16/09/2021
പൂർവ വിദ്യാർഥി കൂട്ടായ്മയിൽ
യശോദയ്ക്ക് വീട്
നിലമ്പൂർ: എരഞ്ഞിമങ്ങാട് ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ സഹായത്തിൽ നിർധന കുടുംബത്തിൻ്റെ വീട് നിർമാണം പൂർത്തീകരിച്ചു. 1985-ലെ SSLC ബാച്ച് 'നൊസ്റ്റാൾജിയ' എന്ന കൂട്ടായ്മയാണ് സഹപാഠിയായിരുന്ന യശോദയ്ക്ക് വീട് എന്ന ചിരകാല സ്വപ്നം പൂർത്തീകരിക്കാൻ സഹായമേകിയത്. യശോദയുടെ ഭർത്താവ് കിണർ നിർമാണത്തൊഴിലാളിയായ
കുട്ടിരാമൻ 10 വർഷം മുമ്പ് ജോലിക്കിടെ വീണ് നട്ടെല്ലിനുപരിക്കേറ്റ് കിടപ്പിലായതോടെ, തുടങ്ങിവെച്ച വീട് നിർമാണവും നിലച്ചു.
ഇവർക്ക് മക്കളില്ല.
ഈ സാഹചര്യത്തിലാണ്
അകമ്പാടം പഞ്ചായത്തുകുന്നിൽ കുടുംബസ്വത്തായി കിട്ടിയ ഒരു തുണ്ട് ഭൂമിയിൽ, സർക്കാർ സഹായത്തോടെ വർഷങ്ങൾക്കു മുമ്പ് തുടങ്ങിവെച്ച കൊച്ചു വീടിൻ്റെ നിർമാണം നൊസ്റ്റാൾജിയ കൂട്ടായ്മ ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
നിർമാണത്തിനാവശ്യമായ തുക കൂട്ടായ്മയുടെ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രസിഡൻ്റ് ടി. അബ്ദുൽ മജീദ്, ജോ. സെക്രട്ടറി രാജ് കുമാർ. , എക്സി. അംഗം അബ്ദുൽ നാസർ . യു എന്നിവർ നേതൃത്വം നൽകി.
പരിക്കിനെത്തുടർന്ന് പൂർണമായും കിടപ്പിലായ ഭർത്താവ് കുട്ടിരാമനുമൊത്ത് യശോദ പുതിയ വീട്ടിൽ താമസമാക്കി. കൂട്ടുകാരി യശോദ തന്നെ നാട മുറിച്ച് പണി പൂർത്തിയായ വീട്ടിലേക്ക് പ്രവേശിച്ചു.
സഹപാഠികളായ , അബ്ദുൽ മജീദ്. ടി, രാജ്കുമാർ , അബ്ദുൽ നാസർ , സാജിദ ബിഗം, അയൽവാസി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസിയും നൊസ്റ്റാൾജിയ അംഗവുമായ അബ്ദുൽ അഹദിൻ്റെ ശ്രമഫലമായി ഈ കുടുംബത്തിന് പ്രതിമാസം 1000 രൂപ ധനസഹായവും കൂട്ടായ്മ നൽകി വരുന്നു.
ഫോട്ടോ അടിക്കുറിപ്പ്:
നൊസ്റ്റാൾജിയ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ സഹായത്തിൽ യശോദയ്ക്ക് നിർമിച്ച വീട്.