07/05/2021
📒ഔട്ട് ഓഫ് സിലബസ്...
✒️ഷിജീഷ് യു.കെ
ലക്കം.1 ബയോളജി മാഷ്.......................................
കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ രാവിലെ എന്നും മൈദപ്പത്തിരിയാണ്. അമ്മാന് കലവും കൊണ്ട് പോകലാണ് തൊഴിൽ. വൈകുന്നേരം അമ്മാൻ എത്തുമ്പോൾ വിൽക്കാതെ ശേഷിച്ച ഏതെങ്കിലുമൊരു കലത്തിൻ്റെ കഴുത്തോളം മൈദപ്പൊടിയും വേറൊന്നിൽ ഈർക്കിലിയിൽ കൊരുത്തിട്ട മത്തിക്കൂട്ടവും ഉണ്ടാവും .. ഞങ്ങളുടെ വീട്ടിലേക്കന്ന് മൈദ വലതുകാലെടുത്ത് വച്ചിട്ടില്ല.. അത് കൊണ്ട് ഞാനിങ്ങനെ അനുമാനിച്ചു: മൈദ പണക്കാരുടെ ആഹാരമാണ്.കുടപ്പനക്കണ്ടിയിലെ അമ്മാൻ ധനികനാണ്.അത് കൊണ്ട് അമ്മാൻ്റെ പെണ്ണുങ്ങൾക്കെന്നും മൈദപ്പത്തിരി ഉണ്ടാക്കാം. മത്തിക്കറി കൊണ്ട് എന്നും ചാട്ടടിക്കാം.. നമ്മളതൊന്നും ശ്രദ്ധിക്കാനേ പോകരുത്. പക്ഷേ ചൂടു ചട്ടിയിൽ മൈദമാവ് വെളിച്ചണ്ണയോട് ചേരുമ്പോൾ ഉണ്ടാകുന്ന മണം രാവിലെത്തന്നെ ഉളുപ്പില്ലാതെ കിടക്കപ്പായിലേക്ക് നൂണ്ടു കയറും.പിന്നെ അമ്മാൻ്റെ വീട്ടിലേക്ക് ചായക്കെന്താ കൂട്ടാൻ എന്ന ക്ലീഷേ ചോദ്യത്തോടെ ഒരൊറ്റ കയറിച്ചെല്ലലാണ്...കുരിപ്പിന് കൊടുക്കാൻ പത്തിരിയുണ്ടോമ്മാ... ?അമ്മാൻ്റെ മോള് ശൈലക്കൻ അടുക്കളയുടെ മേപ്പടിയിൽ ബയോളജി പുസ്തകം നിക്ഷേപിച്ചിട്ട് വസ്സിയിലെ പത്തിരിയുടെ സെൻസസ് എടുക്കാൻ തുടങ്ങും. ഉള്ളതിൽ ചെറിയ കഷണമേ എനിക്ക് തരൂ.വസ്സിയിൽ വലിപ്പക്കുറവ് കൊണ്ട് ആകെ ഉളുത്ത് കിടക്കുന്ന പത്തിരിക്കഷണത്തിനു മീതേ പല്ലി കാഷ്ടിച്ചതു പോലെ ഇത്തിരി മത്തിച്ചാറുമൊഴിക്കും.... ഒരു ദിവസം ഉറിയിലെ മീൻ ചട്ടിയിൽ കൂറ വീണു. ശൈലക്കൻ സൂത്രത്തിൽ അതിനെ എടുത്തുമാറ്റി. അന്ന് എൻ്റെ വസ്സിയിൽ മീൻചാറ് വീണ് പത്തിരി നനഞ്ഞുകുളിച്ചു... മഞ്ഞയും ചോപ്പിലും ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ തുടുത്തൊരു മത്തിയും അന്ന് പാത്രത്തിൽ വീണു.
