26/07/2026
# # # ഫോളോവേഴ്സ് കുത്തനെ കുറയുന്നു; കനത്ത തിരിച്ചടി നേരിട്ട് പേളി മാണി
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിവാദ പരാമർശങ്ങൾക്ക് പിന്നാലെ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്ക് കനത്ത തിരിച്ചടി. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ഇതിനോടകം നഷ്ടമായത്. ഫോളോവേഴ്സിന്റെ എണ്ണം ഇനിയും താഴേക്ക് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.
സമര രംഗത്തുള്ള വിദ്യാർഥികളോട് അക്രമം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പേളിയുടെ കുറിപ്പാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ഈ നിലപാട് സമരത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. വിമർശനം ശക്തമായതോടെ പേളി കമന്റ് ബോക്സ് ഓഫ് ചെയ്യുകയും, തന്റെ ഇഷ്ടനിറം കാവിയാണെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തത് വിവാടത്തിന്റെ ആഴം കൂട്ടി.
തുടർന്ന് വിമർശകരെ ബ്ലോക്ക് ചെയ്തതും, സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലുമായി സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ വാക്പോരും വലിയ ചർച്ചയായി. വിമർശിച്ചയാളെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പേളി വിശേഷിപ്പിച്ചതും, അത് തന്റെ പിതാവിനെക്കുറിച്ചാണെന്ന് വ്യക്തമാക്കി ജോ മലയിൽ രംഗത്തെത്തിയതും വിഷയം കൂടുതൽ വഷളാക്കുകയാണുണ്ടായത്. സൈബർ ഇടങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിടുന്ന പേളിയുടെ സോഷ്യൽ മീഡിയ സാമ്രാജ്യത്തിന് കനത്ത ആഘാതമാണ് ഈ സംഭവവികാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.