23/05/2025
പത്തനംതിട്ട ഡയാന ഹോട്ടലില്‍ കുടിക്കാന്‍ നല്‍കിയ ചൂടുവെള്ളത്തില്‍ ചത്ത പാറ്റ - ബിരിയാണിയോടൊപ്പമുള്ള സലാഡില്‍ വിം സോപ്പിന്റെ വലിയ കഷണം
പത്തനംതിട്ട : കുടിക്കാന്‍ തന്ന ചൂടുവെള്ളത്തില്‍ ചത്ത പാറ്റ, ബിരിയാണിയോടൊപ്പമുള്ള സലാഡില്‍ വിം സോപ്പിന്റെ വലിയ കഷണം. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡയാനാ ഹോട്ടലില്‍ നിന്നും കോന്നി സ്വദേശി അരുണ്‍ മോഹനും സുഹൃത്തുക്കള്‍ക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്. മേയ് പത്താം തീയതി ഉച്ചക്ക് ഒന്നരയോടെയാണ് കോന്നിയിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ തന്റെ എട്ടു സുഹൃത്തുക്കളുമായി ഡയാനാ ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ കയറിയത്. കുടിക്കുവാന്‍ നല്‍കിയ ചൂടുവെള്ളത്തില്‍ പാറ്റ ചത്തുകിടക്കുന്നത് കണ്ടതോടെ ഇവിടെനിന്നും ഭക്ഷണം വേണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞെങ്കിലും വേറെ പുതിയ വെള്ളം വാങ്ങി തിരക്കേറിയ സമയത്ത് ആരും അറിയാതെ പ്രശ്നം പരിഹരിക്കുകയായിരുന്നു അരുണ്‍ ചെയ്തത്. എന്നാല്‍ പിന്നീട് ബിരിയാണിയോടൊപ്പം കൊണ്ടുവന്ന സലാഡ് പാത്രത്തില്‍ കുഴഞ്ഞിരിക്കുന്ന വിം സോപ്പിന്റെ കട്ട കണ്ടതോടെ ഭക്ഷണം ഉപേക്ഷിച്ച് അരുണ്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു.
ക്യാഷ് കൌണ്ടറില്‍ നിന്നും മാനേജരെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി, കൂടാതെ ഹോട്ടല്‍ ഉടമയെയും വിവരം അറിയിച്ചു. ജോലിക്കാര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയതായിരിക്കുമെന്നും പരാതിയോ വാര്‍ത്തകളോ നല്‍കരുതെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇനിയും മറ്റൊരാള്‍ക്ക് ഈ ദുരനുഭവം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഫെയ്സ് ബുക്ക് ലൈവിലൂടെ അരുണ്‍ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടു. മേയ് 12 ആം തീയതി പത്തനംതിട്ട നഗരസഭയില്‍ അരുണ്‍ നേരിട്ടെത്തി പരാതി നല്‍കി. പരാതിക്ക് രസീത് നല്‍കുവാന്‍ ആദ്യം തയ്യാറായില്ലെങ്കിലും കിട്ടിയേ തീരൂ എന്നുപറഞ്ഞതോടെ രസീത് നല്‍കുകയായിരുന്നുവെന്നും അരുണ്‍ പറയുന്നു. പരാതി കിട്ടിയെങ്കിലും നടപടിയെടുക്കുവാന്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം തയ്യാറായില്ല. പരാതിക്കാരനായ അരുണ്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. നഗരസഭയില്‍ തുടര്‍ച്ചയായി വിളിച്ച് കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു.