കുരിപ്പേ ഞ്ഞി മാൽപീജിയൻ നാളി എന്നു കേട്ടിട്ടുണ്ടോ? ഓർക്കാപ്പുറത്ത് ശൈലക്കൻ്റെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ ശൈലക്കൻ വിശദീകരിച്ചു: സൈലം, ഫ്ളോയം, പാരൻ കൈമ, കോളൻകൈമ, അങ്ങനെ തോന സംഭവങ്ങളുണ്ട് കുരിപ്പേ.. അതൊക്കെ പഠിക്കാൻ മഠപ്പുര മുത്തപ്പനാണേ മ്മക്ക് കൂട്ട്യാൽക്കൂടില്ല. ന്നാലോ അതൊക്കെ പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന മട്ടിലാ ബയോളജീൻ്റെ മാഷെ വരവ്. ക്ലാസിൽ വന്നാലോ കളിയില്ല, ചിരിയില്ല, ന്തിന് പെങ്കുട്ട്യോളുടെ ഭാഗത്തേക്ക് ഒരു നോട്ടം.ഏഹേ..! അടി കിട്ടിക്കിട്ടി ഇൻ്റെ കൈയ്യിൻ്റെ മൊഞ്ച് ഒക്കെ പോയി. ഞ്ഞിപ്പോ നാലിൽ അല്ലേ. ആറ് കൊല്ലം കഴിഞ്ഞാ എണക്കും ആ മാഷുണ്ടാവും.
(1994)
ശൈലക്കൻ മോളുടെ പഠനത്തിന് നടുവണ്ണൂർ സ്കൂളാണ് തെരെഞ്ഞെടുത്തത്.
ഈടത്തെ പഠിപ്പ് വേറെവിടെയും ഞാൻ കണ്ടിട്ടില്ല എന്നും പറഞ്ഞ്.
ശൈലക്കൻ അതിന് വേറെവിടെയും പഠിച്ചിട്ടില്ലാലോ. പത്തിലാണെങ്കിൽ തോറ്റ് തൊപ്പിയിടുകയും ചെയ്തു... പിന്നെങ്ങനാ
എന്നൊന്നും ശൈലക്കനോട് ചോദിച്ചൂടാ. അക്കൻ്റെ നഖങ്ങൾക്കിടയിൽ സ്ക്രൂ ഉണ്ട്.അത് കക്ഷത്തിൽ തുളച്ചുകയറുമ്പോഴുള്ള വേദന പലതവണ അനുഭവിച്ചതാണ്. അല്ല, ഞ്ഞി ഇക്കൊല്ലം പത്തിലല്ലേ. ബയോളജിക്ക് ആരാ...?
ശൈലക്കൻ്റെ സ്വരത്തിൽ ആകാംക്ഷ.
അതു പറയാൻ മറന്നു
ബയോളജി ഇങ്ങനെയും പഠിപ്പിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് പത്താം ക്ലാസിൽ വച്ചാണ്.. പുഷ്പകുമാരി ടീച്ചർ പഠിപ്പിച്ചതൊന്നുമല്ല ജീവശാസ്ത്രമെന്ന് ആദ്യത്തെ ക്ലാസിൽ തന്നെ മാഷ് മനസ്സിലാക്കി തന്നു .... ടെക്സ്റ്റിലുള്ള ഒരു വാചകം പോലും മാഷിൽ നിന്ന് ക്ലാസ്സിൽ വീഴില്ല.. പാഠപുസ്തകത്തിലെ ഭാഷയുടെ ക്രിത്രിമത്വം അദ്ദേഹം എന്നോ മനസിലാക്കിയിട്ടുണ്ടാകാം. ക്ലാസ് നോട്ട് ബുക്കിലേക്ക് വഴിമാറുമ്പോൾ ഇനിയൊരു ഭാഷ.. അതിനാണ് മധുരം കൂടുതൽ...പരീക്ഷാത്തലേന്ന് എടുത്ത് വച്ച് വെറുതെയൊന്ന് വായിച്ചാൽ മതി പരീക്ഷാ ഹാളിൽ ഓരോ ചോദ്യത്തിനും മാഷ് അടുത്ത് വന്ന് കാറ്റൂതുന്ന ഒച്ചയിൽ ഉത്തരം പറഞ്ഞു തരുന്നതുപോലെ തോന്നുമായിരുന്നു.....
ക്വാർട്ടർലി എക്സാമിന് അമ്പതിൽ അമ്പത് വാങ്ങിയപ്പോൾ കൊല്ലപ്പരീക്ഷയ്ക്കും ഫുൾ മാർക്ക് വാങ്ങണം എന്ന് മാഷ് ഓർമപ്പെടുത്തിയിരുന്നു...
