
11/10/2024
എല്ലാ കാഴ്ചകള്‍ക്കും അപ്പുറത്തുള്ള ലോകത്തേക്ക് അവന്‍ മടങ്ങിയിരിക്കുന്നു.
പ്രിയപ്പെട്ട സിജു മോഹന്‍.
ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സിജു മരിച്ചുവെന്ന വാര്‍ത്ത എനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. ദീര്‍ഘകാലം ഒന്നിച്ചു നടക്കുകയും ഒരിക്കല്‍ പോലും മുഖം കറുപ്പിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ സംസാരിക്കേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വ്വം സൗഹൃദങ്ങളില്‍ ഒന്ന്. അതാണ് പൊയ്‌പ്പോയിരിക്കുന്നത്.
ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം എന്നേക്കാള്‍ പ്രായത്തിനിളപ്പമുള്ള സിജുവും കുട്ടനെന്ന് വിളിക്കുന്ന രാജേഷും വീട്ടില്‍ വന്ന് ഒരു ആശയം പങ്കുവയ്ക്കുന്നു. നമുക്ക് കീഴില്ലത്തെ പറ്റി, നമ്മുടെ സ്വന്തം ഗ്രാമത്തെ പറ്റി ഒരു ഡോക്യുമെന്ററി എടുത്താലോ?
ഞാന്‍ അന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് നില്‍ക്കുന്ന സമയം. പ്രാദേശിക ചരിത്രം ഡോക്യുമെന്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കേരളത്തില്‍ സജീവ ചര്‍ച്ചകള്‍ തുടങ്ങുന്ന ഘട്ടം.
പക്ഷെ, ഒരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള പരിചയമോ അവഗാഹമോ എനിക്കില്ലെന്ന് നല്ല ബോധ്യമുള്ളതിനാല്‍ എനിക്ക് ധൈര്യം കിട്ടുന്നില്ല.
പക്ഷെ, സിജുവും രാജേഷും പിന്‍മാറുന്നില്ല. അവര്‍ നിരന്തരം വന്നുകൊണ്ടിരുന്നു.
എന്തിനധികം, അവരുടെ ഉത്സാഹത്തില്‍ ഞങ്ങള്‍ വാടകയ്ക്ക് എടുത്ത ഒരു ക്യാമറയുമായി ഇറങ്ങിത്തിരിക്കുകയായി.
മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ ഒരു രൂപരേഖയില്ലാതെ, പദ്ധതിയില്ലാതെ ഞങ്ങള്‍ കീഴില്ലത്തിന്റെ ആത്മാവ് തേടിയിറങ്ങി.
സിജുവായിരുന്നു ക്യാമറാമാന്‍.
എന്തൊക്കെ കാഴ്ചകളാണ് അന്ന് ആ ക്യാമറ ഒപ്പിയെടുത്തത്!
എത്രയെത്ര മനുഷ്യരെയാണ് ആ ക്യാമറ അടയാളപ്പെടുത്തിയത്!
ഏതൊക്കെ തരം അനുഭങ്ങളിലൂടെയായിരുന്നു ആ യാത്ര.
ആഴ്ചകള്‍ നീണ്ട ഷൂട്ടിങ്ങ്.
ഒടുവില്‍ എഡിറ്റിങ്ങ് സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ പതിന്നാലു മണിക്കൂറോളം നീണ്ട വിഷ്വല്‍ മെറ്റീരിയല്‍ ക്യാമറയിലുണ്ട്.
ഡോക്യുമെന്ററിക്ക് ദൈര്‍ഘ്യം അരമണിക്കൂര്‍ മതിയാവും.
എന്തു ചെയ്യും?
എവിടെ തുടങ്ങും?
പെരുുമ്പാവൂര്‍ ആതിര സ്റ്റുഡിയോയിലെ പുല്ലുവഴിക്കാരനായ രാജേഷ് എന്ന എഡിറ്ററുടെ കൂടെ ഞങ്ങള്‍ വീണ്ടും ആഴ്ചകള്‍ ചിലവിട്ടു.
എന്നും രാത്രി - അപ്പോഴെ രാജേഷിന് സമയമുള്ളു- ഞാനും സിജുവും സ്റ്റുഡിയോവിലെത്തും. ഓരോ വിഷ്വലും കാണും. ഒന്നും കളയാന്‍ തോന്നുന്നില്ല. കണ്ടത് വച്ച് ഞാന്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കാനും തുടങ്ങി. നേരം വെളുക്കാറാകുമ്പോള്‍ പിരിയും.
