07/01/2026
തേക്കിൻ നാട്ടിൽ ഇല്ലാത്ത തമ്പുരാട്ടിയുടെ പേരിലുള്ള കണക്കില്ലാ ഭൂമിക്ക് വ്യാജ പട്ടയം നിർമിച്ചു വില്പന നടത്തിയത് റവന്യു/വനം വകുപ്പ് അറിവോടെ തന്നെയാണ്...
കയ്യേറ്റ ഭൂമി സർക്കാരിലേക്ക് തിരിച്ചു പിടിക്കുമെന്ന് ഇപ്പോൾ വല്യ വാർത്ത നൽകി മഹാന്മാർ ചമയുകയാണ് ഭരണ കൂടം.
നിലമ്പൂരിലെ രാഷ്ട്രീയ നേതാക്കളും കുത്തക മുതലാളിമാരും വ്യാജ പട്ടയം നിർമിച്ചു കയ്യേറിയ 200 ഏക്കറോളം വരുന്ന സർക്കാർ നിക്ഷിപ്ത വന ഭൂമി തിരിച്ചു പിടിക്കുമെന്ന്...
കണ്ടറിയാം....!
ഈ കയ്യേറ്റത്തിന് എതിരെ ആദ്യം പരാതി നൽകിയത് മിത്രജ്യോതി ആയിരുന്നു.
അതിന് കാരണം ചാലിയാർ ഗ്രാമ പഞ്ചായത്തിലെ കാക്കാടം പൊയിൽ പോകും വഴിയുള്ള എസ് വളവിലെ ഒരു ഭൂമി പ്രശ്നവുമായി അവിടുത്തെ ഒരു കുടുംബം മിത്രജ്യോതിയെ സമീപ്പിക്കുന്നു.
അവരുടെ അഞ്ചേക്കർ ഭൂമി വാളൻതോടുള്ള വാട്ടർ അമ്യുസ്മെന്റ് പാർക്കിന്റെ ഇടിവണ്ണക്കാരനായ പാറപ്പുറത്തിരിക്കുന്ന മുതലാളിയും ഭാര്യയും കൂടി വ്യാജ പട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയിരിക്കുന്നു. ഈ സ്ഥലത്തിന്റെ ശരിക്കുമുള്ള ഉടമയുടെ സഹോദരിയുടെ പേരിലുള്ള സ്ഥലമാണെന്ന് കാണിച്ചാണ് വില്പന. എന്നാൽ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനിയും മുൻപ് മണ്ണാർക്കാട് MES കോളേജ് അധ്യാപികയുമായിട്ടുള്ള ഈ സഹോദരിക്ക് മക്കളൊന്നുമില്ല, പ്രൊഫസറായിരുന്ന ഭർത്താവ് കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിക്കുകയും ചെയിതു. ഒറ്റപ്പെട്ടു ജീവിച്ചിരുന്ന ഇവരെ തേടി മിത്രജ്യോതി പ്രവർത്തകർ യാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.അവരുടെ വിലാസത്തിലുള്ള അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലും, വില്ലേജിലും, പോസ്റ്റ് ഓഫീസിലുമെല്ലാം കയറി ഇറങ്ങി അന്വേഷണം നടത്തി. ഒരാൾക്കും അങ്ങനെ ഒരാളെ കുറിച്ച് അറിവില്ല. അവസാനം അവിടെയുള്ള ഒരു ചർച്ചിൽ കയറി. ചർച്ചിലെ ഓഫീസിൽ അന്വേഷിച്ചപ്പോഴും നിരാശ ആയിരുന്നു ആദ്യ ഫലം. എന്നാൽ നിരാശയോടെ ചർച്ചിൽ നിന്നിറങ്ങുമ്പോൾ ഒരു സ്ത്രീ ഞങ്ങൾ വന്ന കാര്യം അന്വേഷിക്കുകയും ഞങ്ങൾ അത് പറയുകയും അവർ കൃത്യമായ വിവരം ഞങ്ങളെ ധരിപ്പിക്കുകയും ചെയിതു. അങ്ങനെ ഏറ്റുമാനൂരിൽ നിന്നും 6.5 കിലോമീറ്റർ അകലെയുള്ള കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ പോയി ഈ അമ്മയെ കാണുന്നു. രണ്ട് വർഷം മുൻപ് ഇവരുടെ വീട്ടിൽ ആളനക്കം ഒന്നും കാണാത്തത് കൊണ്ട് അയൽവാസികളും നാട്ടുക്കാരും വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറി നോക്കുമ്പോൾ കുഴഞ്ഞു വീണ് ബോധമില്ലാതെ കിടന്ന അവരെ അന്നാട്ടിലെ ഒരു അഭിഭാഷകനും നാട്ടുക്കാരും ചേർന്നാണ് ഈ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു വർഷമായി ശരീരം തളർന്നു ഓർമ്മ നഷ്ട്ടപ്പെട്ട അവരെ തേടി കൃത്യമായ ഇടവേളകളിൽ തൊടുപുഴ മുട്ടം തുടങ്ങനാട് താമസിക്കുന്ന കഷണ്ടിക്കാരനായ ഈ വ്യാജ പട്ടയ നിർമ്മാതാവായിട്ടുള്ള സഹോദരൻ വരും. സഹോദരിയുടെ അടുത്ത് കുറച്ചു നേരം ചുറ്റിപ്പറ്റി നിന്ന് പല പേപ്പറുകളിൽ ഒപ്പിടിവിച്ചു മടങ്ങും. ഈ അമ്മയുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും ഈ സഹോദരനാണ് കൈപ്പറ്റുന്നത് തന്നെ. ഇങ്ങനെ പാരലൈസ്ഡ് ആയി ആശുപത്രി കിടക്കയിൽ കഴിയുന്ന അവരാണ് 2024 ഏപ്രിൽ മാസം 19 നു നിലമ്പൂർ സബ് രജിസ്ട്രാറാർ ഓഫീസിൽ നേരിൽ വന്നു രാവിലെ 10.35 നു വാങ്ങിയ സ്റ്റാമ്പ് പേപ്പറിൽ 12.20 നു ആധാരം രജിസ്റ്റർ ചെയിതു നൽകിയത്. അതും സ്വന്തം വിരലടയാളം പതിച്ചാണ് രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്.
ഇനി ഈ അഞ്ചേക്കർ ഭൂമിയുടെ പട്ടയം പരിശോധിച്ചപ്പോൾ അതിലെ ജന്മിയുടെ പേര് " കെ. സി. അനിയത്തി തമ്പുരാട്ടി, പഴയിടം മന, ചേർപ്പ്, തൃശൂർ എന്നാണ് ഉണ്ടായിരുന്നത്. അങ്ങനെ കെ. സി അനിയത്തി തമ്പുരാട്ടിയെ കുറിച്ചായി അന്വേഷണം. പുള്ളിപ്പാടം വില്ലേജിലോ, അകമ്പാടം വില്ലേജിലോ, മമ്പാട് വില്ലേജിലോ, ലാന്റ് ട്രിബൂണലിലോ ഇങ്ങനെ ഒരു കിഴക്കേ കോവിലകത്തേ കെ സി അനിയത്തി തമ്പുരാട്ടിക്ക് ഒരു തുണ്ട് ഭൂമിയില്ല എന്നത് വിവരാവകാശ അപേക്ഷക്ക് മറുപടിയും ലഭിച്ചു. ഈ കെ സി അനിയത്തി തമ്പുരാട്ടിയുടെ പേരിൽ 200 ലധികം ഏക്കർ സ്ഥലം പുള്ളിപ്പാടം, അകമ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാജ പട്ടയം നിർമിച്ചു വില്പന നടത്തിയതായി മിത്രജ്യോതിയുടെ അന്വേഷണത്തിൽ മനസിലായി. അങ്ങനെ കെ സി അനിയത്തി തമ്പുരാട്ടിയെ കുറിച്ച് അന്വേഷണം നടത്തുകയും മലപ്പുറം ജില്ലയിലെ കോട്ടക്കലിലേ കെ സി അനിയത്തി തമ്പുരാട്ടി എന്നത് ഒരു സ്ഥാനപേരാണ് എന്നും അവർക്ക് ഇങ്ങനെ ഒരു ഭൂമി ഇല്ലെന്നും കിഴക്കേ കോവിലകത്തെ നിലവിലെ തമ്പുരാനെ കണ്ടപ്പോൾ അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. പരേതനായ ഉദയ വർമ്മ തമ്പുരാന്റെ പന്തിയായിരുന്ന കോട്ടക്കലിലെ കിഴക്കേ കോവികത്ത് വലിയ തമ്പുരാട്ടി എന്ന കെ സി ചെറിയ അനുജത്തി തമ്പുരാട്ടി 2022 ഏപ്രിൽ 27 ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നെയുള്ളത് നിലമ്പൂർ കോവിലകത്ത് പരേതനായ ടി എൻ സത്യനാഥൻ തിരുമുൽപാടിന്റെ പന്തിയായിരുന്ന കെ.സി. അനിയത്തി തമ്പുരാട്ടിയായിരുന്നു, അവർക്കും ഇങ്ങനെ ഒരു ഭൂമിയില്ലെന്നു അവരുടെ മക്കൾ പറയുകയും ചെയിതു. ഈ അനിയത്തി തമ്പുരാട്ടി കഴിഞ്ഞ ദിവസം മരിച്ചു പോവുകയും ചെയിതു.