മിസ് ലിൻഡ പ്രശ്നത്തിൽ സ്കൂളിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയപ്പോൾ ബയോളജിയുടെ സ്പെഷ്യൽ ക്ലാസ്സുകൾ മിസ്സായതിൽ മാത്രമായിരുന്നു ഏറെ പ്രയാസം.. ലോകത്തിലെ ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ട് ഗഹനമായൊരു ശാസ്ത്ര വിഷയം ആയിരത്തൊന്ന് രാവുകളിലെ കഥകൾ പോലെ രസകരമായി അവതരിപ്പിക്കുന്ന ആ മാന്ത്രികത്വം നഷ്ടപ്പെട്ട സങ്കടം.. മിസ് ലിൻഡ ക്കേസിൽ സ്റ്റാഫ് റൂമിൽ നിന്ന് വിചാരണ നേരിട്ടപ്പോൾ പ്രതികൾക്കെതിരെ,
ചെയ്ത തെറ്റെന്താണ് എന്ന് അറിയാത്ത അധ്യാപകർ വരെ വാദിച്ചു വാദിച്ച് ഏറെ ദൂരം പോയി. മാഷ് മാത്രം മൗനം ദീക്ഷlച്ചു... മാഷിൻ്റെ മൗനം ഒരർഥത്തിൽ ശിക്ഷയായിരുന്നു.യഥാർഥ ശിക്ഷ പിന്നെക്കിട്ടി.. കൊല്ലപ്പരീക്ഷയിൽ
ബയോളജിക്ക് അമ്പതിൽ മുപ്പത്തഞ്ച്.
അന്നു തീരുമാനിച്ചു ഇനി ജീവിതത്തിലൊരിക്കലും മാഷെ കാണില്ല.. സ്കൂൾ പോയിട്ട് ആ പരിസരത്തുകൂടി പോലും ഇനി സഞ്ചാരവുമില്ല....
(2000)
ആഹാരംകഴിക്കുന്നത് നിർത്തിയിരുന്നെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ പോകും. ഒരു ദിവസം അമ്മാൻ ചോദിച്ചു: എണക്കെന്തെങ്കിലും പണിക്ക് പോയിക്കൂടെ.. ഒന്നൂല്ലേ, കുട്ട്യോൾക്ക് ടൂഷൻ എടുക്കാലോ..
ശൈലക്കൻ അന്നേരം വാചാലയാവുകയും ചെയ്തു: എണക്കറിയോ മദിരാശിക്ക് നാടുവിടുമ്പോ സുകുവണ്ണന് വയസ്സ് പന്ത്രണ്ടാ. ഇൻ്റെ പ്രായമെത്തുമ്പോൾ വില്യാപ്പള്ളീല് എട്ടേമുക്കാൽ സെൻറും മൂന്നുത്തരപേഷൻ വീടും ഉണ്ടാക്കീനും നൂപ്പര് ...
അങ്ങനെ അക്ഷരയിൽ ട്യൂഷൻ എടുക്കാൻ കയറി.
ഇംഗ്ലീഷ്..
പാഠപുസ്തകം വെറുതെ വായിക്കാനല്ലാതെ ഒറ്റ വാചകം തെറ്റില്ലാതെ പറയാൻ പറ്റുന്നില്ല.. പയ്യെപ്പയ്യെ എൻ്റെ ദയനീയത കുട്ടികളും തിരിച്ചറിഞ്ഞു തുടങ്ങി. ക്ലാസ് റൂമിൻ്റെ മുക്കിനും മൂലയിലും ചെറുചിരികൾ വിരിഞ്ഞ് പൊട്ടിച്ചിരികളായി വളർന്നു. എണക്ക് ബയോളജി എടുക്കാൻ പറ്റോ. അത് എളുപ്പമാ.
പ്രിൻസിപ്പാൾ ഒരു ദിവസം ചോദിച്ചു.
അന്നു മുഴുവൻ മനസ്സിൽ മാഷിൻ്റെ ക്ലാസായിരുന്നു....
വീട്ടിലെത്തി, തക്കാളിപ്പെട്ടിയിൽ പൊടിപിടിച്ചു കിടന്ന പത്തിലെ ബയോളജി നോട്ട് എടുത്തു വിടർത്തി...
