتمُّ الرُّكوعَ والسُّجودَ، قال: ما صلَّيْتَ، ولو مِتَّ مِتَّ على غيرِ الفِطرةِ التي فطَرَ اللهُ محمَّدًا صلَّى اللهُ عليه وسلَّم عليه

സൈദ് ബിൻ വഹബ് (റ)വിൽ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു:

മഹാനായ ഹുദൈഫ (റ) ഒരാൾ റുകൂഉം സുജൂദും പരിപൂർണ്ണമാകാത്ത രൂപത്തിൽ നിസ്കരിക്കുന്നതായി കണ്ടപ്പോൾ അയാളോട് പറഞ്ഞു:
*ما صليت لو مت مت على غير الفطرة*
നീ നിസ്കരിച്ചിട്ടില്ല. ഈ രൂപത്തിൽ നീ മരിച്ചാൽ അല്ലാഹു തആല നബി ﷺ തങ്ങൾക്ക് ചര്യയാക്കി കൊടുത്ത ദീനിന്റെ മേലിൽ മരിക്കാൻ നിനക്ക് കഴിയില്ല.

ഇമാം നസാഈ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ മറ്റൊരു രൂപത്തിൽ കാണാം...

وفي روايةِ النَّسائي: أنَّ حذيفةَ - رضي الله عنه - قال له: "منذ كم تصلي هذه الصَّلاة؟" قال: منذ أربعين عامًا، قال: "ما صليتَ منذ أربعين سنة"
؛ سنن النسائي الكبرى.

റുകൂഇലും സുജൂദിലും അനക്കം അടങ്ങാത്ത രൂപത്തിൽ നിസ്കരിച്ച വ്യക്തിയോട് ഹുദൈഫ (റ) ചോദിച്ചു
*منذ كم تصلي هذه الصلاة*
എത്ര വർഷമായി നിങ്ങൾ ഇങ്ങനെ നിസ്കരിക്കാൻ തുടങ്ങിയിട്ട്..?

അദ്ദേഹം മറുപടി പറഞ്ഞു...
*منذ 40 سنة*
40 വർഷമായി..!!

അപ്പോൾ ഹുദൈഫ (റ) പറഞ്ഞു:

"40 വർഷം നീ നിസ്കരിക്കാത്തവനെ പോലെയാണ്..."

റുകൂഉം സുജൂദും പരിപൂർണ്ണ അനക്കം അടങ്ങാതെ ചെയ്തതിന്റെ പേരിൽ 40 വർഷത്തെ നിസ്കാരം ശരിയല്ലെന്നും പ്രവാചകചര്യയിൽ ആയി മരിക്കാൻ സാധിക്കില്ല എന്നും പറയുമ്പോൾ എത്ര ഗൗരവം ആണ് ഈ വിഷയം എന്ന് മനസ്സിലാക്കാമല്ലോ..!!

ഈ ഹദീസിന്റെ വെളിച്ചത്തിൽ കർമശാസ്ത്ര പണ്ഡിതർ പറയുന്നു:

*يقول العلماء ان قوله ما صليت دلالة على واجب الطمئنينة*
ഹുദൈഫ (റ) വിന്റെ *ماصليت* എന്ന വാചകം
*طمئنينة*
നിർബന്ധമാണ് എന്നതിന്റെ തെളിവാണ്.

● ഹദീസ് 3

عن أبي مسعودٍ الأنصاريِّ قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم: لا تُجزئُ صلاةٌ لا يُقيمُ الرَّجُلُ فيها صُلْبَه في الرُّكوعِ والسُّجودِ

അബൂ മസ്ഊദിൽ അൻസ്വാരി (റ) വിൽ നിന്ന്, അദ്ധേഹം പറയുന്നു:

നബി ﷺ പറഞ്ഞു: "മുതുകിനെ നേരെയാക്കാതെ സുജൂദും റുകൂഉം ചെയ്യുന്നവന്റെ നിസ്കാരം സ്വീകാര്യ യോഗ്യമാവാൻ മതിയാകാത്തതാണ്."

ഈ ഹദീസിനെ ഇമാം ഇബ്നു റജബ് (റ) ഫത്ഹുൽ ബാരിയിൽ ഇങ്ങനെ വിശദീകരിക്കുന്നു...

قال الشافعي وأحمد وإسحاق: من لا يقيم صلبَه في الركوعِ والسجود فصلاتُه فاسدة، لحديث النبي - صلَّى الله عليه وسلَّم -: ((لا تجزئ صلاةٌ لا يقيمُ الرجلُ فيها صلبَه في الركوع والسجود))؛
( فتح الباري لابن رجب.)

ഇമാം ശാഫിഈ, അഹ്‌മദ്, ഇസ്ഹാഖ് എന്നവർ പറഞ്ഞു: മുതുക് സമം ആകാത്തവന്റെ (റുകൂഇലും സുജൂദിലും) നിസ്കാരം *فاسدة* (സ്വീകാര്യയോഗ്യമല്ലാത്തത്) ആണ് എന്ന് ഈ ഹദീസ് വ്യക്തമാക്കിയിട്ടുണ്ട്.
(ഫത്ഹുൽ ബാരി)

ഷെയ്ഖ് അതിയ്യ് സാലിം പറയുന്നു: നിസ്കാരത്തിൽ അനക്കമടങ്ങാത്ത ഒരു വിഭാഗം ജനങ്ങളുമായി ഞാൻ സംവദിച്ചു. ചിലർ റുകൂഅ് ചെയ്യുന്നത് കണ്ടാൽ പിരടിയിൽ ഉള്ള എന്തോ കുടഞ്ഞെറിയുന്നത് പോലെയാണ് തോന്നുക, അത്രയും വേഗതയാണ്.
ഞാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, അവരുടെ മദ്ഹബിൽ ഇതെല്ലാം ചെറിയ റുക്നുകൾ ആണ്.
നമ്മൾ പറയുന്നു
ليس في الاركان خفيف وثقيل
റുക്നുകളിൽ നേരിയതോ കനം കൂടിയതോ ഒന്നുമില്ല
നബിﷺതങ്ങൾ റുകൂഉം, ഇടയിലെ ഇരുത്തവും, നിറുത്തവുമെല്ലാം അനക്കം അടങ്ങിയവരായിട്ടാണ് ചെയ്തിരുന്നത് എത്രത്തോളം എന്ന് വെച്ചാൽ
حتى يستقرَّ ويعود كل فقارٍ في مقره، ويعود كلُّ عظمٍ في مكانه، والحركة الخفيفة ليست استقرارًا

( شرح الأربعين النووية).

ഓരോ എല്ലുകളും അവയുടെ സ്ഥാനങ്ങളിൽ മടങ്ങി ശാന്തമാകുന്നത് വരെയും, ഓരോ അസ്ഥികളും കൃത്യമായ സ്ഥലങ്ങളിൽ സ്ഥിരപ്പെടുത്തുന്നത് വരെയും അനക്കം അടങ്ങുമായിരുന്നു.
والحركه الخفيفة ليس استقرارا
ചെറിയ അനക്കം ഉണ്ടെങ്കിൽ അതിനെ ശാന്തത എന്ന് പറയാൻ പറ്റില്ലല്ലോ...
(ശറഹുൽ അർബ ഈൻ അന്നബവിയ്യ)

❓ഇഹ്തിദാലും സൂജൂദിന്നിടയിലെ ഇരുത്തവും ചെറിയ റുക്ന് അല്ലേ..?

ഇഹ്തിദാൽ (റുക്കൂഇന്റെയും സുജൂദിന്റെയും ഇടയിലുള്ള നിറുത്തം)
അതുപോലെ രണ്ടു സുജൂദ്ന്റെ ഇടയിലെ ഇരുത്തം എന്നിവ വളരെ ചെറിയ റുക്നുകൾ ആണെന്നും അതുകൊണ്ട് അവിടെ അനക്കം അടങ്ങൽ ആവശ്യമില്ലെന്നും ഒരു മൂഢധാരണ ചിലർക്കുണ്ട്. ഇതൊരു ധാരണ പിശകാണ്.

ഇമാം ഇബ്നു ഹജർ (റ) തുഹ്ഫയിൽ വിവരിക്കുന്നു:
ويجب ان يطمئن فيه للخبر الصحيح ، ثم ارفع حتى تطمئن قائما
ഇഹ്തിദാലിൽ അനക്കം അടങ്ങൽ നിർബന്ധമാണ്. സ്വഹീഹായ ഹദീസിൽ അപ്രകാരം വന്നിട്ടുണ്ട്.
( *تحفة المحتاج* )
اعتدال
എന്ന പദത്തിന്റെ അർത്ഥം തന്നെ നേരെ സമമായി നിൽക്കുക എന്നാണ്.
ചില കിതാബുകളിൽ ചെറിയ റുക്നുകൾ എന്ന് ഉപയോഗിക്കപ്പെട്ടത്
നിൽക്കൽ, റുകൂഅ്, സുജൂദ് പോലെയുള്ള റുക്നുകളിൽ നിർവഹിക്കുന്നത് പോലെ നീണ്ട പ്രാർത്ഥനകൾ നടത്തേണ്ടതില്ല എന്ന ഉദ്ധേശത്തിലാണ്.
മാത്രമല്ല, അനക്കം അടങ്ങാത്ത രൂപത്തിൽ വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ തുടരാൻ പാടില്ല എന്നും, തുടർന്നാൽ തന്നെ നിസ്ക്കാരം സ്വഹീഹാവുകയില്ല എന്നും കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.

فإن كان الإمام يسرع إسراعاً واضحاً يخلُّ في صلاته بالطمأنينة ، ولا تسكن أعضاؤه في كل ركن : فإن الصلاة لا تصح خلفه ، لإخلاله بركن من أركان الصلاة .
( الفقه على مذاهب الاربعة )
ഇമാം വളരെ വേഗത്തിൽ നിസ്കരിക്കുന്നവൻ ആണെങ്കിൽ, ഓരോ റുക്നിലും അവയവങ്ങൾ കൃത്യമായി അനക്കം അടങ്ങുന്നില്ലെങ്കിൽ ആ ഇമാമിനെ തുടരൽ സ്വഹീഹ് അല്ല.
കാരണം, അദ്ദേഹം നിസ്കാരത്തിന്റെ ഒരു റുക്നിൽ ഭംഗം വരുത്തിയിരിക്കുന്നു.

وإذا دخلتَ مع الإمام ثم رأيته لا يطمئنُّ فإنَّ الواجبَ عليك أن تنفردَ عنه، وتتم الصلاة لنفسك بطمأنينة حتى تكون صلاتك صحيحة،
നീ ഒരു ഇമാമിനോട് തുടരുകയും അദ്ദേഹം
طمئنينة
പൂർണമായി ചെയ്യാത്തവൻ ആണെന്ന് വ്യക്തമാവുകയും ചെയ്താൽ ഇമാമിനോട് വിട്ടുപിരിഞ്ഞ് തനിച്ച് നിസ്കാരം പൂർത്തിയാക്കൽ നിർബന്ധമാണ്.

ഹദീസുകളും, കർമശാസ്ത്ര ഗ്രന്ഥങ്ങളും ഈ റുക്നിനെക്കുറിച്ച് വളരെ ഗൗരവമായിത്തന്നെ പഠിപ്പിക്കുമ്പോൾ അശ്രദ്ധ കാരണം നമ്മുടെ നിസ്കാരം നഷ്ടപ്പെടാതിരിക്കാൻ ജാഗരൂകരാകുക.

ചെറിയ ശ്രദ്ധ കുറവ് മണിക്കൂറുകളോളം നിസ്കരിക്കുന്ന കൂലി നഷ്ടപ്പെടുത്തിയേക്കാം.
അതോടൊപ്പം നിസ്കരിക്കാത്തവന്റെ കുറ്റവും ഏറ്റെടുക്കേണ്ടി വന്നേക്കാം... ജാഗ്രതൈ..!!

📍പിന്തി തുടർന്നവർ ശ്രദ്ധിക്കുക

ഇമാമിനോട് പിന്തിത്തുടർന്നവർ ശ്രദ്ധിക്കേണ്ട മുഖ്യമായ ചില വിഷയങ്ങൾ സൂചിപ്പിക്കാം...

ചില ആളുകൾ പള്ളിയിൽ എത്തുമ്പോൾ ഇമാം റുകൂഇൽ ആയിരിക്കും
റക്കഅത്ത് കിട്ടാനുള്ള വ്യഗ്രതയിൽ നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ശരിയായ രൂപത്തിൽ ചെയ്യാതെ വേഗത്തിൽ റുകൂഇലേക്ക് പോകും

റകഅത്ത് ലഭിക്കാൻ വേണ്ടി ചെയ്യുന്ന ഈ വ്യഗ്രത നിസ്കാരത്തെ മൊത്തത്തിൽ ബാത്വിലാക്കുന്നു. കാരണം തക്ബീറത്തുൽ ഇഹ്റാം പരിപൂർണ്ണമായി നിന്നവനായ സ്ഥിതിയിൽ ചെയ്യൽ നിർബന്ധമാണ്. ഇവിടെ പ്രധാനപ്പെട്ട മൂന്ന് റുക്നുകൾ ഉണ്ട്...

1) നിയ്യത്ത്

2) തക്ബീറത്തുൽ ഇഹ്റാം

3) നിൽക്കാൻ കഴിവുള്ളവർ നിൽക്കുക

ഈ മൂന്നു റുക്നുകളും, മുഴുവനായോ, അല്ലെങ്കിൽ ഇവയിൽ ചിലതോ നഷ്ടപ്പെടാൻ കാരണമാകുന്നതിനാൽ നിസ്കാരം വൃഥാവിൽ ആകുന്നു.
ഇമാം നവവി (റ) പറയുന്നു:

قال النووي رحمه الله :
" يَجِبُ أَنْ يُكَبِّرَ لِلْإِحْرَامِ قَائِمًا حَيْثُ يَجِبُ الْقِيَامُ ، وَكَذَا الْمَسْبُوقُ الَّذِي يُدْرِكُ الْإِمَامَ رَاكِعًا يَجِبُ أَنْ تَقَعَ تَكْبِيرَةُ الْإِحْرَامِ بِجَمِيعِ حُرُوفِهَا فِي حَالِ قِيَامِهِ ، فَإِنْ أَتَى بِحَرْفٍ مِنْهَا فِي غَيْرِ حَالِ الْقِيَامِ لَمْ تَنْعَقِدْ صَلَاتُهُ فَرْضًا ، بِلَا خِلَافٍ " انتهى
" المجموع " (3/296) .
നിൽക്കാൻ കഴിവുള്ളവൻ തക്ബീറത്തുൽ ഇഹ്റാമിലെ ഹർഫുകൾ പരിപൂർണ്ണമായും ഉച്ചരിക്കേണ്ടത്
നിന്നു കൊണ്ടാകണം .
തക്ബീറത്തുൽ ഇഹ്റാമിലെ ( *الله اكبر* ) ചില ഹർഫുകൾ നിറുത്തത്തിൽ അല്ലാതെ സംഭവിച്ചാൽ നിസ്കാരം ഫർള് ആയി കെട്ടു പെടുകയില്ല.
(മജ്മൂഅ്)

ഫർള് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്, സുന്നത്ത് നിസ്കാരങ്ങളിൽ നിറുത്തം എന്നത് നിർബന്ധം ഇല്ലാത്തതുകൊണ്ടാണ്.

വളരെ വേഗത്തിൽ റകഅത്ത് ലഭിക്കാൻ വേണ്ടി നാം ചെയ്യുന്ന അബദ്ധങ്ങൾ നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുന്നതാണ്.

المسبوق إذا أدرك الإمام راكعاً ، فإنه يلزمه أن يكبر للإحرام قائماً ، فإن أتى بتكبيرة الإحرام حال انحنائه لم تصح صلاته .
( الفقه على مذاهب الاربعة )

പിന്തിത്തുടർന്നവൻ ഇമാമിനെ റുകൂഇൽ എത്തിച്ചാൽ നിന്നവനായിട്ട് തന്നെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ നിർബന്ധമാണ്. റുകൂഇലേക്ക്
കുനിയുന്നതിനിടയിൽ തക്ബീറത്തുൽ ഇഹ്റാം കൊണ്ടുവന്നാൽ നിസ്ക്കാരം സ്വഹീഹാവുകയില്ല.

📍ഇമാമിന്റെ സലാമിന് ശേഷം

മസ്ബൂഖ് (പിന്തി തുടർന്നവൻ) ഇമാം സലാം വീട്ടിയ ശേഷം തനിക്ക് നഷ്ടപ്പെട്ട ഭാഗം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ ഇമാം രണ്ട് സലാമും വീട്ടിയ ശേഷം എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. കാരണം ശ്രേഷ്ഠമായ രൂപം അങ്ങനെയാണ്.

وأما قيام المسبوق: فإنه لا يجوز له القيام إلا بعد فراغ الإمام من التسليمتين، عند من يرى ركنية التسليمة الثانية، وهو قول الحنابلة، وأما من يرى سنية التسليمة الثانية، فلا حرج عنده في قيام المسبوق، قبل إتيان الإمام بها، وإن كان خلاف الأولى،

രണ്ട് സലാമും റുക്നാണ് എന്ന് പറയപ്പെടുന്ന ചില (ഹമ്പലി) പണ്ഡിതന്മാർ ഉള്ളതുകൊണ്ട് തന്നെ ഏറ്റവും നല്ലത് ഇമാമിന്റെ രണ്ടു സലാമിന്റെയും ശേഷം പിന്തിതുടർന്നവൻ ബാക്കി പൂർത്തീകരിക്കാൻ എഴുന്നേൽക്കലാണ്.
നമ്മുടെ മദ്ഹബ് പ്രകാരം രണ്ടാമത്തെ സലാം റുക്ന് അല്ല എങ്കിലും ഇമാം ഒരു സലാം വീട്ടിയ ഉടനെ എഴുന്നേൽക്കൽ സൂക്ഷ്മതക്ക് എതിരാണ്.

നല്ല സൂക്ഷ്മതയോടെ സ്വീകാര്യയോഗ്യമായ രൂപത്തിൽ നമസ്കരിക്കാൻ അല്ലാഹു ﷻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ

☝🏼അല്ലാഹു അഅ്ലം☝🏼


🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜

13/02/2025

🌙 ബറാഅത്ത് രാവിൽ 🌙
🍃ചെയ്യേണ്ട കാര്യങ്ങൾ🍃
✦~~~~~~~✸ 🤲🏼 ✸~~~~~~~✦

📍മഗ്‌രിബിന് ശേഷമായി 3 യാസീൻ ഓതുക

1) അല്ലാഹുﷻവിന്റെ പൊരുത്തത്തിലായി ദീർഘായുസ്സ് ലഭിക്കാൻ.
2) ഭക്ഷണത്തിൽ ബറകത്ത് ലഭിക്കാൻ.
3) തന്റെ ശരീരത്തിലും, മാതാപിതാക്കളിലും, ഭാര്യമക്കളിലും, കുടുംബത്തിലും, ആഫിയത്തുള്ള ബറകത്ത് ലഭിക്കാൻ.

▪️ശേഷം سورة الدخان ഓതുക.

▪️ശേഷം...

اَللـَّهُمَّ إِنـَّكَ حَلِيمٌ ذُواَنَاةٍ لَاطَاقَةَ لـَنَا فَاعْفُ عَنـَّا بِحِلْمِكَ يَااللهُ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ Ο
(70 പ്രാവശ്യം ചൊല്ലുക)

▪️ശേഷം...

يَاحَيُّ يَاقَيُّمُ بِرَحْمَتِكَ اَسْتَغِيثُ Ο
(100 പ്രാവശ്യം ചൊല്ലുക)

▪️ശേഷം താഴെ കൊടുത്ത دعاء.

اَلْحَمْدُ لِلهِ رَبِّ الْعَلـَمِينْ Ο اَللـَّهُمَّ صَلِّ وَسَلـِّمْ وَبَارِكْ عَلَى رَسُولِكَ سَيِّدِنَا مُحَمَّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلـِّمْ Ο اَللـَّهُمَّ هَبْ لَنَا قَلْبًا تَقِيـًّا نَقِيـًّا مِنَ الشِّرْكِ بَرِيـًّا لَا كَافِرً وَلَا شَقِيـًّا Ο اَللـَّهُمَّ اَحْيِنَا حَيَوةَ السُّعَدَاءِ وَاَمِتْنَا مَوْتَ الشّـُهَدَاءِ وَاحْشُرْنَا فِي زُمْرَةِ الْاَنْبِيَاءِ وَالْاَصْفِيَاءِ Ο اَللـَّهُمَّ إِنْ كُنْتَ كَتَبْتَ اِسْمِي فِي دِيوَانِ السُّعَدَاءِ فَلَكَ الْحَمْدُ وَلَكَ الشُّكْرُ Ο وَإِنْ كُنْتَ كَتَبْتَ إِسْمِي فِي دِيوَانِ الْاَشْقِيَاءِ Ο فَامْحُ عَنـِّي اِسْمَ الشَّقَاوَةِ وَاَثْبِتْنِي فِي دِيوَانِ السُّعَدَاءِ Ο فَإِنـَّكَ قُلْتَ وَقَوْلُكَ الْحَقُّ يَمْحُواللهُ مَايَشَاءُ وَيُثْبِتُ وَعِنْدَهُ اُمُّ الـْكِتَابِ يَاذَا الـْجَلَالِ وَالْإِكْرَامِ Ο ظَهْرَ اللَّاجِئِينَ وَجَارَالْمُسْتَجِيرِينَ وَاَمَانَ الـْخَائِفِينَ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينْ Ο [1]

▪️ശേഷം താഴെ കൊടുത്ത دعاء10 പ്രാവശ്യം ചൊല്ലുക.

إِلَهِي جُودُكَ دَلـَّنِي عَلَيْكَ وَاِحْسَانُكَ قَرَّبَنِي إِلَيْكَ اَشْكُو إِلَيْكَ مَالَا يَخْفـَي عَلَيْكَ وَاَسْاَلُكَ مَالَا يَعْسُرُ عَلَيْكَ إِذْ عِلـْمُكَ بِحَالِي يَكْفِي عَنْ سُؤَالِي يَامُفَرِّجَ كَرْبِ الـْمَكْرُوبِينَ فَرِّجْ عَنـِّي مَااَنَافِيهِ لَاإِلَاهَ إِلَّا اَنْتَ سُبْحَانَكَ إِنـِّي كُنْتُ مِنَ الظـَّالِمِينْ Ο فَاسْتَجَبْنَالَهُ وَنَجَّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِى الْمُؤْمِنِينْ Ο

▪️ശേഷം താഴെ കൊടുത്ത دعاء ചൊല്ലുക.

اَللـَّهُمَّ يَاذَا الْمَنِّ وَلَايُمَنُّ عَلَيْكَ يَاذَا الْجَلَالِ وَالْإِكْرَامِ يَاذَا الطـَّوْلِ وَالْإِنْعَامِ لَاإِلَاهَ إِلَّااَنْتَ ظَهَرَ اللَّاجِئِينَ وَجَارَ الْمُسْتَجِيرِينَ وَمَاْمَنَ الْخَائِفِينَ وَكَنْزَالطـَّالِبِينَ Ο اَللـَّهُمَّ إِنْكُنْتَ كَتَبْتَنِي عِنْدَكَ فِي اُمِّ الْكِتَابِ شَقِيـًّا اَوْ مَحْرُومًا اَوْ مَطْرُودًا اَوْ مُقـْتَرًاعَلَيَّ فِى الرِّزْقِ فَامْحُ عَنـِّي Ο اَللـَّهُمَّ بِفَضْلِكَ شَقَاوَتِي وَحِرْمَانِي وَطَرْدِي وَإِقْتَارَ رِزْقِي وَاَثْبِتْنِي عِنْدَكَ فِي اُمِّ الْكِتَابِ سَعِيدًا مَرْزُوقـًا مُوَفـَّقـًا لِلْخَيْرَاتِ فَإِنـَّكَ قـُلْتَ وَقَوْلُكَ الْحَقُّ فِي كِتَابِكَ الْمُنَزَّلِ عَلَى لِسَانِ نَبِيِّكَ الْمُرْسَلِ يَمْحُوا لِلَّهُ مَايَشَاءُ وَيُثْبِتُ وَعِنْدَهُ اُمِّ الْكِتَابِ Ο وَاَسْئَلُكَ اَللـَّهُمَّ بِحَقِّ التَّجَلـِّي الْاَعْظَمِ فِي لَيْلَةِ النـِّصْفِ مِنْ شَهْرِ شَعْبَانَ الْمُكَرَّمِ اَلـَّتِي يُفْرَقُ فِيهَا كُلُّ اَمْرٍ حَكِيمٍ Ο وَيُبْرَمُ اَنْ تَكْشِفَ عَنـِّي مِنَ الْبَلَاءِ مَا اَعْلَمُ وَمَالَا اَعْلَمُ فَاغْفِرْلِي مَااَنْتَ بِهِ اَعْلَمُ إِنـَّكَ اَنْتَ الْاَعَزُّ الْاَكْرَمُ Ο آمِينْ بِرَحْمَتِكَ يَااَرْحَمَ الرّاحِمِينَ Ο وَصَلـَّى اللهُ عَلَى سَيِّدِنَا مُحَمَّدِنِ النـَّبِيِّ الْاُمِّيِّ وَعَلَى آلِهِ وَصَحْبِهِ اَجْمَعِينُ Ο سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلهِ رَبِّ الْعَالَمِينَ O

【NB: നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു】

☝🏼അല്ലാഹു അഅ്ലം☝🏼



🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜

16/08/2023

അറിവിൻ നിലാവിലെ സഫ്വാൻ സഖാഫി ഉസ്താദ് നമ്മുടെ ഉസ്താദിന്റെ വല്ലുമ്മക്ക് വേണ്ടി ദുആ ചെയ്യുന്നു.