ഇനി മറ്റൊരു അനിയത്തി തമ്പുരാട്ടി ഉള്ളത് കൊണ്ടോട്ടി മൊറയൂർ ചേറ്റുവെട്ടി പരേതനായ പുളിയശ്ശേരി നാരായണൻ നമ്പൂതിരിയുടെ പന്തി ആയിരുന്ന കോട്ടക്കൽ കിഴക്കേ കോവിലകം ചെറിയ അനുജത്തി തമ്പുരാട്ടി ആയിരുന്നു.അവരും 2022 ഒക്ടോബർ 24 ന് മരണപ്പെട്ടു. അവർക്കും ഇങ്ങനെ ഒരു ഭൂമി ഉണ്ടായിരുന്നില്ല.
പിന്നെയുള്ളതും ഇവർ സൃഷ്ടിച്ച വ്യാജ പട്ടയത്തിലെ പഴയിടം മനയിലെ കിഴക്കേ കോവിലകത്തെ അനിയത്തി തമ്പുരാട്ടിയാണ്. അവരെ അന്വേഷിച്ചു തൃശൂർ ചേർപ്പിലെത്തി. അവിടെ വില്ലേജ് ഓഫീസിൽ അന്വേഷണം നടത്തിയപ്പോൾ പഴയിടം മന കണ്ടെത്തി. പഴയിടം മനയിലെ തിരുമേനിയെ മനയിൽ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കോട്ടക്കൽ കിഴക്കേ കോവിലകത്ത് നിന്ന് പഴയിടം മനയിലേക്ക് വേളി കഴിച്ചു കൊണ്ട് വന്നതായിരുന്നു അനിയത്തി തമ്പുരാട്ടിയെ എന്നും അവർ മരിക്കുന്നതു വരെ വാടക വീട്ടിൽ ആയിരുന്നു താമസം എന്നും 1989 ൽ അനിയത്തി തമ്പുരാട്ടി മരിച്ചുവെന്നും 1990 ൽ അവരുടെ ഭർത്താവ് ആത്മഹത്യ ചെയിതുവെന്നും അവർക്ക് മക്കളൊന്നുമുണ്ടായിരുന്നില്ലെന്നും മരിക്കുന്നത് വരെ വാടക വീട്ടിലായിരുന്നു താമസമെന്നും ആകെ അവർക്ക് ഉണ്ടായിരുന്നത് സുപ്രീം കോടതി വഴി കിട്ടിയ 11 സെന്റ് സ്ഥലം മാത്രമാണെന്നും അറിഞ്ഞു. മരിക്കും വരെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കെ.സി അനിയത്തി തമ്പുരാട്ടി എന്നവരുടെ പേരും വിലാസവും ദുരുപയോഗം ചെയിതു ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ പെരുവമ്പാടം സ്വദേശിയും കോൺഗ്രസ്സ്ക്കാരനുമായ ചാലിയാറിലെ ഒരു സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറുമായ ഒരാൾ, തൊടുപുഴ മുട്ടം തുടങ്ങനാട് സ്വദേശിയായ മറ്റൊരാൾ, കൂടിയാണ് ഇങ്ങനെ വ്യാജ പട്ടയം നിർമിച്ചു നിലമ്പൂർ നോർത്ത് ഡിവിഷണിലേ സർക്കാർ വന ഭൂമികളും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും വില്പന നടത്തുന്നത് എന്ന് മനസിലായി.
