20/07/2023
മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാരം നടക്കാൻ പോകുന്നതേ ഉള്ളു. മരണ വിവരം പുറത്ത് വന്ന ശേഷം ഈ നിമിഷം വരെ സിപിഐ എമ്മും ഇടതുപക്ഷവും തികഞ്ഞ ആദരവോടെ മാത്രമെ അദ്ദേഹത്തെ അനുസ്മരിച്ചുള്ളു. സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളും തികഞ്ഞ ആത്മസംയമനത്തോടെ മാത്രമെ പ്രതികരിച്ചുള്ളു. എന്നാൽ ബലരാമൻമാർ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഏറ്റവും ഒടുവിൽ, പിണറായി വിജയൻ മാപ്പ് പറയണം എന്ന് വരെ ബലരാമൻമാർ പറയാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തരം ഘട്ടത്തിലും ഇടത് പ്രൊഫൈലുകൾ പരിധി വിടാതിരിക്കുന്നത് ദൗർബല്യമായി കാണരുത്. സഖാക്കൾ കോടിയേരി ബാലകൃഷ്ണൻ, സി എച്ച് അശോകൻ, പി കെ കുഞ്ഞനന്തൻ എന്നിവർ നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ബലരാമൻ ഫാൻസും കുമ്പക്കുടി ബ്രിഗേഡും ചെയ്ത പോലെ തറയാകാൻ ഇടതുപക്ഷത്തിന് കഴിയില്ല. എന്ന് വെച്ച് ഒന്നും മിണ്ടാതെ പോകുമെന്നല്ല. പറയാനുള്ളത് പറഞ്ഞ് തീർക്കുക തന്നെ ചെയ്യും. അത് സോളാർ വിഷയത്തിലും ബാധകമായിരിക്കും. അങ്ങനെ, തികച്ചും വസ്തുതകളുടെയും കോടതി രേഖകളുടെയും ബലത്തിൽ പ്രതികരിക്കാൻ തുടങ്ങിയാൽ അത് താങ്ങാനുള്ള കരുത്ത് അപ്പുറത്ത് ഉണ്ടാകില്ല.
സോളാർ വിഷയത്തിൽ ദേശാഭിമാനി മാപ്പ് പറയണമെന്നായിരുന്നു ആദ്യനാളത്തെ ബലരാമനാദം. രണ്ടാം നാൾ അത് പിണറായി വിജയൻ മാപ്പ് പറയണം എന്നായി. എന്നാൽ മാപ്പ് പറയേണ്ടതാരാണ്?.സോളാർ തട്ടിപ്പിന് സരിതയെയും ബിജു രാധാകൃഷ്ണനെയും സഹായിച്ചവരല്ലെ? അതാരാണ് ?പിണറായി വിജയനാണൊ? അതോ മറ്റ് ചിലരാണോ? സോളാർ വിവാദം പുറത്ത് വന്നത് തൊട്ട് നടന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോൾ അത് മനസ്സിലാകും.
ടീം സോളാർ എന്ന പേരിൽ ഒരംഗീകാരവുമില്ലാത്ത ഒരു തട്ടിപ്പുസംഘം അന്നത്തെ സംസ്ഥാന ഭരണസിരാകേന്ദ്രത്തെ മറയാക്കി നടത്തിയ കോടികളുടെ തട്ടിപ്പാണതെന്ന് വ്യക്തമാകും.