16/08/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

ഇർശാദിയ്യ സാരഥിയായ അബ്ദുൽ റഹ്മാൻ മുസ്‌ലിയാരുടെ ഉമ്മയും, ലബീബ് അസ്ഹരി ലിയാഖത്ത് സഖാഫിയുടെ വല്യമ്മയുമായ ഫാത്തിമ ഉമ്മ (95) അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി

ഖബറടക്കം 17/08/2023 (നാളെ) വ്യാഴം ളുഹർ നമസ്കാര ശേഷം വരിക്കാനി ഖബർസ്ഥാനിൽ.

മഗ്ഫിറത്തിന് വേണ്ടി എല്ലാവരും ദുആ ചെയുക അവരെയും നമ്മെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

30/05/2023

🕋 ഹജ്ജ് തരുന്നത് 🕋
നവജാത ശിശുവിന്റെ
🍃 വിശുദ്ധി 🍃
🔘~~~~~~▪♻▪~~~~~~🔘

✍🏼കൊടുംവിജനതയുടെ മക്കാപരിസരം. പറക്കമുറ്റാത്ത കൊച്ചു കുഞ്ഞിനെയും ഭാര്യ ഹാജറയെയും താഴ്‌വരയുടെ ഊഷരതയില്‍ തനിച്ചാക്കി ഇബ്‌റാഹീം നബി(അ) തിരിച്ചു നടക്കുന്നു. ഒരു തോല്‍പ്പാത്രത്തില്‍ വെള്ളവും കഴിക്കാന്‍ അല്‍പ്പം ഈത്തപ്പഴവും മാത്രം ബാക്കിയുണ്ട്. വിജനതയുടെ വിഭ്രാന്തിയില്‍ ആശങ്കപ്പെടുന്ന ഹാജറയോട് ഇത് അല്ലാഹുﷻവിന്റെ കല്‍പനയാണെന്നു പറയുന്നതോടെ അവര്‍ സമാധാനപ്പെടുന്നു.

എന്നാലും വിജനതയുടെ തോരാത്ത നിശ്ശബ്ദതയില്‍ ഒരു മാതാവും കുഞ്ഞും തനിച്ച്. ആ കുഞ്ഞാവട്ടേ തൊണ്ണൂറുകള്‍ക്കു ശേഷം നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരമായി തനിക്കു പിറന്ന പൊന്നോമന..!

പരീക്ഷണങ്ങള്‍ നിറഞ്ഞ ഇബ്‌റാഹീം നബി(അ)മിന്റെ ജീവിതത്തില്‍ മറ്റൊരു പരീക്ഷണമാണിത്. എന്നാല്‍ ഇതു വഴി ലോകചരിത്രത്തില്‍ അത്ഭുതകരമായ ഒരു സംഭവത്തിന്റെ നാന്ദികുറിക്കാന്‍ അല്ലാഹുﷻവിന്റെ നിശ്ചയമുണ്ടായിരിക്കണം.

തപിക്കുന്ന ഹൃദയത്തോടെ അല്ലാഹുﷻവിന്റെ ഖലീല്‍ സ്വന്തം ഭാര്യയെയും അരുമ സന്തതിയെയും തിരിഞ്ഞു നോക്കുന്നു. ചരിത്രത്തിന്റെ ഗതി മാറ്റിയ പ്രാര്‍ത്ഥന, അവരുടെ കണ്ഠങ്ങളില്‍നിന്നു പുറത്തേക്ക് ഒഴുകുന്നു.

''അല്ലാഹുവേ, ഒട്ടും പച്ചപ്പില്ലാത്ത താഴ്‌വരയില്‍ എന്റെ കുടുംബത്തെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. രക്ഷിതാവേ... ഭൂമിയില്‍ നിന്റെ പ്രാര്‍ത്ഥന നിലനില്‍ക്കാന്‍. ജനമനസ്സുകളെ നീ അങ്ങോട്ടു തിരിക്കേണമേ.. അവര്‍ക്കു പഴങ്ങള്‍ ഭക്ഷിപ്പിക്കണമേ...''

ഈ പ്രാര്‍ത്ഥനയുടെ ഉജ്വല വിഭവമാണ് ഇന്നത്തെ മക്ക; സമൃദ്ധിയുടെ പര്യായം. ജനമനസ്സുകള്‍ ഇന്നും അങ്ങോട്ടു തിരിയുന്നു. 35 ലക്ഷം പേരെങ്കിലും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്. മറ്റു സന്ദര്‍ഭങ്ങളില്‍ അവിടം സന്ദര്‍ശിക്കാനെത്തുന്ന ലക്ഷങ്ങള്‍. ചെറുതും വലുതുമായ അനവധി സംഘങ്ങള്‍. എല്ലാവരുടെയും മനസ്സ് ഒരേ ബിന്ദുവില്‍ ലയിക്കുന്നു; ഒരേ പ്രാര്‍ത്ഥന; ഒരേ വികാര വിചാരങ്ങള്‍.

അവിടം പഴവര്‍ഗങ്ങളാല്‍ സമൃദ്ധമായിരിക്കുന്നു. ലോക നാഗരികതയില്‍ മക്ക മഹത്തായ ഒരു ഇടം നേടിയിരിക്കുന്നു. ഇബ്‌റാഹീം നബി(അ)മിന്റെ പ്രാര്‍ത്ഥനയുടെ മഹത്തായ പ്രതിഫലനം.

ദിവസവും അഞ്ചുനേരം കോടിക്കണക്കിനു വിശ്വാസികള്‍ അങ്ങോട്ടു തിരിഞ്ഞുനില്‍ക്കുന്നു. വിശുദ്ധ കഅ്ബാലയത്തിനു നേരെ പടിഞ്ഞാറോട്ട്. എല്ലാവരുടെയും മനസ്സും അങ്ങോട്ടു തന്നെ. എന്നാല്‍, കഅ്ബാലയത്തില്‍ എത്തുന്നതോടെ അവിടെ ദിക്കുകളില്ലാതാവുന്നു. ഏതു ഭാഗത്ത് നിന്നും നിസ്‌കരിക്കാം. ആഗ്രഹസാഫല്യത്തിന്റെ സമ്പൂര്‍ണതയില്‍ അതിരുകള്‍ ലയിച്ചില്ലാതാവുന്ന അനുഭൂതി..!

മരിച്ചുകഴിഞ്ഞാലോ? വിശ്വാസിയുടെ ഹൃദയവും മുഖവും വീണ്ടും മക്കയിലേക്കു തന്നെ. ശരീരത്തില്‍ നിന്നു ജീവന്‍ പോയാലും മക്കയിലേക്കു തിരിയുന്നു വിശ്വാസികള്‍.

ഹജ്ജ് ഒരു ഇബാദത്ത് മാത്രമാവുന്നില്ല. അതിരുകള്‍ മായ്ച്ചു കളയുന്ന മഹത്തായ അനുഭവമാണ്. മനസ്സും ശരീരവും പൂര്‍ണമായി ലയിച്ചുചേരുന്ന അവാച്യമായ അനുഭൂതി തന്നെയാണത്.

✪ ✪ ✪ ✪ ✪ ✪ ✪

ഹാജറ പ്രതീക്ഷാ പൂര്‍വമായിരുന്നു നില്‍ക്കുന്നത്. രണ്ടുമൂന്നു ദിവസത്തേക്കുള്ള വെള്ളവും അവശ്യഭക്ഷണവും കൂടെയുണ്ട്; പോരെങ്കില്‍ കൂടെ അല്ലാഹുﷻവിന്റെ സഹായവും. പക്ഷേ, പരീക്ഷണങ്ങള്‍ പിന്നാലെയുണ്ടായിരുന്നു.

കരുതിവച്ച വെള്ളവും ഭക്ഷണവും തീരുന്നു. വിജനതയുടെ ശൂന്യതയില്‍ കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ ചൈതന്യമറ്റു ചേരുന്നു. ഒരുമ്മയുടെ വല്ലാത്ത നിസ്സഹായത.

ദാഹിച്ചുവലഞ്ഞു തൊണ്ട പൊട്ടുന്ന കുഞ്ഞ് മരണത്തെ മുഖാമുഖം കണ്ടു കരയുന്നു. ആരോടു ചോദിക്കും, എങ്ങോട്ടു പോകും..?!

പിന്നെ ഓരോട്ടമായിരുന്നു. എവിടെയെങ്കിലും ഒരിറ്റു വെള്ളം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, ഉമ്മയുടെ ദയനീയമായ പരക്കംപാച്ചില്‍. മരണത്തി്‌നും ജീവിതത്തിനുമിടയില്‍ അവശേഷിക്കുന്ന അവസാനത്തെ ആശ്വാസത്തെ അവര്‍ അവലംബിക്കുന്നു.

അറിയാതെയുള്ള പരക്കം പാച്ചില്‍ സ്വഫയുടെയും മര്‍വയുടെയും ഇടയില്‍. അങ്ങനെ ഏഴു തവണ. ഹതാശയായി തിരിച്ചുവന്ന ഹാജര്‍ അത്ഭുതപ്പെട്ടുനില്‍ക്കുന്നു. അരുമ സന്തതി വേദനയോടെ കാലിട്ടടിച്ച സ്ഥാനത്തു നിന്നു വെള്ളം ഉറവയായി പൊട്ടിയൊലിക്കുന്നു.