ഏറ്റവും ഒടുവില്‍ ഡോക്യുമെന്ററി ഒരു മണിക്കൂറിലൊതുക്കിയെടുത്തു. നാടകപ്രവര്‍ത്തകനായ പരത്തുവയലില്‍ ജോയി ചേട്ടനെ വിളിച്ച് ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റിന് ശബ്ദം കൊടുപ്പിച്ചു.
എല്ലാം കഴിഞ്ഞ് സന്ദീപിന്റെ (അമ്മ സ്റ്റുഡിയോ) സഹായത്തോടെ എറണാകുളത്ത് കൊണ്ടുപോയി അത് സീഡിയിലേക്ക് ആവാഹിച്ച് കീഴില്ലത്തേക്ക്.
കീഴില്ലം മഹാദേവ ക്ഷേത്രത്തിലെ ആ കൊല്ലത്തെ ഉത്സവകാലത്ത് കീഴില്ലത്തിന്റെ ചരിത്രം നാട്ടുകാരിലേക്ക്...
അതോടെ സംഭവം ക്ലിക്കായി.
പത്രങ്ങളിലും
സൂര്യ ഉള്‍പ്പടെയുള്ള മുഖ്യധാരാ ചാനലുകളിലും ഡോക്യുമെ്‌ററി സംബന്ധിച്ച വാര്‍ത്തകള്‍.
നീണ്ടകാലത്തെ അധ്വാനത്തിന് ഫലം.
ഡോക്യുമെന്ററി ഇപ്പോള്‍ യൂ ട്യൂബിലുണ്ട്. https://www.youtube.com/watch?v=5Qgo9QHTCqU&t=275s ഇപ്പോഴും അത് പലരും കാണുന്നു.
മാറിയ കീഴില്ലത്തെ പറ്റി, മരിച്ചുപോയ മനുഷ്യരെ പറ്റി, മറഞ്ഞുപോയ കാഴ്ചകളെ പറ്റി ...ഒക്കെ ഓര്‍ക്കുന്നു.
അന്ന് സിജുവിന്റേയും രാജേഷിന്റേയും ഉത്സാഹമില്ലായിരുന്നുവെങ്കില്‍ ആ ഡോക്യുമെന്ററി സംഭവിക്കില്ലായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ യാതൊരു മടുപ്പുമില്ലാതെ, യാതൊരു അഭിപ്രായഭിന്നതയുമില്ലതെ, തീഷ്ണമായ ഇച്ഛാശക്തിയോടെ എനിക്കൊപ്പം നിന്നത് സിജു മോഹന്‍ എന്ന ഒരേഒരാളാണ്.
അവനാണ് ഇപ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോയിരിക്കുന്നത്.
സൂര്യകിരീടി എന്ന എന്റെ ബാലനോവല്‍ പുറത്തിറക്കാന്‍ നേരം ഞാന്‍ സിജുവിനെ വിളിച്ചു. ബുക്കിന്റെ പിന്‍ കവറില്‍ വയ്ക്കാന്‍ ഒരു ഫോട്ടോ വേണമല്ലോ.
കീഴില്ലത്തെ അവന്റെ സ്റ്റുഡിയോവില്‍ എന്നെ ചാച്ചും ചരിച്ചും അവനെടുത്ത ഫോട്ടോ..
അന്നത് പുസ്തകത്തിന്റെ പിന്‍ കവറില്‍ മാത്രമല്ല, പലയിടത്തും ഉപയോഗിച്ചു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ ഫോട്ടോകളില്‍ ഒന്ന്.
അത് അങ്ങനെ സംഭവിക്കും.
കാരണം, എന്നെ നന്നായി അറിയാവുന്ന, എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്ന് നിന്ന ചങ്ങാതി അവന്റെ ക്യാമറയില്‍ എന്നെ പകര്‍ത്തുമ്പോള്‍ അതിന് തെളിച്ചം കൂടുമല്ലോ.
പക്ഷെ, ഇനിയൊരു ചിത്രം പകര്‍ത്താന്‍, കാണുമ്പോള്‍ നിറഞ്ഞ ചിരിയോടെ ഓടിവരാന്‍, തമാശകള്‍ പറയാന്‍ അവനില്ല.
അവശേഷിക്കുന്നത് അവന്‍ പകര്‍ത്തിയ ചിത്രങ്ങള്‍...അവനെപ്പറ്റിയുള്ള ഓര്‍മ്മകള്‍... അങ്ങനെയങ്ങനെ ...