പിറ്റേന്ന് ബയോളജി അധ്യാപകനായി രൂപാന്തരം... മാഷിൻ്റെ ക്ലാസ് വികൃതമായി അനുകരിക്കുന്നതിൻ്റെ കുറ്റബോധം അന്നേറെ വേട്ടയാടി... ആ വേഷം പിന്നീട് ഇന്നുവരെ അഴിച്ചു വെക്കേണ്ടി വന്നിട്ടില്ല... പലപ്പോഴും കുട്ടികൾ വന്നു പറഞ്ഞിട്ടുണ്ട്: പരീക്ഷയെഴുതുമ്പോൾ സാർ അടുത്ത് വന്ന് ഉത്തരം പറഞ്ഞുതരുന്ന പോലെ തോന്നാറുണ്ട് ഞങ്ങൾക്ക്....ഞാനപ്പോൾ ചിരിക്കും. അനുകരണത്തിനും ആരാധകർ.... പൊന്നില്ലെങ്കിൽ ചിലർ കാക്കപ്പൊന്നും ഉപയോഗിക്കും.
(2006)
മകൾ ശ്രീക്കുട്ടിയുടെ പി.ടി.എ മീറ്റിംഗിന് പോയി വന്ന ശൈലക്കന് അതിരറ്റ സന്തോഷം:
മഴ പെയ്തപ്പോൾ ഞാൻ ഓഫീസിൻ്റെ എറേച്ചിയിൽ കയറി നിന്നു.അന്നേരം മാഷ് പുറത്തേക്ക് ഇറങ്ങിവരുന്നു.കുട നിവർത്തുമ്പോൾ ഇന്നെയൊരു നോട്ടം, പിശുക്കിയൊരു ചിരീം ചോദ്യവും:
-ഈട പഠിച്ച ആളല്ലേ എന്ന് .ശ്രീക്കുട്ട്യേ ഇൻ്റെ പേര് മാഷ് ചോയിച്ചിരിക്ക്ണ്. ഞ്ഞിനി പഠിക്കാണ്ടൊന്നും നിക്കല്ലേ...
മുമ്പ്, സുകുവണ്ണൻ്റെ അമ്മ കുളിമുറിയിൽ കാലുതെറ്റി വീണപ്പോഴാണ് ഇതുപോലെ ശൈലക്കനെ സന്തോഷിച്ചു കണ്ടത്.
അന്ന് മാഷെ ഒരിക്കൽ ക്കൂടി കാണാൻ ആത്മാർഥമായി കൊതിച്ചു...
തൊട്ടടുത്ത് എങ്കിലും എത്ര അകലത്താണ് ആ സ്കൂൾ..!
മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യം വന്നു.
ഉച്ചയ്ക്കു ശേഷമാണ് അന്ന് സ്കൂളിലെ ഓഫീസിലെത്തിയത്. ഹെഡ്മാസ്റ്ററുടെ കസേരയിൽ മാഷ് ഇരിക്കുന്നു. പരിചയഭാവമോ എന്തിനാ വന്നത് എന്നത് എന്ന ചോദ്യമോ ഇല്ല.
യാന്ത്രികമായി കോപ്പി നീട്ടി.ഒറിജനൽ പരിശോധിച്ചതിനു ശേഷം മാഷ് ഒപ്പിട്ടു തന്നു. തിരികെയിറങ്ങുമ്പോൾ പിന്നിൽ മാഷിൻ്റെ ഒച്ച കേട്ടു:
നീ ഇങ്ങനെയാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
ഞാൻ ഞെട്ടി. നോക്കുമ്പോൾ മാഷ് എന്തോ എഴുതുന്നു.
എന്നോട് പറഞ്ഞതാണോ...?
സ്വയം പറഞ്ഞതാണോ ...?
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.എവിടെയോ ഒരു മുള്ള് തറച്ച് ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്നു.. പിറ്റേന്ന് കയ്യുമ്മുവിൻ്റെ പെട്ടിപ്പീടികയിൽ പോയി ജീവിതത്തിലാദ്യമായി ഒരു തൊഴിൽ വാർത്ത വാങ്ങി..
അയാൾ അന്നേരം ചോദിക്കുന്നുണ്ടായിരുന്നു:
പുതിയ തീ വന്നിട്ടുണ്ട്, വേണോ?
(2008)
കുടപ്പനക്കണ്ടിയിലെ അമ്മാൻ്റെ ആണ്ടായിരുന്നു... കുടുംബാംഗങ്ങളെല്ലാം വന്നിട്ടുണ്ട്.
ശൈലക്കൻ്റെ സംസാരം കറങ്ങിത്തിരിഞ്ഞ് മാഷിലെത്തി.. അമ്പലത്തിന് മാഷ് സലം കൊടുത്തൂന്ന് ഈട സുകു വണ്ണൻ പറയുന്ന കേട്ടു.. ഞ്ഞി അറിഞ്ഞോ...?
