
18/09/2025
മണ്ണാർമലയിലെ പുലിയെ മയക്കുവെടി വെക്കാൻ ഉത്തരവ്
Perinthalmanna Radio
Date: 18-09-2025
പെരിന്തൽമണ്ണ ∶ മണ്ണാർമല മാട് റോഡിൽ തുടർച്ചയായി പുലിയെ കണ്ടു വരുന്നതിനെ തുടർന്ന് നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് പുലിയെ മയക്കുവെടി വെച്ച് പിടികൂടാൻ സർക്കാർ ഉത്തരവ് നൽകി.
മണ്ണാർമലയിൽ ഇറങ്ങിയ പുലിയെ പിടികൂടാത്തതിനെ കുറിച്ച് നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് വനമന്ത്രി എ. കെ. ശശീന്ദ്രൻ ഇക്കാര്യം അറിയിച്ചത്. നാട്ടുകാരുടെ സുരക്ഷയ്ക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി പുലി സ്ഥിരമായി ഇറങ്ങുന്നതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. റോഡിലൂടെ രാത്രിയും പകലും അനവധി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ അപകട സാധ്യത ഉയർന്നിരിക്കുകയാണ്. ബൈക്ക് യാത്രികർക്ക് പുലിയെ നേരിട്ട് കാണേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പുലിയെ പിടികൂടാൻ നേരത്തെ കെണി വച്ചിരുന്നെങ്കിലും മാസങ്ങളായി അതിൽ വിജയമുണ്ടായില്ല. ഇതിന്റെ പിന്നാലെയാണ് നാട്ടുകാർ മാട് റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം നടത്തിയത്. തുടർന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