30/10/2025
ജനങ്ങൾക്ക് അലോസരവും ആശങ്കയും ആയി മാറിയിട്ടുള്ള തെരുവുനായ പ്രശ്നത്തിന്റെ ഭീഷണിയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പയ്യോളി നഗരസഭയുടെ ആരോഗ്യ വിഭാഗം മുൻകൈയെടുത്തു കൊണ്ട് ഒരു ജനകീയ യോഗം ഇന്ന് സംഘടിപ്പിക്കുകയുണ്ടായി.
കഴിഞ്ഞദിവസം ഈ വിഷയത്തിൽ നഗരസഭയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനായ
എം.സമദിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുമ്പിൽ നടന്ന സമരത്തിന്റെ അവസാനത്തിലെ ചർച്ചയുടെ തീരുമാനപ്രകാരം ആയിരുന്നു ഇന്നത്തെ യോഗം.
നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ
വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ചീനിക്കാട് സ്വാഗതം പറഞ്ഞു.
നഗരസഭ കൗൺസിലർ ചെറിയാവി സുരേഷ് ബാബു, എൻ.ടി രാജൻ, എ.കെ ബൈജു, എംസി ബഷീർ, കെഎം ഷമീർ, എം സമദ്, എൻ.സി നൗഷാദ്, നാരായണൻ, ചാലിൽ പവിത്രൻ, മുഫ്സീർ, സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ചീനിക്കാട് ചെയർമാനും ചാലിൽ പവിത്രൻ ജനറൽ കൺവീനറുമായി വിവിധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു സ്ഥിരം കമ്മിറ്റിക്ക് രൂപം നൽകി.
തെരുവുനായകൾ താവളം ആക്കുന്ന പൊന്തക്കാടുകളുടെ സ്ഥലം ഉടമകൾക്കും തെരുവുനായകൾ തമ്പടിച്ചിരിക്കുന്ന അടച്ചുറപ്പില്ലാത്ത ബിൽഡിംഗ് ഉടമകൾക്കും ഇക്കാര്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകണമെന്ന് അംഗീകരിച്ചു.
ഭക്ഷണ വസ്തുക്കൾ ഉപയോഗിച്ച് തെരുവുനായ ശല്യം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്താനും തീരുമാനിച്ചു.
ആനിമൽ ബർത്ത് കൺട്രോളിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും ഫലപ്രദമാക്കാനുള്ള ഇടപെടൽ നടത്താനും തീരുമാനിച്ചു.