05/06/2025
മലങ്കര സഭാതല പരിസ്ഥിതി ദിനാഘോഷം വെട്ടിക്കൽ ദയറായിൽ നടത്തപ്പെട്ടു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മിഷൻ സംഘടിപ്പിച്ച സഭാതല പരിസ്ഥിതി ദിനാചരണം മുളന്തുരുത്തി വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ നടത്തപ്പെട്ടു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. ദയറാ അങ്കണത്തിൽ പരിശുദ്ധ പിതാവ് വൃക്ഷത്തൈ നട്ടു. അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോസി ജേക്കബ് മുഖ്യ സന്ദേശം നൽകി. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ബെന്നി, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വെട്ടിക്കൽ ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് സ്വാഗതവും, പരിസ്ഥിതി കമ്മിഷൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. തോമസ് ജോർജ് നന്ദിയും ആശംസിച്ചു. ഫാ. കെ. ടി ഏലിയാസ്, ഫാ. ഡോ. ടി. പി ഏലിയാസ്, ഫാ. ടി. പി കുര്യൻ തളിയച്ചിറ, കണ്ടനാട് വെസ്റ്റ് ഭദ്രാസന പരിസ്ഥിതി കമ്മിഷൻ വൈസ് പ്രസിഡൻ്റ് ഫാ. ഗീവർഗീസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു. പരിസ്ഥിതി കമ്മിഷൻ കേന്ദ്ര ജോയിൻ്റ് സെക്രട്ടറി ശ്രീ. ലിൻ്റോ പോൾ ജേക്കബ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന പരിസ്ഥിതി കമ്മിഷൻ ജനറൽ സെക്രട്ടറി ഡോ. ആമോസ് പി തോമസ് എന്നിവർ നേതൃത്വം നൽകി. വെട്ടിക്കൽ സെൻ്റ് തോമസ് ദയറാ സ്ഥാപിതമായതിൻ്റെ 900 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്, ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ, ഈ വർഷം മലങ്കര സഭാ തല പരിസ്ഥിതി ദിനാചരണത്തിന് ദയറാ വേദിയായത്.