ഇങ്ങനെ വില്പന നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്യുകയോ പരാതി നൽകുകയോ ചെയിതാൽ അവരെ നേരിടാൻ നിലമ്പൂർ ചന്തക്കുന്നിലെ മാംസ ഗുണ്ടയെ തൊടുപുഴയിലുള്ള വ്യാജ പട്ടയ നിർമ്മാതാവ് നിർത്തിയിട്ടുമുണ്ട്. തന്റെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും വേണ്ടി മീശ പിരിച്ചു, തന്നെക്കാൾ നീളമുള്ള ട്രൗസറും ഇട്ടിറങ്ങുന്ന മാംസഗുണ്ടക്ക് പ്രത്യുപകാരമായി ഇതേ വ്യാജ പട്ടയത്തിൽ 10 സെന്റ് സ്ഥലം തൊടുപുഴയിലുള്ള യജമാനൻ നൽകിയിട്ടുമുണ്ട്.
മുകളിൽ പറഞ്ഞ അഞ്ചേക്കർ ഭൂമിയുടെ കേസ് നോക്കുകയാണെങ്കിൽ വാളൻതോടുള്ള അമ്യുസ്മെന്റ് പാർക്കിന്റെ ഡയറക്ടർമാരിൽ ഒരുത്തനാണ് ഈ അഞ്ചേക്കർ ഭൂമി അയാളുടെയും ഭാര്യയുടെയും പേരിൽ വാങ്ങിയത്. അതും ഇതിന് ശരിക്കും അവകാശികൾ ഉണ്ടെന്ന് അറിഞ്ഞും വ്യാജ പട്ടയമാണെന്നു ബോധ്യപ്പെട്ടുമാണ് ഈ സ്ഥലം തുച്ഛമായ പണം നൽകി വാങ്ങിയിട്ടുള്ളത്.
എന്നാൽ ഇവരെ കൊണ്ട് മാത്രം ഈ ക്രയവിക്രയം സാധ്യമാകുമായിരുന്നില്ല. പുള്ളിപ്പാടം വില്ലേജ് ഓഫീസറുടെയും അകമ്പാടം വില്ലേജ് ഓഫീസറുടെയും അകമൊഴിഞ്ഞ സഹായം ഇതിലെല്ലാം ഉണ്ടായിരുന്നു. എവിടെയൊക്കെ ക്രമകേട് ഉണ്ടോ അതെല്ലാം ചെന്ന് എത്തുന്നത് പുള്ളിപ്പാടം വില്ലേജ് ഓഫിസർക്ക് നേരെയാണ്. പുള്ളിപ്പാടം വില്ലേജ് ഓഫീസ് ഭരിക്കുന്നത് തന്നെ ഇടതു പക്ഷത്തിലെ ചിലരാണ്. വില്ലേജ് ഉദ്യോഗസ്ഥർ ഇരിക്കേണ്ട കസേരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയാണ് ഇരിക്കുന്നത് തന്നെ . ഇടപാടുകൾ എല്ലാം എല്ലാം റവന്യു വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാവ് വഴി ആവുമ്പോൾ എല്ലാം ശുഭം. അവിടെ എത്രത്തോളം അഴിമതി നടത്തുന്നു എന്നതിന് തെളിവ് തന്നെയാണ് ആ വില്ലേജിലെ ഒരു ഉദ്യോഗസ്ഥൻ സ്വന്തം വീടിനു സ്ഥലം വാങ്ങി ഈ അടുത്ത് തറയിട്ടത്. വഴിവിട്ട കാര്യങ്ങൾക്കുള്ള പ്രത്യുപകാരങ്ങൾ ആ ഓഫീസിലെ പലരും സൂക്ഷ്മതയോടെ കൈപറ്റുന്നുണ്ട്.
വിവരാവകാശ അപേക്ഷക്കുള്ള മറുപടി ചോദിച്ചാൽ പോലീസിൽ പോയി പരാതി നൽകലാണ് വില്ലേജ് ഓഫീസറുടെ മറ്റൊരു രീതി.
