
19/07/2025
CPI(M) കാരുടെ നിഷ്കളങ്കതയും കുട്ടിത്തവും ചില നേരത്ത് കണ്ടാൽ നമ്മുക്ക് തന്നെ അവരോട് ഒരു വല്ലാത്ത അനുകമ്പ തോന്നും. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ പേറുന്നവർ പോലും തങ്ങളെ കുറിച്ച് നല്ലത് മാത്രമേ പറയാൻ പാടുള്ളു എന്നാഗ്രഹിക്കുന്ന അത്രയും നിഷ്കളങ്കമായ മനസ്സാണ് അവർക്ക്. അതുകൊണ്ട് തന്നെ " ഞാൻ RSS നെതിരെയും CPI(M) നെതിരെയും പോരാടുന്നത് ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന്" രാഹുൽ ഗാന്ധി പറഞ്ഞപ്പോഴേക്കും കമ്മ്യൂണിസ്റ്റ് കാരുടെ വികാരം വ്രണപ്പെട്ടു.
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും CPI(M) നോട് ആശയപരമായ വിയോജിപ്പുണ്ടെന്ന് ഈ പാവങ്ങൾ ഇപ്പോഴാണോ മനസ്സിലാക്കുന്നത്? ഇന്ത്യൻ ഭരണഘടന ബൂർഷ്വാ ഭരണഘടനയാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് യുക്തിയല്ല കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ സാമ്പത്തിക പ്രത്യയശാസ്ത്രമല്ല കോൺഗ്രസിന്റേത്. Caste struggle നും മുകളിൽ Class struggle നെ സ്ഥാപിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയം രാഹുൽ ഗാന്ധി പിന്തുടരുന്നില്ല. ദേശീയതയെ കുറിച്ചും മതേതരത്തെ കുറിച്ചും കമ്മ്യൂണിസത്തിന്റെയും കോൺഗ്രസിന്റെയും ആശയങ്ങൾ വ്യത്യസ്തമാണ്. എന്തിനേറെ ജനാധിപത്യത്തെ കുറിച്ച് പോലും ഇരു പ്രസ്ഥാനങ്ങൾക്കും ആശയപരമായി രണ്ട് കാഴ്ചപ്പാടാണ് നിലവിലുള്ളത്. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആശയപരമായ വിയോജിപ്പുകൾ CPI(M) നോട് കോൺഗ്രസ് പ്രസ്ഥാനത്തിനും രാഹുൽ ഗാന്ധിക്കുമുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു സംസ്ഥാനത്ത് വന്ന് രാഹുൽ അത് പറയുമ്പോഴേക്കും CPI(M) കാർക്ക് ഇത്രയും വികാരം വ്രണപ്പെടേണ്ട കാര്യമില്ല എന്നതാണ് വാസ്തവം.
RSS നെയും സിപിഐ(എം) നെയും സമീകരിച്ചു എന്നൊക്കെ പറഞ്ഞാണ് പുതിയ വിലാപങ്ങൾ. രാജ്യത്തെ ഇടത് - വലത് ആശയ സ്പെക്ട്രങ്ങളിൽ നിൽക്കുന്ന രണ്ട് പ്രസ്ഥാനങ്ങളോട് താൻ നടത്തുന്നത് ആശയപരമായ പോരാട്ടമാണെന്ന് centrist പാത പിന്തുടരുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നത് രണ്ട് പേരെയും സമീകരിക്കലാണ് എന്ന് മനസിലാക്കുന്നത് ഒരു തരം അതിവായനയാണ്. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ജന്മനസുകളിൽ എത്തിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ അതിനിടയിൽ മറ്റ് ആശയധാരകളോട് പോരാടേണ്ടത് അനിവാര്യതയാണ്. രാഹുലിന്റെ വിമർശനം ദേശീയതലത്തിലുള്ള സിപിഐമ്മിനെക്കാൾ കേരളത്തിലെ പാർട്ടിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് കരുതേണ്ടത്. ഞങ്ങൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചോളൂ പക്ഷേ ഞങ്ങളെ വിമർശിക്കരുതേ എന്ന നയമാണ് സിപിഐഎമ്മിനെ നയിക്കുന്നതെങ്കിൽ പാവങ്ങളോട് സഹതാപം തോന്നിയിട്ട് പോലും കാര്യമില്ല.
ഇനി ദേശീയതലത്തിൽ RSS നെ നേരിടുന്നതിനിടയ്ക്ക് ഇങ്ങനെയൊക്കെ പറയാമോ എന്ന വിഷമം ആണെങ്കിൽ സഖാക്കൾ ഒരു ആത്മപരിശോധന നടത്തേണ്ട സമയമാണ്. കഴിഞ്ഞ ദശാബ്ദത്തിൽ മോദി സർക്കാരിനെതിരെ ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ ഏറ്റവും വലിയ മൂവ്മെന്റ് ആയിരുന്നു ഭാരത് ജോഡോ യാത്ര. അതിനെ നിഷ്കളങ്കരായ സിപിഐ(എം) കാർ വിശേഷിപ്പിച്ചത് 'കണ്ടെയ്നർ ജാഥ' എന്നാണ്. കുറച്ചുംകൂടി പിന്നിലേക്ക് പോയാൽ രാഹുലിനെ പരിഹസിക്കാൻ സംഘികൾ പപ്പു വിളികളുമായി എത്തിയപ്പോൾ കേരളത്തിൽ അതിന്റെ അമൂൽ ബേബി വേർഷൻ ഇറക്കിയത് ഇതേ CPI(M) ആണ്. അവർക്കിപ്പോൾ രാഹുൽ ഗാന്ധിക്ക് അവരോട് ആശയപരമായ വിയോജിപ്പുണ്ടെന്ന് പറയുമ്പോൾ സങ്കടം താങ്ങാൻ കഴിയുന്നില്ലത്രേ. മാറിയിരുന്നു കരഞ്ഞോളൂ എന്ന് മാത്രമേ നിഷ്കളങ്കരോട് പറയാനുള്ളു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലും പ്രിയങ്കയും സർക്കാരിനെതിരെ വിമർശനവുമായി പ്രചാരണത്തിന് എത്തിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തടയാനുള്ള മുൻകരുതൽ മാത്രമാണ് സിപിഐ(എം) ന്റെ ഇപ്പോഴത്തെ വിലാപകാവങ്ങൾക്ക് പിന്നിൽ!
— Adarsh HS