24/10/2025
വന്ദ്യ ചേട്ടാളത്തുങ്കര ഏലിയാസ് കോർ എപ്പിസ്‌കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു.
പെരുമ്പാവൂർ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും അങ്കമാലി ഭദ്രാസനം-പെരുമ്പാവൂർ മേഖലയിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി ഇടവകാംഗമായ തുരുത്തി ചേട്ടാളത്തുങ്കര ഏലിയാസ് കോർ എപ്പിസ്‌കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് (24.10.25 | വെള്ളി) രാവിലെ 10:30 ന് എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1949 മേയ് പതിനാറിന് പൗരോഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വന്ദ്യ അച്ചൻ 1966 ജനുവരി 23 ന് വയലിപ്പറമ്പിൽ പുണ്യശ്ലോകനായ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും കോറൂയോ പട്ടവും 1986 ജനുവരി ഒന്നിന് പുണ്യശ്ലോകനായ യാക്കോബ് മോർ യൂലിയോസ് തിരുമേനിയിൽ നിന്നും കശീശ പട്ടവും സ്വീകരിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസുകൊണ്ട് 2008 സെപ്റ്റംബർ 15 ന് കോർ എപ്പിസ്കോപ്പ സ്ഥാനം നൽകി അനുഗ്രഹിച്ചു.
നെടുമ്പാശേരി സെന്റ് ജോർജ്, നായത്തോട് , ഇരിങ്ങോൾ മോർ ഗ്രിഗോറിയോസ്, ചെമ്പറക്കി സെന്റ് ജോർജ്, പ്രളയ്ക്കാട് മോർ ബസേലിയോസ്, നെടുങ്ങപ്ര സെന്റ് മേരീസ്, തുരുത്തിപ്ലി സെന്റ് തോമസ്, മലയിടംതുരുത്ത് സെന്റ് മേരീസ്, വിലങ്ങ് സെന്റ് മേരീസ്, ചൂരക്കാട് സെന്റ് ജോർജ്, എന്നീ ദൈവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അച്ചൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോതമംഗലം മോർ ഇഗ്നാത്തിയോസ് സെമിനാരിയിൽ മാനേജർ, പെരുമ്പിലാവ് എം. ടി. ഹൈസ്കൂൾ അദ്ധ്യാപകൻ, എടത്തല കെ.എൻ.എം.എം.ഇ.എസ്. സ്കൂൾ ഹെഡ്മാസ്റ്റർ, കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ, കൊയ്നോണിയ മോർ അത്താനാസിയോസ് സ്പെഷ്യൽ സ്കൂൾ, കോടനാട് മോർ ഓഗേൻ പബ്ലിക്ക് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പാൾ, പെരുമ്പാവൂർ മേഖല വൈദിക സെക്രട്ടറി, മോർ ബസേലിയോസ് തോമസ് 1st ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി, കൊയ്‌നോണിയ വോയ്സ് ചീഫ് എഡിറ്റർ, തുരുത്തിപ്ലി സെന്റ് മേരീസ് പബ്ലിക് സ്ക്കൂൾ ഡയറക്ടർ, തുരുത്തിപ്ലി സെന്റ് മേരീസ് സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വന്ദ്യ കോർ എപ്പിസ്‌കോപ്പ അച്ചന്റെ ദേഹ വിയോഗത്തിൽ കൊയ്‌നോണിയ വിഷന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
“ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോ- രാചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം.”
വന്ദ്യ പുരോഹിതാ, സമാധാനത്തോടെ പോകുക.
🌹🌹🌹🌹🌹🌹