ഇതിൽ തൊടുപുഴ തുടങ്ങനാട്ടെ ഈ വ്യാജ പട്ടയ നിർമാതാവ് ചന്തക്കുന്നിലെ മാംസ ഗുണ്ടയെ ഉപയോഗിച്ച് സ്ഥലം ഉടമകളെ ഭീഷണിപ്പെടുത്തിയും ആരെങ്കിലും പരാതിയുമായി വന്നാൽ അവരെ കൈകാര്യം ചെയ്തും പോരുന്നുവെന്ന് പറഞ്ഞുവല്ലോ. എന്നാൽ ഈ മാംസ ഗുണ്ട 2026 ജനുവരിയിൽ മിത്രജ്യോതി ചെയർമാനെ കൊല്ലുമെന്ന് പറയുന്നതിന്റെ വോയിസുകളും മറ്റും ഉണ്ട്.ഈ ഗുണ്ടയുടെ പേരിലുള്ള കേസുകൾ എല്ലാം തീർന്നെന്നും ഇനി ആകെ നിലമ്പൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസ് മാത്രമേ ഉള്ളുവെന്നും അതിനാൽ ഒരു കേസ് വേണമെന്നും 2026 ജനുവരി ആകുവാൻ കാത്തിരിക്കുകയായിരുന്നു എന്നും ഈ വ്യാജ പട്ടയ കേസിലെ പരാതിക്കാരനായ മിത്രജ്യോതി ചെയർമാനെ കൊല്ലുമെന്നും ഒക്കെ പറഞ്ഞുള്ള വോയിസുകൾ കറങ്ങി നടക്കുന്നുമുണ്ട്.ആയതിനു നിലമ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് Si യുടെ എല്ലാവിധ സഹായ സഹകരണങ്ങളുണ്ട് താനും. ഈ ഗ്രേഡ് Si ക്ക് എതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ അദ്ദേഹത്തോട് ഈ മാംസ ഗുണ്ട ആവശ്യപ്പെട്ട പ്രകാരം ഒരാളോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ച് നോട്ടീസ് ഇഷ്യു ചെയ്തത് ഹോട്ടലിൽ കൈ തുടക്കുന്ന ടിഷ്യു പേപ്പറിൽ. BNSS 35 പ്രകാരം നോട്ടീസ് ഇഷ്യു ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും നടപടി ക്രമങ്ങളും ഒന്നും പാലിക്കാതെ ഒരു ടിഷ്യു പേപ്പറിൽ നോട്ടീസ് ഇഷ്യു ചെയ്തത് തന്റെ സുഹൃത്തായ മാംസ ഗുണ്ടയോടും അന്നദാതാവിനോടുമുള്ള അകമഴിഞ്ഞ കടപ്പാട് കൊണ്ടൊന്നു മാത്രമാണ്. മേൽ വ്യക്തി ഇപ്പോഴും നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നുമുണ്ട്.എന്നാൽ 24 മണിക്കൂറും ചക്കരക്ക് ചുറ്റും ഈച്ചയുള്ളത് പോലെ,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്റ്റേഷന് ചുറ്റും നടന്നിട്ടും ക്രിമിനൽ ബന്ധമുള്ള ഈ ഗ്രേഡ് Si യുടെ ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല.
