
14/09/2025
ട്രാഫിക് എസ്. ഐ. യെ വകുപ്പുതല നടപടികളിൽ നിന്ന് ഒഴിവാക്കണോ??
മൂവാറ്റുപുഴയിൽ റോഡ് വികസനത്തിൻ്റെ ഒന്നാം ഘട്ടം 'പൂർത്തീകരിച്ച്' (അങ്ങിനെ വിളിക്കാമെങ്കിൽ) ഒരു പ്ലാസ്റ്റിക് നാട മുറിച്ച് പ്രതീകാത്മകമായി റോഡ് തുറന്ന് കൊടുത്തു എന്ന കുറ്റത്തിന് മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. പി. സിദ്ദിഖിനെതിരെ വകുപ്പുതല നടപടി ഉണ്ടാകും എന്നാണ് വാർത്ത. ഇതെഴുതുമ്പോൾ നടപടി ആയോ, അദ്ദേഹം ആ കസേരയിലുണ്ടോ എന്നറിയില്ല. ഇക്കരണത്താൽ അദ്ദേഹത്തിനെതിരെ നടപടികൾ എടുക്കുന്നത് തീർത്തും ഖേദകരമാണ്. നഗരവാസികളെ സംബന്ധിച്ച് നൂറ് ശതമാനവും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥനാണ് സിദിഖ്.
ഉദ്ഘാടനം എന്ന പേരിൽ എം. എൽ. എ യുടെ സാന്നിദ്ധ്യത്തിൽ നടത്തിയ നാട മുറിക്കൽ വേണ്ടിയിരുന്നോ? അതുകൊണ്ട് എന്ത് ഗുണമുണ്ടായി? (ഗർത്തം മൂടൽ, ബി. സി. ടാറിംഗ്, മീഡിയൻ, ഹാൻഡ് റെയിൽ, വഴിവിളക്കുകൾ തുടങ്ങി ഇനിയും അനവധി ജോലികൾ ബാക്കി കിടക്കുകയാണ്) ഒരു പോലീസ് ഓഫീസർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഉള്ള വകുപ്പ് തല നിയന്ത്രണങ്ങൾ എന്തൊക്കെയാണ്? അവയുടെ ശരി തെറ്റുകളും യുക്തി - യുക്തിരാഹര്യങ്ങളും ഈ സമയം ഈ വിഷയത്തിൽ ചർച്ച ചെയ്യുന്നില്ല.
പക്ഷേ, ആ ഉദ്യോഗസ്ഥൻ ചെയ്ത സേവനങ്ങളെ മാനിച്ച് വകുപ്പുതല ശിക്ഷാനടപടികളിൽ നിന്നും സർക്കാർ പിൻതിരിയണം എന്നാണ് എൻ്റെ അഭിപ്രായം.
മൂവാറ്റുപുഴയിലെ നഗര റോഡ് നിർമ്മാണത്തിനായി എം. സി. റോഡിലേതുൾപ്പടെയുള്ള വാഹനഗതാഗതം പൂർണമായും നിയന്ത്രിച്ച് തിരിച്ചു വിടുന്നതിനും അത് ഫലപ്രദമായി നടപ്പാക്കുന്നതിനും വേണ്ടി കഴിഞ്ഞ കുറേ ദിവസങ്ങളായി ഫീൽഡിലിറങ്ങി അദ്ധ്വാനിച്ച ഉദ്യോഗസ്ഥനാണ് കെ. പി. സിദ്ദിഖ്. മികച്ച രീതിയിലാണ് അദ്ദേഹം ആ ജോലി നിർവ്വഹിച്ചത്. വേഗത്തിലുള്ള ഇടപെടൽ കൊണ്ടും സജീവസാന്നിദ്ധ്യം കൊണ്ടും മികച്ച ഏകോപനം കൊണ്ടും മൂവാറ്റുപുഴയിലെ ജനങ്ങൾ അത് നേരിൽ കണ്ടതുമാണ്.
മൂവാറ്റുപുഴക്കാർ നന്ദികെട്ടവരാകരുത്.
© Watsapp