25/07/2025
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ സ്വാമി ജയില്‍ ചാടിയെന്ന ഞെട്ടലിലാണ് കേരളം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്നിടത്തു നിന്നാണ് ഗോവിന്ദ സ്വാമി രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
News Vision Palakkad
വെള്ളിയാഴ്ച്ച രാവിലെ സെല്‍ തുറന്നു പരിശോധിക്കുമ്പോഴാണ് ഗോവിന്ദ സ്വാമിയെ കാണാനില്ലെന്നു മനസിലാകുന്നത്. തലേദിവസവും ഇയാള്‍ ജയിലിനകത്ത് ഉണ്ടായിരുന്നു. ഏക്കറുകള്‍ പടര്‍ന്നു കിടക്കുന്ന ജയില്‍ കോമ്പൗണ്ടില്‍ എവിടെയെങ്കിലും പതുങ്ങിയിരിക്കുകയായിരിക്കും എന്ന കണക്കുകൂട്ടലില്‍ ആദ്യം പരിശോധന നടത്തിയെങ്കിലും, അവിടെയെങ്ങും കണ്ടെത്താനാകാതിരുന്നതോടെയാണ് പ്രതി ജയില്‍ ചാടിയതായി സ്ഥിരീകരിച്ചത്.
അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്നിടത്തായിരുന്നു ഗോവിന്ദ സ്വാമിയും. ഇവിടെ നിന്നും അയാള്‍ കടന്നു കളഞ്ഞത് ജയില്‍ വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. അധിക ദൂരം ഇയാള്‍ പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കണ്ണൂരില്‍ പൊലീസ് ഗോവിന്ദ സ്വാമിക്കായി മൊത്തം വലവിരിച്ചിരിക്കുകയാണ്. എല്ലായിടത്തും അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്.
സൗമ്യ വധക്കേസ്; കേരളം ഞെട്ടിയ ക്രൂരത
കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കുറ്റകൃത്യമായിരുന്നു സൗമ്യ വധക്കേസ്. അഞ്ച് ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണവുമായി മല്ലടിച്ചാണ് ഫെബ്രുവരി ആറിന് ഒടുവില്‍ സൗമ്യ കീഴടങ്ങിയത്. കൊല്ലപ്പെടുമ്പോള്‍ വെറും 22 വയസ് മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക് പ്രായം. 2011 ഫെബ്രുവരി 11 ന് എറണാകുളത്ത് നിന്നും സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയ്‌നിലെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം തന്നെ തേടിവരുമെന്ന് ആ പെണ്‍കുട്ടി ഒട്ടും വിചാരിച്ചിരിക്കില്ല. വനിത കമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടന്നാണ് ഗോവിന്ദ സ്വാമി സൗമ്യയെ ഉപദ്രവിച്ചത്. അയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. വീഴ്ച്ചയില്‍ സാരമായി പരിക്കേറ്റ് കിടന്ന സൗമ്യയെയാണ് പ്രതി ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയത്. വീഴ്ച്ചയില്‍ ഏറ്റ പരിക്കും ലൈംഗികമായി നേരിടേണ്ടി വന്ന ഉപദ്രവവുമാണ് സൗമ്യയുടെ മരണകാരണമായത്.
ആദ്യം വധശിക്ഷ
തൃശൂര്‍ അതിവേഗ കോടതിയിലാണ് സൗമ്യ കേസിന്റെ വിചാരണ നടന്നത്. കൊലപാതകം, ബലാത്സംഗം, മോഷണം എന്നിവ ഉള്‍പ്പെടെ 15 കുറ്റങ്ങളാണ് തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ സ്വാമിക്കുമേല്‍ ചുമത്തിയത്. കൊലപാതകവും ബലാത്സംഗവും മോഷണവും സംശയാതീയമായി തെളിഞ്ഞുവെന്ന് വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു, പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാണ് 2011 നവംബര്‍ 11 ന് കോടതി ഗോവിന്ദ സ്വാമിക്ക് വധശിക്ഷ വിധിക്കുന്നത്. വധിശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സ്ത്രീകളെ ഉപദ്രവിച്ചതിന് മുമ്പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായിരുന്നു പ്രതി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസായിരുന്നു ഇത്. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളുമായിരുന്നു പ്രോസിക്യൂഷന്‍ വിചാരണയില്‍ ഉപയോഗിച്ചത്. 1000 ഓളം പേജ് വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.
അതിവേഗ കോടതിയുടെ വിധി പിന്നീട് കേരള ഹൈക്കോടതിയും ശരിവച്ചെങ്കിലും, ഗോവിന്ദസ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വധശിക്ഷ റദ്ദാക്കിയത്.വധശിക്ഷ റദ്ദാക്കിയെങ്കിലും ജീവപര്യന്തം തടവ് സുപ്രീം കോടതിയും ശരിവച്ചു. ബലാത്സംഗവും താഴെ വീണ് കിടന്ന ഇരയോട് കാണിച്ച ക്രൂരതയും കണക്കിലെടുത്താണ് ജീവപര്യന്തം ശരിവച്ചത്. കൊലപാതക കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നതാണ് വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതി കാരണം പറഞ്ഞത്.
സൗമ്യയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടിയെന്നാണ് സാക്ഷി മൊഴികളില്‍ നിന്നും മനസിലായതെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നുമാണ് സുപ്രിം കോടതി പ്രോസിക്യൂഷനോട് പറഞ്ഞത്. ഒറ്റക്കൈയനായ ഗോവിന്ദ സ്വാമിക്ക് സൗമ്യയെ ഒറ്റയ്ക്ക് തള്ളിയിടാന്‍ സാധിക്കുമോ എന്നായിരുന്നു സുപ്രിം കോടതിയുടെ സംശയം.
NB : ഒരു കൈയുള്ള ഗോവിന്ദച്ചാമി അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു.
ഷ്വാഷാംഗ് റെഡംപ്പ്ഷൻ പാർട്ട് -2 കണ്ട പോലെ ഒരു ഫീൽ. നല്ല വിശ്വസനീയമായ കഥ. രണ്ടു കൈയുമുള്ള ജയിൽ ജീവനക്കാരോട് ഒറ്റയ്ക്ക് ഇതൊന്ന് ഡെമൊൺസ്ട്രേറ്റ് ചെയ്ത് കാണിക്കാൻ പറയണം. പറ്റുന്നില്ലെങ്കിൽ ആ നിമിഷം ടെർമിനേറ്റ് ചെയ്യണം.