മേൽ വിഷയങ്ങളെല്ലാം കാണിച്ചു മുഖ്യമന്ത്രി /റവന്യു മന്ത്രി,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി,റവന്യു പ്രിൻസിപ്പൽ സെക്രട്ടറി/വിജിലൻസ് ഡയറക്ടർ/ ജില്ലാ കളക്ടർ /ജില്ലാ രജിസ്ട്രാർ/സബ് രജിസ്ട്രാർ /ഡി എഫ് ഒ /പി സി സി എഫ് തുടങ്ങി എല്ലാ വകുപ്പിലും പരാതി നൽകിയിരുന്നു.എന്നാൽ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. ആയതിന്റെ കാരണം തേടി അന്വേഷണം നടത്തിയപ്പോഴാണ് മലപ്പുറം ഡി സി സി പ്രസിഡന്റിന്റെ ഭാര്യ കുടുംബത്തിന് 23 ഏക്കറി ലധികം വരുന്ന ഭൂമി ഈ ഇല്ലാത്ത ജന്മിയുടെ പേരിലുള്ള പട്ടയം വഴി കൈവശം ഉണ്ടെന്ന് മനസിലായത്.ആ ഭൂമിയിൽ ഇപ്പോൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി വമ്പൻ റിസോർട്ട് പണിയും നടക്കുന്നുണ്ട്. കൂടാതെ നിലമ്പൂർ എം എൽ എ യുടെ കുടുംബ കൈവശവും 35 ലധികം ഏക്കർ സ്ഥലമുണ്ട്. ഇനി നിലമ്പൂരിൽ തോറ്റ എം എൽ എ ക്ക് എത്രയുണ്ടെന്ന് കൂടി അറിയാനുണ്ട്. ഇങ്ങനെ രാഷ്ട്രീയ നേതാക്കളുടെയും മറ്റും കൈവശത്തിൽ ഇരിക്കുന്ന സർക്കാർ നിക്ഷിപ്ത വന ഭൂമി തിരിച്ചു പിടിക്കണമെങ്കിൽ ആയതിനു ജില്ലാ ഭരണ കൂടം ഇച്ചിരി വിയർക്കേണ്ടി വരും.
നിലവിലെ ഈ ഇൻവെസ്റ്റിഗേഷ്യൻ ടീം ഒരു പ്രഹസനം ആവാനേ തരമുള്ളൂ. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന പുള്ളിപ്പാടം വില്ലേജ് ഓഫീസറെ ആ കസേരയിൽ ഇരുത്തി ഇങ്ങനെ ഒരന്വേഷണം നടത്തിയാൽ ഏതെല്ലാം രേഖകൾ ഇല്ലാതാകുമെന്ന് കണ്ടറിയേണ്ടി വരും.അത് പോലെ തന്നെയാണ് അകമ്പാടം വില്ലേജിലെ അവസ്ഥയും.
വെണ്ടേക്കും പൊയിൽ ക്വാറിയും പുള്ളിപ്പാടം ക്വാറിയും മാത്രം മതി ഇതിന് ഉദാഹരണത്തിന്. റവന്യു വകുപ്പിൽ നിന്ന് റിട്ടയർ ചെയിത അകമ്പാടം സ്വദേശിയായ ഒരു ഡെപ്യുട്ടി കളക്ടർ വഴി പശ്ചിമ ഘട്ടത്തിലെ റെഡ് സോണിലുള്ള ഏത് ഭൂമിയും,ക്വാറിക്കും പാർക്കിനും ഒക്കെ അനുകൂലമാക്കി പരിസ്ഥിതി അനുകൂലമാക്കി കൊടുക്കും.
പശ്ചിമഘട്ടത്തിലെ 200 ഓളം വരുന്ന സർക്കാർ നിഷിപ്ത വന ഭൂമിയാണ് വ്യാജ പട്ടയങ്ങൾ സൃഷ്ടിച്ചു സ്വാകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നത്. മുൻപ് സഖാവ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മൂന്നാറിൽ ചെയ്തപ്പോലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇച്ചാ ശക്തിയുള്ള ഓഫീസർമാരും ഭരണകൂടവും ഇപ്പൊ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഒരു തുണ്ട് ഭൂമിക്ക് വേണ്ടി നിലമ്പൂരിലെ ആദിവാസികൾ ഇപ്പോഴും കളക്റ്ററേറ്റ് പടിക്കൽ കുടിലുകെട്ടി സമരത്തിലാണ്.
മിത്രജ്യോതി നൽകിയ പരാതിയിൽ ഇങ്ങനെ ഒരു പ്രതേക അന്വേഷണ ടീമിനെ നിയോഗിച്ചതിൽ സന്തോഷമുണ്ട്. വരും നാളുകളിൽ ചാലിയാർ പഞ്ചായത്തിലെ കൂടുതൽ വ്യാജ പട്ടയം നിർമിച്ചു കയ്യേറിയ ഭൂമികളുടെ രേഖകൾ മിത്രജ്യോതി അന്വേഷണ സംഘത്തിനു കൈമാറുന്നതാണ്.