21/09/2025
പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ...?
ഒരു കളിക്കളം എങ്ങിനെ ഉപയോഗശൂന്യമാക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണം നടക്കുകയാണിവിടെ. സകലതിൻ്റെയും സംഭരണ കേന്ദ്രമാക്കിയും ഭാരമേറിയ വാഹനമോടിച്ചു കയറ്റി ഉഴുതുമറിച്ച പാടം പോലെയാക്കിയും ഒരു മൈതാനത്തിന് ചരമഗീതം രചിക്കുകയാണ് നഗരസഭ...
പറഞ്ഞു വരുന്നത്, പയ്യോളിയുടെ സ്വന്തം ഇ കെ നായനാർ സ്മാരക സ്റ്റേഡിയത്തിൻ്റെ നിലവിലെ ദുരിതാവസ്ഥയെ കുറിച്ചാണ്.
ജലം കടത്തിവിടാനുള്ള വലിയ പൈപ്പുകൾ, പി വി സി പൈപ്പുകൾ, കരിങ്കൽ കൂമ്പാരം എന്നിവ വലിയ അളവിലാണ് ഇവിടെ സംഭരിച്ചിട്ടുള്ളത്. ഇവ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഭാരമേറിയ വാഹനങ്ങളുടെ നിരന്തരമുള്ള കയറ്റിറക്കമാണ് മൈതാനത്തിൻ്റെ നാശത്തിന് കാരണമാകുന്നത്.
മഴ പെയ്തതോടെ ഇളകി നിന്ന പ്രതലം ഉഴുതുമറിച്ചിട്ട നിലയിലാണ് സ്റ്റേഡിയമുള്ളത്. ഇത് കളിക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ടാവുകയാണ്.
ഒരേ സമയം, ഒന്നിലധികം സെറ്റുകളായാണ് ഫുട്ബാളും, ക്രിക്കറ്റുകളിയുമൊക്കെ ഇവിടെ നടക്കാറുള്ളത്. കുട്ടികളും മുതിർന്നവരുമൊക്കെ ഇവിടെ കളിക്കാനെത്താറുമുണ്ട്. മഴയൊന്നു മാറുന്നതോടെ കളിക്കളം സജീവമാവുകയും ചെയ്യും. ആരവങ്ങളും ആവേശവും നിറയേണ്ട മൈതാനത്തെ സംരക്ഷിക്കാതെ, നവീകരണത്തിന് പദ്ധതികളൊന്നും ആവിഷ്കരിക്കാതെ, അറിഞ്ഞോ അറിയാതെയോ, സ്റ്റേഡിയത്തെ നാശത്തിലേക്ക് തള്ളിവിടുകയാണ്.
സംരക്ഷിക്കേണ്ടവർ തന്നെ കൊലയാളിയാവുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കളിസ്ഥലം നശിപ്പിക്കാനുള്ള ശ്രമം ഇതാദ്യമല്ല. നേരത്തേയുമുണ്ടായിട്ടുണ്ട്. 2023 ൽ നഗരസഭയിലെ മാലിന്യം മുഴുവൻ ഇവിടേക്ക് തള്ളിയാണ് മൈതാനം ഉപയോഗശൂന്യമാക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത്. അന്നും 'പയ്യോളി വാർത്തകൾ' പ്രതികരിച്ചിരുന്നു. ഒടുവിൽ മാലിന്യം എടുത്തുമാറ്റി മൈതാനം പൂർവസ്ഥിതിയിലാക്കി കൈകഴുകുകയായിരുന്നു നഗരസഭ.
2008 -09 പദ്ധതിയിലുൾപ്പെടുത്തിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മറ്റ് പ്രദേശങ്ങളിലേക്ക് സ്റ്റേഡിയമാവശ്യപ്പെട്ട് സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും പഞ്ചായത്ത് അധീനതയിലുള്ളതും വിശാലമായതുമായ കീഴൂർ ചൊവ്വ വയലിൽ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഏറെ വികസന സാധ്യതയുള്ള മൈതാനമാണിത്, അതിന് ഭരണാധികാരികൾ, കാഴ്ചയും കാഴ്ചപ്പാടുള്ളവരുമാവണം.
ലഹരി മുക്തമായ ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാൻ, ഇത്തരം കളിസ്ഥലങ്ങളെ കാലോചിതമായി പരിഷ്കരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ച് വിപുലപ്പെടുത്തുകയുമാണ് വേണ്ടത്.
മയക്കുമരുന്നുകളുടെയും മറ്റ് അനാശാസ്യകരമായ പ്രവണതകളുടെയും, വ്രണിതമായ വർത്തമാനകാലത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ, തലമുറയെ രക്ഷപ്പെടുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിനായി ഇത്തരം കളിക്കളങ്ങളിലേക്ക് ആരവങ്ങളേയും ആവേശത്തേയും തിരികെ കൊണ്ടുവരുന്നതിന് ഭരണാധികാരികളും നാട്ടുകാരുമാണ് മുൻകൈയെടുക്കേണ്ടത്.
nayanar stadium payyoli
ek nayanar stadium
chovva vayal
kizhur uthsavam ground