07/09/2025
കുന്ദംകുളം പോലീസ് മർദനം :എസ്‌ഐ നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE
മലപ്പുറം : ചൊവ്വന്നൂർ മണ്ഡലം യൂത്ത്
കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന വി.എസ്. സുജിത്തിനെ അകാരണമായി മർദിച്ച കുന്നംകുളത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി എസ്ഐ നുഹ്‌മാൻ്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശി. മർദക സംഘത്തിലുണ്ടായിരുന്ന പോലീസ് ഓഫീസർ നുഹ്‌മാന്റെ മലപ്പുറം ഹാജിയാർ പള്ളിയിലെ വീട്ടിലേക്കായിരുന്നു മാർച്ച്.ഇന്നലെ ഉച്ചയ്ക്ക് 12.30-നായിരുന്നു നൂറ്റമ്പതോളം പ്രവർത്തകർ നുഹ്‌മാനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന മുദ്രാവാക്യം വിളികളുമായി എത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ബാരിക്കേഡ് വെച്ച് വീടിനുമുൻപിൽ മാർച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടയിൽ സീനിയർ സിപിഒ ഹാരിസിൻ്റെ ഷീൽഡ് പ്രവർത്തകർക്കിടയിൽ വീഴുകയും അതെടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തെ മർദിക്കുകയുംചെയ്‌തു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. ചിതറിയോടിയ പ്രവർത്തകർ ഏതാനും മിനിറ്റുകൾക്കകം വീണ്ടും മുദ്രാവാക്യം വിളികളുമായെത്തി. പ്രവർത്തകരുമായുള്ള ഏറ്റമുട്ടലിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ സിപിഒ ശ്യാംപ്രസാദ്, മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഷെബീർ എന്നിവർക്കും പരിക്കേറ്റു.ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിദ്, ശരത് മേനോക്കി, ഫർഹാൻ വള്ളിക്കുന്ന്, ഷഫീക് പരപ്പനങ്ങാടി എന്നിവർക്കും പരിക്കേറ്റു.
ഡിസിസി പ്രസിഡൻ്റ് അഡ്വ. വി.എസ്. ജോയ് മാർച്ച് ഉദ്ഘാടനംചെയ്‌തു. നുഹ്‌മാനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും കാക്കി യൂണിഫോമിട്ട് നുഹ്‌മാൻ മലപ്പുറത്തുവന്നാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജംഷീർ പള്ളിവയൽ, പി.പി. ഷിജിൽ, മനീഷ് കുണ്ടയാർ, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി, നിസാം കരുവാരക്കുണ്ട്, അഡ്വ. പ്രജിത്, എം.ടി. റിയാസ്, റാസിൽ പെരുമ്പടപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹാരിസ് മുതൂർ, എ.കെ. ഷാനിദ്, സഫീർജാൻ പാണ്ടിക്കാട്, നാസിൽ പൂവിൽ, ഇ.കെ. അൻഷിദ് എന്നിവരെ റിമാൻഡ് ചെയ്തു.
ᗰEᗪIᗩ Ⓜ LIVE
https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t