നിസ്സഹായതയുടെ മേല്‍ പെയ്തിറങ്ങിയ അനുഗ്രഹത്തിന്റെ മഹാവര്‍ഷം..! എല്ലാം അല്ലാഹുﷻവിനു മുന്നില്‍ സമര്‍പ്പിച്ച വിശ്വാസിക്കു മുന്നില്‍ അല്ലാഹു ﷻ കാണിക്കുന്ന അത്ഭുതങ്ങളുടെ കുളിര്‍മഴ. എല്ലാം സത്യസന്ധമായി അല്ലാഹുﷻവിനു മുന്നില്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അവന്‍ സമ്മാനിക്കുന്ന അത്ഭുതകരമായ തുറസ്സാണു ചരിത്രം കണ്ടത്.

ഇബ്‌റാഹീം നബി(അ) സ്വന്തം കുടുംബത്തെ അവിടെ പാര്‍പ്പിച്ചു തിരിച്ചു നടക്കുമ്പോള്‍ കാണിക്കുന്ന തവക്കുല്‍. സ്വന്തം അരുമയെ അല്ലാഹു ﷻ രക്ഷിക്കുമെന്ന രീതിയില്‍ ഒരു മാതാവ് കാണിക്കുന്ന പ്രാര്‍ത്ഥനയുടെ അതിതീവ്രമായ ഭാവം. രണ്ടും സംസമിന്റെ അത്ഭുത ഉറവയ്ക്കു പിന്നിലുണ്ട്. അല്ലെങ്കിലും വേദനയുടെ ഉഗ്രതാപത്തിനു പകരം ലോകാവസാനം വരെയുള്ള കുളിരു തന്നെയാണല്ലോ അല്ലാഹു ﷻ തെരഞ്ഞെടുത്തു നല്‍കുന്നത്..?

സംസം ഹാജിമാരെ കൊതിപ്പിച്ചു കൊണ്ട് മസ്ജിദുല്‍ ഹറമിനകത്തു തന്നെയുണ്ട്. 13 മീറ്റര്‍ ആഴമുള്ള കിണര്‍. 4000 വര്‍ഷം പിന്നിട്ടിട്ടും രുചിഭേദമില്ലാത്ത ഉറവ. ആല്‍ഗയോ മറ്റു ജല ജീവികളോ അതിനകത്തില്ല. ഒരു സെക്കന്റില്‍ 8,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തിട്ടും അതൊരിക്കലും വറ്റുന്നില്ല. അതിന്റെ വാട്ടര്‍ നില മാറുന്നുമില്ല.

സഫയുടെയും മര്‍വയുടെയും ഇടയില്‍ സഅ്‌യ് ചെയ്യുന്ന ഹാജിമാരുടെ ഓട്ടത്തിന് ബീവി ഹാജറ(റ) വിന്റെ പരിഭ്രാന്തി നിറഞ്ഞ ഓട്ടത്തിനോടു അനുധാവനമുണ്ട്. ഓട്ടം കഴിഞ്ഞ് അവര്‍ സംസമിന്റെ രുചി അറിയുന്നുമുണ്ട്. അപ്പോഴെല്ലാം മനസ്സില്‍ പൊട്ടിയൊഴുകേണ്ട തീവ്ര വിചാരമുണ്ട്, ഒരുമ്മയുടെ വേദനയ്ക്ക് അല്ലാഹു ﷻ നല്‍കിയ ഉത്തരത്തിന്റെ രുചി. ആ പരിസരത്തു നിന്നുകൊണ്ട് അല്ലാഹുﷻവിലേക്ക് കൂടുതല്‍ അടുക്കാനുള്ളതെല്ലാം വിശ്വാസിയുടെ മുന്നില്‍ മുദ്രകളായി, ഉള്ളുണര്‍ത്തുന്ന അനുഭവങ്ങളായി പതിഞ്ഞുനില്‍ക്കുന്നുണ്ട് അവിടെ.

✪ ✪ ✪ ✪ ✪ ✪ ✪

ഹജ്ജിന്റെ കര്‍മ്മങ്ങളില്‍ ശരീരം കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. ശരീരം വഴങ്ങാത്തവര്‍പോലും അതില്‍നിന്നു മാറി നില്‍ക്കുന്നില്ല. എല്ലാം ഒരുതരം ത്യാഗമായി, സഹനമായി ഏറ്റെടുക്കാന്‍ പഠിക്കുകയാണ് സത്യവിശ്വാസി.

നംറൂദ് പണിത തീകുണ്ഠാരത്തിലേക്ക് അഗ്നിനാളങ്ങളുടെ ചൂടിനെ വകവയ്ക്കാതെ നടന്നടുത്ത ഇബ്‌റാഹീം നബി(അ)മിന്റെ ത്യാഗമനോഭാവം മുന്നിലുണ്ട്. അവിടെ ശരീരം എല്ലാം സഹിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍, അഗ്നിനാളങ്ങളില്‍ തണുപ്പിന്റെ ശാന്തത തീര്‍ത്ത് ഇബ്‌റാഹീം നബി(അ) മിനെ അല്ലാഹു ﷻ സഹായിച്ചതിന്റെ ഓര്‍മകള്‍. മനസ്സില്‍ തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ ശരീരത്തിന്റെ സഹനം ഒന്നുമല്ലെന്ന തിരിച്ചറിവ്.. ഹജ്ജ് നല്‍കുന്ന മഹത്തായ പാഠം തന്നെയാണിത്.

സഹനം, ക്ഷമ, സഹിഷ്ണുത, പൊരുത്തപ്പെടല്‍, ശുഭ പ്രതീക്ഷ തുടങ്ങിയ ഒട്ടേറെ വ്യക്തിത്വഗുണങ്ങളെ അനുഭവിച്ചറിയുന്ന പരിശീലനക്കാലം തന്നെയാണു പരിശുദ്ധ ഹജ്ജ് വേള. ലോകത്തുള്ള എല്ലാ മുസ്‌ലിം യാത്രികരും ഒരിടത്ത് ഒരുമിക്കുമ്പോഴുള്ള വൈവിധ്യം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. സ്വന്തത്തെ മാറ്റുരച്ചുനോക്കാനും വലുപ്പച്ചെറുപ്പങ്ങളെ തിരിച്ചറിയാനുമുള്ള അവസരം. വിവിധ സംസ്‌കാരങ്ങളെയും ഭാഷകളെയും അടുത്തറിയേണ്ടിവരുമ്പോഴുള്ള പൊരുത്തപ്പെടല്‍. കറുത്തവനും വെളുത്തവനും തോളുരുമ്മി നില്‍ക്കുമ്പോഴുള്ള മാതൃകാപരമായ ഐക്യപ്പെടല്‍. യാത്രയിലും താമസസ്ഥലത്തുമെല്ലാം മറ്റുള്ളവര്‍ കാരണം ഉണ്ടായേക്കാവുന്ന പ്രയാസങ്ങളോടു സഹിഷ്ണുത കാണിക്കല്‍. മണിക്കൂറുകള്‍ കാത്തിരിക്കുമ്പോഴും കോപത്തെ ഒതുക്കലും ശുഭപ്രതീക്ഷ കൈവരിക്കലും.. ഇവയെല്ലാം ഒരാളുടെ വ്യക്തിത്വത്തെ നവീകരിക്കാനുള്ള ഏറ്റവും വലിയ അവസരങ്ങളാണ്. സ്വന്തം 'ഈഗോ'യെ ഇടിച്ചു പാകപ്പെടുത്തുന്നതിനുള്ള കനപ്പെട്ട സന്ദര്‍ഭങ്ങളാണു ഹജ്ജിന്റെ നടപടിക്രമങ്ങളിലെല്ലാം ചാലിച്ചുവരുന്നത്. സത്യവിശ്വാസി അറിയാതെ നേടിയെടുക്കുന്ന ആര്‍ജവം.

