27/10/2025
മുണ്ടക്കയം : 75 ലക്ഷം രൂപ ചെലവഴിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് നവീകരിച്ച ബോയ്സ് സ്റ്റേഡിയം ഗ്രാമീണ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നു. പാരിസൺ ഗ്രൂപ്പ് വിട്ടു നൽകിയ സ്ഥലത്താണ് സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്.
ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രതിവർഷം നൂറിലധികം കായിക താരങ്ങൾക്ക് അതലറ്റക്സ് ഇനങ്ങളിൽ
ബോയ്സ് മൈതാനത്ത് പരിശീലനം നൽകാൻ ആണ് തീരുമാനം. പെരുവന്താനം കൊക്കയാർ , മുണ്ടക്കയം, കോരുത്തോട്, ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് നിർമിച്ചിരിക്കുന്ന ചെക്ക്ഡാമിൻ്റ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ബിഷപ്പ് എമിരിറ്റസ് മാർ മാത്യൂ അറയ്ക്കൽ, ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ. തോമസ്, ഇടുക്കി ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്,
ചെറുകിട തോട്ടം തൊഴിലാളി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ, പാരിസൺ ഗ്രൂപ്പ് ചെയർമാൻ എൻ.കെ. മുഹമ്മദാലി, ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചെയർമാൻ ജോസഫ്.എം. കള്ളിവയലിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് കോഴിമല എന്നിവർ പങ്കെടുക്കും.
കെ. ടി. ബിനു ( ജില്ലാ പഞ്ചായത്തംഗം )
ഇടുക്കി പാക്കേജിൽ സ്റ്റേഡിയം വിപുലികരിക്കാൻ 5 കോടി വകയിരുത്തിയിട്ടുണ്ട്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമി പരിശീലനം നൽകിയ 40 കായികതാരങ്ങൾ ദേശീയ- അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടി. 60 പേർ പ്രതിരോധ സേനയുടെ വിവിധ മേഖലകളിൽ കായികക്ഷമത പരീക്ഷകളിൽ വിജയിച്ചു.
ഗ്രാമീണ മേഖലകളിൽ നിന്നും കൂടുതൽ പ്രതിഭകൾ ഉയർന്ന് വരാൻ ബോയ്സ് സ്റ്റേഡിയം വഴിയൊരുക്കും.