18/08/2025
ഈ വർഷവും വാർത്തകളിൽ നിറഞ്ഞ് മദനൻ മാവേലി. ഇന്നത്തെ കേരള കൗമുദി.
മാവേലിയെന്നാല്‍ മദനന്‍ മാരാര്‍; നാല് പതിറ്റാണ്ടായി പയ്യന്നൂരിന്റെ ഓണരാജാവ്
ചിങ്ങം പിറന്നു, ഓണപ്പൂക്കളും പുലിക്കളിയും തിരുവാതിരക്കളിയും കൊണ്ട് കേരളം സജ്ജമാകുമ്പോള്‍, പയ്യന്നൂരിലെ ജനങ്ങള്‍ കാത്തിരിക്കുന്നത് മറ്റൊരു വരവിനാണ് - തങ്ങളുടെ പ്രിയപ്പെട്ട മാവേലി മന്നന്റെ വരവിന്.
പയ്യന്നൂരിന് മാവേലി എന്ന് പറഞ്ഞാല്‍ മദനന്‍ മാരാരാണ്. പയ്യന്നൂരിന് നാല് പതിറ്റാണ്ടിലേറെയുള്ള സാംസ്‌കാരിക പാരമ്പര്യത്തിന്റെ നാമമാണ് മദനന്‍ മാരാറുടെ മാവേലി.
1980-ല്‍ ആരംഭിച്ച ഈ രാജകീയ വേഷപ്പകര്‍ച്ച ഇന്ന് പയ്യന്നൂരിന്റെ തന്നെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു.
പുരാണത്തില്‍ നിന്നിറങ്ങിവന്ന മാവേലി............................... 🌼
മദനന്‍ മാരാര്‍ മാവേലി വേഷത്തില്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷം അവിടെ ഒരു അത്ഭുത പരിവര്‍ത്തനമാണ്. കുടവയറും കൊമ്പന്‍ മീശയും തിളക്കമുള്ള കണ്ണുകളും മനസ്സിനെ കവരുന്ന പുഞ്ചിരിയും - പുരാണങ്ങളില്‍ നിന്ന് ഇറങ്ങിവന്ന മാവേലി എന്ന് തോന്നിപ്പിക്കുന്ന ഒരു സമ്പൂര്‍ണത.
'ഇന്ന് പലതരത്തിലുള്ള മാവേലി വേഷങ്ങള്‍ കാണാം. പക്ഷേ മദനന്‍മാരാരുടെ മാവേലിക്ക് മറ്റൊരു തേജസ്സുണ്ട്,' പയ്യന്നൂര്‍ നിവാസികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം സമസ്ത ടെലിവിഷന്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ മാവേലി വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഇതിന് തെളിവാണ്.
സ്‌നേഹത്തിന്‍റ രാജമുദ്ര ...........................................💕
മദനന്‍ മാരാരിന്റെ മാവേലി വേഷത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകത അത് പണത്തിനുവേണ്ടിയല്ല എന്നതാണ്. ഓണത്തോടുള്ള അളവറ്റ സ്‌നേഹമാണ് അദ്ദേഹത്തെ ഓരോ വര്‍ഷവും മാവേലിയാക്കുന്നത്. വേഷത്തിന് ആവശ്യമായ വസ്ത്രാലങ്കാരങ്ങളുടെ ചെലവ് മാത്രം. മറ്റു യാതൊരു പ്രതിഫലവും ഇല്ല.
'ഓണകാലത്ത് മാവേലി രാജാവായി വേഷമിട്ട് എന്റെ പ്രജകളുടെ ഹൃദയത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ സന്തോഷം,' മദനന്‍ മാരാര്‍ അഭിമാനത്തോടെ പറയുന്നു.
കലാജീവിതം........................✨
വാദ്യകലയിലും അഭിനയത്തിലും പ്രാവീണ്യം പ്രകടിപ്പിച്ച ഈ സര്‍വകലാവല്ലഭന്‍ സിനിമാ മേഖലയിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'റോമാ', 'കുത്തൂട്ട്', 'അച്യുതന്റെ അവസാന ശ്വാസം' തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
കലയോടൊപ്പം സമൂഹ സേവനത്തിലും മദനന്‍ മാരാര്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നു.
ജെസിഐ, റോട്ടറി, ലയണ്‍സ് തുടങ്ങിയ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രശംസനീയമാണ്.
ഇത്രയും തിരക്കുകള്‍ക്കിടയിലും പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തിന്റെ നടത്തിപ്പ് അദ്ദേഹം വഹിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഇടം നിരവധി കലാകാരന്മാര്‍ക്ക് വേദിയൊരുക്കിയിട്ടുണ്ട്.
വരുന്നു രാജാവ്..............................👑
പതിവുപോലെ ഈ വര്‍ഷവും പയ്യന്നൂരിലെ മക്കളുടെ മനസ്സില്‍ മാവേലിയുടെ സ്‌നേഹഭാവം പകരാന്‍ മദനന്‍ മാരാര്‍ തയ്യാറെടുക്കുകയാണ്. മാവേലിയില്ലാത്ത ഓണാഘോഷം അചിന്തനീയമായ ഈ കാലത്ത്, മാവേലി വേഷം കെട്ടാന്‍ ആളുകളെ കിട്ടാതെ പല സ്ഥലങ്ങളും ബുദ്ധിമുട്ടുന്നു. എന്നാല്‍ പയ്യന്നൂരിന് ആ പ്രശ്‌നമില്ല. കാരണം അവിടെ മദനന്‍മാരാരുണ്ടല്ലോ.
'35 വര്‍ഷമായി ഞാന്‍ മാവേലിയാണ്. ഇനിയും വര്‍ഷങ്ങള്‍ ഈ സേവനം തുടരാന്‍ ആഗ്രഹിക്കുന്നു. പയ്യന്നൂരിന്റെ സ്‌നേഹമാണ് എന്റെ കരുത്ത്,' അദ്ദേഹം വികാരഭരിതനായി പറയുന്നു.
മദനന്‍മാരാരിലൂടെ മാവേലി മന്നന്‍ ഈ വര്‍ഷവും പയ്യന്നൂരിലെത്തും
ഭാര്യ: പരേയായ കെ.വി. കാമലാക്ഷി. മക്കളായ ധനേഷ്, ദിനേഷ് എന്നിവര്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. മകന്റെ ഭാര്യ അഞ്ജുന
പേരക്കുട്ടികളായ ആദി, ആദിക് എന്നിവര്‍ക്കൊപ്പമാണ് താമസം.
കടപ്പാട് : കെ. സുജിത് കേരള കൗമുദി