
16/08/2025
പയ്യന്നൂർ നഗരസഭ വെള്ളൂർ ചാമക്കാവ് നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ-വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചാമക്കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ നഗരസഭയും കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വെള്ളൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
പയ്യന്നൂർ നഗരസഭ ബി.എം.സി. കൺവീനർ ബി.വിജയൻ അദ്ധ്യക്ഷത പദ്ധതി വിശദീകരിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർമാരായ ടി.ദാക്ഷായണി, കെ.കെ.ഫൽഗുനൻ, ഇ.ഭാസ്ക്കരൻ, ഇ.കരുണാകരൻ, ചാമക്കാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. രമേശൻ, എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണവർമ്മരാജ,നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ എം.പി. വെള്ളൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, ഹെഡ് മിസ്ട്രസ് സി.സരള എന്നിവർ സംസാരിച്ചു.
മലബാർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവിന് 8.5 ഏക്കർ വിസ്തൃതിയുണ്ട്. വെള്ളൂർ ഗ്രാമത്തിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ കാവാണ്. ഈ പ്രദേശത്ത് കാരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതും ഈ കാവ് തന്നെയാണ്. മരങ്ങളും, പൂച്ചെടികളും, പക്ഷികളും, മൃഗങ്ങളും, പൂമ്പാറ്റകളും, സൂക്ഷ്മ ജീവികളും കൊണ്ട് സമ്പന്നമാണ് ചാമക്കാവ്.
കാവിന്റെ നിലവിലുള്ള ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ട് കാവിൻ്റെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള പദ്ധതികളാണ് നഗരസഭയുടെ നേതൃത്വത്തിൻ നടപ്പിലാക്കുന്നത്. ജൈവ വേലി നിർമ്മാണം, ഔഷധ - വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
നാശോന്മുഖമായികൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ പുന:സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികളാണ്
നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്.നഗരസഭയിലെ പൊതുകുളങ്ങളും, ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള
വിവിധ പദ്ധതികൾ നടപ്പിലാക്കി. തുടർപ്രവർത്തനം എന്ന നിലയിലാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ 5 ലക്ഷം രൂപ ചിലവിൽ ജൈവ വൈവിധ്യത്തിൻ്റെ കലവറയായ വെള്ളൂർ ചാമക്കാവിൻ്റെ സംരക്ഷണത്തിനും പദ്ധതി തയ്യാറാക്കിയതെന്ന് ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു.