PALA TIMES

PALA TIMES The First Newspaper of Pala

കെ. ആർ. നാരായണനെ അറിയാം; പുതുതലമുറയ്ക്കായി സംസ്ഥാനതല പദ്ധതിക്ക് തുടക്കംതിരുവനന്തപുരം/പാലാ: മുൻ രാഷ്ട്രപതി കെ. ആർ. നാരായണ...
10/08/2026

കെ. ആർ. നാരായണനെ അറിയാം; പുതുതലമുറയ്ക്കായി സംസ്ഥാനതല പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം/പാലാ: മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതവും ചിന്തകളും ഭരണഘടനാ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കെ. ആർ. നാരായണൻ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ‘കെ. ആർ. നാരായണനെ അറിയുക’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

സാധാരണ കുടുംബപശ്ചാത്തലത്തിൽനിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി സ്ഥാനത്തെത്തിയ കെ. ആർ. നാരായണൻ യുവതലമുറയ്ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം, സാമൂഹികനീതി, സമത്വം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവർത്തനവും പുതിയ തലമുറ അറിയുകയും പിന്തുടരുകയും വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കെ. ആർ. നാരായണന്റെ ജീവിതയാത്രയും രാജ്യത്തിന്റെ ജനാധിപത്യ-ഭരണഘടനാ ചരിത്രത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിദ്യാർഥികളിലും യുവജനങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ, ലൈബ്രറികൾ, യുവജന-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ഉപന്യാസ-പ്രസംഗ മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കെ. ആർ. നാരായണന്റെ ജീവിതം, നയതന്ത്ര-രാഷ്ട്രീയ രംഗത്തെ സംഭാവനകൾ, ഭരണഘടനയോടുള്ള പ്രതിബദ്ധത, സാമൂഹികനീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയും പരിപാടികളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും.

ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോസ് തോമസ്, ഷാജി ആറ്റുപുറം, പ്രഫ. ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ, സോയി തോമസ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്

കെ. ആർ. നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘കെ. ആർ. നാരായണനെ അറിയുക’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരത്ത് നിർവഹിക്കുന്നു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോസ് തോമസ്, ഷാജി ആറ്റുപുറം, പ്രഫ. ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ, സോയി തോമസ് എന്നിവർ സമീപം.

സി.വൈ.എം.എല്‍. പാലായുടെ ശക്തി: മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍പാലാ: കലാസാംസ്‌കാരിക കാരുണ്യസംഘടനയായ സി...
10/08/2026

സി.വൈ.എം.എല്‍. പാലായുടെ ശക്തി: മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍

പാലാ: കലാസാംസ്‌കാരിക കാരുണ്യസംഘടനയായ സി.വൈ.എം.എല്‍., പാലായുടെ ശക്തിയാണെന്നും 79 വര്‍ഷം എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് എല്ലാ മേഖലയിലും പ്രവര്‍ത്തനമികവ് പ്രകടിപ്പിക്കുന്ന സി.വൈ.എം.എല്‍. മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും പാലാ മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പ്രസ്താവിച്ചു: സ്‌കൂള്‍ കലോത്സവം, 2000ല്‍ പരം സാധുക്കള്‍ക്ക് സൗജന്യവസ്ത്രവിതരണം, തെയ്യാമ്മ വൈദ്യ ചികിത്സാക്യാമ്പ്, ടൂവീലര്‍ ഫാന്‍സിഡ്രസ്, നാടകമേള, സ്വാതന്ത്ര്യദിനാഘോഷങ്ങള്‍, ഓണാഘോഷങ്ങള്‍ എന്നിവയിലെ സംഘടനാശേഷി എടുത്തുപറയേണ്ടതാണ്. കുരിശുപള്ളി ജംഗ്ഷനില്‍ കാരമുള്ളില്‍ ബില്‍ഡിംഗില്‍ പുതിയ ഓഫീസും ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. യോഗത്തില്‍ പ്രസിഡന്റ് സതീഷ് മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, ഷിബു കാരമുള്ളില്‍, ജോയി കളരിയ്ക്കല്‍, തോമസ് വാക്കപ്പലം, ജോണി പന്തപ്ലാക്കല്‍, ജോഷി കട്ടക്കയം, ബാബു നെടുമുടി എന്നിവര്‍ പ്രസംഗിച്ചു.

പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ പുന:സ്ഥാപിച്ചുപാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്...
09/08/2026

പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ പുന:സ്ഥാപിച്ചു

പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന:സ്ഥാപിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർ ബിജുവരിയ്ക്കയാനി, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ എന്നിവർ ചേർന്നാണ് പ്രതിമ പുന:സ്ഥാപിച്ചത്.

ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച രാവിലെ 9.30-ഓടെ വെള്ളപ്പൊക്കത്തിൽ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമയ്ക്ക് ചെരിവ് സംഭവിച്ചതായി കണ്ടെത്തിയത്.
തുടർന്നു ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ, ഒ എസ് പ്രകാശ് എന്നിവർ കഴുത്തൊപ്പമുള്ള വെള്ളത്തിലൂടെ പ്രതിമയുടെ സമീപത്തെത്തി പരിശോധന നടത്തി. ഐസോ റെസിൻ ഉപയോഗിച്ച് നിർമിച്ച പ്രതിമയ്ക്കും ഗാന്ധിസ്ക്വയറിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

പ്രതിമ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ചിരുന്ന സ്ക്രൂവിന് ശക്തമായ ജലപ്രവാഹത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതോടെയാണ് ഒരു വശം പ്ലാറ്റ്ഫോമിൽ നിന്ന് വേർപെട്ടത്. ഭാരം കുറഞ്ഞ ഐസോ റെസിൻ ഉപയോഗിച്ചുള്ള പ്രതിമയുടെ ഒരു വശം ഉയർന്നപ്പോൾ മറുവശം പ്ലാറ്റ്ഫോമിൽ ഉറച്ചുനിന്നതിനാലാണ് പ്രതിമ ചെരിഞ്ഞ നിലയിലായത്.

അപകടസാധ്യത ഒഴിവാക്കാൻ മറ്റ് സ്ക്രൂകളും അഴിച്ചുമാറ്റി പ്രതിമ വെള്ളത്തിൽ നിന്ന് സുരക്ഷിതമായി ഉയർത്തി മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് പ്രതിമ പുന:സ്ഥാപിച്ചത്. രാവിലെ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലിൻ്റെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ഫോട്ടോ അടിക്കുറിപ്പ്

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സാങ്കേതിക തകരാർ സംഭവിച്ച പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ മഹാത്മാഗാന്ധി പ്രതിമ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന്റെ നേതൃത്വത്തിൽ പുന: സ്ഥാപിക്കുന്നു. മുനിസിപ്പൽ കൗൺസിലർ ബിജു വരിയ്ക്കയാനി, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ എന്നിവർ സമീപം.

അർജുൻ ആയങ്കിക്ക് 14 ദിവസത്തേക്ക് റിമാൻഡ്; തലശ്ശേരി സബ് ജയിലിലേക്ക്ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന...
09/08/2026

അർജുൻ ആയങ്കിക്ക് 14 ദിവസത്തേക്ക് റിമാൻഡ്; തലശ്ശേരി സബ് ജയിലിലേക്ക്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണനാണ് അർജുനെ റിമാൻഡ് ചെയ്തത്. പ്രതിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ദിവസങ്ങളായി കേരള പൊലീസ് തിരഞ്ഞുവന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയോടെയാണ് കണ്ണൂരിൽ നിന്ന് പൊലീസ് സംഘം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്ലാറ്റിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ കണ്ണൂരിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.

*പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ* കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ...
09/08/2026

*പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ*

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര വകുപ്പ് മന്ത്രിയെയും, പോലീസിനെയും തുറന്നു വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ പോലീസ് വലയിലായി.

കണ്ണൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് അർധരാത്രിയോടെ വൻ പോലീസ് സന്നാഹമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ണൂർ തളിപ്പറമ്പിലെ ഒരു ചെറിയ ലോഡ്ജിലായിരുന്നു ആയങ്കി തങ്ങിയിരുന്നത്.

എന്നാൽ പോലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ, ഇന്നലെ ഉച്ചയോടെ ഒരു ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി തന്റെ സുഹൃത്തിനെ വിളിച്ച് കാറുമായി എത്തുവാൻ ആവശ്യപ്പെട്ടു.

തുടർന്ന് എത്തിയ കാറിൽ സുഹൃത്തിനൊപ്പം കയറിപ്പോയ യാത്രക്കാരനിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയും, ഇയാൾ തന്റെ ഫോണിൽ നിന്നാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

ഈ മൊഴിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പാതയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, കാർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലേക്ക് പോയതായി കണ്ടെത്തി.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയങ്കി ഈ അപ്പാർട്ട്‌മെന്റിലെ അഭിഭാഷക ദമ്പതിമാരുടെ താമസസ്ഥലത്ത് പ്രവേശിച്ചതായി പോലീസ് ഉറപ്പിച്ചു. തുടർന്ന് വൈകിട്ട് ഒമ്പതു മണിയോടെ പോലീസ് അവിടെ എത്തിയെങ്കിലും, ആയങ്കി അവിടെയില്ലെന്ന് അഭിഭാഷകർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം താൽക്കാലികമായി പിൻവാങ്ങി.

എന്നാൽ അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഒന്നുകൂടി പരിശോധിച്ചപ്പോൾ, ഉച്ചയ്ക്ക് മൂന്ന് മണിക്ക് നീല ജാക്കറ്റ് ധരിച്ച അർജുൻ ആയങ്കി ഉള്ളിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായി. ഇതോടെ ഇയാൾ അവിടെത്തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ്, രാത്രിയോടെ കൂടുതൽ സന്നാഹങ്ങളുമായി അപ്പാർട്ട്‌മെന്റ് വളഞ്ഞു.

