19/08/2023
കുടുംബവഴക്കിൽ മനംനൊന്ത് ആത്മഹത്യക്ക് മുതിർന്ന യുവതിക്ക് രക്ഷയേകി കൊടകര പോലീസ്
****************************
കുടുംബവഴക്കിനെ തുടർന്ന് കൊടകര സ്വദേശിനി ജീവനൊടുക്കാനായി ആഴമേറിയ കിണറ്റിൽ ചാടിയിരിക്കുന്നു. നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ അവർ എത്താൻ അല്പസമയം എടുക്കും. അതുവരെ യുവതിയുടെ ജീവൻ നിലനിർത്തിയെ പറ്റൂ. നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട് എന്നാൽ കിണറ്റിലിറങ്ങാൻ ആരും തന്നെ ധൈര്യപ്പെടുന്നില്ല. ആരോ എറിഞ്ഞുകൊടുത്ത കയറിൻ തുമ്പിൽ തൂങ്ങി മരണത്തോട് മല്ലടിച്ച് കിടക്കുകയാണ് യുവതി അപ്പോൾ. കൈ കുഴഞ്ഞു വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങിയ ¬യുവതിയുടെ പരാക്രമം കണ്ട് മനസ്സലിഞ്ഞ് നാട്ടുകാരിൽ ഒരാൾ ആഴമേറിയ പൊട്ടകിണറിൻെറ പകുതി വരെ ഇറങ്ങിയെങ്കിലും സാധിക്കാതെ തിരിച്ച് കയറി. അങ്ങിനെയാണ് 14.08.2023 രാത്രി 10.30 മണിക്കാണ് കൊടകര പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരിൽ നിന്നും ഒരു ഫോൺ കോൾ ലഭിച്ചത്. സ്റ്റേഷനിൽ ആ സമയം നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഓഫീസർമാരായ കൊടകര പോലീസ് സ്റ്റേഷൻ GASI ബിനു പൌലോസ്, KAP ബറ്റാലിയനിലെ PC ഷിബു, അനൂപ് E A എന്നിവർ ഇൻസ്പെക്ടർ ബാബു കെയുടെ നിർദ്ദേശ പ്രകാരം ഉടൻ സംഭവസ്ഥലത്തേക്ക് കുതിച്ചു. അവിടെ ചെന്നതും മറ്റൊന്നും ചിന്തിക്കാൻ സമയം കൊടുക്കാതെ KAP യിലെ പോലീസ് ഓഫീസർ PC ഷിബു യൂണിഫോം അഴിച്ച് വെച്ച് കിണറ്റിലിറങ്ങി യുവതിയെ വെള്ളത്തിന് മുകളിൽ ഉയർത്തി നിർത്തി അപകടനില തരണം ചെയ്തു. ആ സമയത്ത് അവിടെ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുവതിയെ രക്ഷിച്ച് പുറത്തെത്തിക്കുകയും ചെയ്തു. സമയോചിതമായ കർത്തവ്യം കാഴചവെച്ചതിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോംഗ്രേ IPS പോലീസ് ഉദ്യേഗസ്ഥരെ അഭിനന്ദിക്കുകയുണ്ടായി .