ഇസ്മാഈല്‍ ഇബ്‌റാഹീം നബി(അ)മിന് ഏറ്റവും വിലപ്പെട്ട നിധിയായിരുന്നല്ലോ? അതുപോലും അല്ലാഹുﷻവിന്റെ കല്‍പ്പനയ്ക്കു മുന്നില്‍ തിരസ്‌കരിക്കാന്‍ തയ്യാറായി ആ മഹാനുഭാവന്‍. ആ ഓര്‍മകളെ അയവിറക്കുന്ന ഹജ്ജ് വേളയില്‍ ഓരോരുത്തര്‍ക്കുമുണ്ട് കൊച്ചുകൊച്ചു തിരസ്‌കാരങ്ങള്‍. ചെറുതായെങ്കിലും 'ഇസ്മാഈലു'കളെ തിരസ്‌കരിക്കാന്‍ തയ്യാറാവുന്ന മനോഭാവം. കൊച്ചു കൊച്ചു സുഖങ്ങളെയും താല്‍പ്പര്യങ്ങളെയും വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാവുന്നതോടെയാണ് മനുഷ്യന്റെ മനസ്സ് ജയിക്കുന്നത്. ഹജ്ജ് നല്‍കുന്ന മഹത്തായ അനുഭവം തന്നെയാണത്. ഒരാളുടെ മനസ്സിന്റെ മാലിന്യങ്ങളെയെല്ലാം കഴുകിക്കളയാനുള്ള ഏറ്റവും മികച്ച കര്‍മ്മരീതികള്‍ ഓരോ ഘട്ടത്തിലും ഹജ്ജില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇസ്മാഈലിലെ ഓരോ ഇബാദത്തും വ്യക്തിയെ കൂടുതല്‍ നവീകരിക്കാനുള്ളതാണല്ലോ.

✪ ✪ ✪ ✪ ✪ ✪ ✪

മക്കയിലും മദീനയിലുമായി ഏതാനും ദിവസങ്ങള്‍ ചെലവിടുന്ന സത്യവിശ്വാസിയുടെ മനസ്സിലൂടെ കടന്നുപോകുന്ന ഒട്ടേറെ ഓര്‍മകളുണ്ട്. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ) ഏറ്റെടുത്ത മഹത്തായ തൗഹീദിന്റെ പൂര്‍ത്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ച അന്ത്യപ്രവാചകരുടെയും അനുചരന്‍മാരുടെയും കര്‍മ്മമേഖലകളുടെ തുടിപ്പുകള്‍ അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുകയാണ്. ഓരോന്നും ഓരോ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടേയിരിക്കുന്നു.

മക്കയില്‍നിന്നു മദീനയിലേക്കു യാത്രതിരിക്കുന്ന ഹാജിമാര്‍ മദീനയില്‍ അനുഭവിക്കുന്ന വല്ലാത്തൊരു ശാന്തതയുണ്ട്. മക്കയില്‍ കാണാവുന്ന ധൃതിയും ബഹളങ്ങളും മദീനയില്‍ ഇല്ലാത്തതുപോലെ. മക്കയിലെ പരിശുദ്ധ ഭൂമിയില്‍ തന്നെയാണ് അബൂജഹ്‌ലും ജനിച്ചതും വളര്‍ന്നതും. മദീനയാവട്ടെ അന്‍സ്വാറുകളുടെ സംഗമഭൂമി. അവിടം ശാന്തമായി അന്ത്യവിശ്രമം കൊള്ളുകയാണ് ലോകഗുരു മുഹമ്മദ് നബിﷺ. സ്വന്തം നാടും വീടും വിട്ട് മക്കയില്‍നിന്നു പലായനം ചെയ്ത സത്യവിശ്വാസികളെ സ്വീകരിക്കാന്‍ ഈത്തപ്പനമുകളിലും കുന്നിന്‍ മുകളിലുംകയറി കാത്തിരുന്ന മദീനാ നിവാസികളുടെ ഓര്‍മ്മകള്‍.. ഓരോരുത്തരെയും സ്വീകരിച്ച് സ്വന്തം വീടും സ്വന്തം ജീവിതവും നല്‍കിയ അന്‍സ്വാറുകളുടെ ഹൃദയവിശാലതയും പ്രതിബദ്ധതയും. അതിപ്പോഴും മദീനയുടെ മഹത്വമായി നിലനില്‍ക്കുന്നുണ്ട്.

റോഡരികില്‍ വലിയ ഫ്‌ളാസ്‌കില്‍ 'കഹ്‌വ'യും മുറിച്ചിട്ട റൊട്ടിയുമായി ഹാജിമാരെ വിളിച്ചുവരുത്തി സല്‍ക്കരിക്കുന്ന ശരാശരി മദീനാ നിവാസി പഴയ അന്‍സ്വാറുകളുടെ ഓര്‍മകളിലേക്ക് നമ്മെ കൊണ്ടുപോവുന്നുണ്ട്. പ്രൗഢവും വിശാലവുമായ മദീനാ പള്ളിയില്‍ ഓരോ കേന്ദ്രങ്ങളിലായി മഗ്‌രിബിനു ശേഷം നടക്കുന്ന പണ്ഡിതോചിതമായ മതപഠന ക്ലാസുകള്‍ ആരെയും ആകര്‍ഷിക്കും. മദീന ഒരു സംസ്‌കാരമായി നിലനില്‍ക്കുന്നുണ്ട്. അറിവിന്റെയും അക്ഷര വിപ്ലവത്തിന്റെയും ഉജ്വല മാതൃക ലോകത്തിനു സമര്‍പ്പിച്ച ജീവസ്സുറ്റ ഒരു സംസ്‌കാരം. ഈ ചിന്തകള്‍ ആരെയാണു കോരിത്തരിപ്പിക്കാതിരിക്കുക..!

ഉഹ്ദ് മലയുടെ താഴെ ഹസ്‌റത്ത് ഹംസ(റ)വിന്റെ ഖബ്‌റിടത്തിനു സമീപം ചെന്നുനില്‍ക്കുമ്പോള്‍ വീണ്ടും മനസ്സ് മന്ത്രിക്കണം ചരിത്രത്തിന്റെ വലിയൊരു പാഠം എഴുതി വച്ചിരിക്കുന്ന താഴ്‌വര. ജയിച്ച യുദ്ധം ഒരു പരീക്ഷണത്തിന്റെ വക്കിലേക്കു നീങ്ങാനുണ്ടായ സാഹചര്യം. യുദ്ധമുതല്‍ ഓഹരിവയ്ക്കുന്ന സമയത്ത് സ്വഹാബികളില്‍ വന്നുപോയ നേരിയ അശ്രദ്ധ. സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാതെ വരുമ്പോള്‍ വന്നുചേരാവുന്ന സാമൂഹികവിപത്തും അനന്തരഫലങ്ങളും. ഉഹ്ദ് മലയുടെ മുകളില്‍ നിയോഗിക്കപ്പെട്ട അമ്പെയ്ത്തുകാരായ 50 സ്വഹാബികള്‍ നിര്‍ദേശം ലഭിക്കാതെ താഴേക്ക് ഇറങ്ങിവന്നപ്പോഴാണല്ലോ ഉഹ്ദിന്റെ മുഖത്ത് പരീക്ഷണങ്ങള്‍ ഇറങ്ങിവന്നത്. തുടര്‍ന്ന് നഷ്ടപ്പെട്ടതോ ഹംസ(റ)വിനെ പോലുള്ളവരുടെ വിലപ്പെട്ട ജീവനും.

ഖന്തഖ്. തന്ത്രങ്ങളുടെ യുദ്ധഭൂമി. മലവെള്ളം പോലെ പാഞ്ഞുവന്ന ശത്രുസൈന്യത്തെ പ്രതിരോധിക്കാന്‍ പ്രവാചകന്‍ ﷺ തങ്ങളുടെ കൂടിയാലോചന. സല്‍മാനുല്‍ ഫാരിസി(റ)യുടെ മികച്ച യുദ്ധതന്ത്രം. വയറ്റത്ത് കല്ലുവച്ച് വിശപ്പിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ പ്രവാചകരും അനുചരന്‍മാരും. നേതാവ് അനുയായികളെക്കാളേറെ ത്യാഗം ഏറ്റെടുക്കുന്നതിന്റെ മികച്ച മാതൃകകള്‍.

ബദറിന്റെ ഉജ്വലമായ പാഠങ്ങള്‍. മൂന്നിരട്ടി വരുന്ന ശത്രുക്കളോട് പോരാടാനുറച്ച സത്യസ്‌നേഹികളുടെ മനോവീര്യം. ഊഹാപോഹങ്ങള്‍ എങ്ങനെ യുദ്ധത്തിലേക്കു നയിക്കുന്നുവെന്നതിന്റെ ഭാരിച്ച ഉദാഹരണം. അല്ലാഹുﷻവിനു മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന സത്യവിശ്വാസികള്‍ക്കു അവന്‍ സംരക്ഷണം നല്‍കുന്നതിന്റെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍. ''നബിയേ, താങ്കള്‍ (ശത്രുക്കളുടെ നേരെ) എറിഞ്ഞപ്പോള്‍ എറിഞ്ഞത് താങ്കളല്ല; മറിച്ച് അല്ലാഹുﷻവാണ്'' എന്ന ഖുര്‍ആന്‍ വചനം മാത്രം മതി ബദറിന്റെ മഹത്വത്തെ മസ്സിലാക്കാന്‍. അല്ലാഹുﷻവിന്റെ മലക്കുകള്‍ ആവേശപൂര്‍വം വിരാചിച്ച രണഭൂമി.. വേലികെട്ടി നിര്‍ത്തിയ ബദര്‍ രണാങ്കണ ഭൂമി അല്‍പമകലെ നിന്നു വീക്ഷിക്കുന്ന ഹാജിമാര്‍ക്ക് വല്ലാത്തൊരു ആത്മനിര്‍വൃതിയായിരിക്കും. ഇവിടം ജയിച്ചിരുന്നില്ലെങ്കില്‍ സത്യദീന്‍ എന്താകുമായിരുന്നു..?

