30/08/2026
തൊഴിലെന്റെ സുവർണജൂബിലി നിറവിൽ പാണ്ടിക്കടവിലെ ശശി
www.mangalamdammedia.com
Date: 30 August 2026
മംഗലം ഡാം : മനോഹരമായ പണിശാലയോ പേരെഴുതി ബോർഡ് തൂക്കാവുന്ന കെട്ടിടമോ ഇല്ല. മംഗലംഡാം റിസർവോയറിന്റെയും പൊൻകണ്ടം–കടപ്പാറ റോഡിന്റെയും ഇടയ്ക്ക് പാതയോരത്തായുള്ള ചെറിയൊരു ഷെഡ്. ഇവിടെയാണ് റബർ ടാപ്പിങ് കത്തി നിർമാണത്തിൽ സ്പെഷ്യലിസ്റ്റായ 68കാരൻ ശശിയുടെ പണിപ്പുര. ഇവിടെനിന്നും രൂപം കൊള്ളുന്നത് കർഷകരുടെ ഉപജീവനമാർഗമായ ടാപ്പിങ് കത്തി ഉൾപ്പെടെയുള്ള ആയുധക്കൂട്ടുകളാണ്.
ടാപ്പിങ് കത്തി നിർമാണ വൈദഗ്ധ്യത്തിലാണ് ശശിയുടെ പേരും പെരുമയും. ലീഫ് തീയിൽ പഴുപ്പിച്ച് ഷെയ്പ്പാക്കി പിടിയിട്ട് ടാപ്പിങ് കത്തി പരുവപ്പെടുത്തണമെങ്കിൽ മണിക്കൂറുകളോളം നീളുന്ന അധ്വാനമുണ്ട്. എല്ലാം വേഗത്തിൽ ചെയ്യേണ്ട ജോലികളാണ്. വൈകലുണ്ടായാൽ പൊള്ളിച്ച ലീഫ് അടിച്ച് ഷെയ്പ്പാക്കാനാകില്ല.
നല്ല കാതലുള്ള തേക്കിൻമരത്തിന്റെ കഷണം കടഞ്ഞെടുത്താണ് പിടി ഉണ്ടാക്കുന്നത്. കരി കൂട്ടിയിട്ട് അതിലേക്ക് കാറ്റടിച്ച് തീയുണ്ടാക്കിയാണ് ഇരുമ്പ് പൊള്ളിക്കുന്നത്. ചിരട്ടയ്ക്ക് വില ഉയർന്നതോടെ മരക്കരിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പണിശാലയ്ക്ക് മുന്നിലുള്ള വീട്ടിൽനിന്ന് രാവിലെ എട്ടിന് പണിപ്പുരയായ ആലയിലെത്തും. വൈകുന്നേരം ആറുവരെ പണി തുടരും. അപ്പോഴേക്കും മുട്ടുവേദനയും ഇടുപ്പുവേദനയും കലശലാകുമെന്ന് ശശി പറയുന്നു.
ഓർഡർ അനുസരിച്ചാണ് ടാപ്പിങ് കത്തികൾ നിർമിക്കുന്നത്. ആവശ്യക്കാർക്ക് സമയത്തിന് കത്തി കൊടുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ടാപ്പിങ് തൊഴിലുമായി കർണാടകയിൽ പോയിട്ടുള്ളവർ നിരവധിയാണ്. അവരെല്ലാം ഓണത്തിന് നാട്ടിലെത്തി തിരിച്ച് പോകുമ്പോൾ പുതിയ കത്തി നൽകണം. അതിന്റെ തിരക്കിലാണ് ശശിയിപ്പോൾ.
പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ശശി 1976-ലാണ് മംഗലംഡാമിലെത്തുന്നത്. അന്നത്തെ കാലത്ത് റബർ ടാപ്പിങ് കത്തി നിർമിക്കുന്നവർ പ്രദേശത്തുണ്ടായിരുന്നില്ല. അത്യാവശ്യക്കാർ 25 കിലോമീറ്റർ യാത്ര ചെയ്ത് വാണിയമ്പാറയിലെ കൊല്ലനെ ആശ്രയിക്കണം.
തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാർ ഏറെയുണ്ടായിരുന്ന കാലമായിരുന്നു അത്. കത്തി നിർമാണത്തിലെ മിടുക്ക് കണ്ട് നാട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ശശിയും മംഗലംഡാമിലെത്തിയത്.
തൃശൂർ ആമ്പല്ലൂർ സ്വദേശിനിയായ ഭാര്യ സാവിത്രിയാണ് കൂട്ടായി ഉള്ളത്. മൂന്ന് പെൺമക്കളാണ്. അവരുടെ എല്ലാവരുടെയും വിവാഹം കഴിഞ്ഞു. ഓരോരുത്തരും കുടുംബമായി മറ്റു സ്ഥലങ്ങളിലാണ് താമസം.
വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ
WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V
Telgram Channel
https://t.me/Mangalamdam_Palakkad