പരാതിക്കാരന്റെ ശല്യം സഹിക്കവയ്യാതായത്തോടെ ആരോഗ്യ വിഭാഗം കൃത്യമായ തിരക്കഥയൊരുക്കി സര്‍വ്വ സന്നാഹങ്ങളുമായി മേയ് 17 ശനിയാഴ്ച ഹോട്ടല്‍ പരിശോധിച്ചു. പരിശോധനയില്‍ ഇവിടെനിന്നും പഴകിയ ബീഫ് പിടിച്ചെടുത്തു. എന്നാല്‍ ഇന്നുവരെ ഇതിനു നോട്ടീസ് നല്‍കുകയോ പിഴ ഈടാക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകളും ഇവര്‍ മൂടിവെച്ചു. എന്നാല്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ അരുണിനെ വിളിച്ചു പറഞ്ഞത് മറ്റൊന്നാണ്. ഹോട്ടലിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ കണ്ടെന്നും പത്ത് ദിവസത്തിനകം അവ പരിഹരിക്കണമെന്നും അതിനുശേഷം മാത്രമേ ഹോട്ടല്‍ തുറക്കാന്‍ പാടുള്ളുവെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് ഇദ്ദേഹം പരാതിക്കാരനെ അറിയിച്ചത്. ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു തടസ്സവും കൂടാതെ അടുത്ത ദിവസം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ് താന്‍ കണ്ടതെന്ന് അരുണ്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ കെടുകാര്യസ്ഥതക്കും അനാസ്ഥക്കുമെതിരെ നിയമപരമായി മുമ്പോട്ട് പോകുമെന്ന് അരുണ്‍ പറഞ്ഞു.
പത്തനംതിട്ട : ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയവര്‍ക്ക് ചത്ത പാറ്റ ഉള്‍പ്പെടെ കുടിവെള്ളം കൊടുക്കുകയും സലാഡിനൊപ്പം വിം സോപ്പ് നല്‍കുകയും ചെയ്ത പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ഡയാനാ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്നു സൂചന. മുമ്പ് പലപ്രാവശ്യം ഈ ഹോട്ടലിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരിശോധനയില്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചാലും അവ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം. മുന്‍ കാലങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹോട്ടല്‍ ഉടമ അത് അവഗണിക്കുകയായിരുന്നു. പിഴതുക അടക്കുവാന്‍ നോട്ടീസ് നല്‍കിയിരുന്നു എങ്കിലും ഇവയും അടച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ലൈസന്‍സ് പുതുക്കി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നഗരസഭയിലെ പലരുമായും വളരെ അടുത്തബന്ധം ഹോട്ടല്‍ ഉടമ സജിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് പത്തനംതിട്ട നഗര ഹൃദയത്തില്‍ ലൈസന്‍സ് ഇല്ലാതെ ഈ ഹോട്ടല്‍ നടത്തുവാന്‍ ഉടമ തയ്യാറാകുന്നതും.
പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും കാന്റീന്‍ നടത്തുന്നത് സജിയുടെ ഉടമസ്ഥതയിലുള്ള ഡയാനാ കിച്ചന്‍ ആണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിക്കുന്നത് ഇവര്‍ നല്‍കുന്ന ആഹാരമാണ് എന്നത് ഏറെ ഗൌരവമേറിയതാണ്. വിം സോപ്പ് പോലുള്ളവ ഇവരുടെ ആഹാരത്തില്‍ കടന്നുകൂടിയാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും. ആഹാരത്തിന്റെ നിലവാരം ചോദ്യം ചെയ്യപ്പെടുമ്പോഴും നിയമവിരുദ്ധമായി ഹോട്ടല്‍ നടത്തുവാന്‍ കൂട്ടുനില്‍ക്കുകയാണ് പത്തനംതിട്ട നഗരസഭയും ആരോഗ്യ വിഭാഗവും. പരിശോധനകള്‍ പ്രഹസനമാക്കി മാറ്റുകയാണ് നഗരസഭ. ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ണടക്കുകയാണ്.
സംഘടനാ ഭാരവാഹികളെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷമാണ് മിക്ക പരിശോധനകളും നടത്തുന്നതെന്നും ആരോപണമുണ്ട്. പരിശോധനകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ നല്കരുതെന്ന വ്യാപാര സംഘടനകളുടെ ആവശ്യം നഗരസഭ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ഓരോ പരിശോധനയും പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ നാളുകളില്‍ നടന്ന ഹോട്ടല്‍ പരിശോധനയുടെ വാര്‍ത്തകളും ഹോട്ടലിന്റെ പേരുമൊന്നും വെളിച്ചം കാണാതിരുന്നതിന്റെ പിന്നില്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് ആയിരുന്നുവെന്നതില്‍ സംശയമില്ല.