മക്കയില്‍നിന്ന് ആറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഹിറാഗുഹയുടെ താഴ്‌വരയിലെത്തും. അവിടെ നിന്നു 40 മിനിറ്റോളം ചെങ്കുത്തായ മല കയറി വേണം ഹിറാഗുഹയുടെ ഉള്ളിലെത്താന്‍. ഒരാള്‍ക്ക് കഷ്ടിച്ചു മാത്രം നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്ന നിശ്ശബ്ദതയുടെ കൂട്. അതിനകത്ത് ചെന്നിരുന്ന് ധ്യാനം ചെയ്യാന്‍ അന്ത്യപ്രവാചകര്‍ക്കുണ്ടായ ഉള്‍വിളി... ലോകം മുഴുക്കെ അറിവിന്റെയും നവോത്ഥാനത്തിന്റെയും തിരികൊളുത്തിയ 'ഇഖ്‌റഅ്' എന്ന ആദ്യ ശബ്ദത്തിന്റെ പ്രതിധ്വനികള്‍.

മക്കയില്‍നിന്ന് എല്ലാ ദിവസവും കാല്‍നടയായി അല്‍പ്പം വെള്ളവും കാരക്കയും കൈയിലേന്തി ഹിറായുടെ ഉച്ഛിയിലെത്തുന്ന ഒരു മഹിളാരത്‌നത്തിന്റെ ത്യാഗസുരഭിലമായ ഓര്‍മകള്‍ അവിടുത്തെ നിശ്ശബ്ദതയില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിനോടും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടും അതിരറ്റ പിന്തുണ പ്രഖ്യാപിച്ച മക്കയിലെ സംശുദ്ധ സ്ത്രീരത്‌നം. വര്‍ത്തക പ്രമുഖ; കുലീന. എന്തൊരു ത്യാഗമാണ് ഇഖ്‌റഇന്റെ ആവിര്‍ഭാവത്തിനു വേണ്ടി ആ സ്ത്രീ (റ) നിര്‍വഹിച്ചത്..?

മക്കയും മദീനയും നമ്മെ മാടി വിളിക്കുന്നത് ചരിത്രത്തെ വായിക്കുവാനല്ല.. അതിന്റെ വികാരങ്ങളെ അനുഭവിക്കുവാനാണ്. ത്യാഗവും സഹനവും വിശുദ്ധിയും സമീപന രീതിയും കൊണ്ട് ഒരു ജനകീയ വെളിച്ചത്തിലേക്കു നയിച്ചതിന്റെ പാഠങ്ങള്‍ അവിടെ തുറന്നുവച്ചിട്ടുണ്ട്. സത്യവിശ്വാസി അവയെ വായിക്കേണ്ടത് കണ്ണു കൊണ്ടല്ല, ഹൃദയം കൊണ്ടു തന്നെയാണ്. ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ മങ്ങിയ ഓര്‍മകളെ ആ ഭൂമി ഉദ്ധീപിപ്പിക്കുമെന്ന് ഉറപ്പ്. വര്‍ത്തമാനത്തിന്റെ നന്മകളിലേക്ക് അതു നമ്മെ നയിക്കുമെന്നു തീര്‍ച്ച.

✪ ✪ ✪ ✪ ✪ ✪ ✪

'ഭൂമിയില്‍ അല്ലാഹുﷻവിന് ആരാധന നിര്‍വഹിക്കാന്‍ ജനങ്ങള്‍ക്കു വേണ്ടി പണിത ആദ്യത്തെ വിശുദ്ധ ഗേഹം' എന്നു പരിശുദ്ധ ഖുര്‍ആന്‍ കഅ്ബാലയത്തെക്കുറിച്ച് പറഞ്ഞു തരുന്നുണ്ട്. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)മും മകന്‍ ഇസ്മാഈല്‍ നബി(അ)മും കഅ്ബാലയത്തെ പുതുക്കിപ്പണിയുന്നു. ലോക വിശ്വാസ സമൂഹത്തെ അങ്ങോട്ടു വിളിക്കുന്നു. ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ 'ലബ്ബൈക്ക്' ഉയരുന്നു... ആ വിളിക്കുത്തരം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന പ്രതീകാത്മകതയുടെ നിത്യഭാവങ്ങള്‍.

ഇബ്‌റാഹീം നബി(അ) ഉയര്‍ത്തിപ്പിടിച്ചത് തൗഹീദിന്റെ ആദര്‍ശ പ്രതിബദ്ധതയായിരുന്നു. കഅ്ബാലയത്തില്‍ അതുവരെ ഉണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം അവിടുന്ന് എടുത്തുമാറ്റുന്നു. അവിടം ഏകത്വത്തിന്റെ കേന്ദ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കുന്നു. ഒരു ജനതയെ വിശ്വാസപരമായി സ്ഫുടംചെയ്‌തെടുക്കുന്നതിന്റെ ത്യാഗവും സന്നദ്ധതയും.

എന്നാല്‍, ഇബ്‌റാഹീം നബി(അ)മിനു ശേഷം അന്ത്യപ്രവാചകരിലേക്കുള്ള ദീര്‍ഘമായ ദൂരത്തിനിടയില്‍ വീണ്ടും കഅ്ബാലയത്തില്‍ വിഗ്രഹങ്ങള്‍ കയറിവരുന്നു. വിശ്വാസത്തില്‍ വിള്ളലുകള്‍ വീണ് അന്ധകാരത്തിലേക്ക് കൂപ്പുകുത്തിയ ഒരു ജനത. അല്ലാഹുﷻവിന്റെ ഖലീല്‍ ഏറ്റെടുത്ത ദൗത്യത്തെ അല്ലാഹുﷻവിന്റെ 'ഹബീബ്' പൂര്‍ത്തിയാക്കുന്നു. 300ലേറെ വിഗ്രഹങ്ങള്‍ ആരാധിക്കപ്പെട്ടിരുന്ന കഅ്ബാലയത്തെ പരിശുദ്ധമാക്കിയെടുക്കുന്ന ചരിത്ര ദൗത്യം അന്ത്യപ്രവാചകര്‍ ﷺ ഏറ്റെടുക്കുന്നു.

മദീനയിലെ പത്തു വര്‍ഷക്കാലം പ്രവാചര്‍ ﷺ പഠിപ്പിക്കുന്നതും ശീലിപ്പിക്കുന്നതും ഏകദൈവ ദര്‍ശനം തന്നെയാണ്. എന്നാല്‍, മക്ക അപ്പോഴും ബഹുദൈവാരാധനയില്‍നിന്നു മുക്തമാവുന്നില്ല. പക്ഷേ, അന്ത്യപ്രവാചകര്‍ ﷺ ഒന്നിനും ധൃതികാണിക്കുന്നില്ല. ഏറ്റവും യോജിച്ച സമയം വരുന്നതുവരെ അവിടുന്ന് (ﷺ) കാത്തിരിക്കുകയാണ്. മക്കാ വിജയത്തോടെ ആ ലക്ഷ്യം പൂര്‍ത്തിയാവുന്നു. ദീന്‍ പ്രചാരണം എത്രമാത്രം നയപരമായിരിക്കണമെന്ന അനുഭവപാഠം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധ കഅ്ബാലയം പൂര്‍ണമായും അല്ലാഹുﷻവിനെ മാത്രം ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന്റെ വികാരസാന്ദ്രമായ ഓര്‍മകള്‍... അവസാനം അറഫാ മൈതാനിയില്‍ വച്ചു നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പ്രഖ്യാപനം അതു ശരിവയ്ക്കുന്നുണ്ട്. ''ഞാന്‍ ഇന്നു നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു'' എന്ന്.

''മസ്ജിദുല്‍ ഹറമില്‍ ആര് പ്രവേശിക്കുന്നുവോ അയാള്‍ സുരക്ഷിതന്‍... അബൂസുഫ്‌യാന്റെ വീട്ടില്‍ ആര് പ്രവേശിക്കുന്നുവോ അയാളും സുരക്ഷിതന്‍..'' എന്ന പ്രഖ്യാപനം മക്കയിലെങ്ങും ഉയര്‍ന്നുകേള്‍ക്കുന്നു. ഭീതിതരായ ജനതയ്ക്ക് ആശ്വാസം നല്‍കാനുള്ള ആദ്യത്തെ നടപടി. ശത്രുപക്ഷത്തെ നേതാവായ അബൂസുഫ്‌യാനു മക്കാ വിജയത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണത്. പ്രാദേശിക നേതൃത്വത്തിനു മാന്യത നല്‍കിക്കൊണ്ടുള്ള നയതന്ത്രസമീപനം. മക്കയുടെ പരിസരത്തുനിന്ന് ഇതെല്ലാം ഓര്‍മിച്ചെടുക്കുന്നവരുണ്ടാകുമല്ലോ ഹാജിമാരുടെ കൂട്ടത്തിലും.