തീയതികളുടെ കാര്യത്തിൽ ചിലർക്കെങ്കിലും സംശയമുള്ളത് കാരണം അത് വെച്ച് തുടങ്ങാം - 2015 ൽ അല്ല തട്ടിപ്പ് പുറത്ത് വരുന്നത്. 2013ലാണ്. 2013 ജൂൺ മൂന്നിനാണ് സരിതാ നായർ പിടയിലാകുന്നത്. തുടർന്ന് ഈ തട്ടിപ്പിനെ കുറിച്ച് വിപുലമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത് സിപിഐ എമ്മോ ദേശാഭിമാനിയോ അല്ല. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം കോടതിയാണ്. അപ്പോഴെക്കും തട്ടിപ്പിൻ്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന വിവരം പുറത്ത് വന്നു. ഉടൻ, മുഖം രക്ഷിക്കാൻ, ജൂൺ 14ന് അന്നത്തെ മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പനേയും ഗൺമാൻ സലീംരാജിനേയും പുറത്താക്കി. പിന്നീട് മറ്റൊരു പി എ ജിക്കുമോൻ ജേക്കബ്ബിനെ പുറത്താക്കി. പിന്നീട് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ പിആർഡി ഡയറക്‌ടർ ഫിറോസിനെ സസ്‌പെൻഡ് ചെയ്‌തു. അതും കഴിഞഞ് ജൂൺ 28ന് ടെന്നി ജോപ്പനെ അറസ്‌റ്റ് ചെയ്‌തത് തിരുവഞ്ചൂറിന്റെ പൊലീസാണ്. ജൂൺ 29ൻ് അതേ പോലീസ് നൽകിയ റിമാണ്ട് റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ സോളാർ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് സംശയ ലേശമന്യേ വ്യക്തമാക്കി. ജൂലൈ 4 നാണ് കോൺഗ്രസ് നേതാവും DCC മെമ്പറും പത്തനംതിട്ടയിലെ മല്ലേലിൽ ക്രഷറർ ഉടമ മല്ലേലിൽ ശ്രീധരൻ നായർ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. ജൂലൈ ആറിന് രഹസ്യമൊഴിയും നൽകി. മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പമെന്ന് രഹസ്യമൊഴിയിലുണ്ടെന്ന വിവരം പിന്നീട് പുറത്ത് വന്നു. ജൂലൈ നാലിന് പുറത്ത് വന്നത് തിരുവ്ഞചൂർ രാധാകൃഷ്‌ണൻ ഉൾപ്പെടെ 4 മന്ത്രിമാർ സരിതയെ വിളിച്ചതിന്റെ ഫോൺ രേഖകൾ. അർധ രാത്രി വിളിച്ച കൂടുതൽ പ്രമുഖരുടെ പിന്നീട് പുറത്ത് വന്നു.
ജൂലൈ 23ന് ഹൈഗക്കാടതിയുടെ രണ്ട് ബഞ്ചുകൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ആഗസ്‌ത് 16ന് ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചതും യുഡിഎഫ് മന്ത്രിസഭ. ജഡ്‌ജിയെ നിശ്‌ചയിച്ചതും അതേ സർക്കാർ. ആ കമ്മീഷൻ മുമ്പാകെയാണ് 2015 ഡിസമ്പർ നാലിന് സരിത വിവാദ വെളിപ്പെടുത്തൽ നടത്തിയത്. അതിന്റെ ആ സിഡി കണ്ടെത്താൻ കോയയമ്പത്തൂരിലേക്ക് പോലീസിനെ അയച്ചതും യുഡിഎഫ് സർക്കാർ. അതിനെ പപ്പരാസികളെ പോലെ മാധ്യമങ്ങൾ പിന്തുടർന്നതും നാം മറന്നില്ല.
അപ്പോഴും ഉമ്മൻചാണ്ടിക്കെതിരെ ആരും ലൈംഗിക ആരോപണം ഉന്നയിച്ചില്ല. എന്നാൽ ഏപ്രിൽ 4 ന് ഏഷ്യാനെറ്റ് ന്യൂസ് ഒരു എക്സ്ക്ളു പുറത്ത് വിട്ടു. അപ്പോഴും ദേശാഭിമാനി ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ഇങ്ങനെ ഒന്ന് പുറത്ത് വിട്ടു എന്ന വാർത്ത നൽകൽ മാത്രമാണ്. അപ്പോഴും സിപിഐ എം ലൈംഗിക ആരോപണം ഉന്നയിച്ചില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ. പുതുപ്പള്ളിയിൽ പോലും സിപിഐ എം ഇത് പ്രചാരണ വിഷയമാക്കിയില്ല. ഇതിലൊന്നും മറ്റ് മാധ്യമങ്ങളിൽ നിന്നും കൂടുതലായി ദേശാഭിമാനി ഒരു വരി പോലും ഉമ്മൻചാണ്ടിക്കെതിരെ കൊടുത്തിട്ടുമില്ല.
അപ്പോൾ ഉമ്മൻചാണ്ടിക്കെതിരായ സരിതയുടെ ലൈംഗികാരോപണം പുറത്ത് വിട്ടതാര്. ഉത്തരം കെപിസിസി ഓഫീസിൽ നിന്നും കിട്ടും.
മല്ലേലിൽ ശ്രീധരൻ നായർ പറഞ്ഞതൊക്കെ നേരത്തെ പുറത്ത് വന്നു. എന്നാൽ വഞ്ചിതനായ മറ്റൊരു സംരംഭകൻ സരിതക്കെതിരെ ഒരു ഞായറാഴ്ച (കൃത്യമായ പേരും തീയതിയും വേണമെങ്കിൽ പുറകെ തരാം) പള്ളിയിൽ വെച്ച് ഉമ്മൻചാണ്ടിയോട് പരാതി പറഞ്ഞു. ഇത് കേട്ടവരുടെ കൂട്ടത്തിൽ വേറെ ചിലരുമുണ്ടായിരുന്നു. 10 മിനുട്ടിനകം സരിത ഈ സംരഭകനെ വിളിച്ച് ഭീഷണിപ്പെടുത്തി. എനിക്കെതിരെ സാറിനോട് പരാതി പറയുന്നോ എന്നായിരുന്നു ഭീഷണി. അപ്പോൾ പള്ളിയിൽ പറഞ്ഞ പരാതി എങ്ങനെ സരിത അറിഞ്ഞു.