പുലർച്ചെ ഒരു മണിയോടെ പോലീസ് വീണ്ടും വാതിലിൽ മുട്ടിയപ്പോൾ അർജുൻ ആയങ്കി തന്നെയാണ് കതക് തുറന്നത്. പിടിയിലാകുന്ന സമയത്ത് ചെറിയ രീതിയിൽ ബലപ്രയോഗത്തിന് ആയങ്കി മുതിർന്നുവെങ്കിലും, വൻ പോലീസ് സംഘത്തിന് മുന്നിൽ ഇയാൾക്ക് കീഴടങ്ങേണ്ടി വരികയായിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനും യു.എസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി​മുഖ്യമന്ത്രി  വി. ഡി. സതീശനും ഇന്...
08/08/2026

മുഖ്യമന്ത്രി വി.ഡി. സതീശനും യു.എസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടായിരുന്നു.

​ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
​കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിൻ്റെ സാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്കാരിക മേഖലയിലും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലുമുള്ള അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

​തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് പറഞ്ഞ യു.എസ് സ്ഥാനപതി കേരളത്തിൻ്റെ പ്രകൃതിസൗന്ദര്യത്തെ കുറിച്ചും സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വളർച്ചയെകുറിച്ചും വാചാലനായി. ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ കഴിയും. സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കിക്കൊണ്ട് 'സിസ്റ്റർ സിറ്റീസ്' മാതൃകയിലുള്ള പങ്കാളിത്ത സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ നിക്ഷേപാവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.

​അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നതിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ച അമേരിക്കൻ സ്ഥാനപതി ഇത്തരം സംരംഭങ്ങൾ കേരളവുമായുള്ള സാമ്പത്തിക സഹകരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​അമേരിക്കയിലെ മലയാളി സമൂഹവുമായും മറ്റ് വ്യവസായ ശൃംഖലകളുമായും ഉള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി, യു.എസിലെ പ്രവാസി മലയാളികൾക്കും മറ്റ് നിക്ഷേപകർക്കും കേരളത്തിലെ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി അമേരിക്കയിൽ ഒരു 'ഇൻവെസ്റ്റ് ഡെസ്‌ക്' ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

​കേരളവും അമേരിക്കയും തമ്മിൽ ഇരുവരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പങ്കാളിത്തം തുടരുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും ഇരുപക്ഷവും പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നു വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗ...
08/08/2026

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നു വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു.

ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്.

ഉദ്ഘാടനം കഴിഞ്ഞ് പുറത്തെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സ്റ്റാൻഡിൽ കണ്ട ഓട്ടോ പിടിച്ച് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു.

നേരത്തേയും സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തത്‌ വാർത്തയായിരുന്നു.

കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നുപത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ...
08/08/2026

കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനൻ. പ്രിയദർശിനി ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നതിനാൽ അത് നോക്കാനായി എത്തിയതാണ് മോഹനൻ. അപ്പോഴാണ് ആന ഇയാളെ ആക്രമിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചുഎടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതി...
08/08/2026

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ നാല് പേരെയും, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരാളെയും അടക്കം അഞ്ചുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
വട്ടംകുളം സ്വദേശികളായ അഴകത്ത് വളപ്പിൽ ഫൈസൽ (33), അധികാരത്ത് വളപ്പിൽ അബൂബക്കർ സിദ്ധിഖ് (34), മുണ്ടേക്കാട്ടിൽ നൗഫൽ (36), പാലക്ക വളപ്പിൽ അഷ്കർ (36) എന്നിവരാണ് ഒളിവിൽ പാർപ്പിച്ച കുറ്റത്തിന് അറസ്റ്റിലായവർ. ഇവരെ പിടികൂടാൻ എത്തിയപ്പോൾ പോലീസിനെ തടസ്സപ്പെടുത്താൻ ശ്രമിച്ച ഉദിനിക്കൂട്ടിൽ മുഹമ്മദ് റാഫിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം: കെ സി വേണുഗോപാൽ എം പി കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബ...
08/08/2026

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം: കെ സി വേണുഗോപാൽ എം പി

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെയും കർഷകരുടെയും പരാതികൾ അടിയന്തരമായി പരിഹരിക്കണം. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് സർക്കാർ ഗൗരവതരമായ പഠനത്തിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും പൊരുതി നിലനിൽക്കുന്ന, എല്ലാം സഹിക്കുന്ന കർഷകരെ നമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അത് പരിഹരിച്ചേ മതിയാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരത്തുക യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൃഷിമന്ത്രി റ്റി സിദിഖ് വ്യക്തമാക്കി. വൈകിട്ട് ചേരുന്ന അവലോകന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും, കർഷകർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കു മുൻപ് നടത്തേണ്ട മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.

Address

Palai
686575

Alerts

Be the first to know and let us send you an email when PALA TIMES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PALA TIMES:

Shortcuts

Share