സത്യത്തിൽ നാട്ടിലെ ഒരു കാര്യവും ഞാനറിയാറില്ല... അല്ലെങ്കിലും ഈ നാട്ടുകാരനായി എന്നെ ഞാനോ മറ്റുള്ളവരോ എന്നെങ്കിലും പരിഗണിച്ചിരുന്നോ....?
സംശയമാണ്.
ശ്രീക്കുട്ടീൻ്റെ കല്യാണത്തിന് മാഷെ വിളിക്കണം ,ഓളെക്കൊണ്ട് മാഷെ കാല് പിടിപ്പിക്കണം എന്നൊക്കെ വിചാരിച്ചിരുന്നു..
ശൈലക്കന് നഷ്ടബോധം.
ഞാൻ പെട്ടെന്ന് സിദ്ധാർഥിനെ വിളിച്ച് മാഷെ വീട്ടിലേക്ക് നമുക്ക് നാളെ പോയാലോ എന്നു ചോദിച്ചു... റെഡിയെന്ന് പറഞ്ഞ് അവൻ
എനിക്ക് മാഷിൻ്റെ നമ്പർ അയച്ചു തന്നു...
അന്നു മുതൽ പല തവണ ഞാൻ ആ നമ്പർ കോണ്ടാക്ട്സിൽ നിന്ന് എടുത്ത് ഡയൽ ചെയ്യും..പക്ഷേ എല്ലാ വിളിയും പകുതിയിൽ നിലയ്ക്കും.. മാഷെ വിളിക്കാനും കാണാനുള്ള ധൈര്യം ഇതുവരെയും എനിക്ക് വന്നിട്ടില്ലല്ലോ....
(2021)
ദേഷ്യം പിടിച്ച് മാഷൊരുദിവസം അവനെ കഠിനമായി ശകാരിച്ചു. ഞാൻ വീട്ടിൽ പോകൂല ചാവാൻ പോകുകയാണെന്ന് അവൻ. ലോകത്തിലവന് ആകെ സ്നേഹവും ബഹുമാനവുമൊക്കെ മാഷോടാണ്.. അതു കൊണ്ടാണ് സങ്കടം.. ഞാൻ ആഫീസിൽ നിന്ന് അന്ന് വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. നോക്കുമ്പോൾ കോലായിൽ മങ്ങിയ വെളിച്ചത്തിൽ മാഷ് ഇരിക്കുന്നു..
മനപ്രയാസത്തോടെ മാഷ് പറഞ്ഞു .ഞാനിന്ന് മോനെ ചീത്ത പറഞ്ഞിരുന്നു... അവനത് ഭയങ്കര വിഷമമായി.ഞാൻ അവനെ കാണാൻ വന്നതാ.
അന്നേരം അവനുണ്ട് വരുന്നു.ഞാൻ ചാവൊന്നും ഇല്ല മാഷേ... വെറുതെ പറഞ്ഞതാ എന്ന് അവൻ..
മാഷും അവനും അപ്പോൾ ഒരേ മനസ്സുള്ള സ്കൂൾകുട്ടികളെപ്പോലെ പൊട്ടിച്ചിരിച്ചു...
- എപ്പോളോ ഒരിക്കൽ, അന്ന് വികൃതി ക്കൊട്ടയും ഇപ്പോൾ ആർമിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്നവനുമായ മകനെക്കുറിച്ച് അമ്മ പറഞ്ഞ കഥയിങ്ങനെ. അങ്ങനെ പലരുടെയും ജീവിതങ്ങൾ മാഷിലൂടെ മാറിമറിഞ്ഞ സത്യകഥകളെത്രയുണ്ടാവും....!
അണുവിലും അനന്തമായ ഭൂവിലും അരുണ ദീപ്തിയിൽ വിടർന്ന പൂവിലും
ആഴി തൻ പരപ്പിലും അലകൾ തൻ തിമർപ്പിലുമൊക്കെ ദൈവത്തെ കാണാൻ ഒന്നാം ക്ലാസ് മുതൽ ഞങ്ങളെ പഠിപ്പിച്ച ബാലചന്ദ്രൻ മാഷ്...,
തിരിച്ചറിവായതിനു ശേഷം പക്ഷേ ഞങ്ങൾ ആദ്യമായി ദൈവത്തെ കണ്ടത് അങ്ങയിലായിരുന്നു...
✍️Shijeesh UK