സരിത തട്ടിപ്പുകാരിയെന്ന് ഇതിനെല്ലാം എത്രയോ മുമ്പ് അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നു. അതായത് അതിന് തൊട്ടുമുമ്പുള്ള എൽഡിഎഫ് ഭരണകാലത്ത് മറ്റൊരു തട്ടിപ്പ് കേസിൽ ഇവർ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു. അവിടെ നിന്നും അവരെ എസ്എടി ആശുപത്രിയിലേക്ക് പ്രസവ ചികിത്സയ്ക്ക് പോകുമ്പോൾ എസ്കോർട്ട് പോയ പോലീസുകാരി പിന്നീട് യുഡിഎഫ് ഭരണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സെക്യുരിറ്റി ആയി. സരിത അവിടെ കയറിയിറങ്ങുന്നത് കണ്ട് പ്രൈവറ്റ് സെക്രട്ടറി ആർകെയോട് ഉൾപ്പെടെ അവർ തട്ടിപ്പുകാരിയെന്ന് പറഞ്ഞിരുന്നു. എന്നിട്ടും എന്തുകൊണ്ട് തടഞ്ഞില്ല?.
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ലെറ്റർപാഡ് ഉൾപ്പെടെ സരിതയുടെ കയ്യിൽ എങ്ങനെ എത്തി.
എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണക്കോടതിക്ക് മുമ്പാകെ സരിത രഹസ്യമൊഴി കൊടുത്തിരുന്നു. പക്ഷെ, അത് കേട്ട് ഞെട്ടിയ ജഡ്ജി രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ പത്തനംതിട്ട ജയിലിൽ വെച്ച് 21 പേജ് മൊഴി എഴുതി. പക്ഷെ, രായ്ക്ക് രാമാനം അവരെ തിരുവനന്തപുരത്തേക്ക് മാറ്റി. അതോടെ 21 പേജ് മൂന്നര പേജ് ആയി. (അന്ന് മുങ്ങിയ പേജുകളാണ് പിന്നീട് ജയിൽ മോചിതയായപ്പോൾ തിരുവനന്തപുരം പ്രസ് ക്ലബിൽ സരിത ഉയർത്തിക്കാട്ടിയത് )
കേസ് ഒതുക്കാൻ തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും സരിതയെ വിളിച്ചില്ലെ? ആ ഫോൺ സംഭാഷണം നാം കേട്ടതല്ലെ?
ഇതൊക്കെയായിട്ടും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഒരു പ്രതികാര നടപടിയും എടുത്തില്ലല്ലൊ? യുഡിഎഫ് നിയോഗിച്ച സോളാർ കമീഷൻ റിപ്പോർട്ട് പോലും രാഷ്ട്രീയ പ്രതികാര നടപടി ആകുമെന്ന കാരണത്താൽ സർക്കാർ നടപടി എടുത്തില്ല. പകരം നേരത്തെ, അതായത് 2013 ൽ യുഡിഎഫ് സർക്കാർ നിശ്ചയിച്ചതും പിന്നീട് വേണ്ട എന്ന് തീരുമാനിച്ചതുമായ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് അപ്പോൾ എവിടെയാണ് സിപിഐ എം തെറ്റ് ചെയ്തത്? ഒരു കാര്യം ശരിയാണ് ഈ തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. അതിന് മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെ ധാരാളമാണല്ലൊ? ഇതെല്ലാം ഓർമ്മയിൽ നിന്നും എടുത്തെഴുതിയതാണ്. ഇനിയും ഇതിൽ മാത്രം ഒരു പാട് വേറെയും പറയാനുണ്ട്. ഓർമ്മയിൽ വന്നത് മാത്രമാണ് സൂചിപ്പിച്ചത്.
ഇനി പറയാനുള്ളത് കൂടുതൽ ക്ഷീണമുള്ള കാര്യമാണ്. അത് സോളാറിൽ മാത്രമല്ല.
അതു കൊണ്ട് ബലരാമൻമാരോട് പറയാനുള്ളത്. പറഞ്ഞ് പറയിപ്പിക്കരുത്. അത് താങ്ങാനുള്ള കരുത്തുണ്ടാകില്ല.