18/06/2025
വാളയാറിൽ ട്രെയിൻ യാത്രക്കാരിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം കവർന്ന സംഘത്തിലെ അഞ്ച് പേർ പിടിയിൽ.
ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു: കേസിൽ നാലുപേരേക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ്
⚪18-06-2025⚪
Join Our Whatsapp Group
https://chat.whatsapp.com/GsVarczAW2W9JTLuG9V6Id
വാളയാർ ∙ പൊലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ചു ട്രെയിൻ യാത്രക്കാരുടെ പണം കവർന്ന 5 പേർ പിടിയിൽ. യാത്രക്കാരായ വ്യാപാരികളെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി കാറിൽ കടത്തിക്കൊണ്ടുപോയി മർദിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ 9 അംഗ സംഘത്തിലെ 5 പേരാണു പിടിയിലായത്.നല്ലേപ്പിള്ളി സ്വദേശികളായ വടക്കന്തറ ഉന്നതിയിൽ എസ്.സതീഷ് (37), ഇരട്ടക്കുളം സ്വദേശി അജീഷ് (37), കൊടുമ്പ് ഇരട്ടയാൽ ആർ.രാജീവ് (34), പൊൽപുള്ളി പൊരയൻകാട് രജിത്ത് (28) ,തൃശൂർ സ്വദേശി അലക്സ് പോള്‍ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
മറ്റുള്ളവരെയും പൊലീസ് തിരിച്ചറിഞ്ഞെന്നു സൂചനയുണ്ട്.
പ്രതികൾ ഉപയോഗിച്ച കാറും ബൈക്കും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇവരിൽ ട്രെയിനിൽ പൊലീസ് വേഷത്തിലെത്തിയ 5 പേരിൽ രജിത്തുമുണ്ടായിരുന്നു. ഈ സംഘത്തിലെ 3 പേരെയും ഒരു സഹായിയെയുമാണ് അറസ്റ്റ് ചെയ്യാനുള്ളത്. കോയമ്പത്തൂർ മുതൽ ഈ സംഘം വ്യാപാരികളെ പിന്തുടർന്നാണു കവർച്ച നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടോടെ കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന കുറ്റിപ്പുറം സ്വദേശി അബൂബക്കർ, പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ എന്നിവരിൽ നിന്നാണു പണം കവർന്നത്. കോയമ്പത്തൂരിൽ സ്വർണം വിറ്റു കിട്ടിയ, വ്യാപാരാവശ്യത്തിനുള്ള പണവുമായി മടങ്ങും വഴിയാണ് ഇവരെ കബളപ്പിച്ചു പണം തട്ടിയെടുത്തത്. ട്രെയിൻ പോത്തന്നൂരെത്തിയപ്പോൾ വെള്ള ഷർട്ടും കാക്കി പാന്റ്സും ധരിച്ചെത്തിയ സംഘം സ്പെഷൽ പൊലീസാണെന്നു പരിചയപ്പെടുത്തിയും വ്യാജ തിരിച്ചറിയൽ രേഖകൾ കാട്ടിയുമാണു വ്യാപാരികളെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയത്. ഇതിനു ശേഷം കാറിൽ കയറ്റി മർദിച്ചു പണം കവർന്ന് വാളയാർ പൊലീസ് സ്റ്റേഷനു തൊട്ടുമുൻപുള്ള കനാൽപിരിവിൽ ദേശീയപാതയോരത്തു തള്ളി കടന്നുകളഞ്ഞു.
അറസ്റ്റിലായവരിൽ മുൻപു ദേശീയപാതയിൽ നടന്ന കവർച്ചക്കേസുകളിലെ പ്രതികളും.
കസബ, വാളയാർ സ്റ്റേഷൻ പരിധിയിൽ നടന്ന 2020, 2022 വർഷങ്ങളിലെ ദേശീയപാത കേന്ദ്രീകരിച്ചു നടന്ന കവർച്ചക്കേസിൽ ഉൾപ്പെട്ടവരാണ് ഇവരിൽ 3 പേർ.
അന്നു കാർ യാത്രക്കാരെ ആക്രമിച്ചു പണം തട്ടിയ സംഭവത്തിലാണ് ഇവർ പിടിയിലായത്. പിന്നീട് ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണു വീണ്ടും കവർച്ചയ്ക്ക് ഇറങ്ങിയത്. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഇനി അറസ്റ്റിലാകാനുള്ളവരും ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരാണ്. അടുത്ത ദിവസങ്ങളിൽ അറസ്റ്റുണ്ടായേക്കുമെന്നും അന്വേഷണസംഘം പറയുന്നു.
ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്പി രാജേഷ്കുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ എച്ച്.ഹർഷാദ്, എ.അജാസുദ്ദീൻ, എം.ബി.അരുൾ, എഎസ്ഐ പി.എച്ച്.നൗഷാദ്, സീനിയർ സിപിഒമാരായ ആർ.രഘു, സി.ജയപ്രകാശ്, ആർ.രാജിദ്, എച്ച്.ഷാജഹാൻ എന്നിവർക്കൊപ്പം ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണു പ്രതികളെ പിടി കൂടിയത്.
✅പാലക്കാടൻ പ്രാദേശിക വാർത്തകൾ