✪ ✪ ✪ ✪ ✪ ✪ ✪

മസ്ജിദുല്‍ ഹറമില്‍ ആദ്യം കടന്നുചെല്ലുന്ന ഏതൊരു ഹാജിയും ചെയ്യുന്ന ഒരു കാര്യമുണ്ട്, കഅ്ബാലയത്തെ കണ്‍കുളിര്‍ക്കെ കാണുക. കാണുക മാത്രല്ല, ഹൃദയത്തിന്റെ ഭാഗമാക്കുകയാണത്. പരിശുദ്ധ ഹജ്ജ് കഴിഞ്ഞു വിടവാങ്ങല്‍ ത്വവാഫിന്റെ വേളയിലും ഇത് ആവര്‍ത്തിക്കുന്നു.

കഅ്ബാലയം കറുത്ത അതിവിശിഷ്ടമായ അംഗിയില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ദൂരക്കാഴ്ചയില്‍ അതിനു കറുപ്പ് നിറം തന്നെ. ഈ കറുപ്പ് നിറം താഴെ നിന്നു മുകളിലേക്കു നോക്കിക്കൊണ്ടേയിരിക്കുമ്പോള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ നിറയുന്നതാവട്ടെ വെളുപ്പിന്റെ മഹാ പ്രവാഹവും. കറുത്ത പ്രതലം വെളിച്ചത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി വിശ്വാസിയുടെ ഹൃദയം തിരിച്ചറിയുന്നു. വല്ലാത്തൊരു വൈരുദ്ധ്യം പോലെ. ഈ വ്യതിരിക്തതയാണ്. കഅ്ബാലയത്തിനു മുന്നില്‍ നില്‍ക്കുന്ന വിശ്വാസിയെ അത്ഭുതപ്പെടുത്തുന്നതും. ബാഹ്യപ്രതലം കറുപ്പാണെങ്കിലും പരിസരം ദിവ്യവും ദീപ്തവുമാണ്. ഏതു കറുത്ത മനസ്സിനെയും വെളുപ്പിക്കാനുതകുന്നതാണ് അതിന്റെ ആത്മീയ ഭാവം.

വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും ത്വവാഫ് ചെയ്യുന്നത് ഹജ്ജിലും ഉംറയിലും പ്രധാനപ്പെട്ട കര്‍മ്മമാണല്ലോ. കഅ്ബയെ ഇടതു ഭാഗത്താക്കി, മസ്ജിദുല്‍ ഹറമിനെ വലതു ഭാഗത്താക്കിയുള്ള ഒരുതരം ചുറ്റല്‍ തന്നെയാണു ത്വവാഫ്. മസ്ജിദുല്‍ ഹറമിനും കഅ്ബാലയത്തിനുമിടയില്‍ സ്വയം നവീകരണത്തിന്റെ കഠിനപരിശ്രമത്തില്‍ ഏര്‍പ്പെടുകയാണപ്പോള്‍ ഓരോ ഹാജിയും.

ത്വവാഫ് ഘടികാര ദിശയ്ക്ക് എതിരായാണ് നടക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു സ്‌ക്രൂവിന്റെ പിരിയയക്കുന്ന ദിശയില്‍. ത്വവാഫില്‍ പിരി മുറുക്കുകയല്ല. അയക്കുകയാണ് ചെയ്യുന്നത്. അയവു വരുത്തുകയെന്നത് നിസ്സാര കാര്യമല്ല. മനസ്സിന്റെ പിരിമുറുക്കത്തെ, കുറ്റവാസനയുടെ കടുത്ത ചിറ്റുകളെ നന്മകള്‍ ചെയ്യുന്നതിനു മുന്നിലുള്ള അഴിയാത്ത കരുക്കുകളെ അഹങ്കാരത്തിന്റെ, ദുര്‍ബോധത്തിന്റെ പൈശാചിക ബന്ധനങ്ങളെ എല്ലാം അഴിക്കുകയാണ് ത്വഫിലൂടെ... മനസ്സ് അയവു വരുത്തുന്നതിനുമപ്പുറത്ത് നന്മയ്ക്കു വിത്തുപാകാന്‍ മറ്റൊന്നും വേണ്ടതില്ല. അഴിച്ചെടുത്ത മനസ്സിന്റെ ശാന്തത, നനവ് പടര്‍ന്ന സുഖം ഓരോ ത്വവാഫിനു ശേഷവും സത്യവിശ്വാസി അനുഭവിക്കുന്നുണ്ട്.

എത്രമാത്രം യുക്തിപൂര്‍ണമാണ് ഹജ്ജിന്റെ കര്‍മ്മങ്ങള്‍... എത്ര കൗതുകകരമാണ് അത് പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങള്‍..?

✪ ✪ ✪ ✪ ✪ ✪ ✪

ഹജ്ജിനു യാത്രതിരിക്കുന്ന ഒരു സത്യവിശ്വാസിയോടൊപ്പം നമുക്ക് അല്‍പനേരം ചെലവഴിക്കാം.

എല്ലാ ഒരുക്കങ്ങളും അയാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാവരോടും പൊരുത്തം വാങ്ങിക്കഴിഞ്ഞു. എല്ലാ ഇടപാടുകളും തീര്‍ത്തു. യാത്ര പുറപ്പെടേണ്ട സമയമാവുമ്പോള്‍ മനസ്സില്‍ നേരിയ പിരിമുറുക്കം; ഹൃദയത്തിന്റെ വിങ്ങല്‍.

അവസാനം പ്രാര്‍ത്ഥനാ നിര്‍ഭരമായ സന്ദര്‍ഭത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് അയാള്‍ യാത്രതിരിക്കുന്നു, മനസ്സില്‍ ഐഹികമായ എല്ലാ ചിന്തകളെയും മാറ്റിവച്ച്, അയാള്‍ വരാതിരുന്നാലും ഇവിടെ എല്ലാം ഭദ്രമെന്ന നിലയില്‍.

മരണത്തോടു സാമ്യമില്ലേ. ഈ വേര്‍പ്പാടിന്..? എല്ലാം ഇട്ടേച്ചു പോകുന്ന നിമിഷം. ഒരു ഹാജിയും പോകുന്ന സമയത്ത് തിരിച്ചുവരുന്നതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. പോവുക.. പൂര്‍ണ മനസ്സോടെ. അതു മാത്രമാണ് അപ്പോള്‍ സഞ്ചാരിയുടെ മനസ്സു നിറയെ.

ഹജ്ജ് കഴിഞ്ഞു വന്നാലോ..? ഒരു പൂര്‍ണജന്മം കഴിഞ്ഞു തിരിച്ചെത്തിയ പ്രതീതി. ഭാവത്തിലും രീതിയിലുമെല്ലാം അപ്പോള്‍ അയാള്‍ നിഷ്‌കളങ്കമായ കുഞ്ഞിന്റെ ഭാവത്തില്‍ തന്നെയാണ്. ആ ഭാവമാണ് ഹജ്ജ്കര്‍മ്മം അയാള്‍ക്കു നല്‍കിയ വിശിഷ്ടമായ സമ്മാനം. അനുഗൃഹീതമായ ഈ അവസ്ഥയെ കാത്തുസൂക്ഷിക്കുകയെന്നതാവും ഒരു ഹാജിയുടെ ഏറ്റവും ശ്രമകരമായ ദൗത്യം. അതിനു സമ്മതിക്കുന്ന സാഹചര്യമല്ല ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്നത് എന്ന നിലയില്‍ ഈ ദൗത്യം അത്ര എളുപ്പമാവുന്നുമില്ല. അല്ലാഹുﷻവിന്റെ സഹായം തന്നെയാണ് എല്ലാറ്റിനും മുകളില്‍.
✍🏼എസ്.വി. മുഹമ്മദലി‍‍

മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനുള്ള സൗഭാഗ്യം റബ്ബ് സുബ്ഹാനഹുവതാല നമുക്ക് ഏവർക്കും നല്‍കി അനുഗ്രഹിക്കട്ടെ..,
ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

☝🏼അല്ലാഹു അഅ്ലം☝🏼



🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹

🔹〰〰〰🔹🔸🔹〰〰〰🔹

Address

MUNDAKKAYAM
Mundakayam
686513

Alerts

Be the first to know and let us send you an email when Voice Of Irshadiyya Mundakkayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category