24/06/2025
ചരിത്രത്തിലാദ്യമായി
പാലാ കുരിശുപള്ളിയിലെ ജൂബിലി തിരുന്നാൾ രണ്ടാം പ്രാവശ്യം ആഘോഷിക്കുവാൻ പോകുന്നു...!!!
ഇതെന്തു കഥയെന്നോർത്ത് പാലാക്കാർ അന്തം വിടുന്നു... 🤔😇
ഡിസംബർ 1 ന് കൊടികയറി 8ാം തീയതി പെരുന്നാൾ സമാപനമാണ് ഇവിടുത്തെ അമലോത്ഭവജൂബിലി തിരുന്നാൾ ... പെരുന്നാളിൻ്റെ അവസാന ദിനങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപം , പള്ളിയുടെ നടയ്ക്കു താഴെയുള്ള തിരുമുറ്റത്തിടുന്ന പന്തലിൽ ഭക്ത്യാദരപൂർവ്വം പ്രതിഷ്ഠിച്ച് അവിടെ വച്ച് വിശ്വാസികൾ രൂപത്തിൽ നാരങ്ങാ മാലയടക്കം അണിയിച്ച് നേർച്ചയിട്ട് വണങ്ങി പ്രാർത്ഥിക്കുകയാണ് സ്ഥിരമായി നടക്കുന്നത്... വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെയുള്ള അനേകായിരങ്ങൾ പങ്കെടുക്കുന്ന തിരുസ്വരൂപങ്ങളും വഹിച്ചുള്ള രാത്രി പ്രദക്ഷിണവും പ്രസിദ്ധമാണ്.
ഇപ്പോഴിതാ കുരിശുപള്ളിയുടെ താഴെ മാതാവിൻ്റെ തിരുസ്വരൂപം സ്ഥാപിക്കാനുള്ള വലിയ പന്തലിൻ്റെ പണി വീണ്ടും നടന്നുകൊണ്ടിരിക്കുന്നു.
യാഥാർത്ഥ്യമിതാണ്...
കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന "ഒറ്റക്കൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിനായാണ് ജൂബിലി പെരുന്നാൾ പുനരാവിഷ്കരണം നടത്തുന്നത്.
വിശ്വാസപ്രമാണങ്ങൾക്കോ ആചാരാനുഷ്ഠാനങ്ങൾക്കോ യാതൊരു ഭംഗവും വരുത്താതെയുള്ള തനി പാലാക്കഥയാണ് ഒറ്റക്കൊമ്പൻ്റേത്.
പാലായിലുള്ള ദിനങ്ങളിലെല്ലാം പതിവായി വെളുപ്പിന് കുരിശു പള്ളി മാതാവിൻ്റെയടുത്തെത്തി തിരികത്തിച്ച് പ്രാർത്ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ്, സ്വജീവിതത്തിലും തികഞ്ഞമരിയൻ ഭക്തനായ സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിടുന്നത്.
ബഹുമാനപ്പെട്ട പാലാ പിതാവിൻ്റെയും , കത്തീഡ്രൽ പള്ളി , ളാലം പുത്തൻ പള്ളി , ളാലം പഴയപള്ളി വികാരിയച്ചൻമാരടക്കമുള്ള വൈദികരുടെയും വിശ്വാസികളുടെയും അനുഗ്രഹ ആശീർവാദത്തോടെയാണ് ചിത്രത്തിൻ്റെ തിരുന്നാൾ രംഗങ്ങൾ പുനരാവിഷ്കരിക്കപ്പെടുന്നത്.
പെരുന്നാളിൻ്റെ ഭാഗമായുള്ള കച്ചവടസ്ഥാപനങ്ങളുടെ വൈദ്യുതി അലങ്കാരമടക്കമുള്ള കാര്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചയോളം രാത്രി ഷൂട്ടിംഗ് ഉണ്ടാവുമെന്നറിയുന്നു. സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത് , ലാൽ (സിദ്ദിക്ക്) അടക്കമുള്ള വമ്പൻ താരനിരയും അണിനിരക്കും.
അനേകം പാലാക്കാരടക്കമുള്ള ജൂനിയർ ആർട്ടിസ്റ്റുകളും വേഷമിടുന്നുണ്ട്.
മാസ് സംഘടന രംഗങ്ങളും ചിത്രീകരിക്കുന്നുണ്ട്.
ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന , മാത്യൂസ് തോമസാണ് സംവിധായകൻ. കഥ, തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പാലാ, ഭരണങ്ങാനം സ്വദേശിയായ (നിലവിൽ അമേരിക്കയിൽ) CIA എന്ന ഹിറ്റ് ദുൽഖർ സിനിമക്ക് കഥയെഴുതിയ , ഷിബിൻ ഫ്രാൻസീസാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജികുമാറാണ്.
ഒറ്റക്കൊമ്പൻ്റെ നിർമ്മാണം ഗോകുലം ഫിലിംസാണ്.👍